Friday 07 December 2018 11:47 AM IST

ടൂത്ത് പേസ്റ്റ് കാൻസറിന് കാരണമാകുമോ, ഏത് നിറത്തിലുള്ള പേസ്റ്റ് തെരഞ്ഞെടുക്കണം; ഉത്തരമിതാണ്

Asha Thomas

Senior Sub Editor, Manorama Arogyam

paste

എത്രയോ വർഷങ്ങളായി നമ്മുടെ ദിനചര്യയിലെ ഒഴിവാക്കാനാകാത്ത ഘടകമാണ് പേസ്റ്റ്. കാലത്തെഴുന്നേറ്റാൽ പേസ്റ്റ് പതപ്പിച്ച് പല്ലുതേച്ചില്ലെങ്കിൽ അന്നാകെ ഒരു വല്ലായ്മയാണു പലർക്കും. പല്ലു ദ്രവിപ്പിക്കുന്ന ബാക്ടീരിയയെ നീക്കുമെന്നായിരുന്നു പേസ്റ്റുകളുടെ ആദ്യകാല പരസ്യങ്ങളെങ്കിൽ ഇന്ന് ആത്മവിശ്വാസത്തോടെ അടുത്തുവരാനും വെണ്മയുള്ള പുഞ്ചിരിക്കുമൊക്കെ ടൂത്ത്പേസ്റ്റുകൾ കൂടിയേതീരൂ എന്ന മട്ടിലാണ് കാര്യങ്ങൾ. എന്നാൽ, ബ്രഷിലേക്ക് നീളത്തിൽ പേസ്റ്റ് എടുത്ത് പതപ്പിച്ചു തേക്കുന്നതിനു മുൻപ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

കാൻസർ വരുത്തുമോ?

പേസ്റ്റിൽ ഉപയോഗിക്കുന്ന രാസപദാർഥങ്ങളെ ചുറ്റിപ്പറ്റി പല ഊഹാപോഹങ്ങളും വ്യാപകമാണ്. അവയിൽ പ്രധാനമാണ് ഇതിലുപയോഗിക്കുന്ന ട്രൈക്ലോസാനും എസ്എൽഎസും അർബുദത്തിനു കാരണമാകുന്നുവെന്ന വാദം. എന്നാൽ അമേരിക്കൻ കാൻസർ അസോസിയേഷൻ ഉൾപ്പെടെയുള്ള മിക്കവാറും എല്ലാ സംഘടനകളും ഇതിനു മതിയായ തെളിവില്ല എന്ന നിലപാടിലാണ്. വിദേശരാജ്യങ്ങളിൽ മരുന്നു വിപണിയിലിറക്കുന്ന അതേ കണിശത പേസ്റ്റിന്റെ കാര്യത്തിലും പാലിക്കപ്പെടുന്നുണ്ട്. പക്ഷേ, ഇന്ത്യയിൽ ഇതെത്രത്തോളം പ്രായോഗികമാകുന്നുണ്ട് എന്നു സംശയിക്കണം.

പല്ലു തേച്ചു തുപ്പിക്കളയുന്ന ഒരു സാധനത്തെ ചൊല്ലി ഇത്ര ആശങ്ക വേണോ എന്നു ന്യായമായും തോന്നും. എന്നാൽ നമ്മുടെ വായ എന്നത് ആഗിരണശേഷി ഏറ്റവും കൂടുതലുള്ള സ്ഥലമാണ്. അതിനാലാണ് ജീവൻരക്ഷയ്ക്കായി നാവിനടിയിലിട്ട് അലിയിക്കാൻ ഗുളികകൾ നൽകുന്നത്. ദിവസവും രണ്ടുനേരമെങ്കിലും വച്ച് പതിവായി ഉപയോഗിക്കുന്ന പേസ്റ്റിന്റെ കാര്യത്തിൽ അതുകൊണ്ടുതന്നെ സുരക്ഷിത രീതികൾ അറിഞ്ഞിരിക്കണം.

ഒരു തവണ പല്ലു തേക്കാൻ പരമാവധി 10 മില്ലി മീ. പേസ്റ്റ് മതി. അതായത് ഒരു നിലക്കടലയുടെ അത്ര വലുപ്പം. മീഡിയം ബ്രിസിൽസുള്ള ബ്രഷാണ് നല്ലത്. രണ്ടു മിനിറ്റ് കൊണ്ട് പല്ലു തേച്ചു തീർക്കണം. ഉടൻ വായ കഴുകണം. വായിലെ പേസ്റ്റ് കഴുകിക്കളയാതെ ഏറെനേരം വർത്തമാനം പറയുന്നതും പേസ്റ്റ് വിഴുങ്ങുന്നതുമൊക്കെ വഴി അനാവശ്യ രാസവസ്തുക്കൾ ശരീരത്തിൽ കുമിഞ്ഞുകൂടാൻ ഇടയാക്കാം.

മാത്രമല്ല ഏറെനേരം അമർത്തിയുരച്ച് തേക്കുന്നത് പല്ലിന്റെ ഇനാമൽ നശിപ്പിച്ചു കളയും. പേസ്റ്റിൽ എത്രമാത്രം ഉരയ്ക്കൽ ഘടകങ്ങൾ ആകാമെന്നതിന് റിലേറ്റീവ് ഡെന്റിൻ അബ്രേസിറ്റി (ആർഡിഎ) എന്നൊരു കണക്കുണ്ട്. ഇത് 250–ഒാ അതിനു താഴെയോ ഉള്ള പേസ്റ്റാണ് സുരക്ഷിതം. ഫ്ളേവറുകൾക്കും നിറത്തിനും ചേർക്കുന്ന രാസഘടകങ്ങൾക്കും അനുവദനീയ പരിധിയുണ്ട്. കൂടിയാൽ അപകടം തന്നെ. അതുകൊണ്ട് വെളുത്ത നിറമുള്ള, പ്രത്യേകിച്ച് ഫ്ളേവറുകളൊന്നും ചേർക്കാത്ത ടൂത്ത്പേസ്റ്റാണ് ഉത്തമം.

ഭക്ഷണം കഴിഞ്ഞാലുടനെ പേസ്റ്റ് കൊണ്ട് പല്ലു തേക്കുന്നത് അബദ്ധമാണ്. ഭക്ഷണ– പാനീയങ്ങൾ കഴിച്ചയുടനെ പല്ലിന്റെ പുറമേയുള്ള പാളികൾ മൃദുവായിരിക്കും. ഈ സമയത്ത് ബ്രഷ് ചെയ്താൽ ദഹനാമ്ലം ഇനാമലിലുരസുന്നതു മൂലം പല്ലിനു കൂടുതൽ തേയ്മാനം വരും. ഒരു മണിക്കൂർ കഴിഞ്ഞാണു തേക്കുന്നതെങ്കിൽ പ്രശ്നമില്ല.

വിവരങ്ങൾക്ക് കടപ്പാട്

ഡോ. ചന്ദ്രശേഖരൻ

പ്രഫസർ ഇമരിറ്റസ്, വിഷ്ണു ദന്തൽ കോളജ്

ഭീമാവരം, ആന്ധ്ര

ഡോ. കെ. ജി. രവികുമാർ

തിരുവനന്തപുരം