Monday 03 May 2021 05:11 PM IST

ഡീടോക്സ് ഡ്രിങ്കും ചിക്കറി ചേർക്കാത്ത ബ്ലാക് കോഫിയും; കൊതി തോന്നുമ്പോൾ തട്ടുദോശ: 92 കിലോയിൽ നിന്നും 77 കിലോയിലെത്തിച്ച രഹസ്യങ്ങൾ പങ്കുവച്ച് ദീപ ശരത്

Lismi Elizabeth Antony

Senior Sub Editor, Manorama Arogyam

deepaweight3234

ഉടലിലും ഉയിരിലും ഒരു പോലെ നിറയുന്ന സ്വാസ്ഥ്യത്തിന്റെ ആനന്ദത്തിലാണ് ദീപാ ശരത്. ഭൂതകാലത്തിലെങ്ങോ ശരീരമാകെ തളർത്തിയ അമിതവണ്ണത്തിന്റെ അടയാളങ്ങൾ  അലിഞ്ഞു പോകുന്നു. പുതിയ ആഹാരചിട്ടകൾ, ആരോഗ്യ മുൻകരുതലുകൾ.. ഇപ്പോൾ  ഈ 48കാരിയുടെ ജീവിതത്തിനു പുതിയൊരു സൗഖ്യതാളമുണ്ട്.

രണ്ടുവർഷങ്ങൾക്കു മുൻപാണ് തിരുവനന്തപുരം സ്വദേശിനിയും  എച്ച്. ആർ. പ്രഫഷനലുമായ ദീപാ ശരത്  വണ്ണം കുറയ്ക്കണം എന്നൊരു  ഉറച്ച തീരുമാനമെടുത്തത്. അതിനു മുൻപും ശ്രമിച്ചിരുന്നുവെങ്കിലും മുന്നേറാനായില്ല.  

ഭാരം കൂട്ടിയത് ജീവിതശൈലി  

വിവാഹ സമയത്ത് 53 കിലോയായിരുന്നു ദീപയുടെ ഭാരം. മകൾ ശ്വേത ജനിച്ച് അധികം വൈകാതെ മകൻ ശങ്കറും എത്തി. രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായപ്പോഴേക്കും 67 കിലോയിലെത്തി ഭാരം. ‘‘അക്കാലത്ത് പതിവായി പുറത്തു പോയി ഭക്ഷണം കഴിച്ചിരുന്നു, പാക്കേജ്ഡ് ഫൂഡ്, പാക്കേജ്ഡ്  ജ്യൂസ് , റെഡി ടു കുക്ക് പാചകം , എവിടെപ്പോയാലും ചീസ് കഴിക്കുന്ന ശീലം.. അങ്ങനെ. ജോലിസ്ഥലത്തെ മീറ്റിങ്ങുകളിൽ പീത്‌സ പോലെ ജങ്ക്ഫൂഡുകളായിരുന്നു കൂടുതലും. യാത്രകളിൽ വൈവിധ്യമാർന്ന  ആഹാരങ്ങൾ ആസ്വദിച്ചു. ഒാഫിസ് സമയത്തു വെള്ളം കുടിക്കുന്നതിനു പകരം കോഫിയും കാർബണേറ്റഡ് ഡ്രിങ്സും ധാരാളമായി കുടിച്ചു. വീട്ടിൽ പാചകം പൊതുവെ കുറവായി.

ചിട്ടയില്ലാത്ത ആ  ജീവിതശൈലി  67 കിലോയിൽ നിന്ന് 70ലേക്ക്  ദീപയുടെ ഭാരത്തെ ഉയർത്തിക്കൊണ്ടു വന്നു.  അക്കാലത്ത് ഇടയ്ക്കൊക്കെ ജിമ്മിലും പോയിരുന്നു ദീപ. എങ്കിലും മക്കൾ ബാക്കി വയ്ക്കുന്നതു കഴിക്കുന്നതും പാതിരാനേരത്ത് ആഹാരം കഴിക്കുന്നതും  ഫാസ്റ്റ് ഫൂഡ്, റെഡി ടു കുക്ക് വിഭവങ്ങൾ പാകപ്പെടുത്തുന്നതുമെല്ലാം വീണ്ടും വണ്ണം കൂട്ടി. ഭാരം 92 കിലോയിലെത്തി കിതച്ചു  നിന്നു.  2019ന്റെ പ്രാരംഭഘട്ടത്തിലാണ് ഭാരം ഇത്രയും കുതിച്ചുയർന്നത്. അമിതവണ്ണം  ജീവിതത്തിലേക്ക് ഒാടിക്കയറി വന്നതും ശരീരം രോഗാതുരതകളിലേക്കും നീങ്ങി.  

‘‘ എവിടെപോയാലും തടി ഒന്നു കുറച്ചു കൂടെ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം. സാരിയൊക്കെ കാണുമ്പോൾ അത്  ഉടുക്കാനാകുന്നില്ലല്ലോ എന്നൊരു സങ്കടം ബാക്കിയാകും’’ – ദീപ പറയുന്നു.

ഭാരം കുറയ്ക്കൽ  – പഴയ പരീക്ഷണകാലം

വണ്ണം കൂടിത്തുടങ്ങിയ ആദ്യ കാലത്തു തന്നെ ഭാരം കുറയ്ക്കുന്നതിനായി ഒരുപാടു  പ്രയത്നിച്ചിട്ടുണ്ട് ദീപ. ബെംഗളൂരുവിൽ ജോലി ചെയ്തിരുന്ന കാലത്ത് മെഷീന്റെ സഹായത്തോടെ വണ്ണം കുറയ്ക്കുന്ന രീതി, ജിമ്മിലെ  വർക്ഒൗട്ടുകൾ, ക്രാഷ്– കീറ്റോ ഡയറ്റുകൾ, വ്യായാമങ്ങൾ, പ്രോട്ടീൻ ഷേക്ക് കുടിക്കൽ ഉൾപ്പെടെ വണ്ണം കുറയ്ക്കാനുള്ള എന്തൊക്കെ മാർഗങ്ങളുണ്ടോ അതെല്ലാം പരീക്ഷിച്ചു. എന്നാൽ  ശരീരത്തിനു കടുത്ത ക്ഷീണം അനുഭവപ്പെട്ടു. മൈഗ്രെയ്ൻ, തലകറക്കം.. ഇവയെല്ലാം പ്രകടമായി . അങ്ങനെ വണ്ണം കുറയ്ക്കൽ മാർഗങ്ങളൊക്കെ ഉപേക്ഷിക്കേണ്ടി വന്നു.

തളർന്നു പോയ നാളുകൾ

അമിതവണ്ണത്തിനൊപ്പം ശരീരമാകെ രോഗാതുരമായി മാറിയതിനെക്കുറിച്ച് ദീപ പറയുന്നു–. ‘‘ 2019 ആയപ്പോഴേക്കും  ഞാൻ ശാരീരികമായി തളർന്നിരുന്നു.  മുടി കൊഴിച്ചിൽ,  മൈഗ്രെയ്ൻ, കണ്ണിന്റെ പവർ കുറയൽ, സൈനസൈറ്റിസ്, ആസ്മ,  ജലദോഷം, അലർജി പ്രശ്നങ്ങൾ,  ശരീരമാകെ നീര് , ആർത്തവം ക്രമം തെറ്റൽ, കൈകാൽ വേദന, മുട്ടുവേദന, ഫാറ്റിലിവർ, ബോർഡർ ലൈൻ ഡയബറ്റിസ്,  ഫൈബ്രോയ്ഡ്,  ശരീരമാകെ വേദന... എന്നും അസുഖങ്ങൾ. ആസിഡ് റിഫ്ലക്സിന്റെ ബുദ്ധിമുട്ടുകൾ തുടങ്ങി. നെഞ്ചെരിച്ചിൽ തൊണ്ടയിലേക്കു പടർന്ന് അവിടെ നോഡ്യൂളുകൾ വന്നു തുടങ്ങി. പിന്നീട് വയറിനുള്ളിലാകെ അൾസർ പടർന്നു.  സമാധാനമായി ഉറങ്ങാൻ പോലും ബുദ്ധിമുട്ടിയ കാലം.

പുതിയ തീരുമാനങ്ങളിലേക്ക്

‘‘ 2019 ജൂലൈയിലെ ഒരു ദിവസം ശരീരത്തിന്റെ വണ്ണത്തെക്കുറിച്ചൊക്കെ ആലോചിച്ചിരുന്നപ്പോൾ വല്ലാത്തൊരു നിരാശ തോന്നി. ദേഹത്താകെ എന്തൊക്കെയോ കുത്തിനിറച്ച ഒരു ഫീൽ. വ്യായാമത്തിനു വഴങ്ങാത്ത ശരീരം, പടികയറുമ്പോഴുള്ള കിതപ്പ്.. എല്ലാം കൂടി മനസ്സു നന്നേ വിഷമിച്ചു. അങ്ങനെയൊരു ദിവസം സുഹൃത്തും പോഷകാഹാര വിദഗ്ധയുമായ അനിതാ മോഹനെ കാണാമെന്നു തീരുമാനിച്ചു. എന്തെങ്കിലും മരുന്നു ചോദിച്ച് വണ്ണമൊന്നു കുറയ്ക്കണമെന്നായിരുന്നു എന്റെ ആവശ്യം.

ആഹാരം ചെറിയ അളവിൽ വായിൽ വച്ച് നന്നായി ചവച്ചരച്ചു കഴിക്കണമെന്ന് അനിതാ മോഹൻ പറഞ്ഞു. അങ്ങനെ കഴിച്ചപ്പോൾ കുറച്ചേ കഴിക്കാനാകുന്നുള്ളൂ. കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ അതു ബോറടിച്ചു. അങ്ങനെ നിർത്തി. ആ സമയത്ത് ലാക്റ്റോസ് ഇൻടോളറൻസ് ഉണ്ടെന്നറിഞ്ഞു. ഭക്ഷണ അലർജിയും കണ്ടെത്തി. പാലും പാലുൽപ്പന്നങ്ങളും ചിക്കനും നിർത്താനും  ബ്ലാക് കോഫി ഉൾപ്പെടെ 12 ഗ്ലാസ് വെള്ളം കുടിക്കാനും  അനിതാ മോഹൻ പറഞ്ഞു. അങ്ങനെ ഡിസംബറായപ്പോൾ ഭാരം അൽപമൊന്നു കുറഞ്ഞു. 88 കിലോയിലെത്തി. ആ സന്തോഷത്തിൽ ശക്തമായി ഡയറ്റിങ്ങിലേക്കു ദീപ കടന്നു. തൈര്, മോര്  പോലെ പ്രോബയോട്ടിക് ആഹാരം കഴിച്ചു തുടങ്ങി. എരിവു കുറച്ചു. അങ്ങനെ ആസിഡ് റിഫ്ലക്സ് അൽപം കുറഞ്ഞു. പക്ഷേ വണ്ണം കുറഞ്ഞില്ല.  ‘‘ വണ്ണം കുറയ്ക്കലിന്റെ ആദ്യപടിയായി ഞാൻ ഒഴിവാക്കിയത് മൈദ, പഞ്ചസാര, പുറത്തു നിന്നുള്ള ആഹാരം, സോസേജ്, പനീർ  ഉൾപ്പെടെ പാക്കേജ്ഡ് ഫൂഡ്, കൃത്രിമ ഭക്ഷ്യപദാർഥങ്ങൾ, പാലും പാലുൽപ്പന്നങ്ങളും, ചിക്കൻ അങ്ങനെ നീണ്ട ഒരു ലിസ്‌റ്റാണ്.

 ട്രാൻസ്ഫാറ്റും ട്രാൻസ്ഷുഗറും ആഹാരത്തിൽ നിന്നു നീക്കിയതോടെ വലിയ നേട്ടമുണ്ടായി. പഞ്ചസാരയ്ക്കു പകരം ശർക്കര, തേൻ എന്നിവ ഉപയോഗിച്ചു. ചിക്കറിയില്ലാതെ പൊടിപ്പിച്ച കാപ്പിപ്പൊടി കൊണ്ട് ബ്ലാക് കോഫി കുടിച്ചു തുടങ്ങിയപ്പോൾ പ്രമേഹവും ബോർഡർ ലൈനിലായി.

എന്റെ ഒരു ദിവസത്തെ ആഹാരം

∙‘‘ രാവിലെ  ഡീടോക്സ് ഡ്രിങ്ക് കുടിക്കും. ജീരകം, ഉലുവ, നെല്ലിക്ക, നാരങ്ങ, പെരുംജീരകം, ഏലയ്ക്ക, ഇഞ്ചി– ഇവയെല്ലാമാണ് ചേരുവകൾ. ഇതു മാറി മാറി തയാറാക്കും.  അതായത് 500 എംഎൽ കപ്പിൽ  തലേന്ന്  ഒരു സ്പൂൺ ഉലുവ വെള്ളത്തിലിട്ടു വയ്ക്കും. പെരുംജീരകം, നാരങ്ങ അങ്ങനെ  ഒാരോ ദിവസവും ഒാരോന്നു വെള്ളത്തിലിട്ടു വച്ച് അതു  കുടിക്കും.

∙ ഡീടോക്സ് ഡ്രിങ്ക് കുടിച്ച് ഒരു മണിക്കൂറിനു ശേഷം  5 ബദാം  കുതിർത്തത്  കഴിക്കും. കുതിർത്തിടാൻ മറന്നു പോയാൽ അല്ലെങ്കിൽ 5 വാൾനട്ട്. ഇതു മാറി മാറി കഴിക്കും.  മക്കൾക്കും ഭർത്താവിനും ബ്രേക് ഫാസ്റ്റ് തയാറാക്കുന്നതിനിടെ  ദീപ ഒരു ഗ്രീൻടീ കുടിക്കും. ചിലപ്പോൾ തുളസിവെള്ളം കുടിക്കും.

 ദീപയുടെ ബ്രേക് ഫാസ്‌റ്റ് ഇങ്ങനെ–

∙ അൽപം എണ്ണയൊഴിച്ച്  അതിൽ  നിറമുള്ള കാപ്സിക്കവും  ചൈനീസ് കാബേജും അരിഞ്ഞത്, വെളുത്തുള്ളി, കുരുമുളക്, ഉപ്പ്  ഇവ ചേർത്തു വഴറ്റിയെടുക്കും. രണ്ടു നാടൻ മുട്ട ഉടച്ചൊഴിച്ച് വഴറ്റിയ ഈ പച്ചക്കറികളോടു യോജിപ്പിച്ചെടുക്കും. കൂടെ  ബ്രൗൺ ബ്രഡും കഴിക്കും. പച്ചക്കറികൾ തയാറാക്കാൻ കഴിഞ്ഞില്ലെങ്കിൽ തലേദിവസത്തെ തോരനും മുട്ടയും ചിക്കിയെടുത്ത് ബ്രേക്ഫാസ്റ്റ് ആക്കും. അല്ലെങ്കിൽ ഒരു ദോശ. ഒരു കൈപ്പിടി ഉപ്പുമാവ്, പുട്ട് അങ്ങനെയെന്തെങ്കിലും  അൽപം കറിക്കൊപ്പം കഴിക്കും.

∙പതിനൊന്നു മണിയാകുമ്പോൾ പഞ്ചസാര ചേർക്കാതെ ബ്ലാക് കോഫി കുടിക്കും.

∙ ഉച്ചയ്ക്ക് ഒരുപിടി ചോറ്. കറികൾ, തോരൻ, അവിയൽ, എരിശ്ശേരി എന്നിവ കഴിക്കും. കറികൾ അൽപം കൂടുതൽ കഴിക്കും.  മീൻ ഒരു കഷണം.

∙ മൂന്നു മണിയാകുമ്പോൾ ഒരു ആപ്പിളോ, ഒരു ഒാറഞ്ചോ നേന്ത്രപ്പഴമോ കഴിക്കും. ആവശ്യമെങ്കിൽ ഒരു ബ്ലാക് കോഫി കുടിക്കും. അല്ലെങ്കിൽ ഒരു ഗ്രീൻ ടീ. അല്ലെങ്കിൽ ഇഞ്ചി– നാരങ്ങാനീരിൽ തേൻ ചേർത്തു കഴിക്കും.

∙ രാത്രി വിശക്കുമ്പോൾ ഗ്രീൻ ടീ കുടിക്കും.  ഏതെങ്കിലും ഒരു പഴം കഴിക്കും. ഗ്രീൻ ടീ അല്ലെങ്കിൽ ബ്ലാക് കോഫി അല്ലെങ്കിൽ മഞ്ഞൾ വെള്ളത്തിൽ കുരുമുളകു പൊടി, പിങ്ക് സാൾട്ട്, നാരങ്ങാനീര് എന്നിവ ചേർത്തത് കുടിക്കും.

∙ അത്താഴത്തിന് ചിലപ്പോൾ അൽപം ചോറ്, അല്ലെങ്കിൽ പഴങ്ങൾ, സാലഡ്, വിശപ്പുണ്ടെങ്കിൽ  മീൻ കഴിക്കും.  ദാഹിക്കുമ്പോൾ വെള്ളം അല്ലെങ്കിൽ ഗ്രീൻടീ.  ഇതിനൊപ്പം  നടക്കുക, സ്ട്രെച് ചെയ്യുക അങ്ങനെ അൽപം വ്യായാമവും ചെയ്യും. യാത്രയിലാണെങ്കിലും രണ്ടു മുട്ട പുഴുങ്ങി കരുതും. കുപ്പിയിൽ വെള്ളവും.

നാടൻ ആഹാരവഴിയിൽ

അടുക്കളയിൽ നാടൻ ആഹാരം മാത്രമേ തയാറാക്കൂ എന്നതാണ് ദീപയുടെ  പുതിയ തീരുമാനം. കുറച്ച് പച്ചക്കറികൃഷിയും തുടങ്ങി. സീസണൽ പഴങ്ങൾ കഴിക്കും. ചക്ക ഇഷ്ടമാണ്. കാച്ചിൽ, ചേന ഇതെല്ലാം കഴിക്കും. കപ്പ ഒഴിവാക്കും. ദിവസവും ദാൽ തയാറാക്കും. ചിലപ്പോൾ സൂപ്പ് പോലെയാണ് ദാലിന്റെ  പാചകം. വെളിച്ചെണ്ണ മാത്രമേ ഉപയോഗിക്കൂ. നാലു പേർക്ക് ആവശ്യമുള്ളവ മാത്രം കൃത്യമായ അളവിൽ ദീപ പാകപ്പെടുത്തും. ഒരു തരി ആഹാരം പാഴാക്കാതെയുള്ള പാചകം.

ഭാരം കുറഞ്ഞപ്പോൾ

അങ്ങനെ  ദീപ 77 കിലോ ഭാരത്തിലെത്തിയിരിക്കുകയാണ്. ‘‘ അരവണ്ണം 40 –ൽ നിന്ന് 32ലെത്തി. എന്റെ രൂപം തന്നെ പ്രകടമായി മാറി. ഹെൽത്തി ആണ്. പഴയതു പോലെ ക്ഷീണം തോന്നുന്നില്ല. ആർത്തവം ക്രമത്തിലായി’’ – ദീപയുടെ വാക്കുകളിൽ നിറയെ സന്തോഷം. ‘‘ ഇപ്പോൾ ഈ ആഹാര ക്രമീകരണം ജീവിതത്തിന്റെ തന്നെ ഭാഗമായി. ഒരു ചടങ്ങിൽ പങ്കെടുത്താലും അൽപം മാത്രമേ കഴിക്കൂ. ആഹാരം വേസ്റ്റാക്കില്ല എന്നൊരു തീരുമാനവുമെടുത്തു. ഇടയ്ക്ക് ആഹാരത്തോടു കൊതി തോന്നിയാൽ തട്ടുദോശ കഴിക്കും. പഴങ്കഞ്ഞി കുടിക്കും. വിശക്കുമ്പോൾ മാത്രം ആഹാരം കഴിക്കുക എന്നതാണ്  മറ്റൊരു തീരുമാനം. വീട്ടിൽ എല്ലാവർക്കും ചിക്കൻ തയാറാക്കുന്നത് ഞാനാണ്. പക്ഷേ ഞാൻ അത് ടേസ്‌റ്റ് ചെയ്യുക പോലുമില്ല. എനിക്കിപ്പോൾ ആസ്മ ഇല്ല. നെബുലൈസർ ഉപയോഗിച്ചിട്ട് കാലം കുറേ ആയി. ഡോക്ടറിനെ കണ്ടിട്ടും കാലം കുറേയായി. ചിക്കൻ നിർത്തിയതിനു ശേഷം ഫൈബ്രോയ്ഡിന്റെ വലുപ്പം കുറഞ്ഞു.  ശരീരഭാരം കുറച്ചിട്ടും അത് ചർമത്തെ ബാധിച്ചിട്ടുമില്ല. ഈ വർഷത്തേയ്ക്കുള്ള  എന്റെ ടാർഗറ്റ് വെയ്റ്റ് 70 ആണ് ’’. – ദീപ പറഞ്ഞു നിർത്തുന്നു.

തിരുവനന്തപുരത്ത് പിടിപി നഗറിലെ  ശ്രീവത്സം എന്ന വീട്ടിൽ ഇൻകംടാക്സ് ഉദ്യോഗസ്ഥനായ ശരത്തിനും മക്കൾക്കുമൊപ്പം ഏറെ സന്തോഷവതിയാണ് ഇന്ന്  ദീപ. ജീവിതം  കൂടുതൽ ലളിതവും സുന്ദരവുമായിരിക്കുന്നു. അമിതവണ്ണമുള്ള കാലത്തെ വസ്ത്രങ്ങൾ  ഒാൾട്ടർ ചെയ്ത്  ഉപയോഗിക്കുകയാണിപ്പോൾ. അങ്ങനെ  മിനിമലിസം എന്ന ലളിതജീവിതസിദ്ധാന്തത്തിന്റെ ആരാധികയുമാകുന്നു ദീപ.

Tags:
  • Fitness Tips
  • Manorama Arogyam
  • Health Tips