Wednesday 21 April 2021 04:48 PM IST

ശരീരം സംരക്ഷിക്കും, രോഗപ്രതിരോധ ശക്തിയാർജ്ജിക്കും: ഈ തിരുവാതിരയുടെ പേര് ദിനചര്യാതിര: വേറിട്ട നൃത്താവിഷ്ക്കാരം

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

thiruvathira

ദശപുഷ്പങ്ങൾ മുടിയിൽ ചൂടി, വാലിട്ടു കണ്ണെഴുതി, മുണ്ടും നേര്യതുമണിഞ്ഞ് അവർ ഒരുങ്ങിക്കഴിഞ്ഞു. അഷ്ടമംഗല്യത്തിൽ നിന്ന് നിലവിളക്കിലേക്ക് അഗ്‌നി പകരുകയായി.

സാന്ധ്യഭംഗിയുടെ നിലാവു പടർന്ന ഞായല്ലൂർ മനയുടെ മുറ്റത്ത് ഒരു തിരുവാതിര തുടങ്ങുകയാണ്. ഗിരിജയും ശാരദയും ഉമയും കാവ്യയും സരസ്വതിയും ശൈലജയും നന്ദജയും ഇന്ദുജയും ശാരികയും പാർവതിയും സ്വയം മറന്ന് തിരുവാതിരച്ചുവടുകളിലേക്ക് ...അവരുടെ മൈലാഞ്ചിചോപ്പുള്ള കൈകൾ പാട്ടിന്റെ താളത്തിൽ ലാസ്യഭംഗിയോടെ മിന്നി മായുന്നു.

കാതോർത്താൽ കേൾക്കാം, അത് പതിവുള്ള തിരുവാതിരപ്പാട്ടല്ല, ആരോഗ്യജീവിതത്തിനുതകുന്ന ചര്യകളുടെ താളനിബദ്ധമായ ഒരു ഒാർമപ്പെടുത്തലാണ്. ശരീരം സംരക്ഷിക്കുന്നതിനും അതുവഴി രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നതിനും പാലിക്കേണ്ട ചിട്ടയായ ജീവിതചര്യകളുടെ ന‍ൃത്താവിഷ്കാരമാണ്. ആരോഗ്യജീവിതത്തിനുതകുന്ന ദിനചര്യകളെ കോർത്തിണക്കിയ ഈ തിരുവാതിരയുടെ പേര് ദിനചര്യാതിര.

അഷ്ടാംഗഹൃദയത്തിൽ നിന്ന്

വാഗ്ഭടാചാര്യൻ രചിച്ച അഷ്ടാംഗഹൃദയം ആയുർവേദത്തിലെ മഹത് ഗ്രന്ഥങ്ങളിൽ ഒന്നാണ്. അഷ്ടാംഗഹൃദയത്തിലെ രണ്ടാം അധ്യായം ദിനചര്യയുടെ പ്രാധാന്യത്തെക്കുറിച്ച് വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആരോഗ്യത്തിനും ആയുസ്സിനും അത്യന്താപേക്ഷിതമായ ജീവിതചര്യകളെക്കുറിച്ചാണ് ഈ അധ്യായത്തിൽ വിശദമാക്കുന്നത്. ഇന്ന് പാശ്ചാത്യ സംസ്കാരത്തിന്റെ സ്വാധീനവും ആധുനിക ജീവിതശൈലികളുടെ അതിപ്രസരവും നമ്മുടെ ആരോഗ്യചര്യകളെ പ്രകടമായി ബാധിച്ചിട്ടുണ്ട് എന്നു പറയേണ്ടതില്ലല്ലോ.

വൈദ്യമഠം ചെറിയ നാരായണൻ നമ്പൂതിരിയുടെ ശിഷ്യനും ആയുർവേദ ചികിത്സകനുമായ ഡോ. വെളിഞ്ഞിൽ വിഷ്ണു നമ്പൂതിരിയുടെ വേറിട്ട ചിന്താരീതിയിൽ നിന്നാണ് ഈ ആതിരപ്പാട്ടിന്റെ പിറവി. ദിനചര്യാക്രമങ്ങളെ ലളിതമായി ജനങ്ങളിലേക്ക് എങ്ങനെ എത്തിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ ചിന്ത.

‘‘ അഷ്ടാംഗഹൃദയത്തിലെ ചര്യാക്രമം സംസ്കൃത ശ്ലോകങ്ങളിൽ പ്രതിപാദിക്കുന്നതിനാൽ അത് എല്ലാവരിലേക്കും എത്തുന്നില്ല. ഒരു കലാരൂപത്തിൽ കൂടി ഇവയെ സാധാരണക്കാരുടെ ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ കഴിയുമോ എന്നാലോചിച്ചതിന്റെ ഫലമായി തിരുവാതിരകളിയിൽ കൂടി നടപ്പിൽ വരുത്താം എന്നൊരാശയം തോന്നി. തിരുവാതിര കളി കേരളീയർക്കു പൊതുവെ ആസ്വാദ്യകരമാണല്ലോ...’’ – വിഷ്ണു നമ്പൂതിരി പറയുന്നു.

ശ്ലോകങ്ങളുടെ ആശയം ഒട്ടും ചോർന്നു പോകാതെ ദിനചര്യാക്രമങ്ങളെ ലളിതമായ രീതിയിൽ അദ്ദേഹം മലയാളത്തിൽ തയാറാക്കി. ആ തിരുവാതിരയ്ക്ക് ദിനചര്യാതിര എന്നു പേരും നൽകി. ദിനചര്യാതിരയ്ക്ക് തിരുവാതിരപ്പാട്ടിന്റെ ഈണം നൽകി കളിക്കാനുള്ള ചുവടുകൾ ചിട്ടപ്പെടുത്തിയത് ശ്രീമതി രജിതാ ഹരിയാണ്.

തിരുവാതിരയിലേക്ക്

കേരളത്തിന്റെ തനതു കലാരൂപമായ തിരുവാതിരയുടെ രൂപത്തിൽ ദിനചര്യ എന്തെന്ന് ഭാവി തലമുറയ്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നതിനുള്ള വേറിട്ട ഒരു കാൽവയ്പായി അത്. ശ്രീ പാർവതീദേവി മക്കളായ ഗണപതിക്കും സുബ്രഹ്മണ്യനും രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ദിനചര്യയെക്കുറിച്ചു മനസ്സിലാക്കി കൊടുക്കുന്ന രീതിയിലാണ് ഇതിലെ അവതരണം. കുരവയിട്ടാണ് ദിനചര്യാതിര തുടങ്ങുന്നത്. തുടർന്ന് ധന്വന്തരീ മൂർത്തിയെ വണങ്ങുന്നു.

‘‘ സ്വസ്ഥമായി ജീവിക്കുന്നോർക്കായുസ്സേറാൻ മോഹം പ്രാപ്തമാക്കാൻ ബ്രാഹ്മമാകും മുഹൂർത്തത്തിലേൽക്കാം’’...എന്നു കൈകൊട്ടിപ്പാടുമ്പോൾ ഉണരുന്നതിനെക്കുറിച്ചുള്ള ലളിത സുന്ദരമായ ആരോഗ്യഒാർമപ്പെടുത്തലാകുന്നു അത്.

‘‘ സൂര്യോദയത്തിനു മുമ്പിലായി മൂന്നു മണിക്കൂറു ചെന്ന നേരം മെല്ലെയുണർന്നു വലം തിരിഞ്ഞു ദേഹത്തെ ചിന്തിച്ചിരിക്കാമൽപം ... എന്നു പറയുന്നതിനൊപ്പം ഉണർന്ന ശേഷം ഭൂമിയെ തൊട്ടു തലയിൽ വയ്ക്കണമെന്നും തുടർന്ന് മൂത്രമൊഴിക്കലും ശൗചകർമങ്ങളും ചെയ്യണമെന്നും പറയുന്നു. പല്ലുതേയ്ക്കലും ഇതിൽ ഉൾപ്പെടുന്നു.

ഉങ്ങ്, കരിങ്ങാലി, നീർമരുത്, അർക്കമരം, പേരാൽ... ഇവയുടെ കമ്പുകൾ ചതച്ചതു കൊണ്ടു പല്ലു തേയ്ക്കുന്നതിനെക്കുറിച്ചും പരാമർശിക്കുന്നു. എന്നാൽ മോണയ്ക്കു കേടു വരാത്ത രീതിയിൽ ആയിരിക്കണമിത്. ഭക്ഷണശേഷവും പല്ലുകൾ തേയ്ക്കണമെന്നു പറയുന്നുണ്ട്. പതിവായി അഞ്ജനം കൊണ്ടു കണ്ണെഴുതിയാൽ കണ്ണിന്റെ കാഴ്ച വർധിക്കുമത്രേ. ഏഴാംദിനം കണ്ണെഴുതാനുള്ള രസാഞ്ജനക്കൂട്ടിനെക്കുറിച്ചും പറയുന്നുണ്ട്. ‘ നസ്യം ചെയ്തും പുകയേറ്റും , കവിൾക്കൊണ്ടും മുറുക്കിയും ശിരശുദ്ധി വരുത്തുകിലുത്തമമാണേ... ചില രോഗങ്ങൾ ഒഴിവാക്കുന്നതിനായി മുറുക്ക് ഒഴിവാക്കണമെന്നും പറയുന്നുണ്ട്.

പതിവായി എണ്ണ പുരട്ടിയാൽ ജര, ക്ഷീണം, വാതം എന്നിവ മാറും. ഇത് കണ്ണിന്റെ കാഴ്ചയും ഉറക്കവും കൂട്ടുമെന്നും വിശദമാക്കുന്നു.

ശരീരപുഷ്ടിക്കായി തലയോടും ചെവിയും പാദവും മസാജ് ചെയ്യാം. വ്യായാമം കൊണ്ട് ദുർമേദസ്സു മാറ്റാനും അവയവ ദൃഢത വരുത്താനുമാകുമെന്നും പറയുന്നു.

‘‘ മെഴുക്കേറുമന്നങ്ങളെ കഴിക്കുന്ന ബലമുള്ളോർ വ്യായാമത്തെ പാതിശക്തി കുറയും വരെ... കൊഴുപ്പടങ്ങിയ ആഹാരം കഴിക്കുന്നവരുടെ കാര്യത്തിൽ വ്യായാമത്തിന്റെ പ്രസക്തി ചൂണ്ടിക്കാണിക്കുന്നതിനൊപ്പം വ്യായാമം അധികമായി ചെയ്താലുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ചും പരാമർശിക്കുന്നുണ്ട്. ഉറക്കത്തിന്റെ പ്രാധാന്യവും പ്രത്യേകം സൂചിപ്പിക്കുന്നു.

പൊടി കൊണ്ടു തിരുമ്മിയാൽ മേദസ്സിനെ അകറ്റി അംഗങ്ങളെ ബലപ്പെടുത്തി, ചർമഭംഗി തിളക്കത്തോടെ നിലനിർത്താം. ചൂടുവെള്ളം ദേഹത്തിനു ബലം നൽകുമെങ്കിലും തലയ്ക്കും കണ്ണിനും മുടിക്കും നല്ലതല്ല. അതുപോലെ അർദ്ദിതം എന്ന വാതരോഗത്തിലും ഉൗണുകഴിഞ്ഞ ഉടനെയും കുളിക്കുന്ന ശീലവും നല്ലതല്ല. മലമൂത്രാദികളെ ബലപ്രയോഗത്തോടെ പുറന്തള്ളരുത്. ശരീരത്തിന്റെ 14 വേഗങ്ങളെയും തടഞ്ഞു നിർത്തരുത്.

മനസ്സും നന്നാകട്ടെ

നല്ല കൂട്ടുകെട്ടുകളും നല്ല പ്രവൃത്തികളും ജീവിതത്തിൽ പാലിക്കണമെന്നും മറ്റുള്ളവർക്ക് ഉപകാരം ചെയ്യണമെന്നും ഈ ദിനചര്യകൾ ഒാർമിപ്പിക്കുന്നു. നല്ല മനോനില പുലർത്തണം. സംസാരത്തിലാകെ മോഹനമുഖഭാവവും പുഞ്ചിരിയും വേണം. സുഖത്തിലും സന്തോഷത്തിലും മറ്റുള്ളവരെയും പങ്കുകാരാക്കണം. നിത്യവും കുളിക്കണം. സൗന്ദര്യത്തിനായി ചന്ദനാദിലേപങ്ങൾ ശീലിക്കാം. കാലോചിതമായ വസ്ത്രധാരണമാണ് അഭികാമ്യം. ചിരി, തുമ്മൽ, കോട്ടുവായ ഇവയെല്ലാം മുഖംമൂടിക്കൊണ്ടാണ് ചെയ്യേണ്ടത്. സൂര്യനെ നഗ‌്നനേത്രങ്ങളാൽ നോക്കരുത്. ഭാരം ശിരസ്സിലെടുക്കരുത്. മദ്യപാനം പാടില്ല. വാക്കും മനസ്സും ദേഹവും ഏറാതെ അടക്കിവയ്ക്കണം. ഇങ്ങനെ ചര്യകൾ പാലിച്ചാൽ ആരോഗ്യം, െഎശ്വര്യം, ദീർഘായുസ്സ്, എന്നിവ ലഭിക്കും.

thiruvathira-1

ദിനചര്യാതിരയിലെ പ്രസക്തഭാഗങ്ങളിലൂടെ...

മംഗളം പാർവ്വതീശായ

മംഗളം ശൈലജേശ്വരി

ഗണേശ മുരുകൗ വന്ദേ

വാഗ്ഭ‍ടാചാര്യ മംഗളം...

തിരുവാതിര അവസാനിക്കുകയാണ്. കൈക്കൊട്ടിക്കളി എന്ന കാഴ്ചയുടെ മനോഹാരിതയ്ക്കൊപ്പം

ജീവിതത്തെ ആരോഗ്യകരമായി പുതുക്കിപ്പണിയാമെന്ന ഈ അറിവിനും എന്തു ലാളിത്യമാണ്. എന്തു ഗൃഹാതുരതയാണ്!

ദിനചര്യാമൃതം ഗാനം

അഷ്ടാംഗഹൃദയസ്ഥിതം

തിരുവാതിര കലാ മാർഗ്ഗാൽ

ലോകാരോഗ്യ ഫലപ്രദം.

ആയുർവേദാചാര്യനാകും

വാഗ്ഭടാഖ്യൻ ചൊന്ന

നിത്യചര്യാദ്ധ്യായ മേവം

ലാഘവമായ് ചൊല്ലാം.

ഭൂമിയെ തൊട്ടു തലയിൽ വയ്ക്കാം

നന്മകളൊക്കെയും വന്നു ചേരും.

മൂത്രാദിയും പിന്നെ ശൗചകർമ്മം

പല്ലുകൾ തേയ്ക്കലും പിന്നെ വേണം.

അജീർണ്ണവും ശ്വാസംമുട്ടും

ചുമ, പനി, വായ്പുണ്ണായും

ഛർദ്ദി, ദാഹം,ശിരോരോഗ

മർദ്ദിതവാതം.

ഹൃദ്രോഗവും കണ്ണിൻകേടും

കർണങ്ങൾക്കും രോഗമെങ്കിൽ

പല്ലുതേക്കൽ നിഷിദ്ധമായ്

ചൊല്ലുന്നുണ്ടല്ലോ.

പതിവായിട്ടെണ്ണ തേക്കാം

ജര ക്ഷീണം വാതരോഗം

മാറും പിന്നെ കണ്ണിൻ കാഴ്ച–

യുറക്കം കൂടും.

ആയൂർ, ദേഹപുഷ്ടിക്കായി

തലയോടും, ചെവി, പാദം

തേക്കാമെങ്കിലുറപ്പേറും

മാർദ്ദവം വരും.

കഫംകൊണ്ടു നിറഞ്ഞവർ

ഛർദ്ദിപ്പിച്ചു, മിളക്കിയും

ഇരിക്കുമ്പോളുടൻ വേണ്ട–

ങ്ങജീർണ്ണത്തിലും.

വ്യായാമം കൊണ്ടിതുംപോരാ

ദുർമ്മേദസ്സും നശിച്ചിടും

അവയവ ദൃഢതയൊ

ചൊല്ലാനുമുണ്ടോ.

ചൂടുവെള്ളം ദേഹത്തിനു

ബലം കൂടും തീർച്ച തന്നെ

തലയിലൊ കണ്ണിൻകേടും

മുടിക്കും ദോഷം.

കുളിക്കല്ലെ നേത്ര കർണ

മുഖ, മതിസാരത്തിലും

അജീർണ്ണവും ജലദോഷം

വയർ വീർക്കിലും.

അർദ്ദിതമാം വാതത്തിലും

ഉൗണുകഴിഞ്ഞുടനെയും

കുളിക്കുന്ന ശീലം വേണ്ട

രോഗമേറീടും.

വാതപിത്ത കഫാത്മക

വിഷദോഷമാമമല്ലൊ

മരുന്നാകിൽപ്പോലുമവൻ

തന്നോടു ചേർക്കും

കാരുണ്യം കൊണ്ടു

മാനസഭാവം

നന്നായിട്ടങ്ങലിയേണം

വാക്കും മനസ്സും ദേഹവുമെല്ലാം

ഏറാതെയങ്ങടക്കീടാം

ഈ വിധം സദാ ചര്യ ചെയ്യുകിൽ

ആരോഗ്യം, കീർത്തി, ഐശ്വര്യം

ദീർഘായുസ്സേവം

നിത്യലോകവും നിത്യമംഗളം വന്നീടും.

(രീതി സമാപ്തി)