Tuesday 19 November 2019 03:40 PM IST : By സ്വന്തം ലേഖകൻ

സന്തോഷ് ശിശുപാലിനും ആശാ തോമസിനും റീച്ച് ഫെലോഷിപ്

felowshipz

ചെന്നൈ: ദേശീയ തലത്തിലുള്ള റീച്ച് മീഡിയ ഫെലോഷിപ്പിന് (2019–20) മനോരമ ആരോഗ്യം സീനിയർ സബ് എഡിറ്റർമാരായ സന്തോഷ് ശിശുപാലും ആശാ തോമസും അർഹരായി. മാനസികാരോഗ്യമേഖലയിലെ വിവിധ വിഷയങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിങ്ങിനാണ് ഫെലോഷിപ് പുരസ്കാരം.

കേരളത്തിലുണ്ടായ പ്രളയം ഏൽപ്പിച്ച മാനസികാഘാതത്തിന്റെ (പോസ്റ്റ് ട്രൊമാറ്റിക് സ്ട്രെസ് ഡിസോർഡർ) അതിജീവനവുമായി ബന്ധപ്പെട്ട് വനിതയിൽ പ്രസിദ്ധീകരിച്ച ‘കൂടെയുണ്ട് വനിത’ എന്ന മനശ്ശാസ്ത്ര സഹായ ലേഖനവും മനോരമ ആരോഗ്യത്തിൽ പ്രസിദ്ധീകരിച്ച, ‘മനസ്സിന്റെ ചികിത്സകർ തമ്മിലടിക്കുമ്പോൾ’ എന്ന ലേഖനവുമാണ് സന്തോഷ് ശിശുപാലിനെ ഫെലോഷിപ്പിന് അർഹനാക്കിയത്. മനോരമ ആരോഗ്യത്തിൽ പ്രസിദ്ധീകരിച്ച മാനസിക സമ്മർദം, മനശ്ശാസ്ത്ര പ്രഥമശുശ്രൂഷ എന്നിവ ആസ്പദമായ ലേഖനങ്ങളാണ് ആശാതോമസിനെ ഫെലോഷിപ്പിന് അർഹയാക്കിയത്.

20,000 രൂപവീതം ഫൊലോഷിപ് തുകയായി ലഭിക്കും. കൂടാതെ പ്രശസ്തിപത്രവും മാനസികാരോഗ്യവിഷയങ്ങളുടെ റിപ്പോർട്ടിങ്ങിലുള്ള ഉന്നതതല പരിശീലനവുമാണ് ഫെലോഷിപ്പിൽ ലഭിക്കുക.

ദേശീയതലത്തിൽ 13 പേരാണ് ഒരുവർഷത്തേയ്ക്കുള്ള ഈ ഫെലോഷിപ്പിന് അർഹരായത്. കേരളത്തിൽ നിന്ന് റിജോ ജോസഫ്(ദീപിക), ഷാലറ്റ് ഷൈലേഷ് (കേരള കൗമുദി) എന്നിവരും അർഹരായി.

തിരുവനന്തപുരം കീഴാറ്റിങ്ങൽ സ്വദേശിയാണ് സന്തോഷ് ശിശുപാൽ. ഭാര്യ: കവിത സത്യൻ, മകൾ: ശിവാനി സന്തോഷ്.ഇടുക്കി ബഥേൽ സ്വദേശിയാണ് ആശാതോമസ്.വി റ്റി തോമസിന്റെയും ലില്ലിക്കുട്ടിയുടെയും മകളും രാജീവ് ടി എബ്രഹാമിന്റെ ഭാര്യയുമാണ്. മകൻ ബാപ്റ്റി രാജീവ്.