Monday 17 May 2021 05:19 PM IST : By സ്വന്തം ലേഖകൻ

കഫം അലിയിക്കാനും ശ്വാസകോശം വൃത്തിയാക്കാനും ശാസ്ത്രീയമായ 10 വഴികൾ

മതാോലതഹലു23

ശ്വാസകോശം ക്ലീൻ ആക്കുക എന്ന് പറയുമ്പോൾ ശ്വാസകോശത്തെ സംരക്ഷിച്ച്, അതിന്റെ ക്ഷമത വർധിപ്പിക്കുക എന്നതാണ്. ശ്വാസകോശവ്യവസ്ഥയിലെ മാലിന്യങ്ങൾ നീക്കം െചയ്യാനുള്ള മാർഗങ്ങൾ കൂടിയാണ്.  

1. കാലാവസ്ഥ വ്യതിയാനങ്ങൾ സൂക്ഷിക്കുക

കാലാവസ്ഥാ വ്യതിയാനങ്ങൾ സൂക്ഷിക്കേണ്ടതുണ്ട്.  നമ്മൾ ഉള്ളിലേക്കെടുക്കുന്ന വായു നമ്മുടെ ശ്വാസകോശത്തെ ബാധിക്കും. കഠിനമായ ചൂട്, ശൈത്യം, ഈർപ്പം (ഹ്യുമിഡിറ്റി) കൂടുതലുള്ള അന്തരീക്ഷം എന്നിവ ശ്വാസകോശത്തിൽ കഫക്കെട്ട് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇത്തരം അവസ്ഥകളിൽ നിന്ന് കഴിവതും സുരക്ഷിതത്വം പാലിക്കണം. ഏസി ഉപയോഗവും കുറയ്ക്കുക.

2. ആവി പിടിക്കാം

ആവി പിടിക്കുന്നത് ശ്വാസകോശത്തിലെ മാലിന്യം നീക്കാൻ സഹായിക്കും. അതായത് ശ്വാസകോശത്തിനുള്ളിലെ കഫം നീക്കാൻ സഹായിക്കും. വെള്ളം ചൂടാക്കി ആവി പിടിക്കാം. വെള്ളത്തിൽ ഒന്നും ചേർക്കണമെന്നില്ല. മൂക്കിലൂെടയോ വായിലൂെടയോ ആവി വലിച്ചെടുക്കാം.  ഇളകി വരുന്ന കഫം ചുമച്ച് പുറത്തേക്കു കളയാം. അഞ്ച് മിനിറ്റ് നേരമെങ്കിലും ആവി പിടിക്കണം. കഫക്കെട്ട് ഉള്ളവർ രണ്ടുനേരമെങ്കിലും ആവി പിടിക്കുക.

3. നിഷ്ക്രിയ പുകവലി വേണ്ട

പുകവലി ശ്വാസകോശത്തിനു ഹാനികരമാണല്ലോ. ശ്വാസകോശങ്ങളെ ക്ലീൻ ആക്കാൻ പുകവലി നിർത്തിയാൽ മാത്രം പോരാ. നിഷ്ക്രിയ പുകവലിയിൽ നിന്നും ഒഴിഞ്ഞു നിൽക്കണം. ശ്വാസകോശ അർബുദത്തിനു വരെ ഇത് കാരണമാകുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. സിഗരറ്റ് പുകയിലെ സംയുക്തങ്ങൾ ശ്വാസകോശം, മൂക്ക്, തൊണ്ട എന്നിവയെ പ്രകോപിപ്പിക്കും. ആസ്മ പോലുള്ള ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവർക്കു നിഷ്ക്രിയ പുകവലിയും പ്രശ്നമാണ്.

4. വെള്ളം കുടിക്കുക

വെള്ളം കുടിക്കുന്നത് കഫം അലിയിച്ചു കളയാൻ സഹായിക്കും. 8-10 ഗ്ലാസ് വെള്ളം കുടിക്കുക. നിങ്ങളുടെ ശ്വാസകോശത്തിനുള്ളിൽ മ്യൂക്കസിന്റെ നേർത്ത പാളിയുണ്ട്..വെള്ളം ലഭിക്കുമ്പോൾ, ഈ പാളി നേർത്തതായി തുടരും. ഇതു ശ്വാസകോശത്തിനു നന്നായി ജോലി ചെയ്യാൻ സഹായിക്കുന്നു.

5 . മരുന്നുകൾ ഉപയോഗിക്കാം

കഫം ഇളകി പോകാൻ സഹായിക്കുന്ന ചില മരുന്നുകൾ ഉണ്ട്. പ്രത്യേകിച്ച് ശ്വാസകോശ പ്രശ്നങ്ങൾ ഉള്ളവരിൽ. മ്യൂക്കോലൈറ്റിസ് വിഭാഗത്തിലെ മരുന്നുകൾ കഫം ഇളകി പോകാൻ സഹായിക്കും. കഫം പുറത്തേക്ക് കളയാൻ സഹായിക്കുന്ന മ്യൂക്കോകൈനൈറ്റ്സ് എന്ന വിഭാഗത്തിലെ മരുന്നുകളും നല്ലതാണ്. ഇതെല്ലാം ശ്വാസകോശ പ്രശ്നം ഇല്ലാത്തവർ ഉപയോഗിക്കേണ്ടതല്ല. ഡോക്ടറു
െട നിർദേശപ്രകാരം മാത്രം കഴിക്കുക. ശ്വാസനാളി വികസിപ്പിക്കാൻ  ബ്രോങ്കോഡൈലേറ്റേഴ്സ് മരുന്നുകളും ഉപയോഗിക്കാം.

6 നല്ല വായു ശ്വസിച്ച് നടത്തം

ഓക്സിജൻ കൂടുതലുള്ള ഇടങ്ങളിൽ നടക്കാൻ പോകുന്നത്‌ ശുദ്ധമായ വായു ശ്വസിക്കാനും അതുവഴി ശ്വാസകോശം വൃത്തിയാകാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും സഹായിക്കും. ഒാക്സിജൻ കൂടുതലുള്ളത് എന്നു പറയുമ്പോൾ മരങ്ങളും െചടികളും ധാരാളമുള്ള ഇടങ്ങളാണ് ഉത്തമം.  വ്യായാമങ്ങളിൽ നടത്തം, ജോഗിങ് എന്നിവ ശ്വാസകോശത്തിന്റെ ആരോഗ്യത്തിനു മികച്ചതാണ്. യോഗയും ശ്വസനവ്യായാമങ്ങളും കഫം ഇളകിപോകാൻ സഹായിക്കുന്ന െചസ്റ്റ് ഫിസിയോതെറപ്പിയും നല്ലതാണ്.

7. അണുബാധകൾ സൂക്ഷിക്കുക

ഇൻഫ്ലുവെൻസ, ന്യുമോക്കോക്കൽ പോലുള്ള രോഗങ്ങൾക്കെതിരെയുള്ള പ്രതിരോധകുത്തിവയ്പ് മുതിർന്നവർക്കും ലഭ്യമാണ്. കൈകൾ ഇടയ്ക്കിടെ സോപ്പിട്ടു കഴുകണം. മൂക്കൊലിപ്പ്, പനി തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരിൽ നിന്ന് അകലം പാലിക്കണം. ആശുപത്രി സന്ദർശനം കഴിവതും ഒഴിവാക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഈ ശീലങ്ങൾ എല്ലാവർക്കും, പ്രത്യേകിച്ച് ശ്വാസകോശരോഗികൾക്കു ഗുണം െചയ്യും.  

8. മൂക്ക് പൊടി ശീലം ഉപേക്ഷിക്കാം

പണ്ടുള്ളവരുടെ ശീലമായിരുന്നു മൂക്ക് പൊടി ഉപയോഗിക്കുക എന്നത്. ഇന്നും ഇതു പിന്തുടർന്നുവർ നമുക്കിടയിൽ ഉണ്ട്. ഇത് ശ്വാസകോശത്തിൽ മാലിന്യം അടിയാൻ കാരണമാകുന്നു. ഈ ശീലം പൂർണമായും ഉപേക്ഷിക്കുക.

9. തൊഴിലിടങ്ങൾ

ചില തൊഴിലുകൾ ശ്വാസകോശത്തിനു പ്രശ്നങ്ങൾ സൃഷ്ടിക്കും. ഉദാഹരണത്തിനു ക്വാറിയിലെ ജോലി, ഫാക്ടറികളിലെ ജോലി, ആസ്ബസ്റ്റോസ് ഷീറ്റിട്ട മേൽകൂരയ്ക്കു കീഴിൽ ദീർഘനേരം ജോലി നോക്കുന്നവർ. ഇവർ നിർബന്ധമായി മാസ്ക് ധരിക്കണം. ശ്വാസതടസ്സമോ ചുമയോ  അനുഭവപ്പെടുന്നുണ്ടെങ്കിൽ പൾമണറി ഫങ്ഷൻ ടെസ്റ്റ് െചയ്യുന്നത് നല്ലതാണ്.  ഈ തൊഴിലിലേർപ്പെടുന്നവർ ലക്ഷണങ്ങൾ ഇല്ലെങ്കിലും വർഷത്തിലൊരിക്കൽ ശ്വാസകോശത്തിന്റെ പ്രവർത്തനക്ഷമത  പരിശോധിക്കുന്നത് നല്ലത്. ഇക്കൂട്ടർ ഇടയ്ക്ക് ആവി പിടിക്കുന്നത് ശ്വാസകോശം ക്ലീൻ ആകാൻ സഹായിക്കും.

10. മലിനീകരണത്തിൽ നിന്ന് അകലുക :

ശ്വാസകോശങ്ങൾ ക്ലീൻ ആയി ഇരിക്കാൻ മലിനീകരണത്തിൽ നിന്ന് അകന്നു നിൽക്കുക. മലിനീകരണം എന്നു പറയുമ്പോൾ അന്തരീക്ഷത്തിലെയും വീടിനുള്ളിലെയും ഉൾപ്പെടും. വീടിനു പുറത്ത് പൊടിപടലങ്ങളിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുക. വീടിനുള്ളിലെ അന്തരീക്ഷം വൃത്തിയായി സൂക്ഷിക്കുക. അടുക്കളയ്ക്കു നല്ല വെന്റിലേഷൻ വേണം. ഗ്യാസ് അടുപ്പിൽ നിന്നുള്ള നൈട്രജൻ ഒാക്സൈഡ് ശ്വാസകോശത്തിൽ അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്. പുകയടുപ്പും ഒഴിവാക്കാം.

ഡോ. സാബിർ എം.സി.

സീനിയർ കൺസൽറ്റന്റ്

പൾമണറി മെഡിസിൻ വിഭാഗം

ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ,
കോഴിക്കോട്   

Tags:
  • Manorama Arogyam
  • Health Tips