Thursday 13 February 2020 09:52 AM IST : By സ്വന്തം ലേഖകൻ

കടിയേറ്റാൽ പാമ്പിനെ തപ്പി സമയം കളയരുത്, കത്തി ഉപയോഗിച്ചു രക്തം വാർന്നുകളയാൻ ശ്രമിക്കുന്നതും നന്നല്ല

snake-bite

ഇന്ത്യയിൽ മാത്രം വർഷം തോറും ഏകദേശം 50,000 ആളുകൾ പാമ്പുകടിയേറ്റു മരിക്കുന്നുണ്ട്. കൃത്യമായ സമയത്തു ശരിയായ ചികിത്സ ലഭിച്ചാൽ പാമ്പുകടി മൂലമുള്ള മരണം നമുക്ക് വളരെയധികം കുറയ്ക്കാൻ സാധിക്കും. അതുകൊണ്ടു ശാസ്ത്രീയമായ ചികിത്സയെപ്പറ്റി എല്ലാവരും പ്രത്യേകിച്ച് ആരോഗ്യരംഗത്തു പ്രവർത്തിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതാണ്.

275 ഇനം പാമ്പുകളെ ഇന്ത്യയിൽ കാണാറുണ്ട്. ഇതിൽ കൊടിയ വിഷമുള്ള 62 ഇനം പാമ്പുകളും ലഘുവിഷമുള്ള 42 ഇനം പാമ്പുകളും വിഷമില്ലാത്ത 171 ഇനം പാമ്പുകളും ഉൾപ്പെടുന്നു. വിഷപ്പാമ്പുകളുടെ വായിലെ രണ്ടു പല്ലുകൾ വിഷസഞ്ചിയോടു ചേർന്നാണുള്ളത്. കടിക്കുമ്പോൾ വിഷം പല്ലിനകത്തുള്ള സുഷിരത്തിൽകൂടി ഇരയുടെ ശരീരത്തിൽ പ്രവേശിക്കും. ഈ പല്ലുകൾ നഷ്ടപ്പെട്ടാലും വേറെ 5–7 ജോടി പല്ലുകൾ പാമ്പിനുണ്ട്.

ലക്ഷണങ്ങൾ; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാമ്പുവിഷബാധ പ്രധാനമായും രണ്ടു തരത്തിലാണുള്ളത്. നാഡീവ്യൂഹത്തെ ബാധിക്കുന്നതും (ന്യൂറോടോക്സിക്) രക്തപര്യയന വ്യവസ്ഥയെ ബാധിക്കുന്നതും. അണലിവിഷം രക്തപര്യയന വ്യവസ്ഥയെ ബാധിക്കുന്നു. മൂർഖന്റെ വിഷം ബാധിക്കുന്നത് നാഡികളെയാണ്.

അണലി: അണലിവിഷമേറ്റാൽ രക്തം കട്ടപിടിക്കില്ല. കടിയേറ്റ സ്ഥലത്തു വേദന, നീര്, നീലനിറം, രക്തം പൊടിയുക തുടങ്ങിയ ലക്ഷണങ്ങൾ വിഷബാധ സൂചിപ്പിക്കുന്നു. കഴലവേദനയും നീരും (Lymphnode) കടിച്ച സ്ഥലത്തു പോളപോലെ വരിക, ഛർദിൽ, വയറുവേദന, ക്ഷീണം, നടുവേദന, മൂത്രത്തിൽ രക്തക്കളർ, ശരീരവേദന, കണ്ണു ചുവക്കുക, മയങ്ങിപ്പോവുക, രക്തം ഛർദിക്കുക, മൂക്കിൽ ചോരവരിക, ചുമച്ച് ചോര തുപ്പുക, പല്ലിൽ നിന്നു ചോര വരിക, പ്രഷർ കുറയുക തുടങ്ങിയവ അണലി വിഷബാധയുടെ ലക്ഷണങ്ങളാണ്.

മൂർഖൻ: കടിച്ച സ്ഥലത്തു വേദന, നീര്, കുമിള, കണ്ണുകൾ അടഞ്ഞുപോകുക, ഇരട്ടക്കാഴ്ച, കുഴഞ്ഞ സംസാരം, വെള്ളം ഇറക്കാനുള്ള ബുദ്ധിമുട്ട്, നാക്ക് മരവിക്കുക, വിയർക്കുക, ദാഹം കൂടുതൽ, ഛർദിലും വയറുവേദനയും, കഴല, ശ്വാസം മുട്ടലും നീലനിറവും, ബോധക്കേട് എന്നിവ മൂർഖന്റെ വിഷബാധയുടെ ലക്ഷണങ്ങളാണ്.

പാട് ഇല്ലാത്ത കടികൾ

ശംഖുവരയനിലും ചുരുട്ടയിലും വിഷത്തിന്റെ ലക്ഷണങ്ങൾ കാണാൻ താമസിക്കും. ശംഖുവരയൻ കടിച്ച സ്ഥലത്ത് പാടുപോലും കാണില്ല. മിക്കവാറും താഴെ കിടന്നുറങ്ങുന്നവരെയാണ് ഇതു കടിക്കുക. രാവിലെയാകുമ്പോഴേക്കും ആൾ അബോധാവസ്ഥയിലാകും. സ്ട്രോക്ക് ആണെന്നൊക്കെ കരുതിയാകും ആശുപത്രിയിലെത്തിക്കുക. അസഹ്യമായ വയറുവേദന ശംഖുവരയന്റെ വിഷത്തിന്റെ സവിശേഷ ലക്ഷണമാണ്.

വിഷചികിത്സയിൽ പരിചയമുള്ളവർക്ക് സൂക്ഷിച്ചു നോക്കിയാൽ കടിപ്പാട് കാണാം. രോഗിയുടെ കേസ് ഹിസ്റ്ററി കൂടി കേൾക്കുമ്പോൾ കാര്യം മനസ്സിലാകും. പക്ഷേ, കുട്ടികളിൽ ശംഖുവരയന്റെ വിഷബാധ തിരിച്ചറിയാൻ പ്രയാസമാണ്.

കടൽപാമ്പിന്റെ കടിക്കു വേദന കുറവായിരിക്കും. പക്ഷേ, മാംസപേശികൾ പൊടിഞ്ഞു മയോഗ്ലോബിനൂറിയ (Myoglobinuria) ഉണ്ടാവുകയും വൃക്ക പ്രവർത്തനരഹിതമാവുകയും ചെയ്യും. കുട്ടികൾക്കും ഭാരം കുറവുള്ളവർക്കും എല്ലാ ലക്ഷണങ്ങളും കൂടുതലായിരിക്കും. അതുപോലെ വയറിലോ പിൻഭാഗത്തോ കടിച്ചാൽ ലക്ഷണങ്ങൾ കുറയും. കൊഴുപ്പു കൂടുതൽ ഉള്ളതുകൊണ്ടാണിത്. ചെറിയ പാമ്പുകൾക്കും വലിയ പാമ്പുകൾക്കും വിഷം ഉണ്ട്. പടം പൊഴിച്ചതിനുശേഷം വിഷം കൂടുതലാണ്.

snake-1

ചേര പോലുള്ള ചില പാമ്പുകൾക്ക് മനുഷ്യരെ അപായപ്പെടുത്താനുള്ള വിഷമില്ല. എങ്കിലും ഇരയെ കടിച്ച് മയക്കാനുള്ള വിഷം ഉണ്ടാകും. അതുകൊണ്ട് വിഷമില്ലാത്ത പാമ്പു കടിച്ചാൽ മനുഷ്യരിൽ വിഷം കയറുകയില്ലെങ്കിലും ചില്ലറ അസ്വാസ്ഥ്യങ്ങൾ വരാം.

പ്രാഥമിക ചികിത്സ എങ്ങനെ?

പ്രാഥമിക ചികിത്സ Do it ‘RIGHT’ എന്നു പറയാം.

R -റീഅഷ്വറൻസ് (Reassurance) – ആദ്യം തന്നെ കടിയേറ്റ രോഗിയെ സമാധാനിപ്പിക്കുക. പേടിച്ചാൽ രക്തയോട്ടം കൂടുകയും വിഷം വേഗം ശരീരത്തിൽ പടരുകയും ചെയ്യും. 70% പാമ്പുകടിയും വിഷമില്ലാത്തതായിരിക്കും. 15% വിഷം കയറിയിട്ടില്ലാത്ത ഡ്രൈബൈറ്റ് ആയിരിക്കും. അതായത് എല്ലിലോ മറ്റോ ആണ് കടിയേറ്റതെങ്കിൽ വിഷം അത്ര കയറിയിട്ടുണ്ടാകില്ല. ബാക്കി 15% മാത്രമേ വിഷം കയറിയ കടിയാവുകയുള്ളൂ എന്ന് ഒാർക്കുക.

I-ഇമ്മൊബിെെലസ് (Immobilise)–കടിച്ച ഭാഗം അനക്കരുത്. കടിയേറ്റത് കയ്യിലാണെങ്കിൽ ആഭരണങ്ങളും വാച്ചും മുറുകി കിടക്കുന്ന ഡ്രസ്സും നീക്കണം. അവിടെ നീരു വയ്ക്കാൻ സാധ്യതയുണ്ട്.

GH-െഗറ്റ് റ്റു ഹോസ്പിറ്റൽ (Get To Hospital)–വേഗം ആശുപത്രിയിൽ എത്തിക്കുക. കടിയേറ്റ് ഒരു മണിക്കൂറിനകം എത്തിച്ചാൽ വളരെ നല്ലത്. മൂന്നു മണിക്കൂറിനുള്ളിലെങ്കിലും എത്തിച്ചാൽ രക്ഷപ്പെടാൻ സാധ്യത കൂടുതലാണ്.

snake-1

T - ടെൽ(Tell The Doctor About The Symptoms) - കണ്ണു തുറക്കാനുള്ള ബുദ്ധിമുട്ട്, കടിച്ച ഭാഗത്തുള്ള വേദന, നീലനിറം, ശ്വാസം കിട്ടാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ എന്തെങ്കിലും ഉണ്ടെങ്കിൽ ഡോക്ടറെ കൃത്യമായി അറിയിക്കുക.

കടിച്ച പാമ്പിനെ തിരയേണ്ട

കടിയേറ്റു കഴിഞ്ഞാൽ കടിച്ച പാമ്പിനെ തപ്പി സമയം കളയരുത്. സാധാരണ കടിയേറ്റ ഇര മയങ്ങിക്കഴിഞ്ഞാണ് പാമ്പ് കഴിക്കുക. അതുകൊണ്ട് കടിച്ചുകഴിഞ്ഞ് ആ സ്ഥലത്ത് തന്നെ പാമ്പു കാണാം. പാമ്പിനെ തപ്പിനടന്നാൽ രണ്ടാമത് കടികിട്ടാനാണ് സാധ്യത. മാത്രമല്ല, ചികിത്സയിൽ ഉപയോഗിക്കുന്ന‘പോളിവാലന്റ് ആന്റീവെനം’ പലതരം വിഷങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്. അതാണ് നമ്മുടെ നാട്ടിൽ ലഭ്യം. അതുകൊണ്ട് കടിയേറ്റയാളെ പെട്ടെന്ന് ആശുപത്രിയിൽ എത്തിക്കുക. ലക്ഷണങ്ങളിൽ നിന്ന് വിഷമുള്ള കടിയാണോ എന്നറിയാം.

മുറിവു വലുതാക്കുക, കത്തി ഉപയോഗിച്ചു രക്തം വാർന്നുകളയാൻ ശ്രമിക്കുക, വായ ഉപയോഗിച്ചു വലിച്ചെടുത്തു കളയുക തുടങ്ങിയവ ഒരിക്കലും ചെയ്യരുത്. രക്തം കട്ടപിടിക്കുന്നത് തടയുന്ന തരം വിഷമാണെങ്കിൽ മുറിവേൽപിച്ചാൽ കൂടുതൽ രക്തം വാർന്നുപോകും. മുറിവു വച്ചുകെട്ടുകയോ കഴുകുകയോ ചെയ്യരുത്. കല്ലു പിടിപ്പിക്കുന്നതും ഗുണം ചെയ്യില്ല.

snake

റപ്പാക്കാൻ പരിശോധനകൾ

1. 20 Minutes WBCT - രോഗിയുടെ രക്തം എടുത്ത് ഒരു ഗ്ലാസ് ട്യൂബിൽ വയ്ക്കുന്നു. 20 മിനിറ്റിനു ശേഷം ചരിച്ചു നോക്കുമ്പോൾ രക്തം കട്ടപിടിച്ചിട്ടില്ലെങ്കിൽ അണലി വിഭാഗത്തിലുള്ള വിഷമാണ് എന്ന് ഉറപ്പാക്കാം. ഉടനെ തന്നെ ആന്റീവെനം കൊടുക്കണം.

2. Single Breath Counting – ഒറ്റ ശ്വാസത്തിൽ എത്ര വരെ എണ്ണാൻ കഴിയുമെന്ന് നോക്കും. മൂർഖനും ശംഖുവരയനും കടിച്ചവർക്ക് ശ്വാസം തടസ്സപ്പെടുന്നതുകൊണ്ട് എണ്ണാൻ ബുദ്ധിമുട്ടാണ്.

3. Neostigmine Test - 1.5 Neostigmine കുത്തിവയ്ക്കുമ്പോൾ ലക്ഷണങ്ങൾ ഭേദമായെങ്കിൽ മൂർഖന്റെ വിഷമാണെന്ന് ഉറപ്പിക്കാം.

ആന്റീവെനം നൽകുമ്പോൾ

1. വിഷബാധയുണ്ടെന്നു സ്ഥിരീകരിച്ചാൽ ആന്റീവെനം മാത്രമേ ചികിത്സയുള്ളൂ. ഉടൻ നൽകുക.

2. ടിടി (Tetanus Toxoid), വേദന സംഹാരി (Paracetamol) കൊടുക്കാം. മറ്റു വേദനാമരുന്നുകൾ കൊടുക്കരുത്.

3. ഫ്രെഷ് ഫ്രോസൺ പ്ലാസ്മ (Fresh Frozen Plasma), പ്ലേറ്റ്‌ലറ്റ് ഇൻഫ്യൂഷൻ (Platelet Infusion) എന്നിവ ആവശ്യമെങ്കിൽ ആവാം.

4. ശ്വാസതടസ്സവും ശരീരത്തിൽ ഒാക്സിജൻ കുറവും ആണെങ്കിൽ വെന്റിലേറ്ററിൽ കിടത്തണം.

5. വൃക്ക തകരാറിലാണെങ്കിൽ ഡയാലിസീസ് ആവശ്യമാണ്.

6. കടിച്ച ഭാഗത്തെ വൃണങ്ങൾ സ്കിൻ ഗ്രാഫ്ടിങ് (Skin Grafting) മുഖേന ചികിത്സിക്കാം.

ഒരു മില്ലി ആന്റീവെനം 0.6 ഗ്രാം വിഷത്തെ നിർവീര്യമാക്കും. അണലിയൊക്കെ കടിച്ചാൽ ഒറ്റയടിക്ക് 63 മി.ഗ്രാം വിഷം അകത്തു കയറും. അപ്പോൾ 10 വയൽ ആന്റീവെനം എങ്കിലും വേണ്ടിവരും. സാധാരണ 10 മുതൽ 25 വരെ (Vial) കുപ്പി ആന്റീവെനം ഒരു രോഗിക്ക് വേണ്ടിവരും. ആന്റീവെനം റിയാക്‌ഷനുകൾ ഉണ്ടാക്കാറുണ്ട്. എങ്കിലും ടെസ്റ്റ് ഡോസ് ആവശ്യമില്ല. ദേഹത്തു ചൊറിച്ചിൽ, തടിപ്പ്, പനി, കുളിര്, ഛർദി, വയറുവേദന, ശ്വാസംമുട്ടൽ, നീര് തുടങ്ങി പല റിയാക്ഷനുകൾ ആന്റീവെനത്തിനുണ്ട്. ചിലപ്പോൾ മരണം വരെയും സംഭവിക്കാം. അതുകൊണ്ടു വിദഗ്ധ ചികിത്സയും ആധുനിക സംവിധാനങ്ങളുമുള്ള ആശുപത്രികളിലേ പാമ്പ് വിഷചികിത്സ സുരക്ഷിതമാകൂ.

snake-2

ഗർഭിണികൾക്കും കുട്ടികൾക്കും ആന്റീവെനം വേണ്ടിവന്നാൽ കൊടുക്കണം. ഗർഭം അലസിപ്പോകാൻ സാധ്യതയുണ്ട്. ആന്റീവെനം റിയാക്ഷൻ ഉണ്ടാക്കിയാൽ അഡ്രിനാലിൻ, ഹൈഡ്രോകോർട്ടിസോൺ, ആന്റിഹിസ്റ്റമിൻ തുടങ്ങിയ മരുന്നുകൾ അത്യാവശ്യമാണ്.

അമർത്തി ചവിട്ടി നടക്കാം

നമ്മുടെ നാട്ടിൽ മിക്ക സ്ഥലത്തും വിഷപ്പാമ്പുകളെ കാണാറുണ്ടെങ്കിലും പുൽമേടുകളിലും കൃഷിസ്ഥലങ്ങളിലും പാമ്പുകളെ കൂടുതലായി കാണാം. രാത്രി ചെരിപ്പു ധരിച്ച് ടോർച്ച് അടിച്ച് നടക്കുക. അമർത്തി ചവിട്ടി നടക്കുന്നതും വടി കൊണ്ട് കുത്തി ശബ്ദമുണ്ടാക്കി നടക്കുന്നതും നല്ലത്. പാമ്പിന് കാഴ്ച തീരെ കുറവാണ്. കേൾവി ഇല്ല. അമർത്തി ചവിട്ടി നടക്കുമ്പോൾ തറയിൽ ഉണ്ടാകുന്ന തരംഗങ്ങൾ തിരിച്ചറിഞ്ഞ് പാമ്പ് മാറിപ്പൊയ്ക്കോളും. വിറക് കൂട്ടിയിട്ടിടത്തും തണുപ്പുപറ്റി പാമ്പ് കിടക്കാം. അതുകൊണ്ട് ഒരു വടി എടുത്ത് വിറക് അനക്കിയശേഷം മാത്രം എടുക്കുക. പുല്ലു ചെത്താൻ പോകുമ്പോഴും വടി കൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കിയ ശേഷം മാത്രം പുല്ല് അരിയുക.

അൾട്രാസോണിക് സ്നേക് റിപ്പല്ലന്റ്

പാമ്പുകൾ ശീതരക്ത ജീവികളാണ്. അമിതമായ ചൂട് സഹിക്കാനാകില്ല. തണുപ്പു തേടിയാണ് അവ മിക്കവാറും പുറത്തേക്കിറങ്ങുക. പിന്നെ ഇരപിടിക്കാനും. നാം മാലിന്യം കൂട്ടിയിടുന്നത് എലികൾ പെരുകാനും എലിയെ ഭക്ഷിക്കാൻ പാമ്പുകൾ വരാനും സാഹചര്യം ഉണ്ടാക്കും. അതുകൊണ്ട് വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുകയാണ് പാമ്പുകടി തടയാനുള്ള പ്രധാന മാർഗം.

പാമ്പ് എപ്പോഴും നാവ് പുറത്തേക്കിട്ട് അനക്കുന്നത് കാണാമല്ലൊ. ഇങ്ങനെയാണ് പാമ്പുകൾ സാഹചര്യം വിലയിരുത്തുന്നത്. പാമ്പിന്റെ വായുടെ മുകൾ ഭാഗത്തുള്ള ജേക്കബ്സൺസ് ഒാർഗൻ എന്ന ഗ്രന്ഥിയിൽ ഇരയുടെ മണം തട്ടുമ്പോഴാണ് തിരിച്ചറിയുന്നത്.

വീടിനു ചുറ്റും പറമ്പിലുമുള്ള പൊത്തുകൾ പാമ്പുകളെ ആകർഷിക്കും. അതുകൊണ്ടു പൊത്തുകൾ അടയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നാഫ്തലീൻ ബാൾ (പാറ്റ ഗുളിക), ലെമൺ ഗ്രാസ് (ഇഞ്ചിപ്പുല്ല്), െവളുത്തുള്ളി തുടങ്ങിയവ പാമ്പിനെ അകറ്റും.

അൾട്രാസോണിക് സ്നേക് റിപല്ലന്റ് വിപണിയിൽ ലഭ്യമാണ്. പുൽമേടുകളിൽ പണിയെടുക്കുന്നവർക്ക് അൾട്രാസോണിക് സ്നേക് റിപല്ലന്റ് അനുഗ്രഹമാണ്. ഇത് ഒാൺലൈൻ വിപണിയിൽ ലഭ്യമാണ്. തറയിൽ കിടന്നുറങ്ങുന്നതു കടിയേൽക്കാൻ കൂടുതൽ സാഹചര്യം ഉണ്ടാക്കും. അതുകൊണ്ടു തറയിൽ കിടന്ന് ഉറങ്ങുന്നത് ഒഴിവാക്കുക.

അവബോധം കൂടണം

വളരെ പെട്ടെന്നു മരണം സംഭവിക്കാവുന്ന ഒരു അത്യാഹിതമാണ് വിഷപ്പാമ്പുകടി. അതുകൊണ്ടു പാമ്പുകടിച്ചാൽ എന്താണു ചെയ്യേണ്ടതെന്നു സ്കൂളുകളിൽ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തണം. അതുപോലെ മെഡിക്കൽ വിദ്യാഭ്യാസത്തിൽ പാമ്പുകടിയുടെ ചികിത്സ കൂടുതൽ പ്രാധാന്യത്തോടെ പഠിപ്പിക്കുകയും എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും കൃത്യമായ പരിശീലനം കൊടുക്കുകയും വേണം. ആന്റീവെനം എല്ലായിടത്തും എപ്പോഴും ലഭ്യമാക്കണം.

അമേരിക്ക, ഒാസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ വിഷപ്പാമ്പുകൾ ഉണ്ടെങ്കിലും പാമ്പുകടിമൂലമുള്ള മരണം വളരെ കുറവാണ്. ബൂട്ട്സ്, അൾട്രാ സോണിക് സ്നേക് റിപല്ലന്റ് തുടങ്ങിയവയുടെ ഉപയോഗവും താരതമ്യേന റിയാക്‌ഷൻ കുറവുള്ള മോണോവാലന്റ് ആന്റീവെനത്തിന്റെ ഉപയോഗവും മരണസംഖ്യ കുറയ്ക്കുന്നു.

പാമ്പുകൾ നമ്മുടെ ആവാസവ്യവസ്ഥയിൽ പ്രധാനപ്പെട്ട കണ്ണിയാണ്. തവള, എലി തുടങ്ങിയവയെ തിന്നു തീർത്ത് മനുഷ്യനു സഹായം ചെയ്യുന്ന ഈ ജീവിയെ തല്ലിക്കൊല്ലാതെ നമ്മുടെ വാസസ്ഥലത്ത് നിന്നു മാറി പോകാൻ അവസരം ഉണ്ടാക്കുകയാണു വേണ്ടത്.

വിവരങ്ങൾക്ക് കടപ്പാട്;

ഡോ. ജോസഫ് കെ. ജോസഫ്

സീനിയർ ഫിസിഷ്യൻ & നെഫ്രോളജിസ്റ്റ്
ലിറ്റിൽ ഫ്ലവർ
ഹോസ്പിറ്റൽ & റിസർച്ച് സെന്റർ, അങ്കമാലി
drjosephkjoseph@gmail.com