Monday 06 April 2020 05:37 PM IST : By Easwaran Seervally

ഹൊയ്സാലയിലെ ശിലാകാവ്യങ്ങൾ

h1 Photo Josewin Paulson

ഹൊയ്സാല എന്ന പദം എന്നാണ് മനസ്സിൽ കയറിപ്പറ്റിയതെന്ന് ഓർക്കുന്നില്ല. തികച്ചും യാദൃച്ഛികമായിട്ടാണ് ഒരുദിവസം ബേലൂരുവിലേക്ക് ഇറങ്ങി പുറപ്പെട്ടത്. മൈസൂരു ബസ് സ്‌റ്റാന്റിൽനിന്ന് ചിക്കമഗളൂരു, ഹസൻ വഴി ബേലൂരേക്കുള്ള കർണാടക സാരിഗ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല. മൈസൂരു നഗരത്തിന്റെ പ്രാന്തപ്രദേശങ്ങൾ കഴിഞ്ഞതോടെ വഴി അധികവും കാർഷികമേഖലയിൽക്കൂടിയായി. ഏതാണ്ടെല്ലായിടത്തും വിളവെടുപ്പ് കഴിഞ്ഞ് കിടക്കുന്ന പാടങ്ങൾ. അവിടവിടെ ചില ചെറുകിട ഫാക്ടറികളും വ്യവസായ മേഖലകളും. ഹസൻ കഴിഞ്ഞതോടെ വഴി ടോപ്ക്ലാസ് ആയി. ഏതായാലും ഉദ്ദേശം 160 കി മീ യാത്ര പൂർത്തിയാക്കാനെടുത്തത് നാലുമണിക്കൂർ.

ഇന്ന് ബേലൂരു എന്നറിയപ്പെടുന്ന വേലാപുരം ഹൊയ്സാല സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. 11ാം നൂറ്റാണ്ടിനും 14ാം നൂറ്റാണ്ടിനും ഇടയിൽ കർണാടകത്തിലെ ബഹുഭൂരിപക്ഷം സ്ഥലങ്ങളും ആന്ധ്രാപ്രദേശിന്റെയും തമിഴ്നാടിന്റെയും തെലങ്കാനയുടെയും ചില ഭാഗങ്ങളും അടക്കം വിശാലമായൊരു മേഖലയുടെ ഭരണാധികാരികളായിരുന്നു ഹൊയ്സാലർ. വിജയനഗര സാമ്രാജ്യത്തിന്റെ വളർച്ചയോടെ തളർന്നുപോയ ഹൊയ്സാല ഇന്നു പ്രശസ്തമായി നില്ക്കുന്നത് ഗംഭീരമായ ശിൽപകലയുടെ പേരിലാണ്. ബേലൂരു ചെന്നകേശവക്ഷേത്രവും ഹാലേബിഡു ക്ഷേത്രങ്ങളും സോമനാഥപുര ക്ഷേത്രങ്ങളും ഈ ശിൽപകലാ പ്രാഗത്ഭ്യത്തിന്റെ സാക്ഷ്യങ്ങളായി ഇന്നും നിലനിൽക്കുന്നു.

കരിങ്കല്ലിൽ വിരിഞ്ഞ കവിത

ഇന്ത്യയിൽ പൗരാണിക സ്മാരകങ്ങളിൽ കാണപ്പെടുന്ന ശിൽപകല ആരെയും അദ്ഭുതപ്പെടുത്തുന്നതാണ്. അത് ഖജുരാഹോ ആയാലും കൊണാർക് ആയാലും മൊധേര ആയാലും കാകതീയ നിർമാണങ്ങളായാലും തഞ്ചാവൂർ ശിൽപങ്ങളായാലും ഒക്കെ ഒന്നിനൊന്ന് മനോഹരം. കാലാകാലങ്ങൾ നീണ്ട വിവിധ ശിൽപകലാരീതികളെല്ലാം നോക്കിയാൽ ഏറ്റവും സൂക്ഷ്മമായ ഡിസൈനിങ്ങും പരിപൂർണതയും ഒത്തിണങ്ങിയ രൂപങ്ങൾ കാണപ്പെടുന്നത് ഹൊയ്സാല ശൈലിയിലാണ്. ഇതിന്റെ ഏറ്റവും വലിയ മാതൃകകളാണ് ബേലൂരിലെ ചെന്നകേശവ ക്ഷേത്രവും തൊട്ടടുത്തുള്ള ഹാലേബിഡു സമുച്ചയവും. ഈ ക്ഷേത്രങ്ങളിലെ ശിൽപങ്ങളിൽ കാണപ്പെടുന്ന രൂപങ്ങളുടെ വൈവിധ്യം വളരെ വലുതാണ്. ത്രിമൂർത്തികളും ദശാവതാരങ്ങളും രാമായണവും മഹാഭാരത യുദ്ധവും ഒക്കെ ഇവിടെ വിസ്തൃതമായ ശ്രീകോവിൽ ചുവരുകളെ അലങ്കരിക്കുന്നു.

h3

ബ്രാക്കറ്റ് ഫിഗേർസിലെ സുന്ദരിമാർ

ചെന്നകേശവ ക്ഷേത്രത്തിലെ പുറംഭിത്തിയിലെ സ്തംഭങ്ങളുടെ ബ്രാക്കറ്റ് ഫിഗേർസിൽ അന്നത്തെ സമൂഹത്തിന്റെ പരിഛേദമാണോ എന്നു തോന്നിപ്പോകും. വിവിധ ദിശകളിലെ താങ്ങുപലകകളിലായി മുപ്പതിലധികം രൂപങ്ങള്‍ കാണാം. അതിൽ ശ്രദ്ധേയമായ ചിലതാണ് വീണാവാദകി, വാദ്യനർത്തകി, പങ്കസുന്ദരി, മൃഗയാവിനോദിനി, രുദ്രവീണവാദകി, പർണശബരി തുടങ്ങിയവ.

വലതു കൈകൊണ്ട് പഴം പറിച്ചെടുത്ത് ഇടതുകയ്യിലെ കൂടയിൽ നിക്ഷേപിക്കുന്ന പർണശബരി, മരക്കൊമ്പിലോ മറ്റോ ഇരിക്കുന്ന പക്ഷിയെ അമ്പെയ്യാൻ ഉന്നംപിടിക്കുന്ന മൃഗയാ വിനോദിനി, രുദ്രവീണ വായിക്കുന്ന രുദ്രവീണസുന്ദരി, നാഗവീണ മീട്ടുന്ന നാഗവീണാ വാദകി തുടങ്ങിയവ കാണാം. ആരെയോ അടിക്കാനെന്നോണം തലയ്ക്കു മുകളിൽ ഉയർത്തിപ്പിടിച്ച കമ്പുമായി നിൽക്കുന്ന ഒരു സ്ത്രീരൂപമുണ്ട് ഇക്കൂട്ടത്തിൽ. കുരങ്ങിനെ ഓടിക്കുന്ന വീട്ടമ്മയുടേതാണത്രേ ഈ ശിൽപം. പല നൃത്തരൂപങ്ങളിലുള്ളവരെയും ഗായികമാരെയും കൈമണി കൊട്ടി താളം പിടിക്കുന്നവരെയും താങ്ങുപലകകളിൽ കണ്ടെത്താം. രസകരമായ മറ്റൊന്ന് തലമുടി കോതി ഒതുക്കുന്ന ഒരു സ്ത്രീരൂപമാണ്, അതേപോലെ കയ്യിൽ പിടിച്ചിരിക്കുന്ന കണ്ണാടി നോക്കി പൊട്ടുതൊടുന്ന ദർപണ സുന്ദരിയും ഉണ്ട്. ഒരു കയ്യിൽ താംബൂലവും മറു കയ്യിൽ വിശറിയുമായി നിൽക്കുന്ന പങ്കസുന്ദരിയും ഇടതു കയ്യിൽ താളിയോല പിടിച്ച് വലതു കൈ വിടർത്തി നിൽകുന്ന ശകുനസുന്ദരിയും ശിൽപകലയിലേതന്നെ അപൂർവ കാഴ്ചകളാണ്.

h2

പുരാണകഥാ കാൻവാസ്

പുരാണകഥാ ശകലങ്ങൾ പുറംഭിത്തിയിൽ കൊത്തിവച്ചിരിക്കുന്നതു കാണാം. വൈഷ്ണവപ്രതിഷ്ഠയായ ചെന്നകേശവ ക്ഷേത്രത്തിലും ശൈവപ്രതിഷ്ഠകളുടെ ഹാലെബിഡുവിലെ ക്ഷേത്രങ്ങളിലും ഈ വ്യത്യാസമില്ലാതെ ശൈവ–വൈഷ്ണവ മൂർത്തികളെല്ലാം പുറംഭിത്തി അലങ്കരിക്കുന്നുണ്ട്. ത്രിമൂർത്തികളും ഉമാമഹേശ്വരൻമാരും അഷ്ടദിക് പാലകരും വിഘ്നേശ്വരനും പെട്ടെന്നു തന്നെ ദൃഷ്ടിയിൽ പെടും. മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളും കേശവൻ, മാധവൻ, ദാമോദരൻ തുടങ്ങിയ 12 ഭാവങ്ങളും ചെന്നകേശവക്ഷേത്രത്തിൽ കാണാം.

കൈലാസം എടുത്ത് അമ്മാനമാടുന്ന രാവണൻ, മഹിഷാസുര മർദിനി തുടങ്ങിയവയും എളുപ്പം നമ്മുടെ കണ്ണിൽ പെടുന്നു. ഹൊയ്സാലേശ്വരയിൽ മഹാബലിയുടെയും വാമനന്റെയും കഥ ഒരു ചിത്രകഥയിലെന്നപോലെ രേഖപ്പെടുത്തിയിരിക്കുന്നതും കാണാം. അതുപോലെതന്നെ ദക്ഷയാഗവും കൃഷ്ണലീലയും രാമായണകഥകളും മറ്റും നമുക്ക് വായിച്ചെടുക്കാം.

h4

ബേലൂരു സ്റ്റാൻഡിൽനിന്ന് നേരേ പടിഞ്ഞാറാണ് ചെന്നകേശവക്ഷേത്രം. ബേലൂരുനിന്നും 15 കി മീ അകലെയാണ് ഹാലേബിഡു. ബേലൂരുനിന്ന് രാവിലെ ആറര മുതൽ അരമണിക്കൂർ ഇടവിട്ട് ഇങ്ങോട്ടേക്കു ബസ്സുണ്ട്.