Monday 13 April 2020 01:16 PM IST : By സ്വന്തം ലേഖകൻ

കോര്‍ക്ക് ഒരു പാഴ് മരമല്ല; ലോകത്ത് ആദ്യമായി കോര്‍ക്ക് മരം ഉപയോഗിച്ച് നിര്‍മിച്ച റിസോര്‍ട്ട്

cork1

പ്രകൃതി സൗഹൃദം എന്ന പ്രയോഗത്തിന് ഉദാഹരണം ചൂണ്ടിക്കാണിക്കാന്‍ ഒരു റിസോര്‍ട്ട് ഒരുങ്ങിയിരിക്കുന്നു. കോര്‍ക്ക് മരം മാത്രം ഉപയോഗിച്ചാണ് ചുമരും മേല്‍ക്കൂരയും തറയും കട്ടിലും മേശയും നിര്‍മിച്ചിരിക്കുന്നത്. തെങ്ങോലയില്‍ മേല്‍ക്കൂര മേഞ്ഞ വീടുകള്‍ പോലെ തണുപ്പാണ് ഈ റിസോര്‍ട്ടിനുള്ളില്‍. കോര്‍ക്ക് ഉപയോഗിച്ച് നിര്‍മിച്ച മേല്‍ക്കൂര വാട്ടര്‍പ്രൂഫ്ഡ് ആണ്. തീപിടിക്കാതിരിക്കാനുള്ള സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മാണം. ലോകത്ത് ആദ്യത്തെ കോര്‍ക്ക് നിര്‍മിത റിസോര്‍ട്ടിന്റെ പേര് - ടിവോലി ഇവോറ ഇക്കോ റിസോര്‍ട്ട്. പോര്‍ച്ചുഗലിലെ അലന്‍ടെജോ പ്രവിശ്യയിലാണ് കോര്‍ക്ക് ഉപയോഗിച്ചുള്ള അദ്ഭുത സൗധം ഉയര്‍ന്നിരിക്കുന്നത്. ലിസ്ബണ്‍ നഗരത്തില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താല്‍ അലന്‍ടെജോയില്‍ എത്താം. 

cork3

സർവം കോർക്ക് മയം
പ്രധാന കവാടം മുതല്‍ റിസപ്ഷന്‍ വരെ കോര്‍ക്ക് ഉപയോഗിച്ചുള്ള ടൈല്‍സ് വിരിച്ച് പാത നിര്‍മിച്ചിരിക്കുന്നു. കവാടത്തിനരികെ കോര്‍ക്ക് മരം നട്ടു പിടിപ്പിച്ചിട്ടുണ്ട്. റിസപ്ഷന്‍ മുഴുവന്‍ കോര്‍ക്ക് ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കള്‍ അലങ്കരിച്ച് മനോഹരമാക്കിയിരിക്കുന്നു. ടിവോലി റിസോര്‍ട്ടില്‍ ആകെ 56 സ്യൂട് റൂമുകളുണ്ട്. എല്ലാ സ്യൂട്ടുകളിലും വെളിച്ചം നല്‍കുന്നത് സോളാര്‍ എനര്‍ജിയാണ്. ടോയിലെറ്റ്, ബാത്ത് റൂം എന്നിവിടങ്ങളില്‍ ചൂടു വെള്ളം എത്തിക്കുന്നതും സ്വിമ്മിങ് പൂളിലേക്ക് വെള്ളം പമ്പ് ചെയ്യുന്നതും സോളാര്‍ എനര്‍ജി ഉപയോഗിച്ചാണ്.
പോര്‍ച്ചുഗലിലെ ഗ്രാമങ്ങള്‍ നിറയെ കോര്‍ക്ക് മരങ്ങളുണ്ട്. ഗ്രാമീണര്‍ കോര്‍ക്ക് കരകൗശല വസ്തുക്കള്‍ നിര്‍മിച്ച് വരുമാനം കണ്ടെത്തുന്നു. ബാഗ്, തൊപ്പി, ഷൂ, കുട എന്നിവയെല്ലാം കോര്‍ക്കിന്റെ തോല്‍ ഉപയോഗിച്ച് നിര്‍മിക്കുന്നുണ്ട്. കോര്‍ക്ക് ഉപയോഗിച്ച് സ്ത്രീകള്‍ക്ക് അണിയാനുള്ള ബിക്കിനി നിര്‍മിക്കുന്ന നിരവധി കടകളും പോര്‍ച്ചുഗലിലുണ്ട്. പോര്‍ച്ചുഗല്‍ സന്ദര്‍ശകര്‍ അലന്‍ടജോ ഗ്രാമത്തിലെത്തി ഇതെല്ലാം വാങ്ങിയാണ് മടങ്ങാറുള്ളത്.

cork2

കാഴ്ചകളുടെ ലോകം
അല്‍ഗ്രേവ് തീരത്തിനടുത്താണ് ടിവോലി ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്. പാറക്കൂട്ടങ്ങളുടെ തീരം എന്നാണ് അല്‍ഗ്രേവ് അറിയപ്പെടുന്നത്. യുനെസ്‌കോ പൈതൃക കേന്ദ്രമായി പ്രഖ്യാപിച്ച ഇവോറ ശില്‍പം അലന്‍ടെജോയുടെ സമീപക്കാഴ്ചയാണ്. സെവന്‍ ഹാങിങ് വാലിയാണ് മറ്റൊരു ടൂറിസം ഡസ്റ്റിനേഷന്‍. മലമടക്കുകളും കുന്നിന്‍പ്രദേശവും ട്രെക്കിങ്ങിന് പ്രശസ്തം. പോര്‍ച്ചുഗലില്‍ എത്തുന്നവരിലേറെയും കടല്‍ത്തീരമാണ് തിരഞ്ഞെടുക്കാറുള്ളത്. അതിനാലാണ് കോര്‍ക്ക് ഉപയോഗിച്ച് ഹോട്ടല്‍ നിര്‍മിക്കാന്‍ കടല്‍ത്തീരം തിരഞ്ഞെടുത്തത്.