Tuesday 11 February 2020 11:07 AM IST : By സ്വന്തം ലേഖകൻ

അണലി വിഷമേറ്റാൽ രക്തം ഛർദ്ദിക്കും, മൂർഖന്റെ കടിയിൽ നാക്ക് മരവിക്കും; പാമ്പുകടി, ഉടൻ ചെയ്യേണ്ടത്

snake

അണലി വിഷമേറ്റാൽ രക്തം ഛർദ്ദിക്കും, മൂർഖന്റെ കടിയിൽ നാക്ക് മരവിക്കും; പാമ്പുകടി, ഉടൻ ചെയ്യേണ്ടതഇന്ത്യയിൽ മാത്രം വർഷം തോറും ഏകദേശം 50,000 ആളുകൾ പാമ്പുകടിയേറ്റു മരിക്കുന്നുണ്ട്. കൃത്യമായ സമയത്തു ശരിയായ ചികിത്സ ലഭിച്ചാൽ പാമ്പുകടി മൂലമുള്ള മരണം നമുക്ക് വളരെയധികം കുറയ്ക്കാൻ സാധിക്കും. അതുകൊണ്ടു ശാസ്ത്രീയമായ ചികിത്സയെപ്പറ്റി എല്ലാവരും പ്രത്യേകിച്ച് ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതാണ്.

275 ഇനം പാമ്പുകളെ ഇന്ത്യയിൽ കാണാറുണ്ട്. ഇതിൽ കൊടിയ വിഷമുള്ള 62 ഇനം പാമ്പുകളും ലഘുവിഷമുള്ള 42 ഇനം പാമ്പുകളും വിഷമില്ലാത്ത 171 ഇനം പാമ്പുകളും ഉൾപ്പെടുന്നു. വിഷപ്പാമ്പുകളുടെ വായിലെ രണ്ടു പല്ലുകൾ വിഷസഞ്ചിയോടു ചേർന്നാണുള്ളത്. കടിക്കുമ്പോൾ വിഷം പല്ലിനകത്തുള്ള സുഷിരത്തിൽകൂടി ഇരയുടെ ശരീരത്തിൽ പ്രവേശിക്കും. ഈ പല്ലുകൾ നഷ്ടപ്പെട്ടാലും വേറെ 5–7 ജോടി പല്ലുകൾ പാമ്പിനുണ്ട്.

ലക്ഷണങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാമ്പുവിഷബാധ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. നാഡീവ്യൂഹത്തെ ബാധിക്കുന്നതും (ന്യൂറോടോക്സിക്) രക്തപര്യയന വ്യവസ്ഥയെ ബാധിക്കുന്നതും. അണലിവിഷം രക്തപര്യയന വ്യവസ്ഥയെ ബാധിക്കുന്നു. മൂർഖന്റെ വിഷം ബാധിക്കുന്നത് നാഡികളെയാണ്.

അണലി: അണലിവിഷമേറ്റാൽ രക്തം കട്ടപിടിക്കില്ല. കടിയേറ്റ സ്ഥലത്തു വേദന, നീര്, നീലനിറം, രക്തം പൊടിയുക തുടങ്ങിയ ലക്ഷണങ്ങൾ വിഷബാധ സൂചിപ്പിക്കുന്നു. കഴലവേദനയും നീരും (Lymphnode) കടിച്ച സ്ഥലത്തു പോളപോലെ വരിക, ഛർദിൽ, വയറുവേദന, ക്ഷീണം, നടുവേദന, മൂത്രത്തിൽ രക്തക്കളർ, ശരീരവേദന, കണ്ണു ചുവക്കുക, മയങ്ങിപ്പോവുക, രക്തം ഛർദിക്കുക, മൂക്കിൽ ചോരവരിക, ചുമച്ച് ചോര തുപ്പുക, പല്ലിൽ നിന്നു ചോര വരിക, പ്രഷർ കുറയുക തുടങ്ങിയവ അണലി വിഷബാധയുടെ ലക്ഷണങ്ങളാണ്.

മൂർഖൻ: കടിച്ച സ്ഥലത്തു വേദന, നീര്, കുമിള, കണ്ണുകൾ അടഞ്ഞുപോകുക, ഇരട്ടക്കാഴ്ച, കുഴഞ്ഞ സംസാരം, വെള്ളം ഇറക്കാനുള്ള ബുദ്ധിമുട്ട്, നാക്ക് മരവിക്കുക, വിയർക്കുക, ദാഹം കൂടുതൽ, ഛർദിലും വയറുവേദനയും, കഴല, ശ്വാസം മുട്ടലും നീലനിറവും, ബോധക്കേട് എന്നിവ മൂർഖന്റെ വിഷബാധയുടെ ലക്ഷണങ്ങളാണ്.

പാട് ഇല്ലാത്ത കടികൾ

ശംഖുവരയനിലും ചുരുട്ടയിലും വിഷത്തിന്റെ ലക്ഷണങ്ങൾ കാണാൻ താമസിക്കും. ശംഖുവരയൻ കടിച്ച സ്ഥലത്ത് പാടുപോലും കാണില്ല. മിക്കവാറും താഴെ കിടന്നുറങ്ങുന്നവരെയാണ് ഇതു കടിക്കുക. രാവിലെയാകുമ്പോഴേക്കും ആൾ അബോധാവസ്ഥയിലാകും. സ്ട്രോക്ക് ആണെന്നൊക്കെ കരുതിയാകും ആശുപത്രിയിലെത്തിക്കുക. അസഹ്യമായ വയറുവേദന ശംഖുവരയന്റെ വിഷത്തിന്റെ സവിശേഷ ലക്ഷണമാണ്.

snake-1

വിഷചികിത്സയിൽ പരിചയമുള്ളവർക്ക് സൂക്ഷിച്ചു നോക്കിയാൽ കടിപ്പാട് കാണാം. രോഗിയുടെ കേസ് ഹിസ്റ്ററി കൂടി കേൾക്കുമ്പോൾ കാര്യം മനസ്സിലാകും. പക്ഷേ, കുട്ടികളിൽ ശംഖുവരയന്റെ വിഷബാധ തിരിച്ചറിയാൻ പ്രയാസമാണ്.

കടൽപാമ്പിന്റെ കടിക്കു വേദന കുറവായിരിക്കും. പക്ഷേ, മാംസപേശികൾ പൊടിഞ്ഞു മയോഗ്ലോബിനൂറിയ (Myoglobinuria) ഉണ്ടാവുകയും വൃക്ക പ്രവർത്തനരഹിതമാവുകയും ചെയ്യും. കുട്ടികൾക്കും ഭാരം കുറവുള്ളവർക്കും എല്ലാ ലക്ഷണങ്ങളും കൂടുതലായിരിക്കും. അതുപോലെ വയറിലോ പിൻഭാഗത്തോ കടിച്ചാൽ ലക്ഷണങ്ങൾ കുറയും. കൊഴുപ്പു കൂടുതൽ ഉള്ളതുകൊണ്ടാണിത്. ചെറിയ പാമ്പുകൾക്കും വലിയ പാമ്പുകൾക്കും വിഷം ഉണ്ട്. പടം പൊഴിച്ചതിനുശേഷം വിഷം കൂടുതലാണ്.

ചേര പോലുള്ള ചില പാമ്പുകൾക്ക് മനുഷ്യരെ അപായപ്പെടുത്താനുള്ള വിഷമില്ല. എങ്കിലും ഇരയെ കടിച്ച് മയക്കാനുള്ള വിഷം ഉണ്ടാകും. അതുകൊണ്ട് വിഷമില്ലാത്ത പാമ്പു കടിച്ചാൽ മനുഷ്യരിൽ വിഷം കയറുകയില്ലെങ്കിലും ചില്ലറ അസ്വാസ്ഥ്യങ്ങൾ വരാം.

snake-2

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. ജോസഫ് കെ. ജോസഫ്

സീനിയർ ഫിസിഷ്യൻ & നെഫ്രോളജിസ്റ്റ്
ലിറ്റിൽ ഫ്ലവർ
ഹോസ്പിറ്റൽ & റിസർച്ച് സെന്റർ, അങ്കമാലി
drjosephkjoseph@gmail.com

Tags:
  • Health Tips