Monday 02 December 2019 03:39 PM IST : By സ്വന്തം ലേഖകൻ

പല്ലടയ്ക്കാൻ അമാൽഗങ്ങൾ ഉപയോഗിക്കുന്നത് മെർക്കുറി വിഷബാധയ്ക്ക് കാരണമാകുമോ?

amalgum

പല്ലടയ്ക്കാൻ അമാൽഗങ്ങൾ ഉപയോഗിക്കുന്നതു മൂലം പല്ലു തേയ്ക്കുമ്പോഴും ചവയ്ക്കുമ്പോഴും മെർക്കുറി പുറത്തുവന്ന് വിഷബാധ വരാമെന്നു കാണുന്നു. ഇതു ശരിയാണോ? 

പൗഡർ രൂപത്തിലുള്ള സിൽവർ ടിൻ അലോയ് മെർക്കുറിയുമായി ചേർത്താണ് ഡെന്റൽ അമാൽഗങ്ങൾ ഉണ്ടാക്കുന്നത്. പല്ലടയ്ക്കാനും പൊട്ടിപ്പിളർന്ന പല്ലുകളുടെ കോർ ശരിപ്പെടുത്തിയെടുക്കാനും പോലുള്ള ആവശ്യങ്ങൾക്ക് ഏതാണ്ട് 150 വർഷമെങ്കിലുമായി ഇതുപയോഗിച്ചുവരുന്നു. മെർക്കുറി വിഷബാധയുടെ പേരിൽ ചില വിദേശരാജ്യങ്ങളിൽ അമാൽഗം ഫില്ലിങ്ങുകൾ നിരോധിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയുൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ ഇതിപ്പോഴും ഉപയോഗിക്കുന്നുണ്ട്. മറ്റ് ഫില്ലിങ്ങുകളെ അപേക്ഷിച്ച് കരുത്തുറ്റതും ഈടു നിൽക്കുന്നതുമാണിത്. ചെലവു കുറവാണ്. മാത്രമല്ല പൊട്ടിപ്പിളർന്നു പോയ പല്ലിന്റെ കോർ പണിതെടുക്കുക പോലുള്ള ചില പ്രത്യേക സാഹചര്യങ്ങളിൽ അമാൽഗം തന്നെ ഉപയോഗിക്കേണ്ടിവരും.

ഡെന്റൽ ഫില്ലിങ്ങുകൾ വയ്ക്കുമ്പോഴും എടുക്കുമ്പോഴുമാണ് മെർക്കുറി ബാഷ്പം പുറത്തുവരുന്നതെന്നു വിദഗ്ധർ പറയുന്നു. അതിനുശേഷം മെർക്കുറി പുറത്തേക്കു വരുന്നില്ല.  ഇനി ചെറിയ അളവിൽ ഉള്ളിലെത്തിയാൽ തന്നെ  ശരീരകലകളിൽ അടിഞ്ഞുകൂടുന്നുമില്ല. മെർക്കുറിയുടെ ശരാശരി ഹാൽവ് ലൈഫ് 55 ദിവസമാണ്, ശേഷം അത് വിസർജ്യത്തിലൂടെ പുറത്തുപോകും.  വളരെ കുറച്ചുപേരിൽ മെർക്കുറിയോടുള്ള അലർജി പ്രതികരണങ്ങൾ കണ്ടതല്ലാതെ അമാൽഗങ്ങളിലൂടെ മെർക്കുറി പുറത്തുവന്ന് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. കുട്ടികൾക്കും മുതിർന്നവർക്കും സുരക്ഷിതമാണ് അമാൽഗം എന്നാണ് അമേരിക്കൻ ഡെന്റൽ അസോസിയേഷൻ കൗൺസിലിന്റെ നിലപാടും. 

ചെലവു പ്രശ്നമല്ലെങ്കിൽ പല്ലിന്റ അതേ നിറത്തിലുള്ള പദാർഥങ്ങൾ ഉപയോഗിക്കാം. ഗ്ലാസ്സ് അയണോമർ സിമന്റ് ഉൾപ്പെടെ പലതരം കോംപസിറ്റ് പദാർഥങ്ങളുണ്ട്. പക്ഷേ, എളുപ്പം ഒടിഞ്ഞോ പൊട്ടിയോ പോകാമെന്നതാണ് പോരായ്മ. കൊച്ചുകുട്ടികളിൽ പാൽപ്പല്ലുകളുടെ കേട് അടയ്ക്കാൻ ഇത്തരം കോംപസിറ്റുകൾ ഉപയോഗിക്കുന്നു. 

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ഷീല ശ്രീധരൻ, ഗവ. ഡെന്റൽ കോളജ്, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips