പാലക്കാട് ശ്രീകൃഷ്ണപുരത്ത് കുളക്കാട്ടു കുറിശ്ശിയിലെ പുളിക്കത്താഴെ വീട്ടിലിരുന്ന് കീടനാശിനികളുടെ അതിപ്രസരമുള്ള കൃഷിയെക്കുറിച്ചും ആഹാരത്തിന്റെ ശുദ്ധിയെക്കുറിച്ചും സ്വപ്നയും ആശങ്കപ്പെട്ടിരുന്നു. അന്ന് സ്വപ്നയുടെ മടിയിൽ രണ്ട് ഒാമനക്കുഞ്ഞുങ്ങളുണ്ട്. കുഞ്ഞുങ്ങൾക്ക് സുരക്ഷിത ഭക്ഷണം എങ്ങനെ നൽകാം എന്നു മാത്രം ചിന്തിക്കുകയായിരുന്നു, ആ അമ്മ മനസ്സ്. കൃഷിയൊക്കെ ഇഷ്ടമാണ്, എങ്കിലും ചെയ്തു പരിചയമില്ല. അങ്ങനെ ജൈവകൃഷിയെന്ന സ്വപ്നം ഉള്ളിൽ ഒരു ചെറുകനലായി തെളിഞ്ഞു. അത് ഒരു ജ്വാലയാകാൻ അധികം കാത്തിരിക്കേണ്ടി വന്നില്ല.
സ്വപ്നയുടെ ജൈവസ്വപ്നം ഇന്ന് ഏഴ് ഏക്കറിലായി അങ്ങനെ പരന്നു കിടക്കുകയാണ്. മക്കൾ അലനും കെവിനും നൽകുന്ന സ്നേഹവാൽസല്യങ്ങളുടെ അതേ പങ്ക് നൽകി സ്വപ്ന നൂറുമേനിയുടെ ജൈവ സന്തോഷങ്ങൾ വിതയ്ക്കുകയും കൊയ്യുകയും ചെയ്യുന്നു. ഈ ജൈവകർഷകയ്ക്കായിരുന്നു 2018ൽ മലയാള മനോരമയുടെ കർഷകശ്രീ പുരസ്കാരം.
ഒരു വീട്ടമ്മയുടെ ജൈവകൃഷി എന്ന സ്വപ്നത്തിന്റെ ചുറ്റളവ് അവളുടെ കുഞ്ഞ് അടുക്കളത്തോട്ടമായിരിക്കും. എന്നാൽ സ്വന്തം അടുക്കളയിലേക്കു വേണ്ടതെല്ലാം അരിയുൾപ്പെടെ ജൈവകൃഷി ചെയ്യുകയാണ് ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദധാരിണിയായ സ്വപ്ന ജെയിംസ്.
പച്ചക്കറികളിൽ തുടക്കം
‘‘2003ലായിരുന്നു കൃഷിയുടെ തുടക്കം. ആദ്യം പച്ചക്കറി കൃഷി ചെയ്തു തുടങ്ങി. അതാതിന്റെ സമയവും കാലവുമനുസരിച്ചാണ് കൃഷി തുടങ്ങിയത്. ചീര, വഴുതന, തക്കാളി, മുളക്, വെണ്ട, കോവൽ, പാവ ൽ, കാബേജ്, കുമ്പളം, വഴുതന...അങ്ങനെ എല്ലാം’’. വിഷമയമില്ലാതെ സംശുദ്ധമായ പച്ചക്കറികൾ വിളവെടുത്തപ്പോൾ അത് നൽകിയ ആനന്ദം സ്വപ്നയ്ക്കു പറഞ്ഞറിയിക്കാനാകാത്തതായിരുന്നു. പിന്നീട് തെങ്ങ്, ജാതി, കമുക് എല്ലാം ജൈവകൃഷിയിൽ തളിർത്തു തുടങ്ങി.
വീടിനരികെ നെൽപ്പാടം
നെല്ല് കൂടി ജൈവകൃഷി ചെയ്താലോ എ ന്നായി അടുത്ത ചിന്ത. 2012–ൽ 70 സെന്റ് സ്ഥലത്ത് സ്വന്തം ആവശ്യത്തിനായി നെല്ല് ജൈവകൃഷി ചെയ്തു തുടങ്ങി. ഡബിൾ മട്ടയാണു കൃഷി ചെയ്യുന്നത്. തവിട് അധികം കളയാതെ നെല്ലു കുത്തിയെടുക്കും. ജൈവകൃഷിക്ക് വളമായി ചാണകവും ഗോമൂത്രവും വേണം. അതിനായി നാടൻ പശുക്കളെ വളർത്തിത്തുടങ്ങി. പിന്നീട് ആട്, കോഴി, താറാവ്, മുയൽ, വാത്ത ഇവയെല്ലാം അരുമകളായി വന്നു. തേനീച്ച വളർത്തലുമുണ്ട്. വൻതേനീച്ചകളാണു കൂടുതലെങ്കിലും ചെറുതേനീച്ചയുമുണ്ട്.
പടുതാക്കുളത്തിൽ തിലോപ്പിയയും ജയന്റ് ഗൗരാമിയും സംഘമായി ആഘോഷത്തിലാണ്. മീൻകൃഷിയിലും മികവു തെളിയിച്ചു സ്വപ്ന.
‘‘ ഇവിടെ ഇപ്പോൾ എല്ലാം തന്നെയുണ്ട്. ഒരു സാധനവും പുറത്തു നിന്നു വാങ്ങേണ്ടി വരുന്നില്ല– സ്വപ്നയുടെ വാക്കുകളിൽ ആത്മസംതൃപ്തിയുടെ നിറവ്.
എട്ടേക്കർ ഭൂമിയിലെ റബർ കൃഷിയ്ക്കിടെ കൊക്കോയും കാപ്പിയും തളിർത്തു നിൽക്കുന്നു. ജൈവ സമ്മിശ്ര കൃഷിയാണ്. അതായത് ഒട്ടും സ്ഥലം പാഴാക്കാതെയുള്ള കൃഷി. തെങ്ങ്, ജാതി , കമുക്, അതിനിടയിൽ ഇടവിളകളായി കിഴങ്ങു വർഗങ്ങൾ.ചേന, ചേമ്പ്, കാച്ചിൽ ഉൾപ്പെടെ കിഴങ്ങു വർഗങ്ങളെല്ലാം കൃഷി ചെയ്യുന്നുണ്ട്.
പഴവർഗങ്ങളിൽ പുതുതായെത്തിയത് റംബൂട്ടാനാണ്. മാംഗോസ്‌റ്റീൻ, അവക്കാഡോ, ബറാബാ അങ്ങനെ ഇംപോർട്ട് ചെയ്ത പഴവർഗങ്ങളുമുണ്ട്. വിവിധയിനം പ്ലാവുകളും മാവുകളും ചാമ്പയും പേരയുമുണ്ട്.
‘‘ കീടനാശിനിയുടെ അളവു നോക്കാതെയുള്ള പ്രയോഗമാണ് നമ്മുടെ നാട്ടിൽ. കീടനാശിനി ഉപയോഗത്തിൽ ശാസ്ത്രീയതയുമില്ല. നമ്മെക്കൊണ്ടു പറ്റുന്നതെല്ലാം ചെയ്യുക എന്നതാണ് ശ്രദ്ധിക്കുന്നത് ’’– സ്വപ്ന പറയുന്നു. ജോലിക്കാരുണ്ടെങ്കിലും സ്വപ്ന കൃഷിയിടത്തിൽ സജീവമാണ്.
ജൈവകീടനാശിനികൾ മാത്രം
മണ്ണിനെ നോവിപ്പിക്കാത്ത പ്രകൃതിദത്ത കീടനാശിനികളും വളക്കൂട്ടുകളുമാണ് ഉപയോഗിക്കുന്നത്. ഗോമൂത്രവും ചാണകവും കൊണ്ട് ജീവാമൃതം, പഞ്ചഗവ്യം എന്നീ വളങ്ങൾ തയാറാക്കുന്നു. മത്തിയും ശർക്കരയും ചേർത്ത ഫിഷ് അമിനോ ആസിഡും മികച്ച വളക്കൂട്ടാണ്. മുരിങ്ങയില, വേപ്പില, പപ്പായ ഇലകൾ ഗോമൂത്രത്തിൽ കലക്കി നേർപ്പിച്ചൊഴിച്ചാൽ ജൈവകീടനാശിനിയായി.
മനസ്സു നിറയ്ക്കും രുചി
‘‘നെല്ലും പച്ചക്കറിയുമെല്ലാം നമ്മുടേതല്ലേ? അതൊരു സന്തോഷമല്ലേ?’’ ഒാർഗാനിക് കൃഷി ചെയ്ത പച്ചക്കറികൾക്ക് രുചി കൂടുതലാണെന്ന് സ്വപ്ന പറയുന്നു. സ്ക്വാഷ്, മഞ്ഞൾപ്പൊടി അങ്ങനെ കുറച്ച് മൂല്യവർധിത ഉൽപന്നങ്ങൾക്കായി ഒരു ചെറു വിപണിയുമുണ്ട് സ്വപ്നയ്ക്ക്. പാഷൻഫ്രൂട്ട് സ്ക്വാഷ്, ഇഞ്ചി സ്ക്വാഷ്, പൈനാപ്പിൾ സ്ക്വാഷ് എന്നിവയാണവ. നിലവിലുള്ള വിളകൾ പാഴായിപ്പോകാതെ, കൃഷിയിടത്തിലെ വിളകൾ തീരുന്നതു വരെ മാത്രമാണ് ഇവയുടെ ഉൽപാദനം.
ഭർത്താവ് ജെയിംസിന്റെ പിന്തുണയാണ് സ്വപ്‌നയുടെ കരുത്ത്. കൃഷിയോട് വലിയ താത്പര്യമുണ്ടെങ്കിലും ജെയിംസിന്. ലാറ്റെക്സ് ബിസിനസ് കൂടിയുള്ളതിനാൽ സ്വപ്നയാണ് ജൈവകൃഷിയുടെ അമരക്കാരി. മക്കൾ രണ്ടു പേരും ഡിഗ്രി വിദ്യാർഥികളാണിപ്പോൾ. മൂത്തമകൻ അലൻ തമിഴ്നാട് കാർഷിക സർവകലാശാലയിൽ ബി എസ് സി ഹോർട്ടികൾച്ചറിനാണു പഠിക്കുന്നത്. മക്കൾക്കും കൃഷിയിൽ താത്പര്യമുണ്ട്.
ജൈവകൃഷി എന്തിനു വേണ്ടിയാണ് എന്നാലോചിക്കുന്നതാണ് മുന്നോട്ടുള്ള യാത്രയിൽ സ്വപ്നയുടെ ഉൗർജം .
‘‘ജൈവകൃഷി മണ്ണിനെ രക്ഷിക്കുന്നതിനു വേണ്ടിയാണ്. ഭാവിയിൽ മക്കൾക്ക് സ്ഥലം നൽകുമ്പോൾ നമുക്കു കിട്ടിയ രീതിയിൽ നന്നായി നൽകേണ്ടേ? രാസവളമൊന്നും ചേർക്കാതെ ഫലഭൂയിഷ്ടമായ മണ്ണ് മക്കൾക്കു നൽകണം എന്നതാണ് ആഗ്രഹം.
വീട്ടിലെ ആവശ്യത്തിനുള്ള പച്ചക്കറികളേ ലഭിക്കുന്നുള്ളൂ. ജൈവപച്ചക്കറികൾക്കായി ഒാരോ വീട്ടിലും ഒരടുക്കളത്തോട്ടം ഉണ്ടാക്കുക മാത്രമേ നിവൃത്തിയുള്ളൂ. ജൈവപച്ചക്കറിയെന്നു പറഞ്ഞു വാങ്ങുന്നവ പൂർണമായും ജൈവമാണെന്ന് ഉറപ്പിക്കാനുമാകില്ല – സ്വപ്ന മനസ്സു തുറക്കുന്നു.
ജൈവകൃഷിയ്ക്കു വേണ്ടത് നല്ല ക്ഷമയാണ്. ആദ്യം കൃഷി ചെയ്യുമ്പോൾ ശരിയായില്ലെങ്കിലും മനസ്സു വിഷമിപ്പിക്കേണ്ടതില്ല. രണ്ടു തവണ കൂടി ചെയ്യുമ്പോൾ ശരിയായി വന്നു കൊള്ളും. നിറഞ്ഞ സന്തോഷത്തോടെ കൃഷിയെ സമീപിക്കണം. ചീര തളിർക്കുന്നതും ഒരു മുളക് തൊടിയിൽ കായ്ക്കുന്നതു കാണുമ്പോൾ കൃഷിയോടുള്ള സ്നേഹം താനേ വന്നു കൊള്ളും. അ തു കാണുന്നതു തന്നെയാണ് ഏറ്റവും വലിയ മോട്ടിവേഷൻ’’... തന്റെ വിജയരഹസ്യങ്ങളും സ്വപ്ന പങ്കു വയ്ക്കുന്നു.
കുളക്കാട്ടുകുറിശ്ശിയിലെ പകൽ നേരങ്ങളിൽ വീട്ടുജോലികൾ തീർത്ത് കൃഷിയിടങ്ങളിലൂടെ സ്വപ്ന സഞ്ചരിക്കും. ഒാരോ തളിരിലയോടും ആർദ്രഭാഷണം നടത്തും. അരുമകളുടെ സ്നേഹം ഉള്ളിലേറ്റു വാങ്ങും. ശുദ്ധിയുള്ള ആഹാരം കഴിക്കാമെന്ന വലിയ ജീവിതസുകൃതത്തോടും ഒരു സ്വപ്നം പോലെ സ്വന്തമായ ജൈവസമൃദ്ധിയോടും കൃതജ്ഞതാഭരിതയാകും.
ലിസ്‌മി എലിസബത്ത് ആന്റണി