Monday 05 February 2018 05:57 PM IST

മുപ്പതു മിനിട്ട് വ്യായാമം നാരുകള്‍ അടങ്ങിയ ഭക്ഷണം; ഇതാ ഏതു രോഗവും നിയന്ത്രിക്കാനുള്ള വഴികള്‍

Asha Thomas

Senior Sub Editor, Manorama Arogyam

health_chkp

നിലവിൽ രോഗങ്ങളുള്ളവർ അതിനെ നിസ്സാരമാക്കുകയോ അതിന്റെ പേരിൽ സമ്മർദത്തിലാകുകയോ ചെയ്യരുത്. ഏതുരോഗവും നിയന്ത്രിക്കാൻ അടിസ്ഥാനപരമായി ജീവിതശൈലി ആരോഗ്യകരമാക്കിയാൽ മതിയെന്നോർക്കുക.  മൂന്നു കാര്യങ്ങളാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്.


∙ കൊഴുപ്പും മധുരവും കുറഞ്ഞ ഭക്ഷണം ആവശ്യമുള്ളത്ര അളവിൽ മാത്രം കഴിക്കുക, ഡോക്ടറുടെ നിർദേശപ്രകാരം ചിട്ടപ്പെടുത്തിയ വ്യായാമങ്ങൾ പതിവായി ചെയ്യുക, ഭാരം അമിതമാകാതെ ശ്രദ്ധിക്കുക. ഇതു മൂന്നും കൃത്യമായാൽ ഏതു രോഗത്തെയും നെഞ്ചുവിരിച്ച് നേരിടാം.


∙ പുകവലി ശീലമുണ്ടെങ്കിൽ നിർത്തണം. ശ്വാസകോശത്തിനു മാത്രമല്ല ഹൃദയത്തിനും പുകവലി ദോഷകരമാണ്.  ഇത് രക്തം കട്ടപിടിക്കാനുള്ള സാധ്യത കൂട്ടും, രക്തസമ്മർദം ഉയർത്തും. നല്ല കൊളസ്ട്രോൾ നിരക്കു കുറയ്ക്കും.


∙ മനസ്സ് എപ്പോഴും ശാന്തവും ടെൻഷൻ ഫ്രീയും ആയി സൂക്ഷിക്കുന്നത് രോഗചികിത്സയുടെ വിജയത്തിന് അത്യാവശ്യമാണ്. എന്തു പ്രകോപനമുണ്ടായാലും ദേഷ്യപ്പെടില്ല എന്നു തീരുമാനിക്കുക. കാര്യങ്ങളെ ലഘുവായി, തമാശരൂപേണ കാണുക.


∙ ദിവസവും 25–35 ഗ്രാം നാരുകൾ അടങ്ങിയ ഭക്ഷണം കഴിച്ചാൽ തന്നെ മിക്ക രോഗങ്ങളുടെയും നിയന്ത്രണത്തിൽ ഗുണം ചെയ്യും.  മൂന്നു പ്രധാനഭക്ഷണ നേരങ്ങളിലും നാരുകൾ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.


∙ സ്ഥിരപരിശോധനകൾക്കു രണ്ടു ദിവസം മുമ്പേ ഭക്ഷണം ക്രമീകരിച്ച്, വ്യായാമം ചെയ്ത് താൽക്കാലിക റിസൾട്ട് നേടുന്ന സൂത്രപ്പണി വേണ്ട. ഇത് സ്ഥായിയായ രോഗനിയന്ത്രണത്തെ തകിടംമറിക്കും.


∙ ജീവിതരീതിക്കനുസരിച്ച് രോഗചികിത്സ ചിട്ടപ്പെടുത്തണം. ഉദാഹരണത്തിന് എപ്പോഴും യാത്ര ചെയ്യുന്ന, കൃത്യസമയത്ത് ഭക്ഷണം കഴിക്കാനാകാത്തവരാണെങ്കിൽ ഡോക്ടറുമായി സംസാരിച്ച് മരുന്നും ഇൻസുലിനും അതനുസരിച്ചു  നിശ്ചയിക്കണം.


∙ ജീവിതശൈലീപ്രശ്നങ്ങൾ ഉള്ളവർ കുടവയറും അമിതവണ്ണവും നിയന്ത്രിക്കണം. വയറിന്റെ ചുറ്റളവ് പുരുഷന്മാരിൽ 90 സെ.മീറ്ററും സ്ത്രീകളിൽ 80 സെ.മീ ഉം ആകണം.


∙ സ്ഥിരമായി കഴിക്കുന്ന മരുന്നിന്റെ ഡോസ് തനിയെ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യരുത്. മറ്റ് ആരോഗ്യപ്രശ്നങ്ങൾക്ക് ഡോക്ടറുടെ നിർദേശപ്രകാരമേ മരുന്നു കഴിക്കാവൂ.