Monday 29 March 2021 05:17 PM IST

ഒരൊറ്റ എക്സിബിഷനിൽ സ്വപ്നം പൂവണിഞ്ഞു, നട്ട് ബട്ടർ ഓൺലൈനിൽ കച്ചവടത്തിനു വച്ച് ശ്രുതി: ലാഭം കൊയ്ത് ‘ഫാം ടു ടേബിൾ’

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

peanut-butetr

ഏറ്റവും പ്രിയപ്പെട്ട ഒരു സ്വപ്നത്തെയാണ് ശ്രുതി മരിയ ജോസ് തന്റെ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ചിറകുകളാക്കിയത്. വീട്ടിൽ തയാറാക്കുന്ന രുചിക്കൂട്ടുകളുടെ കൈപ്പുണ്യം മറ്റുള്ളവർക്കു കൂടി പങ്കുവയ്ക്കുക എന്ന പ്രിയ സ്വപ്നം.

ഒരു പ്രിസർവേറ്റീവും ചേർക്കാതെ ശ്രുതി തയാറാക്കുന്ന നട്ട് ബട്ടറുകളുടെ രുചിഭാവങ്ങൾ ഇന്ന് ‘ഫാം ടു ടേബിൾ ’ എന്ന ഒാൺലൈൻ വിപണിയിലൂടെ ഒട്ടേറെ പേരുടെ മനസ്സു കീഴടക്കുമ്പോൾ ഹൃദ്യമായ വീട്ടുരുചിയുടെ വിജയമാകുന്നു അത്.

പാലാ ഭരണങ്ങാനം അമ്പാറനിരപ്പേൽ വെളുത്തേടുത്തു കാട്ടിൽ വീട്ടിൽ ജോസിന്റെയും മേഴ്സിയുടെയും മകൾ ശ്രുതിക്ക് വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ തയാറാക്കാൻ പണ്ടേ ഇഷ്ടമാണ്. പാചകത്തിന്റെ കാര്യത്തിൽ തനി പാലാക്കാരി. ബെംഗളുരു ക്രിസ്തുജയന്തി കോളജില്‍ സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദം ചെയ്യുമ്പോൾ ഒരു ഫൂഡ് ബ്ലോഗിലൂടെ പ്രിയപ്പെട്ട വീട്ടുരുചികളെ ശ്രുതി പരിചയപ്പെടുത്തിയിരുന്നു. ലളിതവും ആരോഗ്യകരവുമായ വിഭവങ്ങളും വീട്ടുരുചിക്കൂട്ടുകളും ഹൈലൈറ്റുകളായി. പഠനത്തിന്റെ ഇടവേളയിൽ വീട്ടിലെത്തുമ്പോൾ നട്ട് ബട്ടറുകളും തയാറാക്കിയിരുന്നു.

‘‘ പാചകം ചെയ്യാൻ ഇഷ്ടമാണ്. മറ്റു നാടുകളുടെ പാചകരീതികള്‍ അറിയാനും ഏറെ ഇഷ്ടം. ഒരു റസ്റ്ററന്റ് തുടങ്ങണമെന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. പക്ഷേ, അത് അത്ര എളുപ്പമല്ലല്ലോ. പിന്നെ കഴിയുന്ന രീതിയില്‍ എന്തെങ്കിലും ചെയ്യാമെന്നു ചിന്തിച്ചു. ഒന്നോ രണ്ടോ പേര്‍ക്കാണെങ്കിലും ശുദ്ധമായ ഭക്ഷണം നൽകാനായാൽ നല്ലതല്ലേ...’’ ശ്രുതി മനസ്സു തുറക്കുന്നു.

2019 ല്‍ ശ്രുതി പഠനം പൂർത്തിയാക്കി ഇന്റേണ്‍ഷിപ്പിനായി നാട്ടില്‍ വന്നു. ആ മേയ് മാസം ഒരു എക്സിബിഷന്‍ നടത്തി. ‘കോട്ടയം ഫ്ളീ’ എന്ന പേരില്‍ നടന്ന ആ പ്രദര്‍ശനത്തിലായിരുന്നു ശ്രുതിയുടെ സ്വപ്നത്തിന്റെ ‘ലോഞ്ച്’. ശ്രുതിയുടെ പാചകമികവിന്റെ ആദ്യ അരങ്ങായിരുന്നു അത്.

ബെംഗളൂരുവിൽ ജോലി ലഭിച്ചെങ്കിലും പ്രിയപ്പെട്ട സ്വപ്നം തിളക്കം മങ്ങാതെ ഉള്ളിലുണ്ടായിരുന്നു. സ്വപ്നമോ ? ജോലിയോ ? ഏതാണ് കൂടെയുണ്ടാകേണ്ടത്? അങ്ങനെ ‘ഫാം ടു ടേബിൾ’ എന്ന സ്വപ്നത്തിനൊപ്പം നടക്കാൻ ശ്രുതി തീരുമാനിച്ചു.

രുചിക്കൂട്ടുമായ് ‘ഫാം ടു ടേബിൾ ’

‘‘തുടക്കത്തിൽ നട് ബട്ടറുകൾ മാത്രമല്ല, ജാമുകളും അച്ചാറുകളും ചെയ്തിരുന്നു. അച്ചാറുകള്‍ ദീര്‍ഘകാലം സൂക്ഷിക്കണമെങ്കില്‍ പ്രിസര്‍വേറ്റീവുകള്‍ വേണമല്ലോ.

പ്രിസർവേറ്റീവുകൾ ചേർക്കുന്നതിനോട് എനിക്ക് താല്‍പര്യമില്ലായിരുന്നു. നട്സ് ആണെങ്കിൽ ദീര്‍ഘകാലം കേടാകാതെ ഇരിക്കും. പ്രിസര്‍വേറ്റീവുകളൊന്നും വേണ്ട. വിദേശങ്ങളിലൊക്കെ നട്ട് ബട്ടര്‍ പ്രഭാതഭക്ഷണത്തിന്റെ പ്രധാന ഘടകമാണ്. നമ്മുടെ നാട്ടിലും കുട്ടികൾ ഉൾപ്പെടുന്ന പുതുതലമുറയ്ക്ക് ഇത് ഏറെ പ്രിയങ്കരമാണ്. അതുകൊണ്ടാണ് നട്ട് ബട്ടറുകളും ചോക്‌ലെറ്റ് നട്ട് ബട്ടറുകളും തയാറാക്കാമെന്നു തീരുമാനിക്കുന്നത്’’.

പീനട്ട് ബട്ടര്‍, കാഷ്യു ബട്ടര്‍, ആല്‍മണ്ട് ബട്ടർ ഇവയ്ക്കു പുറമെ പീനട്ട് ചോക്െലറ്റ് ബട്ടര്‍, ഹേസല്‍നട്ട് ചോക്െലറ്റ് ബട്ടർ, ആല്‍മണ്ട് ചോക്െലറ്റ് ബട്ടര്‍, കാഷ്യു ചോക്െലറ്റ് ബട്ടര്‍.. അങ്ങനെ ചോക്‌ലെറ്റ് പ്രേമികൾക്കായും നട്ട് ബട്ടര്‍ പുതു രൂപങ്ങളിലെത്തി. പീനട്ട്– കാഷ്യു ബട്ടറുകള്‍ പ്രോട്ടീന്റെ നല്ല ഉറവിടമാണെന്നു ശ്രുതി പറയുന്നു. ഇതു കുക്കീസ്, കേക്കുകൾ ഇവ തയാറാക്കാനും ഉപയോഗിക്കാം.

നട്ട് ബട്ടർ തയാറാകുന്നു

പ്രീമിയം ക്വാളിറ്റി നട്സ് വാങ്ങുകയാണ് ആദ്യഘട്ടം. നിലക്കടലയും ബദാമും ഹേസൽ നട്ടുമെല്ലാം ഒാര്‍ഗാനിക് ആയി ഗുണമേൻമ ഉറപ്പാക്കി വാങ്ങുന്നു. നല്ല നട്സ് അല്ലെങ്കില്‍ രുചിയെ ബാധിക്കും. നട്സ് കൃത്യമായ പരുവത്തിൽ വറുത്തെടുക്കുകയാണ് ആദ്യപടി. നട്സ് ചീത്തയാകാതിരിക്കാൻ വറുത്തെടുക്കൽ സഹായിക്കും. നട്സ് വറുക്കുന്നതിനാണ് സമയം കൂടുതല്‍ വേണ്ടത്. അമ്മ മേഴ്സിയാണ് ഇതിനു സഹായിക്കുന്നത്.

മിക്സിങ്ങിനും വീട്ടുകാരുടെ സഹായമുണ്ട്. നട്സ് ചെറിയ അളവില്‍ മിക്സിയിൽ അരച്ചെടുക്കും. മറ്റ് ചേരുവകൾ പൊടിച്ചെടുക്കും. പിന്നീട് എല്ലാം മിക്സിയില്‍ യോജിപ്പിക്കും. പ്രോട്ടീന്‍ നഷ്ടമാകാതെ തന്നെയാണ് തയാറാക്കുന്നത്.

പായ്ക്കിങ്ങും പ്രധാനമാണ്. ബോട്ടില്‍ നന്നായി വൃത്തിയാക്കി ബട്ടര്‍ നിറയ്ക്കുന്നു. ബട്ടര്‍ നിറച്ച ശേഷം രണ്ടു ലെയർ അലുമിനിയം ഫോയില്‍ വച്ച് കവര്‍ ചെയ്യും. ഒാേരാ ആഴ്ചത്തേയ്ക്കുള്ള നട്സ് ആണ് േശഖരിക്കുന്നത്. ബട്ടർ നിറച്ച ശേഷം ബോ ട്ടിൽ വയ്ക്കുന്ന സ്ഥലവും പ്രധാനമാണ്. യന്ത്രസംവിധാനങ്ങൾ ഒന്നും ഉപയോഗിക്കാതെ ചെറിയ അളവിലാണ് ശ്രുതി ബട്ടർ തയാറാക്കുന്നത്. സ്‌റ്റോക്ക് വയ്ക്കില്ല. ഒാര്‍ഡര്‍ അനുസരിച്ചു ഫ്രഷ് ആയി നല്‍കും.

ആഴ്ചയിൽ ആദ്യ ദിവസങ്ങളിൽ ഒാര്‍ഡര്‍ എടുക്കും. ബുധനാഴ്ചയോ വ്യാഴാഴ്ചയോ പാകപ്പെടുത്തിയാല്‍ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ബട്ടർ വിതരണത്തിനു റെഡിയാകും. കൊറിയര്‍ ചെയ്യുകയാണ് രീതി. ഉള്‍പ്രദേശങ്ങളിലുള്ളവര്‍ക്ക് േപാസ്റ്റല്‍ മാര്‍ഗത്തിലൂടെയും അയയ്ക്കും. ഒാരോ ആഴ്ചയിലും ശ്രുതി അയയ്ക്കുന്ന വെണ്ണ മധുരം കാത്തിരിക്കുന്ന ഒട്ടേറെ പേരുണ്ട്.

‘‘ബട്ടറിന്റെ ടെക്സ്ചര്‍ കാണുമ്പോള്‍ തന്നെ ‘ഹോംമെയ്ഡ്’ ആണെന്നറിയാം.

ചെറിയ കുട്ടികൾക്കും നല്‍കാം. കുട്ടികൾക്കു വേണ്ടി വാങ്ങുന്ന അമ്മമാരാണു കൂടുതലും. പീനട്ട് അലര്‍ജിയുള്ള കുട്ടികള്‍ ഉണ്ടെങ്കില്‍ ഒഴിവാക്കാന്‍ പറയും. ഹോം

മെയ്ഡ് രുചികൾക്ക് നല്ല പ്രതികരണങ്ങളാണു ലഭിക്കുന്നതെന്ന് ശ്രുതി പറയുന്നു.

ആവശ്യക്കാർക്കു നാട്ടുമധുരം

ഒരു ബോട്ടില്‍ ബട്ടറിന് അേത അളവില്‍ നട്സ് ശ്രുതി ചേർക്കുന്നുണ്ട്. ആവശ്യക്കാർക്ക് കസ്‌റ്റമൈസ് ചെയ്തും വാങ്ങാനാകും. ചിലര്‍ പഞ്ചസാരയ്ക്കു പകരം ശര്‍ക്കരയോ തേനോ േചർക്കാൻ ആവശ്യപ്പെടും. നാട്ടിന്‍പുറത്തുനിന്നുള്ള ശുദ്ധമായ തേൻ. മധുരത്തിനനുസരിച്ച് അതു ചേർക്കും. ചിലർക്ക് നല്ല നാടൻ ശർക്കരയുടെ മധുരം മതി. ചോ ക്‌ലെറ്റ് രുചികൾക്കായി കോംപൗണ്ട് ചോക്െലറ്റാണ് ഉപയോഗിക്കുന്നത്.

ഭക്ഷ്യസുരക്ഷാ റജിസ്ട്രേഷന്‍ ഉള്ളതിനാൽ ഹോം കിച്ചന്‍ എന്ന നിലയിലാണ് ഫാം ടു ടേബിൾ മുന്‍പോട്ടു കൊണ്ടുപോകുന്നത്. ‘‘വലിയ ബിസിനസിലേക്കിറങ്ങാൻ ധൈര്യമില്ല. ഇങ്ങനെ പോയാല്‍ വലിയ ടെന്‍ഷനില്ല. കുറച്ചു പേര്‍ക്കെങ്കിലും ഹെൽത്തി ആയി നല്‍കുക എന്നേയുള്ളൂ ഇപ്പോൾ മനസ്സിൽ .’’ ശ്രുതി പറയുന്നു. സമീപഭാവിയിൽ വിപണിയിലേക്ക് ഒരു ചെറു ഒൗട്ട്‌ലറ്റ് രൂപപ്പെടുത്തി വരണമെന്നും ആഗ്രഹിക്കുന്നുണ്ട് ശ്രുതി.

പ്രിയപ്പെട്ടവര്‍ക്കായി ജാമുകളും അച്ചാറുമൊക്കെ തയാറാക്കാന്‍ ശ്രുതിക്കിഷ്ടമാണ്. അവയെ ഒരു വിപണിയിലേക്ക് കൊണ്ടുപോകാന്‍ നിലവിൽ ഉദ്ദേശമില്ല. മാമ്പഴവും പൈനാപ്പിളും മത്തങ്ങയും കാരറ്റുമൊക്കെ പണ്ടേ ജാമുകളായി മാറിയിരുന്നു ശ്രുതിയുടെ അടുക്കളയിൽ. അതൊക്കെ ആളുകള്‍ ഇപ്പോഴും ആവശ്യപ്പെടുന്നുണ്ട്.

ജീനുകളിലെങ്ങോ കയറിക്കൂടിയ പാചകവൈദഗ്ധ്യവുമായി ഒരു പെൺകുട്ടി. വീട്ടുരുചിയുടെ നൻമ നിറഞ്ഞ വെണ്ണക്കൂട്ടുകളുമായി പുതുതലമുറയിലെ ഭക്ഷ്യസംരംഭകരിൽ ഒരാളാകാൻ അവൾ ഒരുങ്ങുകയാണ്.

Tags:
  • Manorama Arogyam
  • Health Tips