Friday 15 March 2019 04:58 PM IST

ഡയറ്റിങ്ങ് മാത്രം കൊണ്ട് കുറച്ചത് 34 കിലോ; 135 കിലോയിൽ നിന്ന് 101ലേക്ക് വരുൺ പറന്നെത്തിയതിങ്ങനെ

Asha Thomas

Senior Sub Editor, Manorama Arogyam

wl-

നൂറ്റിമുപ്പത്തിയഞ്ചര കിലോയിൽ നിന്ന് ഏഴു മാസം കൊണ്ട് 101 ലേക്ക് എത്തുമ്പോൾ പെരുമ്പാവൂർ സ്വദേശി വരുണിന് ഇത് വലിയൊരു നേട്ടം തന്നെയാണ്. കാരണം 2005ൽ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ വരുണിന്റെ ഭാരം 100 കിലോയായിരുന്നു. അന്നുമുതൽ അടിഞ്ഞുകൂടിയ കൊഴുപ്പാണ് ഏഴുമാസത്തെ ഡയറ്റിങ് കൊണ്ട് മാത്രം വരുൺ ഉരുക്കിമാറ്റിയത്. ഈ അനുഭവം വരുൺ മനോരമ ആരോഗ്യത്തോട് പങ്കുവയ്ക്കുന്നു.

‘‘ കുട്ടിയായിരുന്നപ്പോഴേ ബേക്കറി പലഹാരം കഴിക്കുമായിരുന്നു. അതാണ് വണ്ണം നിലവിട്ടു കൂടാൻ കാരണമായത്. വ്യായാമം ഇല്ലായിരുന്നു താനും. സ്െറ്റപ് കയറാൻ ഇത്തിരി പ്രയാസമുണ്ടെന്നൊഴിച്ചാൽ പൊണ്ണത്തടിയുടേതായ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലായിരുന്നു. പിന്നെയുള്ള പ്രശ്നം പാകത്തിനുള്ള റെഡിമെയ്ഡ് ഡ്രസ്സ് കിട്ടില്ലെന്നതാണ്. കുട്ടിയായിരുന്നപ്പോൾ മുതലേ ഡ്രസ്സ് തയ്പിച്ചിട്ടിരുന്നതുകൊണ്ട് ആ ബുദ്ധിമുട്ട് അറിഞ്ഞിട്ടേയില്ല.

135 കിലോ കഴിഞ്ഞതോടെ കൂർക്കംവലിയും കിതപ്പും അലട്ടാൻ തുടങ്ങി. പെരുമ്പാവൂര് തന്നെയുള്ള ഒരു എൻജിനീയറിങ് കോളജിൽ അസി.പ്രഫസറാണ് ഞാൻ. സഹപ്രവർത്തകനായിരുന്ന അധ്യാപകൻ പറഞ്ഞാണ് അനു എന്ന പെൺകുട്ടി ഭാരം കുറച്ചതിനേക്കുറിച്ച് കേൾക്കുന്നത്. മനോരമ ആരോഗ്യത്തിൽ 2017 ഡിസംബർ ലക്കത്തിൽ അനുവിന്റെ വെയ്റ്റ് ലോസ് അനുഭവം വന്നിരുന്നു. അനുവിനും 100 നു മുകളിലായിരുന്നു ഭാരം. അതു കുറച്ച് 53 ആക്കിയിരുന്നു. ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്നായിരുന്നു എന്റെ ആദ്യ പ്രതികരണം. എങ്കിലും പിന്നീട് ഒരു ദിവസം ഞാൻ അനുവിനെ പോയി കണ്ട് സംസാരിച്ചു. ഭാരം കുറയ്ക്കുന്നതിനു മുൻപും പിൻപുമുള്ള ചിത്രങ്ങളും കൂടി കണ്ടപ്പോൾ എനിക്കും വണ്ണം കുറയ്ക്കണമെന്ന് തോന്നിത്തുടങ്ങി. അനു തന്നെ ഒരു ഡയറ്റ് പറഞ്ഞുതന്നു. ഞാനത് കുറച്ചുകൂടി കർശനമാക്കി ക്രമീകരിച്ചു.

ഡയറ്റ് ഇങ്ങനെ

രാവിലെ ഒരു ഷേക്കായിരുന്നു പ്രാതൽ. അത് 300 മി. ലീ. ഒരു ഹെർബൽ ടീ കുടിക്കും അതിനു മുൻപ്. പിന്നെ അഞ്ചു മണിക്കൂർ കഴിഞ്ഞാണ് അടുത്ത ഭക്ഷണം. ഈ ഇടവേളയിൽ മൂന്നര ലീറ്റർ വെള്ളം കുടിക്കും. ഉച്ചയ്ക്ക് മൂന്ന് ചപ്പാത്തിയും വെജിറ്റബിൾ കറിയും. വീണ്ടും അഞ്ചു മണിക്കൂർ ഇടവേള നേരത്ത് മൂന്നര ലീറ്റർ വെള്ളം കുടിക്കും. ശേഷം കാലറി കുറഞ്ഞ ഏതെങ്കിലും സ്നാക്ക്. റോബസ്റ്റ പഴമോ പേരയ്ക്കയോ ഒന്നോ രണ്ടോ എണ്ണം. രാത്രി എട്ടു മണിക്ക് വീണ്ടും ഷേക്ക് കുടിക്കും.

ബേക്കറി ഭക്ഷണങ്ങളും മധുരപലഹാരങ്ങളും കഴിക്കുന്നത് നിർത്തി. അരിഭക്ഷണം പൂർണമായും ഒഴിവാക്കിയതു കൂടാതെ മണ്ണിനടിയിൽ വിളയുന്ന കിഴങ്ങുകളും ഉപേക്ഷിച്ചു. പാൽ കൊഴുപ്പുനീക്കി ഉപയോഗിച്ചു. വെളിച്ചെണ്ണയ്ക്കു പകരം തവിടെണ്ണ ആക്കി.

wl-1

മോട്ടിവേഷന് വെയിങ് മെഷീൻ

ആദ്യത്തെ ഒരാഴ്ച ശരീരം അതീവരൂക്ഷമായി പ്രതികരിച്ചു. നല്ല ക്ഷീണവും തളർച്ചയുമുണ്ടായിരുന്നു. പക്ഷേ, ഭാരം കുറച്ചേ മതിയാകൂ എന്നു തീരുമാനിച്ചിരുന്നതുകൊണ്ട് മനസ്സിനെ നിയന്ത്രിച്ചുനിർത്തി. ഭാരം കുറയ്ക്കാൻ തീരുമാനിച്ചപ്പോഴേ ഒരു വെയിങ് മെഷീൻ വാങ്ങി. ദിവസവും അതിൽ ഭാരം നോക്കി ഫോട്ടോയെടുത്ത് വയ്ക്കും. ഒാരോ ദിവസവും ശരീരഭാരം കുറഞ്ഞുവരുന്നത് കാണുന്നത് തന്നെ വലിയ ഉത്സാഹം നൽകി. ഇടയ്ക്ക് ഭാരം കുറയാതെ നിൽക്കും. ആ സമയത്ത് നിരാശപ്പെടരുത്. ഡയറ്റ് കർശനമായി തന്നെ തുടരുക. അഞ്ചുമാസം ഡയറ്റ് മാത്രമേ നോക്കിയുള്ളു. എന്നാൽ തുടർന്നുള്ള രണ്ടുമാസം ദിവസവും രാവിലെ ആറു കി.മീറ്റർ നടക്കുമായിരുന്നു.

ഡയറ്റിങ് സമയത്ത് പാർട്ടികളിൽ പങ്കെടുത്തെങ്കിലും ഡയറ്റ് തെറ്റിച്ചില്ല. അഞ്ചുമാസം പുറത്തുനിന്ന് ഒരു ഭക്ഷണവും കഴിച്ചിട്ടില്ല. ഡയറ്റിന്റെ സമയത്ത് വെജിറ്റേറിയൻ ആയിരുന്നെങ്കിലും ഇപ്പോൾ മീൻ കഴിക്കും. മത്തി, അയല പോലുള്ള ചെറുമീനുകൾ കറിവച്ചാണ് കഴിക്കുന്നത്.

34 കിലോ കുറഞ്ഞെങ്കിലും ക്ഷീണമില്ല. ചർമം തൂങ്ങിയിട്ടില്ല. പണ്ട് നല്ല ദേഷ്യമുണ്ടായിരുന്നു. ഭാരം കുറച്ചതോടെ അതും കുറഞ്ഞു. കൂർക്കംവലിയും കിതപ്പും മാറി. ഞാൻ വണ്ണം കുറച്ചത് കണ്ട് പലരും ഡയറ്റ് ടിപ്സ് തേടി വരാറുണ്ട്. അവരോടൊക്കെ ഞാൻ പറയും. വണ്ണം കുറയ്ക്കണമെങ്കിൽ ഡയറ്റ് നിയന്ത്രിക്കണം. ഭാരം കുറയ്ക്കാൻ വ്യായാമത്തേക്കാൾ ഫലപ്രദം ഭക്ഷണനിയന്ത്രണമാണ്. മലയാളിക്ക് ചോറ് കഴിക്കാതെ ജീവിക്കാൻ പാടാണ്. പക്ഷേ, വണ്ണം പെട്ടെന്നു കുറയ്ക്കണമെന്നുണ്ടെങ്കിൽ അരിയാഹാരം നിർത്തണം. ഒറ്റയടിക്ക് നിർത്താൻ വയ്യെങ്കിൽ ഏതെങ്കിലും ഒരുനേരത്ത് മാത്രമാക്കി കുറയ്ക്കുക. പതിയെ അതും നിർത്തുക. ഭാരം കുറയ്ക്കാൻ തുടങ്ങും മുൻപേ ഒരു വെയിങ് മെഷീൻ വാങ്ങുക. ഭാരത്തിലുണ്ടാകുന്ന ചെറിയ കുറവുകൾ പോലും നമുക്ക് വലിയ ഉത്തേജനം നൽകും.

wl-2

28 വർഷം കൂടി അടുത്തിടെയാണ് ജീവിതത്തിൽ ആദ്യമായി റെഡിമെയ്ഡ് ഡ്രസ്സ് ഇടുന്നത്. അരക്കെട്ടിന്റെ ചുറ്റളവ് 52 ആയിരുന്നത് 47 ആയി. ഭാരം 75 കിലോയാക്കണമെന്നാണ് ന്യൂ ഇയർ തീരുമാനം. അതു സാധിക്കുമെന്ന് ഉറപ്പുണ്ട്.