Friday 07 May 2021 05:43 PM IST : By സ്വന്തം ലേഖകൻ

സൈസ് സീറോയിലൊക്കെ എന്തു കാര്യം? മെലിഞ്ഞിരിക്കലല്ല ആരോഗ്യം: സ്വന്തം ഫിറ്റ്നസ് രഹസ്യങ്ങൾ പങ്കുവച്ച് ഗായിക ജ്യോത്സ്ന

jyoe3rrr

‘‘എന്തു സുഖമാണീ നിലാവ്...എന്ത് സുഖമാണീ കാറ്റ്....’’എന്നു പാടി പട്ടുപോലെ മൃദുവായ സ്വരം കൊണ്ട് മലയാളിയുടെ ഹൃദയം തലോടിയ ഗായികയാണ് ജ്യോത്സ്ന. തട്ടുപൊളിപ്പൻ പാട്ടായും പ്രണയാർദ്രഗീതങ്ങളായും വിഷാദമധുരഗാനങ്ങളായും തന്റെ സ്വരത്തെ വൈവിധ്യത്തോടെ അടയാളപ്പെടുത്തിയ ജ്യോത്സ്ന ഈ അടുത്ത് ഇൻസ്റ്റഗ്രാമിൽ ഒരു പോസ്റ്റ് ഇട്ടപ്പോൾ അതും ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങി.

‘‘ ഭാരം കുറഞ്ഞിരുന്നാലോ ഒതുങ്ങിയ ഇടുപ്പ് ഉണ്ടായാലോ മാത്രമേ നിങ്ങൾക്ക് വിലയുള്ളൂ എന്നു കരുതേണ്ട. ഏറെ വർഷങ്ങൾ ബോഡി ഷെയിമിങ്ങിന് ഇരയായ വ്യക്തിയാണ് ഞാൻ. ശാരീരികമായും മാനസികമായും ആത്മീയമായും സ്വയം മാറ്റം വരുത്താനുള്ള തീരുമാനത്തിന്റെ ഫലമാണ് നിങ്ങളിപ്പോൾ എന്നിൽ കാണുന്നത്. ഞാനെന്റെ ജീവിതരീതി തന്നെ മാറ്റി, സ്വയം സഹതാപം അവസാനിപ്പിച്ചു. പകരം എന്നെത്തന്നെ കൂടുതൽ സ്നേഹിച്ചുതുടങ്ങി.’’ പോസ്റ്റിന്റെ ചുരുക്കം ഇങ്ങനെയായിരുന്നു.

‘‘പോസ്െറ്റാക്കെ കണ്ട് ഞാൻ സൈസ് സീറോയാണെന്നൊന്നും കരുതരുത് കേട്ടോ.’’ പ്രസാദമധുരമായ സ്വരത്തിൽ ജ്യോത്സ്ന സംസാരിച്ചുതുടങ്ങി. ‘‘ എന്റേത് ഒരു ഹോളിസ്റ്റിക് ട്രാൻസ്ഫർമേഷൻ ആണ്. വെയിങ് മെഷീനിൽ കയറിനിൽക്കുമ്പോൾ ഞെട്ടിപ്പിക്കുന്ന മാറ്റമൊന്നും കാണില്ല. പക്ഷേ, തീർച്ചയായും ഭാരം ആരോഗ്യകരമായ ലെവലിൽ എത്തി. മാനസികമായും വൈകാരികമായും ഒരു വെൽനസ് ഫീൽ ചെയ്യുന്നു. ’’ ആ മാറ്റത്തിലേക്കു നയിച്ച സാഹചര്യങ്ങളെക്കുറിച്ച് ജ്യോത്സ്ന തുടർന്നു.

‘‘ഞാൻ ചെറുപ്പത്തിൽ വളരെ മെലിഞ്ഞ കുട്ടിയായിരുന്നു. ഏതാണ്ടൊരു പ്ലസ്ടു കാലം വരെ...സ്കിന്നി എന്നൊക്കെ നമ്മൾ പറയില്ലേ? അതുപോലൊരു കുട്ടി. നമ്മൾ എന്ന സിനിമയിലെ പാട്ടിനുശേഷം കുറേ അവസരങ്ങൾ ലഭിച്ചിരുന്നു; സിനിമയായും സ്േറ്റജ് പ്രോഗാം ആയും. അന്നു ഞാൻ ടീനേജറാണ്. യാത്രയും പ്രോഗ്രാമും ആയി ഒരുപാട് ബിസിയായിരുന്നു ദിവസങ്ങൾ. കൃത്യനേരത്ത് ഭക്ഷണം കഴിക്കാൻ പറ്റിയെന്നു വരില്ല. വൈകി കഴിക്കുന്നതുകൊണ്ട് ചിലപ്പോൾ ഹെൽതി ഫൂഡ് ഒന്നും കിട്ടണമെന്നില്ല. അങ്ങനെ 20 കളുടെ തുടക്കത്തിൽ ഞാൻ വണ്ണം വച്ചുതുടങ്ങി.

അതുവരെ ‘എന്താ, ഈ കുട്ടി ഇങ്ങനെ മെലിഞ്ഞിരിക്കുന്നത്’ എന്നു ചോദിച്ചിരുന്നവർ നേരേ തിരിഞ്ഞു. ‘എന്താ ഇങ്ങനെ തടിവയ്ക്കുന്നേ’ എന്നായി... പബ്ലിക് ഫിഗർ കൂടി ആയതുകൊണ്ടാകാം ബോഡി ഷെയിമിങ് താങ്ങാവുന്നതിലും ഭീകരമായിരുന്നു. ഭാഗ്യത്തിന് സോഷ്യൽ മീഡിയ ഇത്ര വ്യാപകമല്ല. എന്നിട്ടുപോലും ചില കമന്റുകൾ നമ്മുടെ കാതിലെത്തും. അതു കേൾക്കുമ്പോൾ സ്വയം മതിപ്പൊക്കെ അങ്ങ് പൊയ്പ്പോകും. ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കാൻ പോലും മടി തോന്നും. കുറേ വർഷങ്ങളിലൂടെ ജീവിതം പാകപ്പെട്ടപ്പോൾ ഈ പേടിയുടെയും സ്വയം സഹതാപത്തിന്റെയൊന്നും ആവശ്യമില്ല എന്ന് തോന്നിത്തുടങ്ങി. ഞാൻ നന്നായി ഇരിക്കേണ്ടത് എന്റെ ആവശ്യമാണ് എന്നു ബോധ്യമായി. . അപ്പോഴേക്കും ഭാരം കൂടുന്നതിന്റെ ചില്ലറ പ്രയാസങ്ങൾ– ക്ഷീണമായും ഊർജമില്ലായ്മ ആയും അലട്ടിത്തുടങ്ങിയിരുന്നു.എത്ര കഷ്ടപ്പെട്ടായാലും ഒരു മാറ്റം വരുത്തണമെന്നു തീരുമാനിച്ചു.

2010ൽ വിവാഹം കഴിഞ്ഞിരുന്നു. 2014 ലാണ് ജീവിതരീതി കുറച്ചുകൂടി ആരോഗ്യകരമാക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്. യോഗ എന്ന ജീവിതരീതി 2014ൽ തിരുവനന്തപുരത്ത് താമസിച്ചിരുന്നപ്പോഴാണ് താരാ സുദർശൻ എന്ന യോഗ ടീച്ചറെ പരിചയപ്പെട്ടത്. യോഗ പരിശീലനം തുടങ്ങി വൈകാതെ. യോഗ ജീവിതചര്യയായി എന്നു തന്നെ പറയാം. എത്ര തിരക്കുള്ള ഷെഡ്യൂൾ ആണെങ്കിലും, യാത്രകളിൽ ഒരു യോഗ മാറ്റ് കൂടി ഞാൻ കയ്യിൽ കരുതി തുടങ്ങി. ഒരു ദിവസം പോലും മുടങ്ങാതെ യോഗ ചെയ്ത ആ സമയത്ത് 13 കിലോയോളം ഭാരം കുറഞ്ഞിരുന്നു.

താര ടീച്ചർ വെറുമൊരു യോഗ പരിശീലക മാത്രമായിരുന്നില്ല. മാനസികമായും വൈകാരികമായും ആത്മീയമായുമൊക്കെ ഒരുപാട് പൊസിറ്റീവായ മാറ്റങ്ങൾക്ക് ടീച്ചർ പ്രേരണയായി. ഗർഭിണിയായപ്പോഴും യോഗ ഒരു ദിവസം പോലും മുടക്കിയില്ല. പ്രസവത്തിനായി ആശുപത്രിയിൽ പോകുന്ന അന്ന് രാവിലെ പോലും യോഗ ചെയ്തിട്ടാണ് പോയത്. തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് താമസം മാറിയതോടെ ടീച്ചറുടെ അടുത്ത് സ്ഥിരമായി പോയി യോഗ ചെയ്യാനാകാതെ വന്നു. പക്ഷേ, അപ്പോഴും പഠിച്ച ആസനങ്ങളൊക്കെ ചെയ്തുനോക്കുമായിരുന്നു.

2020ൽ ലോക്‌ഡൗൺ വന്നപ്പോൾ വീട്ടിൽ ഇരിക്കാൻ ധാരാളം സമയം കിട്ടി. അപ്പോൾ യോഗ കുറച്ചുകൂടി സീരിയസ് ആയി പരിശീലിച്ചുതുടങ്ങി. ടീച്ചർ ഒാൺലൈനിൽ യോഗ പരിശീലിപ്പിക്കും. അതിരാവിലെ എഴുന്നേറ്റ് യോഗ ചെയ്തുകൊണ്ടാണ് ഇപ്പോൾ ഒാരോ ദിവസവും തുടങ്ങുന്നതു തന്നെ. തിങ്കൾ മുതൽ ശനി വരെ രാവിലെ ഒന്നര മണിക്കൂർ നല്ല കടുപ്പമേറിയ ആസനങ്ങളാണ് ചെയ്യുന്നത്. യോഗ പോസുകൾ സാവധാനം ആയി ചെയ്തു കാണുമ്പോൾ യോഗ വളരെ ലളിതമായ വ്യായാമമാണെന്നു തോന്നും. പക്ഷേ, ഒരു അഞ്ച് സൂര്യനമസ്കാരം ചെയ്തുനോക്കൂ...കിതച്ചുപോകും. ഹഠയോഗ പോലെ ശരീരഭാരം കുറയ്ക്കാനായി പ്രത്യേകമായി ചെയ്യുന്ന യോഗാസനങ്ങളുമുണ്ട്.

ഡയറ്റിങ്ങിലേക്ക്

2019ൽ ലക്ഷ്മി മനീഷ് എന്ന ന്യൂട്രീഷനിസ്റ്റിനെ കൺസൽറ്റ് ചെയ്തു. ലക്ഷ്മിയുമായി സംസാരിച്ച ശേഷമാണ് ഏതു ഭക്ഷണം കഴിച്ചാലാണ് ഭാരം കൂടുക, എത്ര അളവ് കഴിക്കണം എന്നൊക്കെയുള്ള തിരിച്ചറിവു ലഭിക്കുന്നത്. പക്ഷേ, ഇത് തികച്ചും വ്യക്തിപരമാണു താനും.അവരവരുടെ ബോഡി ടോപ്പിനും താൽപര്യങ്ങൾക്കും രുചിഭേദങ്ങൾക്കും ഒക്കെ അനുസരിച്ചു വേണം ഡയറ്റും വ്യായാമവും തിരഞ്ഞെടുക്കാൻ.

പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഡയറ്റിൽ ഞാൻ ശ്രദ്ധിക്കുന്നത്. ഗുണമേന്മയും അളവും. കഴിയുന്നതും ക്ലീൻ ആയ , നമ്മുടെ വീട്ടിൽ തന്നെ ആരോഗ്യകരമായി പാകപ്പെടുത്തുന്ന ഭക്ഷണം കഴിക്കുക. നമ്മുടെ ദൈനംദിന പ്രവൃത്തികൾക്കു വേണ്ടുന്നത്ര കാലറിക്കുള്ളിൽ നിർത്തുക. രാവിലെ ദോശയോ ഇഡ്‌ലിയോ പോലുള്ള നാടൻ പലഹാരങ്ങളാണ് പ്രിയം. കൂടെ ഒരു മുട്ട ദിവസവും കഴിക്കും. ഉച്ചയ്ക്ക് ചോറ്. കൂടെ മീൻകറി, തോരൻ, സാമ്പാർ എന്നിങ്ങനെ കറികളും. രാത്രി ലഘുവായേ കഴിക്കാറുള്ളൂ. ഉച്ചയ്ക്ക് ഇത്തിരി കൂടുതൽ കഴിച്ചാൽ രാത്രി ഒരു കപ്പ് ഫ്രൂട്സ് മാത്രം കഴിച്ചു കിടക്കും. ഇനി എണ്ണയും കൊഴുപ്പും കൂടിയ രാത്രി ഭക്ഷണം കഴിക്കേണ്ടിവന്നുവെന്ന് ഇരിക്കട്ടെ, പിറ്റേന്ന് ഏതെങ്കിലും നേരം ഫ്രൂട്സ് മാത്രമാക്കും. ഈ ഒരു ബാലൻസ് ആണ് എപ്പോഴും വേണ്ടതെന്നാണ് ഞാൻ വിശ്വസിക്കുന്നത്.

ഇഷ്ടമുള്ള വിഭവങ്ങളൊന്നും പൂർണമായി ഒഴിവാക്കാറില്ല. പാലും പഞ്ചസാരയും ചേർത്തുള്ള നല്ല കടുപ്പമുള്ള ചായ ഇഷ്ടമാണ്. ഇപ്പോഴും കുടിക്കാറുണ്ട്. ഗ്രീൻ ടീയും ഇഷ്ടമാണ്. ഇഷ്ടങ്ങളൊക്കെ ത്യജിച്ച് കഷ്ടപ്പെടുന്നതിലും നല്ലത് ഇഷ്ടമുള്ളത് എങ്ങനെ ഏതു രീതിയിൽ ആരോഗ്യകരമായി കഴിക്കാം എന്നു നോക്കുന്നതാണ്. ദിവസവും മൂന്നു ലീറ്റർ വെള്ളം കുടിക്കുന്നതു മാത്രമാണ് നിഷ്ഠയോടെ പാലിക്കുന്ന കാര്യം. ധാരാളം വെള്ളം കുടിക്കുന്നതു വഴി ശരീരത്തിന് ഒരു ഡീടോക്സിങ് എഫക്റ്റ് കിട്ടും.

കോവിഡ് കാലത്തുണ്ടായ മാനസികമായും വൈകാരികവുമായ പ്രതിസന്ധികളെയെല്ലാം അതിജീവിക്കാൻ സഹായിച്ചത് യോഗയും മെഡിറ്റേഷനും പ്രാണായാമവുമൊക്കെയാണ്. പാട്ടിന്റെ കാര്യത്തിൽ പ്രാണായാമം ഒരുപാട് ഗുണം ചെയ്യുന്നുണ്ട്. അഞ്ചു വയസ്സുകാരൻ മകന്റെ ഒാൺലൈൻ ക്ലാസ്സും പാട്ടു പ്രോഗാമുകളും റിയാലിറ്റി ഷോയുമൊക്കെയായി തിരക്കിലാണ് ജ്യോത്സ്നയുടെ ഒാരോ ദിവസവും. പക്ഷേ, തിരക്കിലും ആരോഗ്യത്തിന്റെ കാര്യത്തിൽ അശ്രദ്ധയില്ല.

ജ്യോത്സ്നയുടെ തന്നെ വാക്കുകളിൽ പറഞ്ഞാൽ ‘‘നിലവിലുള്ള സൗന്ദര്യമാനദണ്ഡം വച്ച് ഞാനിപ്പോഴും വലിയ സൈസാണ്. പക്ഷേ, ആരോഗ്യകരമായിരിക്കാനുള്ള ശ്രമം ഞാൻ തുടരുന്നുണ്ട് എന്നതാണ് പ്രധാനം. കൃത്യമായി വർക് ഔട്ടുണ്ട്, ഭക്ഷണത്തിൽ ശ്രദ്ധയുണ്ട്. ജീവിതരീതി ആരോഗ്യകരമാണ്. വണ്ണം മൂലം വിഷമിക്കുന്നവരോട് എനിക്കു പറയാനുള്ളത് ഇതാണ്. സൈസ് സീറോ ആകാനല്ല, ആരോഗ്യകരമായിരിക്കാൻ ശ്രമിക്കൂ.’’

Tags:
  • Manorama Arogyam
  • Celebrity Fitness