Thursday 07 January 2021 12:17 PM IST : By സ്വന്തം ലേഖകൻ

ഗർഭാവസ്ഥയിൽ സെക്സ് പൂർണമായും ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയൊക്കെ

sex-pregnancy

രതി എപ്പോഴാണ് അധികമാകുന്നത്?

കഴിക്കുന്ന ആഹാരത്തിന്റെ അളവ് പോലെ തന്നെ ഓരോ വ്യക്തിക്കും ലൈംഗിക പ്രവർത്തികളുടെ അളവ് വ്യത്യസ്തം ആണ്. പങ്കാളിയുടെ ശാരീരികശേഷി, ലൈംഗികതാല്പര്യം, ലൈംഗിക കാഴ്ചപ്പാട് എന്നിങ്ങനെ പല ഘടകങ്ങളും അതിനെ സ്വാധീനിക്കുന്നുണ്ട്. രതിയുടെ ആധിക്യം മൂലം, തന്റെയോ പങ്കാളിയുടേയോ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കുകയോ മാനസികവും ശാരീരികവും ആയ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയോ ചെയ്യുമ്പോഴാണ് ലൈംഗിക പ്രവർത്തി അധികമായതായി കണക്കാക്കുന്നത്.

ഹൃദ്രോഗങ്ങളും രതിയും

ലൈംഗികപ്രവർത്തികൾ താൽകാലികമായി ഹൃദയമിടിപ്പ് കൂട്ടുകയും രക്തസമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യും. ഇത് രോഗാവസ്ഥ വഷളാക്കാൻ സാധ്യത ഉള്ള ഹൃദ്രോഗികൾ രതിയിൽ നിന്നും വിട്ടു നിൽക്കുന്നതാണ് നല്ലത്.

സാധാരണയായി പടിക്കെട്ടുകൾ കയറുവാനും ഒന്ന് രണ്ടു കിലോമീറ്ററുകൾ നടക്കുവാനും ചെറു വേഗത്തിൽ ഓടാനും സാധിക്കുന്നതും ചികിത്സിക്കുന്ന ഡോക്ടർ അതിന് അനുമതി നൽകിയിട്ടുമുള്ള രോഗികൾക്ക് സാധാരണമായ രതിയിൽ ഏർപ്പെടാം.

ഹാർട്ട് ഫെയ്‌ലിയർ, ആൻജിയോപ്ലാസ്റ്റി കഴിഞ്ഞ രോഗികൾ, കൊറോണറി ആർട്ടറി ഡിസീസസ് രോഗികൾ എന്നിവർ ചികിൽസിക്കുന്ന ഡോക്ടറുടെ ഉപദേശപ്രകാരം മാത്രമേ ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ പാടുള്ളൂ.

ഹൃദ്രോഗം ഉള്ളവർ സെക്സിൽ ഏർപ്പെടുമ്പോൾ‌ നെഞ്ചു വേദന, ശ്വാസം മുട്ടൽ, ക്രമാതീതമായതോ ക്രമം തെറ്റിയതോ ആയ നെഞ്ചിടിപ്പ്, ഓക്കാനം, നെഞ്ചെരിച്ചിൽ, നെഞ്ചിൽ ഭാരം തുടങ്ങിയവ തോന്നിയാൽ ഡോക്ടറുടെ പരിശോധനയ്ക്ക് ശേഷം മാത്രമേ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവൂ.

ഗർഭാവസ്ഥയിൽ

സാധാരണഗതിയിൽ ഗർഭാവസ്ഥയിൽ രതി പൂർണമായും ഒഴിവാക്കേണ്ട ആവശ്യം ഇല്ല. പക്ഷെ ജാഗ്രതയോടുകൂടി വേണം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ. അവസാന മാസങ്ങളിൽ സ്തനങ്ങളിലെ ഉത്തേജനവും രതിമൂർച്ഛയും ഗർഭപാത്രത്തിൽ മുറുക്കം (contractions) ഉണ്ടാക്കും. ഇത് ദിവസം തികയാതെയുള്ള പ്രസവം സാധ്യത ഉണ്ടാക്കാം. മാത്രമല്ല ഗർഭാവസ്ഥയിൽ യോനിയിൽ കൂടി രക്തം വരുകയാണെങ്കിലോ നേരത്തെ ദിവസം തികയാതെ പ്രസവിച്ച ചരിത്രം ഉണ്ടെങ്കിലോ ഗർഭാശയമുഖം നേരത്തെ തുറക്കുകയോ ചെയ്താലും ലൈംഗിക ബന്ധം പാടില്ല.

വിവരങ്ങൾക്ക് കടപ്പാട്:

ഡോ. അജിത്     ചക്രവർത്തി

സീനിയർ കൺസൽറ്റന്റ് ഇൻ റിപ്രൊഡക്ടീവ് &
സെക്‌ഷ്വൽ മെഡിസിൻ,
തിരുവനന്തപുരം