Saturday 07 April 2018 05:20 PM IST

കടവന്ത്രക്കാരൻ വർഗീസ് ജോസഫ് ആറു മാസം കൊണ്ട് കുറച്ചത് 18 കിലോ; സ്മാര്‍ട്ട് ഡയറ്റിങ് രഹസ്യങ്ങള്‍ ഇതാ

Asha Thomas

Senior Sub Editor, Manorama Arogyam

varghese_slim

ഏതൊരു ചെറുപ്പക്കാരനെയും പോലെ വർക് ഔട്ട് ചെയ്ത് കുറച്ചൊന്നു മസ്സിൽ പെരുപ്പിച്ച് ശരീരം ഭംഗിയാക്കുക എന്ന ലക്ഷ്യവുമായാണ് കൊച്ചി, കടവന്ത്രക്കാരനായ വർഗീസ് ജോസഫ് എന്ന മെക്കാനിക്കൽ എൻജിനീയർ ജിമ്മിൽ പോയിത്തുടങ്ങിയത്. വ്യായാമവും ഡയറ്റിങ്ങുമൊക്കെയായി 18 കിലോ കുറച്ചപ്പോഴേക്കും ആരോഗ്യകരമായ ആ ജീവിതശൈലിയുമായി വർഗീസ് കട്ട പ്രണയത്തിലായി. ആരോഗ്യമാണ് പരമപ്രധാനം എന്ന തിരിച്ചറിവിലേക്കു നയിച്ച ആ ഭാരം കുറയ്ക്കൽ അനുഭവം വർഗീസ് മനോരമ ആരോഗ്യവുമായി പങ്കുവയ്ക്കുന്നു.
‘‘പഠിച്ചിരുന്ന കാലം മുതലേ ജിമ്മും വ്യായാമവുമൊക്കെയായി ആക്ടീവായിരുന്നു. സുഹൃത്തുക്കളോടൊപ്പം മാരത്തൺ ഒാടാനൊക്കെ പോകുമായിരുന്നു. എങ്കിലും അതൊന്നും പ്രത്യേകിച്ചൊരു ലക്ഷ്യത്തോടെ ആയിരുന്നില്ല. കൃത്യമായൊരു ഷെഡ്യൂൾ വച്ചിട്ടുമല്ല ജിമ്മിൽ പോയിരുന്നത്. ഏതൊരു കൗമാരക്കാരനെയും പോലെ കുറച്ച് ശരീരഭംഗി വേണമെന്നൊക്കെ ചിന്തിച്ചിട്ടുണ്ട്. ഇടയ്ക്ക് അതിനായി പോകും അത്രമാത്രം.

തടി കൂട്ടിയ ഭക്ഷണപ്രിയം


അന്നേ നല്ലൊരു ഭക്ഷണപ്രിയനാണ്. കൂട്ടുകാരുമായി ആഴ്ചയിലൊരിക്കലെങ്കിലും കെഎഫ്സി രുചി തേടി പോകും. വീട്ടിലുമുണ്ടാകും വറുത്തതും പൊരിച്ചതുമെല്ലാം. നോൺ വെജ് എനിക്ക് ഇഷ്ടവുമാണ്. അച്ഛനും ഭക്ഷണപ്രിയനായിരുന്നതിനാൽ ഭക്ഷണത്തിന്റെ കാര്യത്തിൽ യാതൊരു കോംപ്രമൈസുമില്ലായിരുന്നു. 174 സെ. മീ ഉയരവും 86 കിലോ ഭാരവുമായി പൊയ്ക്കൊണ്ടിരുന്ന ആ നാളുകളിൽ സുഹൃത്തുക്കളൊക്കെ പറയുമായിരുന്നു, ‘എടാ ഈ തടി ഭയങ്കര വൃത്തികേടാ കേട്ടോ ’എന്ന്. കണ്ണാടിയിൽ കാണുമ്പോൾ എനിക്കും തോന്നിത്തുടങ്ങി അവർ പറയുന്നതിലും കാര്യമുണ്ടല്ലോ എന്ന്. ജിമ്മിലെ വികാസ് ആശാനുമായി ഇക്കാര്യം സംസാരിച്ചപ്പോൾ അദ്ദേഹമാണ് ട്രാൻസ്ഫർമേഷൻ വർക് ഒൗട്ട് നിർദേശിച്ചത്. ശരീരഭാഗങ്ങൾക്ക് പ്രത്യേക ഊന്നൽ നൽകുന്ന, ഹൈ ഇന്റൻസിറ്റി കാർഡിയോ വ്യായാമങ്ങൾ ചേർന്ന ഈ വർക് ഒൗട്ട് ചിട്ടയോടെ ചെയ്തുതുടങ്ങി. ദിവസവും രാവിലെ ഒാടാൻ പോകും. ശേഷം ഒരു മണിക്കൂർ നേരം ജിമ്മിൽ വർക് ഒൗട്ട്.

സ്മാർട്ട് ഡയറ്റിങ്


എന്റെ വണ്ണം കുറയ്ക്കലിന്റെ ഹൃദയമെന്നു പറയുന്നത് ഭക്ഷണനിയന്ത്രണമായിരുന്നു. വികാസ് ആശാന്റെ നിർദേശങ്ങളും എന്റെ തന്നെ കണക്കുകൂട്ടലുകളും ചേർത്ത് രൂപപ്പെടുത്തിയതായിരുന്നു വെയ്റ്റ് ലോസ് ഡയറ്റ്.  അടിസ്ഥാനപരമായി അതു കാലറി വളരെ കുറഞ്ഞ ഡയറ്റായിരുന്നു.  
തുടക്കത്തിൽ കടുകിട തെറ്റാതെ ഒാരോ ഭക്ഷണവും അളന്നും തൂക്കിയുമാണ് കഴിച്ചിരുന്നത്. പക്ഷേ, കാലറി വല്ലാതെ കുറയുമ്പോൾ ക്ഷീണമായിത്തുടങ്ങും. കാലറി കുറവുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുത്ത് കൂടുതൽ അളവു കഴിച്ചപ്പോൾ പ്രശ്നങ്ങളെല്ലാം മാറി. പതിയെ ഒാരോ വിഭവത്തിനും പകരം വയ്ക്കാവുന്ന വിഭവങ്ങളും കണ്ടെത്തി. അങ്ങനെ കുറച്ചുകൂടി പ്രായോഗികവും  ഫ്ലെക്സിബിളുമായ ഡയറ്റ് ആക്കി.


കാലറി കുറഞ്ഞതെന്നു പറയുമ്പോൾ പച്ചക്കറി മാത്രമാണെന്നു ധരിക്കേണ്ട. ഒാരോ ഭക്ഷണവും പാചകം ചെയ്യുന്ന രീതിയും കാലറി കൂട്ടും. സാധാരണ കോഴിക്കറിയേക്കാളും  കാലറി കുറവാണ് ബോയിൽഡ് ചിക്കന്. അതുകൊണ്ട് വറുത്തതും പൊരിച്ചതും വേണ്ടെന്നുവച്ചു.  രാത്രിയും രാവിലെയും മധുരമിട്ട ഒാരോ ഗ്ലാസ്സ് കാപ്പി. അതൊഴിച്ചുള്ള മധുരം ഒഴിവാക്കി. പാൽ പണ്ടേ ഇഷ്ടമല്ലായിരുന്നു.  ഉപ്പ് ദിവസവും 2.5 ഗ്രാമാക്കി. കൂടുതലാകാതിരിക്കാൻ ദിവസവും രാവിലെ ഒരു പാത്രത്തിൽ ഇത്രയും ഉപ്പ് എടുത്ത് വയ്ക്കുമായിരുന്നു.

സ്വയം പാചകവും ചീറ്റ് മീലും


ഈ ചിട്ടകളൊക്കെ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്വയം  പാചകം ചെയ്തു കഴിക്കുകയായിരുന്നു.  തുടക്കത്തിൽ പ്രാതൽ ഒാട്സായിരുന്നു. അതു മടുത്തപ്പോൾ സീറിയൽസ് വാങ്ങി ന്യൂട്രീഷൻ ലേബലിലെ കാലറി നോക്കി ഉപയോഗിച്ചു. ഉച്ചയ്ക്ക് ഏതാണ്ട് 150 ഗ്രാം കുത്തരിച്ചോറ്. കൂടെ ബോയിൽഡ് ചിക്കനും പച്ചക്കറികളും. രാത്രി പ്രോട്ടീൻ പ്രധാനമായ ഭക്ഷണമാണ് കഴിച്ചിരുന്നത്. ബോയിൽഡ് ചിക്കൻ, പനീർ, ബ്രൊക്കൊളി പോലുള്ള പച്ചക്കറികൾ എന്നിങ്ങനെ.  


മധുരത്തോട് കൊതി തോന്നുമ്പോൾ ആപ്പിൾ കഴിക്കുമായിരുന്നു.  നാരുകൾ നഷ്ടമാകുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണമില്ലാത്തതിനാൽ ജ്യൂസാക്കി കഴിക്കില്ലായിരുന്നു.
ഒരുപാട് നിയന്ത്രണങ്ങൾ ആകുമ്പോൾ മനസ്സു മടുക്കും. പ്രത്യേകിച്ച് ഭക്ഷണത്തിന്റെ കാര്യത്തിൽ. ബോറടി തോന്നാതിരിക്കാൻ ‘ചീറ്റ് മീൽ’ ഉണ്ടായിരുന്നു. അതായത് രണ്ടാഴ്ച കൂടുമ്പോൾ ഒരു നേരം ഇഷ്ടമുള്ള ഭക്ഷണം മതിവരുവോളം കഴിക്കും. ആറു മാസത്തെ ചിട്ടയായ പരിശീലനം കൊണ്ട് 18 കിലോ കുറഞ്ഞു. 68 കിലോയായപ്പോഴേക്കും ആകെ ക്ഷീണിച്ചുപോയെന്നു വീട്ടുകാർക്കു പരാതി. അതുകൊണ്ട് കാലറി കുറച്ചു കൂടി കൂട്ടി. മസ്സിൽ ഫോക്കസ് ചെയ്തുള്ള വ്യായാമങ്ങൾ ചെയ്തു.


പക്ഷേ, എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം ഈ ഡയറ്റിങ്ങിന്റെ സമയത്ത് ഒരു പ്രാവശ്യം പനി വന്നതൊഴിച്ചാൽ ആരോഗ്യപ്രശ്നങ്ങളൊന്നുമുണ്ടായില്ല എന്നതാണ്. അതുകൊണ്ട് ഇപ്പോഴും ഭക്ഷണം കഴിക്കുമ്പോൾ അത് ശരീരത്തിനു ദോഷം ചെയ്യുന്നതാണോ? എത്ര അളവു കഴിക്കാം എന്നൊക്കെ അബോധമായ കണക്കുകൂട്ടലുണ്ടാകും. ആരോഗ്യമാണ് എല്ലാം എന്നാണ് ഈ വെയ്റ്റ് ലോസ് എന്നെ പഠിപ്പിച്ചത്.