Monday 04 May 2020 03:04 PM IST : By HAWIN PRINTO

ഹംപി:യുഗങ്ങൾക്ക് അപ്പുറത്തുനിന്നൊരു ഗീതം

a hampi1

ശ്രേഷ്ഠമായൊരു ഭൂതകാലത്തെ ഇന്നും ഉള്ളിൽ പുണർന്നു നിൽക്കുന്ന മണ്ണാണ് ഹംപിയിലേത്. നഗരത്തിന്റെ ബഹുഭൂരിപക്ഷം പ്രദേശവും കല്ലിൽ കൊത്തി എടുത്തത്. എന്നാൽ കഴിഞ്ഞകാലത്തിന്റെ നഷ്ടാവശിഷങ്ങളെ കുഴിച്ചുമൂടത്തക്കവിധം ശില ഒരു തരിപോലും പൊടിഞ്ഞ് മണ്ണിലമർന്നിട്ടില്ല. മനുഷ്യൻ സൃഷ്ടിച്ചത് മനുഷ്യൻ തന്നെ നശിപ്പിച്ചു അത്രമാത്രം... മഹത്തായ വിജയനഗര സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഹംപി കൃഷ്ണദേവരായരുടെ കാലത്ത് എല്ലാ തുറകളിലും വളർച്ചയുടെ പരകോടിയിൽ എത്തി. പിന്നീട് എപ്പോഴോ കാലം ഘനീഭവിച്ചുപോയതുപോലെ, ആത്മാവ് നഷ്ടമായൊരു നഗരത്തെപ്പോലെ ശിലാനിർമിതികൾ മാത്രമായി. ആ കാലത്തെ തിരിച്ചറിഞ്ഞതിനാൽ ഇന്ന് ഇന്ത്യയിലെ യുനെസ്കോ പൈതൃക കേന്ദ്രങ്ങളിൽ ഒന്നാണ് ഹംപി.

രക്തമെല്ലാം ഒഴുക്കി കളഞ്ഞ്, ഒരു സ്ത്രീജൻമത്തിന് അനുഭവിക്കേണ്ട യാതനകളെല്ലാം സഹിച്ച് ജീവിക്കുന്ന ഒരുവളെയാണ് ഹംപി ഓർമിപ്പിക്കുന്നത്. വിശാലമായൊരു പ്രദേശത്തു വ്യാപിച്ചു കിടക്കുന്ന അവശിഷ്ടങ്ങൾക്കിടയിൽ എവിടെയോ അവളുടെ ഹൃദയം മിടിക്കുന്നുണ്ട്. അവളുടെ ശിൽപി കൊത്തിഎടുത്ത ഹൃദയതാളത്തോടു ചേർന്നു നിൽക്കുംവിധം സ്പന്ദിക്കുന്നത് ഇപ്പോഴാകും. ആ ഹൃദയമിടിപ്പിന്റെ സംഗീതം കാറ്റിൽക്കൂടി ഇവിടത്തെ സംഗീതസ്തംഭങ്ങളിലേക്ക് ഒഴുകി എത്തി. അതു പിന്നെ അരുവിയിലേക്കും വൃക്ഷങ്ങളിലെ ഇലകളിലേക്കും വ്യാപിച്ചു. എവിടെ കാതോർത്താലും മറവിയിലാണ്ട ഒരു കാലത്തിന്റെ സംഗീതം താഴ്ന്ന സ്വരത്തിൽ കേൾക്കാനാകും. ചെമ്പകപ്പൂക്കളുടെ സുഗന്ധവുമായി എത്തുന്ന കാറ്റിൽ ഇന്നലെകളുടെ താളത്തിനൊപ്പിച്ച് നൃത്തച്ചുവടുവയ്ക്കുന്ന മരക്കൊമ്പുകളും പുൽതലപ്പുകളും ആരുടെയും ശ്രദ്ധയിൽപെടും. വേനലിലെ കടുത്ത ചൂടിൽ വരണ്ടുണങ്ങിയ ഹംപിയിലൂടെയുള്ള യാത്രയിൽ പലപ്പോഴും മരുഭൂമിയിലെ പച്ചപ്പുപോലെയാണ് ഈ സ്മാരകങ്ങൾ മുന്നിലെത്തുക.

a hampi2

കാഴ്ചകളുടെ നിറവ്

ഇന്ത്യയുടെ എല്ലാ പ്രദേശത്തും യുഗങ്ങളായി പല രൂപത്തിലും ഭാവത്തിലും കൈമാറി വന്ന വിഷ്ണു രൂപങ്ങളെ കാണാൻ സാധിക്കും. ഒട്ടേറെ രൂപത്തിൽ ഒട്ടേറെ ലക്ഷ്യങ്ങളോടെ എന്നും ഇവിടെയുള്ള വിഷ്ണു ഒരിക്കലും ഇവിടത്തെ ജീവിതങ്ങളുടെ രംഗശാല വിട്ടുപോയില്ല. ഹംപിയിലെ ഏറ്റവും പ്രധാന ക്ഷേത്രങ്ങളിൽ ഒന്നിലെ മൂർത്തിയായ വിഠലയെ വിഷ്ണുവിന്റെ ഒരു അവതാരരൂപമായിട്ടാണ് കണക്കാക്കുന്നത്. ക്ഷേത്ര സങ്കേതവും അവിടേക്കുള്ള മാർഗത്തിലെ കമ്പോളത്തിന്റെ കമാന വാതിലുകളും ഒക്കെ മഹാനായ കൃഷ്ണദേവരായരുടെ കാലത്ത് ഇവിടത്തെ ജീവിതം എത്രത്തോളം ബൃഹത്തും ആനന്ദം നിറഞ്ഞതും ആയിരുന്നിരിക്കാം എന്നു ചിന്തിപ്പിക്കും. ഇന്നത്തെ ഹംപിയിലെ കാഴ്ചകൾക്കും ഏറെ നിറവേകുന്ന ഒരു ഭാഗമാണ് വിഠലക്ഷേത്ര പരിസരം. തെളിഞ്ഞ ആകാശത്തിൽ ഓറഞ്ചു നിറത്തിന്റെ ഷേഡുകൾ പരത്തി ഭൂമിയുടെ മറുവശത്തേക്കു താഴുന്ന സൂര്യന്റെ രൂപം കാണാൻ ഏറ്റവും മികച്ച വ്യൂപോയിന്റ് ഇതിനടുത്താണ്.

ഹംപിയിലെ ഓരോ കൽപണിയിലും ഇന്ത്യയുടെ ഇതിഹാസപുരാണ കഥകളിലെ ഒരംശം കാണാൻ സാധിക്കും. ഹംപിയുടെ നാലതിരിനുള്ളിൽ ഏറക്കുറെ എല്ലാ തൂണിലും രാമായണകഥയിലെ രംഗങ്ങൾ കൊത്തി വച്ചിട്ടുണ്ട്. വിഠലയുടെ മണ്ണിൽ വിശ്രമിക്കുന്ന കരിങ്കൽ രഥത്തിൽ വിഷ്ണുവിന്റെ വാഹനമായ ഗരുഡന്റെ വിഗ്രഹം കാണാം. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്ത് ദസറാ ഡിബ്ബ എന്ന ഭാഗത്ത് ദീപമണ്ഡലങ്ങൾ ജ്വലിപ്പിച്ചാണ് ദസറ ആഘോഷിച്ചിരുന്നത്. ഇന്ന് ദസറ ആഘോഷിക്കാൻ ഹംപിയിൽ എത്തുന്നവർ വിരൂപാക്ഷ ക്ഷേത്രത്തിനു മുന്നിൽ പഴയകാലത്തെ അതേ രീതിയിൽ ദീപമണ്ഡലങ്ങൾ ഒരുക്കുന്നു.

a hampi4

ഇന്നും മഹാദേവനു വേണ്ട പൂജകർ അർപിക്കുന്ന വിരൂപാക്ഷ ക്ഷേത്രം തകർന്ന അവസ്ഥയിലും ഹംപിയുടെ അഭിമാന മുദ്രയായി നിലനിൽക്കുന്നു. ഇന്നത്തെക്കാലത്തെ ഒരു ശിൽപിക്കും എത്തിച്ചേരാനാകാത്തത്ര ഉയരത്തിൽ എത്തിയിരുന്നു അക്കാലത്തെ കരിങ്കൽ കലാകാരൻമാർ എന്നു നിസ്സംശയം വിളിച്ചോതുന്നു ഇവിടത്തെ ഓരോ രൂപവും. ആ നൂറ്റാണ്ടിലെ നിർമാണകല എത്രത്തോളം ആഴത്തിലും വിശദാംശങ്ങളോടെയും ആയിരുന്നു എന്നറിയാൻ ഇവിടത്തെ ഗോപുരം മാത്രം കണ്ടാൽ മതി.

ഹംപിയുടെ മുഖങ്ങൾ

ഹംപിയിലെ നിർമാണങ്ങൾ ഏറക്കുറെ എല്ലാംതന്നെ ദ്രാവിഡശൈലി പിൻപറ്റിയുള്ളതാണ്. വാസ്തുശാസ്ത്രം അനുശാസിക്കുന്ന മാനദണ്ഡങ്ങളും അളവുകളും പാലിക്കുന്ന ഇവയെല്ലാംതന്നെ. ഏതാണ്ട് എല്ലാ ഇടനാഴികകളുടെയും മേൽക്കുരയുടെ അറ്റം ഒരു ഇലത്തുമ്പുപോലെയാണ് അവസാനിക്കുന്നത്. അതുതന്നെ മുട്ടയുടെ രൂപത്തിലും ഇലപോലെയും ദന്തംപോലുള്ളതും ഉണ്ട്. പ്രകൃതിയോടു ചേർന്നു നിൽക്കുന്ന രൂപങ്ങൾ ആ സമൂഹത്തിൽ ശാന്തത സൃഷ്ടിക്കുന്നു. ഭിത്തിക്കും മേൽക്കൂരയ്ക്കും അസാമാന്യമായ കട്ടി നൽകിയിരിക്കുന്നത് കെട്ടിടങ്ങളുടെ അകത്ത് ശീതളമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഹംപിയിലെ വരണ്ട. ചൂടുള്ള അന്തരീക്ഷത്തിൽ ഒരു കടലിന്റെ കുളിർമ സൃഷ്ടിക്കുന്നു ഈ നിർമാണ രീതി. ഹംപിയെ വലയം ചെയ്ത് ഏഴുനിരകളിലായി പ്രതിരോധം തീർക്കുന്ന വൻ കോട്ടയുണ്ട്. ഇൻഡോ സാരസനിക് ശൈലിയിലാണ് ഈ കോട്ട കെട്ടിപ്പടുത്തിരിക്കുന്നത്.

a hampi5

ഹംപിയിലെ നിർമിതികളിൽ തച്ചുതകർക്കലിനു വിധേയമായിട്ടും തല ഉയർത്തി നിൽക്കുന്നതാണ് നരസിംഹ വിഗ്രഹം. ഒറ്റക്കല്ലിൽ കൊത്തി എടുത്ത ഈ രൂപം ഇപ്പോൾ‍ ഹംപിയിലെ ഏറ്റവും വലിയ ഒറ്റക്കൽ ശിൽപമാണ്. പലപ്പോഴും പരാജയപ്പെട്ട സാമ്രാജ്യത്തിൽ വിജയിച്ചു കയറിയവർ കൈത്തരിപ്പു തീർക്കുന്നത് കൊള്ളയടിക്കാൻ മാത്രമല്ല, ആകർഷകമായ കൊത്തുപണികളുള്ള വിഗ്രഹങ്ങൾ, പ്രത്യേകിച്ച് ദേവീദേവൻമാരുടേതിനു കേടു പറ്റുമ്പോൾ ജനങ്ങളും ഭയചകിതരാകും. അതു തങ്ങൾക്കു സംഭവിക്കാൻ പോകുന്ന ഏതോ ആപത്തിന്റെ സൂചനയാണെന്നോ അല്ലങ്കിൽ ദേവകൾപോലും തങ്ങളെ കൈവിട്ടുവെന്നോ അവർ വിശ്വസിക്കും. ഹംപി മുഴുവൻ തകർക്കപ്പെട്ടതിനും കാരണം ഇതുതന്നെയാകാം. മടിയിൽ ലക്ഷ്മീ ദേവിയെ ഇരുത്തിയ ലക്ഷ്മീ നരസിംഹവിഗ്രഹം ആയിരുന്നു ഈ ഒറ്റക്കൽ ശിൽപം എന്നാണ് കണക്കാക്കുന്നത്. ദേവീരൂപം തകർത്തെറിഞ്ഞിരിക്കാം. കൈകൾ പകുതിവച്ച് നഷ്ടമായിട്ടുണ്ടെങ്കിലും ഗംഭീരമായ ഭാവം നിറഞ്ഞ നരസിംഹവിഗ്രഹം ഇന്ന് ഹംപിയുടെയും കർണാടക വിനോദസഞ്ചാരത്തിന്റെയും പ്രശസ്തമായ മുഖമാണ്.

കാത്തിരിക്കുന്നു ഹംപി

a hampi6

വിജയത്തിന്റെ നഗരമായിരുന്ന ഇവിടം ഒരുകാലത്ത് മലമ്പാതകൾ നിറഞ്ഞ ഈ പ്രദേശത്തു നടന്ന പോരാട്ടങ്ങളിലൊന്നും പരാജയം അറിഞ്ഞില്ല. ഇന്നും ഇവിടെ വസിക്കുന്നവർ ജീവിതം മുന്നോട്ടു നയിക്കാൻ പോരാടിക്കൊണ്ടിരിക്കുകയാണ്. ഇവിടെ അലഞ്ഞുതിരിയുന്ന പകലുകൾ നമ്മുടെ മനസ്സിനെ പലതരം വികാരങ്ങളാൽ‍ നിറയ്ക്കും. പകലന്തിയോളം അലഞ്ഞതിനു പരിഹാരമായി രാത്രി ഹിപ്പി ദ്വീപിലെ സംഗീത സ്വർഗത്തിൽ അഭയം തേടാം.

മലനിരകൾ ഉറക്കം തൂങ്ങി തുടങ്ങുമ്പോൾ കുട്ടവഞ്ചിയിൽ നദി കടന്ന് ഹിപ്പി ദ്വീപിലെത്താം. സഞ്ചാരികളുടെ സംഗീതത്തിൽ അമർന്ന് മായികഭാവത്തിലുള്ള ദ്വീപ്. ഹംപിയിലെ പകലുകളിൽ വിയർത്തൊലിക്കുന്നവർ ദ്വീപിലെ പുൽക്കുടിലുകളിൽ രാത്രി നവീനശിലായുഗത്തിലേക്കു പുനർജനിക്കുന്നു. മനസ്സിൽ കളുത്തിവലിക്കുന്ന ചിന്തകളുമായി നടക്കുന്നവർ ഇവിടെ വന്ന് ഏതാനും ദിവസം ചിലവഴിച്ചാൽ ഉള്ളിലെ ഭാരമൊഴിഞ്ഞ് നവോൻമേഷം നിറച്ചു പോകാം. ജീവിതത്തിലെ യാതനകളെ വിലമതിക്കുന്നതാക്കുന്ന ആഹ്ലാദനിമിഷങ്ങൾ ഓർത്തെടുക്കാം.

a hampi7

ഉന്നതങ്ങളിൽ നിന്നു വീണുപോയൊരു നഗരമായിരിക്കാം ഹംപി, എങ്കിലും മറ്റൊരു കാലഘട്ടത്തിൽ എത്തുമ്പോഴും അതു തല ഉയർത്തിതന്നെ നിൽക്കുന്നു. ഒരു നഷ്ടസംസ്കൃതി കണ്ടറിയാൻ കൗതുകം തോന്നുന്ന ആർക്കും വരാനും കാണാനും അവസരമൊരുക്കി ഹംപി കാത്തിരിക്കുന്നു നമ്മളെ ഓരോരുത്തരെയും.