Thursday 24 September 2020 04:35 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

സിങ്ക് കഴിച്ചോളൂ, കോവിഡ് മൂലമുള്ള മരണസാധ്യത കുറയ്ക്കാം: ഗവേഷകർ പറയുന്നത്

zinccovid

മരുന്നില്ല, വിജയകരമായ ഒരു വാക്സിൻ ഇതുവരെ വിപണിയിലെത്തിയിട്ടില്ല. ശാരീരിക അകലം പാലിച്ചും മാസ്ക് ധരിച്ചും കോവിഡിനെതിരെയുള്ള പോരാട്ടം തുടങ്ങിയിട്ട് നാളേറെയായി. കോവിഡ് പ്രതിരോധ നടപടികൾക്കൊപ്പം നമുക്കാകെ സഹായകമാകുന്നത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി കൂട്ടുന്ന നടപടികളാണ്. വൈറ്റമിൻ സിയും വൈറ്റമിൻ ഡിയുമൊക്കെ രോഗപ്രതിരോധശേഷി മെച്ചമാക്കി നിർത്തുമെന്ന് നാം കണ്ടുകഴിഞ്ഞു. ഇപ്പോഴിതാ പുതിയ പഠനങ്ങൾ പറയുന്നത് രക്തത്തിൽ സിങ്കിന്റെ അളവു കുറയുന്നത് കോവിഡ്19 രോഗികളിൽ മരണസാധ്യത കൂട്ടുന്നുവെന്നും അതുകൊണ്ട് സിങ്ക് അടങ്ങിയ ഭക്ഷണങ്ങൾ കഴിഞ്ഞ് പോഷക അഭാവം തടയണം എന്നുമാണ്.

സ്പെയിനിലെ ഡെൽ മാർ ആശുപത്രിയിലെ ഗവേഷകരാണ് പ്ലാസ്മ സിങ്ക് നിരക്കുകളും കോവിഡ് രോഗികളിലെ മരണനിരക്കുമായി ബന്ധമുണ്ടെന്ന നിരീക്ഷണം നടത്തിയത്. കോവിഡ് രോഗികളുടെ രക്തത്തിലെ സിങ്കിന്റെ അളവ് കുറവായിരുന്നാൽ അണുബാധയുടെ കാലയളവിൽ നീർവീക്കം ഉണ്ടാകാമെന്നും ചികിത്സയുടെ ഫലപ്രാപ്തി കുറയാമെന്നുമാണ് ഗവേഷകർ പറയുന്നത്. ബാർസിലോണയിലെ ഒരു ആശുപത്രിയിൽ മാർച്ച് 15 മുതൽ ഏപ്രിൽ 30 വരെ അഡ്മിറ്റായ കോവിഡ് രോഗികളിൽ ആണ് പഠനം നടത്തിയത്. രക്തത്തിലെ സിങ്ക് നിരക്ക് ഉയർന്നതായിരുന്നവരിൽ നീർവീക്കത്തെ തുടർന്നുണ്ടാകാവുന്ന ഇന്റർല്യൂകിൻ6 എന്ന പ്രോട്ടീനുകൾ കുറവാണെന്നാണ് കണ്ടത്. 50 മൈക്രോഗ്രാമിലും താഴെ പ്ലാസ്മ സിങ്ക് നിരക്ക് ഉള്ളവരിലെ മരണനിരക്ക് അതിൽ കൂടുതലോ അത്രയും തന്നെയോ സിങ്ക് അളവ് ഉള്ളവരെ അപേക്ഷിച്ച് 2.3 മടങ്ങ് കൂടുതലാണെന്നും ഗവേഷകർ പറയുന്നു.

കോവിഡിന്റെ കാര്യത്തിൽ മാത്രമല്ല, മൊത്തത്തിൽ ശാരീരിക പ്രവർത്തനങ്ങളുടെ കാര്യത്തിൽ നിർണായകമായ പങ്ക് ഉള്ള പോഷകമാണ് സിങ്ക്. മണവും രുചിയും അറിയാനുള്ള കഴിവിൽ സിങ്കിന് നിർണായക പങ്കുണ്ട്. ഇതു രണ്ടും നഷ്ടമാകുന്നത് കോവിഡ്19 ന്റെ ലക്ഷണങ്ങളിൽ ഒന്നാണ് താനും. കോശവിഭജനത്തിലും വളർച്ചയിലും അസുഖം ഭേദമാകുന്നതിലുമെല്ലാം സിങ്കിന് പ്രധാനപങ്കുണ്ട്.

സിങ്ക് സമൃദ്ധമായുള്ള ഭക്ഷണം കഴിക്കേണ്ടത് കോവിഡ് കാലത്ത് ഏറെ ആവശ്യമാണെന്ന് മനസ്സിലായല്ലൊ. മാംസം, കോഴിയിറച്ചി, മുട്ട, അണ്ടിപ്പരിപ്പ്, ഡാർക് ചോക്‌ലറ്റ്, പാല്, പാലുൽപന്നങ്ങൾ, പയർവർഗങ്ങൾ, കക്ക, ഞണ്ട് പോലുള്ള കടൽവിഭവങ്ങൾ എന്നിവയിൽ സിങ്ക് ധാരാളമുണ്ട്. ദിവസേനയുള്ള ഭക്ഷണത്തിൽ സിങ്ക് അടങ്ങിയ വിഭവങ്ങളും ചേർക്കാൻ ഇനി മടിക്കേണ്ട.

Tags:
  • Manorama Arogyam
  • Health Tips