Thursday 03 December 2020 02:09 PM IST : By സ്വന്തം ലേഖകൻ

കോവിഡ് കാലത്ത് മഞ്ഞും തണുപ്പും സൂക്ഷിക്കുക, രോഗങ്ങള്‍ തടയാന്‍ ചെയ്യേണ്ടത്

winterskin34234

മഞ്ഞുകാലം എത്തുന്നതോടെ പല രോഗങ്ങളും പിന്നാലെ എത്തുകയാണ്. പ്രത്യേകിച്ച് ചെവി, മൂക്ക്, തൊണ്ട സംബന്ധമായ രോഗങ്ങള്‍.

ശൈത്യകാലത്ത് അന്തരീക്ഷത്തിലെ ഈര്‍പ്പമേറുന്നതും ശരീരം പുതിയ കാലാവസ്ഥയുമായി പൊരുത്തപ്പെടാതെ വരുന്നതുമാണ് രോഗങ്ങള്‍ വരാനുള്ള സാധ്യത കൂട്ടുന്നത്.

ഈ തണുപ്പുകാലത്ത് ആരോഗ്യം പരിപാലിക്കേണ്ടത് പ്രധാനമാണ്. പ്രത്യേകിച്ച് കോവിഡ് 19 എന്ന മഹാമാരി ലോകത്തെ കീഴടക്കുമ്പോള്‍. ശൈത്യകാലത്ത് കോവിഡ് 19 വ്യാപനം എങ്ങനെയാകുമെന്ന് ശാസ്ത്ര ലോകം ആശങ്കയോടെ ഉറ്റുനോക്കുന്ന ഈ സമയത്ത്, ജീവിത ശൈലിയിലൂടെയും വ്യക്തി ശുചിത്വത്തിലൂടെയും നമുക്ക് ആരോഗ്യവും രോഗപ്രതിരോധശേഷിയും കൂട്ടാം.

അലര്‍ജി (allergy), ജലദോഷം (common cold), സൈനുസൈറ്റിസ് (sinusitis), ചെവിയിലെ പഴുപ്പ് (otitis media), തൊണ്ടയിലെ അണുബാധ (tonsillitis, pharyngitis), ചുണ്ടുപൊട്ടല്‍, മൂക്കില്‍ നിന്നും രക്തസ്രാവം തുടങ്ങിയവയാണ് പ്രധാനമായി ഈ സമയത്ത് കാണുന്ന ഇ.എന്‍.ടി രോഗങ്ങള്‍.

അലര്‍ജിക് റൈനൈറ്റിസ് (Allergic Rhinitis)

തണുപ്പ് കാലത്ത് അലര്‍ജി രോഗങ്ങള്‍ സാധാരണയായി മൂര്‍ച്ഛിക്കുന്നു. തുടര്‍ച്ചയായുള്ള തുമ്മല്‍, മൂക്കടപ്പ്, മൂക്കൊലിപ്പ്, കണ്ണും തൊണ്ടയും ചൊറിച്ചില്‍ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. അലര്‍ജി തുടര്‍ച്ചയായി നില്‍ക്കുകയാണെങ്കില്‍ അത് ക്രമേണ മൂക്കില്‍ ദശവളര്‍ച്ച അഥവാ polyps ഉണ്ടാകാന്‍ കാരണമാകും.

ജലദോഷം (Common Cold)

തണുപ്പുകാലത്ത് ജലദോഷം വരുന്നത് സാധാരണമാണ്. ഇത് ഒരു വൈറല്‍ രോഗമാണ്. ഇതോടൊപ്പം പനി, കുറുങ്ങല്‍, ശ്വാസംമുട്ട് എന്നീ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടേണ്ടതാണ്.

സൈനുസൈറ്റിസ് (Sinusitis)

ജലദോഷം വഷളാകുമ്പോള്‍ മൂക്കിന്റെ വശങ്ങളിലുള്ള വായു അറകളില്‍ (sinus cavity) അണുബാധ പടരുന്ന അവസ്ഥയാണ് sinusitis. തലവേദന, മൂക്കില്‍ നിന്നുള്ള പഴുപ്പ്, പനി എന്നിവയാണ് സാധാരണ രോഗലക്ഷണങ്ങള്‍.

ചെവിയിലെ പഴുപ്പ് (Chronic Otitis Media)

കര്‍ണ്ണപടത്തിന്റെ പുറകില്‍ മധ്യകര്‍ണ്ണത്തില്‍ അണുബാധ വരുകയും പഴുപ്പുകെട്ടുകയും ചെയ്യുന്നത് മഞ്ഞുകാലത്ത് കൂടുതലാണ്. പഴുപ്പിനൊപ്പം ചെവിവേദന, കേള്‍വിക്കുറവ്, പനി എന്നിവയാണ് പ്രധാനമായും കാണുന്ന ലക്ഷണങ്ങള്‍.

മുന്‍കരുതലുകളെടുക്കാം

· സമീകൃതാഹാരം കഴിക്കാം: രോഗപ്രതിരോധശേഷി കൂട്ടാന്‍ പഴങ്ങള്‍, പച്ചക്കറികള്‍, മുളപ്പിച്ച ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം.

· ആവശ്യത്തിന് വെള്ളം കുടിക്കാം: ശരീരത്തിന് ആയാസരഹിതമായി ജോലി ചെയ്യാനും നിര്‍ജ്ജലീകരണം തടയാനും ദിവസവും 1.5-2 ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കാം.

· വ്യായാമം പരിശീലിക്കാം: ഒരു ദിവസം ശരാശരി 30-60 മിനിട്ട് വരെ വ്യായാമം ചെയ്യാന്‍ ശ്രദ്ധിക്കാം. അതോടൊപ്പം യോഗ, മറ്റ് കായിക പരിശീലനങ്ങള്‍ എന്നിവയും പരിശീലിക്കാം.

· വ്യക്തി ശുചിത്വം പാലിക്കാം

· പരിസര ശുചിത്വം പാലിക്കാം.

· പ്രതിരോധ കുത്തിവെയ്പ്പുകള്‍ യഥാസമയം എടുക്കാം

· സാമൂഹിക അകലം പാലിക്കാം, മുഖാവരണം ഉപയോഗിക്കാം, സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കാം.

ഒഴിവാക്കുക

· പൊടി, തണുപ്പ്

· തണുത്ത പദാര്‍ത്ഥങ്ങള്‍, ജങ്ക് ഫുഡ്

· മദ്യം, പുകവലി എന്നീ ദുശ്ശീലങ്ങള്‍

· ചന്ദനത്തിരി, കൊതുകുതിരി മുതലായവ

ഡോ. അനു തമ്പി

കണ്‍സല്‍റ്റന്റ് ഇഎന്‍ടി സര്‍ജന്‍

എസ് യു റ്റി ഹോസ്പിറ്റല്‍

പട്ടം, തിരുവനന്തപുരം

Tags:
  • Manorama Arogyam
  • Health Tips