Friday 08 January 2021 04:42 PM IST : By മനോരമ ആരോഗ്യം റിസർച്ച് ഡസ്ക്

പക്ഷിപ്പനി മുതൽ തത്തപ്പനിയും ക്ഷയവും വരെ: മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരാം ഈ രോഗങ്ങൾ

zoonotic45

കോവിഡിന്റെ തീവ്രത ഒട്ടൊന്നു കുറഞ്ഞ് എല്ലാവരും ആശ്വസിച്ചു തുടങ്ങിയപ്പോഴേക്കും പക്ഷിപ്പനി വന്നുകഴിഞ്ഞു. പക്ഷിപ്പനി എന്ന ഏവിയൻ ഫ്ളൂ പക്ഷേ, മലയാളിക്ക് അപരിചിതമായ രോഗമല്ല. കഴിഞ്ഞവർഷവും അതിനു മുൻപുമൊക്കെ പക്ഷിപ്പനി മൂലം കോഴികളെയും താറാവുകളെയും കൂട്ടത്തോടെ കൊന്നൊടുക്കിയത് നാം കണ്ടതാണ്. പക്ഷിപ്പനി മൂലം ഇത്തവണ പതിനായിരക്കണക്കിന് പക്ഷികളെ കൊന്നൊടുക്കാനാണ് മൃഗസംരക്ഷണവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം എച്ച്5 എൻ1 എന്ന വൈറസായിരുന്നു രോഗഹേതു. പക്ഷേ, ഇത്തവണ എച്ച്5 എൻ8 എന്ന പുതിയ വൈറസാണ് പക്ഷിപ്പനിയുടെ കാരണം.

രോഗവാഹികളായ പക്ഷികൾ, അവയുടെ വിസർജ്യങ്ങൾ, ഉൽപന്നങ്ങൾ, ശ്വാസകോശസ്രവങ്ങൾ എന്നിവയിലൂടെ രോഗാണുക്കൾ പകരാം. കോഴി, താറാവ് എന്നിവയിൽ കണ്ണിനു ചുറ്റുമുള്ള വീക്കം, തളർച്ച, ശ്വാസതടസ്സം, അതിസാരം എന്നിവയാണു ലക്ഷണങ്ങൾ. കോഴികളിൽ പൂവിലും താടയിലും നീലനിറത്തോടുകൂടിയ വീക്കം കാണാം. പക്ഷിക്കൂട്ടങ്ങളിൽ വളരെ വേഗമാണ് രോഗംപകരുക. മനുഷ്യരിൽ പനി, നേത്രരോഗങ്ങൾ, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം, ന്യൂമോണിയ എന്നിവ ബാധിക്കാം. രോഗബാധിതരായ പക്ഷികളുടെ വിസർജ്യങ്ങൾ, പാകപ്പെടുത്താത്ത ഇറച്ചി, സ്രവങ്ങൾ എന്നിവ വഴിയാണ് അപൂർവമായാണെങ്കിലും മനുഷ്യരിലേക്ക് രോഗം പകരുന്നത്.

ഈ രോഗത്തിന് ഒസൾട്ടാമിവിർ ഫലപ്രദമാണ്. ദേശാടനപ്പക്ഷികൾ കാണപ്പെടുന്ന പ്രദേശങ്ങളിൽ വളർത്തുപക്ഷികളെ കഴിവതും വളർത്താതിരിക്കുക, ജലപക്ഷികളെയും മറ്റു പക്ഷികളെയും ഒരുമിച്ചു വളർത്താതിരിക്കുക, പറവകളെ കൈകാര്യം ചെയ്യുന്നവർ കയ്യുറയും മാസ്കും ധരിക്കുകയും ശേഷം കൈകാലുകളും മുഖവും സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുകയും വേണം.

മാംസവും മുട്ടയും നന്നായി വേവിച്ച് ഉപയോഗിക്കുക. എഴുപതു ഡിഗ്രി സെൽഷ്യസിൽ ഭക്ഷണം പാചകം ചെയ്യുമ്പോൾ തന്നെ വൈറസ് നശിക്കും. അതുകൊണ്ട് പക്ഷിപ്പനിക്കാലത്തും പക്ഷിമാംസവും മുട്ടയും നന്നായി വേവിച്ചു കഴിക്കുന്നതിൽ പേടിക്കേണ്ടതില്ല. എന്നാൽ മാംസം മുറിക്കാനും വൃത്തിയാക്കാനും ഉപയോഗിക്കുന്ന കട്ടിങ് ബോർഡ്, കത്തി, പാത്രങ്ങൾ എന്നിവ ചൂടുവെള്ളത്തിൽ കഴുകിയ ശേഷം മാത്രമേ മറ്റെന്തെങ്കിലും മുറിക്കാൻ ഉപയോഗിക്കാവൂ.

പക്ഷിപ്പനി കൂടാതെ മൃഗങ്ങളിൽ നിന്നും മുനുഷ്യരിലേക്കു പകരാവുന്ന ചില രോഗങ്ങളെക്കുറിച്ച് കൂടി അറിയാം.

മാംസം വഴി പകരും ആന്ത്രാക്സ്

കേരളത്തെ പലതവണ ഞെട്ടിച്ച രോഗമാണ് ആന്ഥ്രാക്സ്. പുൽമേടുകളിൽ മൃഗങ്ങൾ മേയുന്ന സമയത്തു ചെറിയ രേണുക്കൾ വഴിയോ തീറ്റയിൽക്കൂടിയോ ഇവ മൃഗങ്ങളുടെ ശരീരത്തിൽ പ്രവേശിക്കുന്നു. രോഗബാധയുണ്ടായ മൃഗങ്ങളുടെ ഇറച്ചി കഴിക്കുകയോ മുറിവുകളിൽ രോഗമുള്ള മൃഗത്തിന്റെ രക്തം പടരുകയോ ചെയ്താൽ മനുഷ്യനിലേക്ക് ഇതു വ്യാപിക്കാം. മൃഗങ്ങളുടെ എല്ലും തോലും രോമവുമൊക്കെ കൈകാര്യം ചെയ്യുന്നവർക്ക് രോഗസാധ്യത കൂടുതലാണ്.

തീറ്റമടുപ്പ്, ശ്വാസതടസ്സം, നാസാരന്ധ്രങ്ങളിലൂടെ രക്തമൊലിക്കുക, ചുണ്ട്, നാക്ക്, കാൽപാദം എന്നിവിടങ്ങളിൽ വ്രണം എന്നിവയാണ് രോഗലക്ഷണങ്ങൾ. മനുഷ്.യർക്കാകട്ടെ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന ജലദോഷവും ശ്വാസതടസ്സവും കഠിനമായ വയറിളക്കവും ഛർദിയും തുടർന്നു മരണവും വരെ സംഭവിക്കാം.

ബാസില്ലസ് ആന്ത്രാസിസ് എന്ന ബാക്ടീരിയ ആണ് രോഗഹേതു. മൃഗങ്ങളിൽ രോഗം വരാതെ തടയുകയാണ് പോംവഴി. മൃഗോൽപന്നങ്ങൾ കൈകാര്യം ചെയ്യുന്ന സ്ഥലങ്ങളിൽ വ്യക്തിശുചിത്വവും പരിസര ശുചിത്വവും വേണ്ടതും രോഗബാധയേറ്റ വസ്തുക്കളെയെല്ലാം ഫോർമാൽഡിഹൈഡ് ഉപയോഗിച്ച് അണുനശീകരണം നടത്തുകയും തുകൽ, കമ്പിളി, കിടക്കകൾ ഇവ തീയിട്ടു നശിപ്പിക്കുകയും വേണം. രോഗം ബാധിച്ചു മരിച്ച മൃഗങ്ങളുടെ മൃതദേഹം രണ്ടു മീറ്റർ ആഴത്തിൽ കുമ്മായം ഉപയോഗിച്ചു മറവു ചെയ്യുകയോ കത്തിച്ചു കളയുകയോ വേണം. മൃഗങ്ങൾക്കു പ്രതിരോധ കുത്തിവയ്പുണ്ട്, മനുഷ്യർക്കും അവ സ്വീകരിക്കാം.

പാലും മാംസവും വഴി ബ്രൂസല്ലോസിസ്

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഒരു പ്രധാനരോഗമാണ് ബ്രൂസല്ലോസിസ്. (അൺഡുലന്റ് ഫീവർ). ബ്രൂസല്ല ഇനത്തിൽപെട്ട ബാക്ടീരിയയാണ് രോഗകാരണം. പാസ്ചുറൈസ് ചെയ്യാത്ത പാൽ, ശരിയായി പാചകം ചെയ്യാത്ത ഇറച്ചി എന്നിവയിലൂടെ രോഗം വരാം. രോഗബാധയുള്ള പശുക്കളുടെ ജനനേന്ദ്രിയസ്രാവം, ചാപിള്ളയിലെ അണുക്കൾ എന്നിവ ആഹാരത്തിൽ കലർന്നാൽ മനുഷ്യരിലും മൃഗങ്ങളിലും അണുബാധ ഉണ്ടാകാം. പനി, സന്ധിവേദന, വിളർച്ച എന്നിവ മനുഷ്യരിൽ ലക്ഷണങ്ങളെങ്കിൽ കറവപ്പശുക്കളിലെ ഗർമലസൽ, കാളകളിലെ വൃഷണവീക്കം, നായ്ക്കളിൽ സന്ധിവേദന, തളർച്ച എന്നിവയാണ് ലക്ഷണങ്ങൾ.

നന്നായി തിളപ്പിച്ച പാലും പാൽ ഉൽപന്നങ്ങളും ഉപയോഗിക്കുകയാണ് പോംവഴി. ഗർഭഛിദ്രത്തോടനുബന്ധിച്ചുള്ള ഭ്രൂണം, മറുപിള്ള, മറ്റു സ്രവങ്ങൾ എന്നിവ ശരിയായ രീതിയിൽ നശിപ്പിച്ചു കളയണം. പാകം ചെയ്ത മാംസവും ആഹാരപദാർഥങ്ങളും മാത്രം ഉപയോഗിക്കുക.

പാൽ വഴി ക്ഷയം

മൈകോബാക്ടീരിയം എന്ന ബാക്ടീരിയൽ ഇനങ്ങളാണു രോഗകാരണം. പാലിന്റെ തിളപ്പിക്കാതെയുള്ള ഉപയോഗം വഴി രോഗമുണ്ടാകാം. രോഗാണു അടങ്ങിയ അന്തരീക്ഷത്തിലെ ഈർപ്പവും അപകടകാരിയാണ്. സ്വസനം വഴിയും രോഗാണുക്കൾ ശരീരത്തിൽ പ്രവേശിക്കാം. മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ, ശരീരഭാരക്കുറവ്, തളർച്ച, ക്ഷീണം, പനി, രാത്രികാലങ്ങളിൽ വിയർപ്പ്, കഫത്തിൽ രക്തം, നെഞ്ചുവേദന എന്നിവയാണ് മനുഷ്യരിലെ ലക്ഷണങ്ങൾ. മൃഗങ്ങളിലാകട്ടെ പനി, ശ്വാസംമുട്ടൽ, ശരീരം മെലിയൽ, ശ്വാസകോശം, വൃക്ക, തലച്ചോറ് എന്നിവിടങ്ങളിൽ മുഴകൾ, പശുക്കളുടെ അകിടിൽ മുന്തിരിക്കുല പോലുള്ള മുഴകൾ എന്നിവ കാണാം. രോഗം ബാധിച്ച മൃഗങ്ങളെ മറ്റുള്ളവയിൽ നിന്നു മാറ്റിനിർത്തണം. വിസർജ്യങ്ങളും വേണ്ട രീതിയിൽ മറവു ചെയ്യണം.

ഒാമനപ്പക്ഷികൾ വഴി തത്തപ്പനി

പക്ഷികളിൽ നിന്നും മനുഷ്യരിലേക്കു വരാവുന്ന രോഗമാണ് തത്തപ്പനി (സിറ്റക്കോസിസ്, ഒാർണിത്തോസിസ്). ശ്വസനം, സമ്പർക്കം, ഭക്ഷണം എന്നിവ വഴി രോഗം വരാം. തത്തകൾ മാത്രമല്ല ഒാമനപ്പക്ഷികൾ വഴിയും പനി പകരാം. ഉണങ്ങിയ പക്ഷിക്കാഷ്ഠത്തിൽ നിന്നുള്ള പൊടി ശ്വസിക്കുന്നതു കൊണ്ടും രോഗം വരാം. മനുഷ്യരിൽ ജലദോഷത്തിൽ തുടങ്ങി മരണകാരണമായ ന്യൂമോണിയ വരെ വരാം.

ഇതു കൂടാതെ എലിപ്പനി, പേ വിഷബാധ തുടങ്ങി മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കു പകരുന്ന ഒട്ടേറെ രോഗങ്ങളുണ്ട്. രോഗം വരുമെന്നു കരുതി രോഗവാഹകരോ നാശത്തിനു കാരണമാകുന്നവരോ അല്ല മൃഗങ്ങൾ. സത്യത്തിൽ ആഹാരത്തിനായും ആഹ്ലാദത്തിനായും നാമാണ് അവരെ ഉപയോഗിക്കുന്നത്. അവരോട് അടുത്തിടപഴകുമ്പോൾ ചില മുൻകരുതലുകളും ജാഗ്രതയും വേണമെന്നു മാത്രം.

Tags:
  • Manorama Arogyam
  • Health Tips