Saturday 20 April 2019 03:49 PM IST

പല്ലിനെ വിഴുങ്ങി സ്ട്രോബറി മോണകൾ, അപൂർവരോഗവുമായി ഇറാൻ യുവതി; ചികിത്സ ലഭിച്ചില്ലെങ്കിൽ മരണം ഉറപ്പ്!

Asha Thomas

Senior Sub Editor, Manorama Arogyam

Strawberry-tooth

മോണ വളർന്നിറങ്ങി പല്ലു മുഴുവൻ മൂടുന്ന സ്ട്രോബറി ജിൻജവൈറ്റിസ് എന്ന അപൂർവരോഗവുമായി ഇറാനിലെ  യുവതി. ആറാഴ്ച മുൻപാണ് മോണ അനിയന്ത്രിതമായി വളർന്നിറങ്ങി പല്ലിനെ മൂടിത്തുടങ്ങിയത്. മോണ മുഴുവൻ ചുവന്നു വിങ്ങിയിരുന്നു. മൂക്കിൽ നിന്നും രക്തം വന്നിരുന്നു.  മുഖത്ത് കവിളിനോട് ചേർന്ന് വ്രണങ്ങളും കണ്ടുതുടങ്ങി. സ്ട്രോബറി പോലെ മോണ ചുവന്നു വിങ്ങുന്നതിനാലാണ്  സ്ട്രോബറി ജിൻജവൈറ്റിസ് എന്നു വിശേഷിപ്പിക്കുന്നത്. 

ഇറാനിലെ ടെഹ്റാൻ യൂണിവേഴ്സിറ്റി ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടർമാരാണ് ലാബ് പരിശോധനകിളിലൂടെ രോഗം ഉറപ്പിച്ചത്. വൈദ്യഭാഷയിൽ ഈ രോഗത്തിന് ഗ്രാനുലോമറ്റോസിസ് പോളിയാൻജൈറ്റിസ് അഥവാ ജിപിഎ (Granulomatosis Polyangitis) എന്നാണ് പറയുക. രക്തക്കുഴലുകൾ വിങ്ങിവീർക്കുന്ന അപൂർവരോഗാവസ്ഥയാണ് ജിപിഎ.   ഇത് ചെവി, മൂക്ക്, സൈനസ്, വൃക്കകൾ, ശ്വാസകോശം എന്നിവയേയും ബാധിക്കാം. സ്ട്രോബറി ജിൻജവൈറ്റിസ് അഥവാ സ്ട്രോബറി പോലെ ചുവന്നുവിങ്ങിയ മോണകൾ ഈ രോഗത്തിന്റെ ഒരു ലക്ഷണം മാത്രമാണ്. 

ക്ഷീണം, കടുത്ത ചൂട്, ചവിയിലും തൊണ്ടയിലും മൂക്കിലും അസ്വാസ്ഥ്യം അനുഭവപ്പെടുക, ശ്വാസതടസ്സം പോലെ ശ്വാസകോശ സംബന്ധിയായ പ്രശ്നങ്ങൾ,  തൊലിപ്പുറത്ത് ചുവന്ന പാടുകളും മുഴകളും, ഇരട്ടക്കാഴ്ച പോലുള്ള കാഴ്ചപ്രശ്നങ്ങൾ, വയറുവേദന, വയറിളക്കം പോലുള്ള ഉദര അസ്വാസ്ഥ്യങ്ങൾ എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.  കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കിൽ രോഗം ഗുരുതരമായി മരണം പോലും സംഭവിക്കാം. ശരീരം തന്നെ അതിന്റെ രക്തക്കുഴലുകളെ ആക്രമിക്കാനിടയാക്കുന്നത് ശരീര പ്രതിരോധ സംവിധാനത്തിലുള്ള  ക്രമക്കേടുകളാണെന്നാണ് നിഗമനം. വൈറസ്–ബാക്ടീരിയ അണുബാധകളും രോഗത്തിനിടയാക്കാമെന്നു കരുതുന്നു.