Saturday 07 September 2019 10:49 AM IST : By സ്വന്തം ലേഖകൻ

ലൈംഗിക കളിപ്പാട്ടങ്ങളുടെ ഉപഭോക്താക്കൾ 40 ശതമാനവും സ്ത്രീകൾ! കൂടുതൽ പേർ ഈ നഗരങ്ങളിൽ നിന്ന്; പഠനം

sex-toys

നഗരത്തിലെ പ്രശസ്തനായ ലൈംഗികരോഗചികിത്സകനെ അന്നു കാണാൻ വന്ന ആദ്യരോഗി ഒരു കൊച്ചുപയ്യനായിരുന്നു. ഡിഗ്രി ഒന്നാം വർഷ വിദ്യാർഥി. ശീഘ്രസ്ഖലനത്തിന് ചികിത്സ തേടിയാണ് വന്നത്. എങ്ങനെയാണ് ഈ പ്രശ്നമുണ്ടെന്ന് അറിഞ്ഞതെന്ന് ചോദിച്ചപ്പോൾ പയ്യൻ കാര്യം തുറന്നുപറഞ്ഞു. തൊട്ടു മുൻപത്തെ ആഴ്ചാവസാനം പെൺസുഹൃത്തുമായി ഒരു ട്രിപ് പോയിരുന്നു. അവിടെവച്ച് ലൈംഗികബന്ധം ഉണ്ടായി, പക്ഷേ, പെൺകുട്ടിയെ തൃപ്തിപ്പെടുത്താനായില്ല. അങ്ങനെ ചികിത്സ തേടിവന്നതാണ്.

മറ്റൊരു കൺസൽറ്റിങ് റൂം. മുപ്പതുകളുടെ പകുതിയിലെത്തിയ ഭാര്യയും ഭർത്താവും. ഭർത്താവിന് ശീഘ്രസ്ഖലനമാണ്. ഭാര്യയെ പുറത്തിരുത്തി വിശദമായി സംസാരിച്ചപ്പോൾ അയാൾ പറഞ്ഞു– ആറു വർഷമായി പരാതികളില്ലാതെ കഴിയുകയായിരുന്നു. പക്ഷേ, ഈയിടെ ഭാര്യ തുറന്നുപറഞ്ഞു– തനിക്ക് ഇനി ഇങ്ങനെ വയ്യ എന്ന്. വിവാഹബന്ധം തകരുമെന്ന ഘട്ടം വന്നപ്പോഴാണ് ഭർത്താവ് ചികിത്സ തേടാനെത്തിയത്.

ഈയിടെയായി നിശ്ശബ്ദമായൊരു ലൈംഗികവിപ്ലവം അണിയറയിൽ നടക്കുന്നുണ്ട്. അതിന്റെ അനുരണനങ്ങളാണ് കേരളത്തിലെ ലൈംഗികരോഗ ചികിത്സകരുടെയും മനശാസ്ത്രവിദഗ്ധരുടെയും കൺസൽറ്റിങ് റൂമുകളിൽ കാണുന്നത്. സദാചാരത്തിന്റെയും സംസ്കാരത്തിന്റെയും ദുർബലമായ നൂലുകളിൽ കുരുങ്ങിക്കിടന്ന ലൈംഗികത മുഖംമൂടികളഴിച്ചുവച്ച് മാറ്റത്തിന്റെ ചക്രവാളങ്ങളിലേക്ക് നീങ്ങിത്തുടങ്ങി. ചുറ്റിനുമൊന്നു നോക്കൂ...അതിന്റെ അലയൊലികൾ നിങ്ങൾക്കും കാണാം. സ്ത്രീ–പുരുഷ ബന്ധങ്ങളിൽ വലിയ മാറ്റം വന്നുകഴിഞ്ഞു. ചുണ്ടോടുചുണ്ടമരുന്ന ചുംബനരംഗങ്ങൾക്കുനേരേ മുഖം ചുളിച്ചവർ അത്തരം വിശദമായ രംഗങ്ങളുള്ള സിനിമകൾ കുടുബസമേതം കാണുന്നു. സ്വവർഗലൈംഗികത നിയമപരമായി അംഗീകരിക്കപ്പെട്ടു. വിവാഹേതര ലൈംഗികത കുറ്റകൃത്യമല്ലെന്ന് കോടതി അംഗീകരിച്ചു. അശ്ലീലചിത്രങ്ങളും വിഡിയോകളും വളരെ വ്യാപകമായി. ലൈംഗികതയിൽ ഒരു വലിയ ലിബറേഷൻ വന്നിട്ടുണ്ടെന്ന് വിദഗ്ധർ ഉറപ്പിച്ചുപറയുന്നു. പ്രത്യേകിച്ച് സ്ത്രീകളെ സംബന്ധിച്ചിടത്തോളം. ലൈംഗികസംതൃപ്തിയേക്കുറിച്ചുള്ള സംശയങ്ങളുമായി ധൈര്യപൂർവം സ്ത്രീകൾ കൺസൽറ്റിങ് റൂമുകളിൽ എത്തിത്തുടങ്ങി.

ലൈംഗിക കളിപ്പാട്ടങ്ങൾ

ഇന്ത്യയിൽ സെക്സ് ടോയ്സ് വിൽപന നിരോധിച്ചിട്ടുണ്ടെങ്കിലും ഒാൺലൈൻ വിൽപന തടസ്സമില്ലാതെ നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. സെക്സ് ടോയ്സ് എന്ന പേരിലല്ല പലതും ലഭിക്കുന്നതെന്നു മാത്രം. സെക്സി വസ്ത്രങ്ങൾ, വൈബ്രേറ്ററുകൾ, ലൂബ്രിക്കന്റുകൾ, ഡിലേ സ്പ്രേകൾ മുതൽ കിടപ്പറയിൽ റോൾ പ്ലേയ്ക്കായുള്ള വസ്ത്രങ്ങൾ വരെ ഈ സ്േറ്റാറുകളിൽ ലഭിക്കും. 40 ശതമാനത്തോളം ഉപഭോക്താക്കൾ സ്ത്രീകളാണത്രെ. ഒരു ഒാൺലൈൻ സ്േറ്റാർ നടത്തിയ സർവേയിൽ ബറോഡയിലും പുണെയിലും തിരുവനന്തപുരത്തുമാണ് കൂടുതൽ സ്ത്രീ ഉപഭോക്താക്കൾ ഉള്ളതെന്ന് കണ്ടിരുന്നു. അപകടസാധ്യതകളില്ലാതെ ലൈംഗികസുഖം നേടാനാകുമെന്നതാണ് സെക്സ് ടോയ്സിലേക്ക് ആളുകളെ ആകർഷിക്കുന്നത്.

പക്ഷേ, ഇവയ്ക്ക് അടിമയായാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പഠനങ്ങളൊന്നും നടന്നിട്ടില്ല. ഇവ പതിവായി ഉപയോഗിച്ച്, പങ്കാളിയിൽ നിന്നും സംതൃപ്തി ലഭിക്കുന്നില്ലെന്ന പരാതിയുമായി ആളുകൾ ക്ലിനിക്കുകളിലെത്തുന്നുണ്ടെന്നത് ഇക്കാര്യത്തിൽ ഒരു പഠനം ആവശ്യമാണെന്നു തന്നെയാണ് സൂചിപ്പിക്കുന്നത്.

ലൈംഗികസംതൃപ്തിയില്ലായ്മ മൂലമുള്ള വിവാഹമോചനങ്ങൾ വർധിക്കുകയാണെന്ന് കുടുംബകോടതികളിലെത്തുന്ന കേസുകൾ സൂചിപ്പിക്കുന്നു. ഇന്ത്യൻ വംശജയായ ഇറ ത്രിവേദി 2014ൽ എഴുതിയ ഇന്ത്യ ഇൻ ലവ്– മാര്യേജ് ആൻഡ് സെക്ഷ്വാലിറ്റി ഇൻ ദ ട്വന്റിഫസ്റ്റ് സെഞ്ചുറി എന്ന പുസ്തകത്തിൽ പറയുന്നത് വിവാഹ–കുടുംബ ബന്ധങ്ങൾ ദുർബലമാവുകയാണ് എന്നാണ്. തങ്ങളുടെ മുൻപിലെത്തുന്ന ദമ്പതികളുടെ എണ്ണം കണക്കിലെടുക്കുമ്പോൾ അധികം വൈകാതെ വിവാഹം എന്ന സമ്പ്രദായം ഒരു പഴങ്കഥയായേക്കുമെന്ന് മനശ്ശാസ്ത്രവിദഗ്ധരും പറയുന്നു. ലൈംഗികതയുടെ കാര്യത്തിൽ അണകെട്ടിനിർത്തിയിരുന്നത് പലതും തകർത്തൊഴുകുകയാണ് ഇപ്പോൾ.

വിവരങ്ങൾക്കു കടപ്പാട്;

ഡോ. കെ. പ്രമോദ്, ക്ലിനിക്കൽ സെക്സ് തെറപ്പിസ്റ്റ്, ഡോ. പ്രമോദ്സ്

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സെക്‌ഷ്വൽ ആൻഡ് മാരിറ്റൽ ഹെൽത്, ഇടപ്പള്ളി, കൊച്ചി

ഡോ. അനിൽകുമാർ കെ, കൺസൽറ്റന്റ് ക്ലിനിക്കൽ സൈക്കോളജിസ്റ്റ്,

അൻസാർ ഹോസ്പിറ്റൽ, പെരുമ്പിലവ് , തൃശൂർ

Tags:
  • Sex Tips