Monday 30 March 2020 03:44 PM IST : By N L Seby

ശിൽപങ്ങളുടെ വിസ്മയലോകം; കല്ലുകളിൽ പടുത്തുയർത്തിയ പ്രണയത്തിന്റെയും രതിയുടെയും കവിത! കാമനകളുടെ ഖജുരഹോ

kh1 Photo-N L Seby

മധ്യപ്രദേശിലെ ഭോപ്പാൽ റെയിൽവേ സ്‌റ്റേഷനിൽ എത്തിയപ്പോൾ സമയം പുലർച്ചെ മൂന്ന്. ഖജുരാഹോയിലേക്കുള്ള ട്രെയിൻ വരാൻ ഇനിയും മണിക്കൂറുകൾ ബാക്കി. ഉദ്ദേശം രണ്ടര മണിക്കൂർ കഴിഞ്ഞുകാണും, കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ‘മഹാമന എക്സ്പ്രസ്സ്’ വന്നെത്തി. ഖജുരാഹോയിലേക്കുള്ള റെയിലോര കാഴ്ച നിറയെ േഗാതമ്പു പാടങ്ങളായിരുന്നു. ഏഴു മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ട്രെയിൻ ഖജുരാഹോ സ്‌റ്റേഷനിലെത്തി. ഒരു ചെറിയ റെയിൽവേ സ്‌റ്റേഷൻ. ഇതിനപ്പുറത്താണോ വിസ്മയങ്ങളുടെ ഒരു ലോകം! മധ്യപ്രദേശിലെ ഛത്തേർപ്പൂർ ജില്ലയിലാണ് ഖജുരാഹോ. ഒരു ചെറിയ നഗരമായ ഇവിടെ വിമാനത്താവളവും ഹോട്ടലുകളും സഞ്ചാരികളെ മാത്രം ഉദ്ദേശിച്ചുള്ളവയാണ്.

ട്രെയിന്‍ ഇറങ്ങിയപ്പോഴേക്കും ഒാട്ടോറിക്ഷക്കാരും ടാക്സിക്കാരും പിറകെ കൂടി. റെയിൽവേ സ്‌റ്റേഷനിൽ നിന്ന് അഞ്ചു കിലോമീറ്ററിലധികം ദൂരമുണ്ട് ഖജുരാഹോയിലെ പ്രധാന ക്ഷേത്രങ്ങളുടെ അടുത്തേക്ക്. ആ ഭാഗത്ത് താമസസൗകര്യമുള്ള ധാരാളം ഹോട്ടലുകളുണ്ട്.

കല്ലുകളിൽ വിരിഞ്ഞ കവിത

ഖജുരാഹോ സാഗർ എന്ന തടാകത്തിന്റെ തീരത്തുള്ള ഗ്രാമമാണ് ഖജുരാഹോ. എ.ഡി. 9–ാം നൂറ്റാണ്ടു മുതൽ 12–ാം നൂറ്റാണ്ടുവരെ ഇവിടം കേന്ദ്രമാക്കി ഭരണം നടത്തിയ ചന്ദേലരാജവംശത്തിന്റെ നിർമിതികളാണ് ഈ സ്ഥലത്തിന് ആഗോളപ്രശസ്തി നേടിക്കൊടുത്തത്. ചരിത്രത്തിൽ രജപുത്ര രാജപരമ്പരയുടെ പിൻതുടർച്ചക്കാരാണ് ചന്ദേലർ. നന്നൂകയാണ് 9–ാം നൂറ്റാണ്ടിൽ ചന്ദേലരാജവംശം സ്ഥാപിച്ചത്. ആ കാലത്ത് അവർ പ്രതിഹാര രാജവംശത്തിന്റെ സാമന്തരായിരുന്നു. പിന്നീട് ചന്ദേലർ മധ്യ ഇന്ത്യയിലെ പ്രധാന ശക്തികളായിത്തീർന്നു. എ.ഡി. 9 മുതൽ 12–ാം നൂറ്റാണ്ടുവരെ ചന്ദേലരാജാക്കന്മാർ പണികഴിപ്പിച്ച ഖജുരാഹോയിലെ മനോഹരശിൽപങ്ങൾ നിറഞ്ഞ ക്ഷേത്രങ്ങളിൽ പലതും സഞ്ചാരികളെയും കലാസ്വാദകരെയും ചരിത്രകാരന്മാരെയും അദ്ഭുതപ്പെടുത്തിക്കൊണ്ട് ഇന്നും നിലനിൽക്കുന്നു. ചന്ദേല രാജവംശത്തിന്റെ പ്രതാപകാലത്ത് 85 ക്ഷേത്രങ്ങളുണ്ടായിരുന്നുവെന്നാണ് ചരിത്രകാരന്മാർ അവകാശപ്പെടുന്നത്. ഇന്ന് ഇരുപത്തിരണ്ട് ക്ഷേത്രങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ.

kh2

പശ്ചിമം, പൂർവം, ദക്ഷിണം എന്നിങ്ങനെ മൂന്നു ഭാഗങ്ങളിലായാണ് ഖജുരാഹോയിലെ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നത്. പശ്ചിമദിക്കിലെ ക്ഷേത്രസമുച്ചയമാണ് ഏറ്റവും പ്രധാനം. പിറ്റേ ദിവസം രാവിലെ നേരത്തെതന്നെ അവ കാണാൻ പുറപ്പെട്ടു. താമസിച്ചിരുന്ന ഹോട്ടലിൽ നിന്ന് അധികം ദൂരമില്ല ഇവിടേക്ക്. പശ്ചിമദിക്കിലെ ക്ഷേത്രങ്ങളാണു ശിൽപചാതുരിയിലും നിർമാണമികവിലും ഖജുരാഹോയിൽ മുന്നിട്ടു നിൽക്കുന്നത്. ആർക്കിയോളജി വകുപ്പിന്റെ കൗണ്ടറിൽ നിന്ന് 30 രൂപയുടെ ടിക്കറ്റെടുത്ത് ക്ഷേത്രസമുച്ചയത്തിലേക്ക് പ്രവേശിച്ചു. കർശനമായ പരിശോധനകളോടെയാണ് സഞ്ചാരികളെ അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. ക്ഷേത്രങ്ങൾക്കു ചുറ്റും നടപ്പാതകൾ പണിതും മനോഹരമായ ഉദ്യാനങ്ങളൊരുക്കിയും പശ്ചിമദിക്കിലെ ക്ഷേത്രങ്ങൾ ആർക്കിയോളജി വകുപ്പ് നന്നായി സംരക്ഷിച്ചിരിക്കുന്നു. ഈ ക്ഷേത്രസമുച്ചയത്തിന് മുൻപിലുള്ള റോഡിലൂടെ ഗതാഗതവും നിരോധിച്ചിട്ടുണ്ട്.

ക്ഷേത്രസമുച്ചയത്തിനകത്ത് ആദ്യംതന്നെ നമ്മൾ കടന്നുചെല്ലുക ‘വരാഹമന്ദിർ’ എന്ന മണ്ഡപത്തിലേക്കാണ്. വിഷ്ണുവിന്റെ അവതാരമായ വരാഹത്തിന്റെ വലിയ പ്രതിമ ഈ മണ്ഡപത്തിൽ കൊത്തിവച്ചിരിക്കുന്നു. വരാഹമന്ദിറിലെ വരാഹത്തിന്റെ ഉടലിൽ 672–ഒാളം ദേവതകളുടെയും ദേവന്മാരുടെയും കൊച്ചുശിൽപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. കാണാൻ പോകുന്ന ശിൽപ പ്രളയത്തിന്റെ, കാലത്തെ അതിജീവിച്ച നിർമിതികളുടെ തുടക്കമായിരുന്നു അത്. വരാഹമന്ദിറിന് സമീപമാണ് ലക്ഷ്മണക്ഷേത്രം. എന്താണ് ഖജുരാഹോ എന്നു ലക്ഷ്മണക്ഷേത്രം കാണുമ്പോൾതന്നെ നമുക്ക് ഊഹിക്കാം. ഉയർത്തിക്കെട്ടിയ തറയിൽ നിലകൊള്ളുന്ന ക്ഷേത്രം മണൽക്കല്ലുകൾ കൊണ്ടാണ് ഇതു നിർമിച്ചിട്ടുള്ളത്. ഖജുരാഹോയിലെ ഭൂരിഭാഗം ക്ഷേത്രങ്ങളും മണൽക്കല്ലുകൾകൊണ്ടാണ് നിർമിച്ചിട്ടുള്ളത്.

ശിൽപങ്ങളുടെ ധാരാളിത്തം

ലക്ഷ്മൺ ക്ഷേത്രത്തിന്റെ പുറം ചുവരുകളിൽ നിറയെ ശിൽപങ്ങൾ. ഇനി ഒരിടവും ബാക്കിയില്ലെന്ന മട്ടിൽ ശിൽപസമൃദ്ധമാണു ലക്ഷ്മണക്ഷേത്രം. ദേവീേദവന്മാരും അപ്സരസ്സുകളും സുരസുന്ദരിമാരും മൃഗങ്ങളും യുദ്ധവും നൃത്തവും െെമഥുനവുമെല്ലാം നിറഞ്ഞ വിസ്മയലോകമാണു ഇതിലെ ശിൽപങ്ങൾ സഞ്ചാരികളിൽ സൃഷ്ടിക്കുന്നത്. ചന്ദേല രാജവംശത്തിലെ പ്രസിദ്ധനായ യശോവർമന്റെ കാലത്ത് എ.ഡി. 950–ലാണ് ഈ ക്ഷേത്രം പണികഴിപ്പിക്കപ്പെട്ടത്. ലക്ഷവർമൻ എന്ന പേരിലറിയപ്പെട്ടിരുന്ന യശോവർമന്റെ കാലത്തു നിർമിച്ചതിനാലാണ് ഈ ക്ഷേത്രം ലക്ഷ്മൺക്ഷേത്രം എന്ന പേരിലറിയപ്പെടുന്നത്. മൂന്നു തലകളും നാലു െെകകളുമുള്ള െെവകുണ്ഠ വിഷ്ണുവാണ് ലക്ഷ്മണക്ഷേത്രത്തിലെ പ്രതിഷ്ഠ. ലക്ഷ്മൺക്ഷേത്രത്തിലെ ശിൽപങ്ങളിൽ ഒരു വിഭാഗം െെമഥുന ശിൽപങ്ങളാണ്. ഖജുരാഹോയിലെ മിക്ക ക്ഷേത്രങ്ങളിലും ഇത്തരം െെമഥുനശിൽപങ്ങൾ കാണാം. ഈ രതിശിൽപങ്ങളുടെ പേരിലാണ് ഖജുരാഹോ പുറംലോകത്ത് കൂടുതലറിയപ്പെട്ടതും വിമർശിക്കപ്പെട്ടതും. പല രീതികളിൽ സംഭോഗത്തിലേർപ്പെടുന്ന സ്ത്രീ–പുരുഷന്മാരെയും ഒന്നിൽക്കൂടുതൽ ഇണകളുമായി സംേഭാഗകലകളിൽ ഏർപ്പെടുന്നവരെയും െെമഥുനശിൽപങ്ങളിൽ കാണാം. താന്ത്രിക് യോഗവിദ്യയുടെയും കാമശാസ്ത്രത്തിന്റെയും വിവിധ ഭാവങ്ങളും സത്തയും ഈ െെമഥുനശിൽപങ്ങളിൽ വായിച്ചെടുക്കാം. ശിൽപങ്ങളിൽ സ്ത്രീസൗന്ദര്യത്തിന് പ്രത്യേക പരിഗണന നല്കിയിരിക്കുന്നതു കാണാം. ലക്ഷ്മൺക്ഷേത്രത്തിന്റെ തറയ്ക്കു ചുറ്റും ധാരാളം ശിൽപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ക്ഷേത്രത്തിനുള്ളിലും ശിൽപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ശ്രീകോവിലിലൊഴികെ ബാക്കിയെല്ലായിടത്തും ശിൽപങ്ങളുടെ ധാരാളിത്തം കാണാം.

kh3

ലക്ഷ്മൺക്ഷേത്രത്തിനു സമീപം തന്നെയാണു വിശ്വനാഥക്ഷേത്രം. ശിവനാണു മുഖ്യപ്രതിഷ്ഠ. ലക്ഷ്മൺ ക്ഷേത്രം പോലെ തന്നെ ശിൽപസമൃദ്ധമാണു വിശ്വനാഥക്ഷേത്രവും. രതിശിൽപങ്ങളും ഈ ക്ഷേത്രത്തിൽ ധാരാളം കാണാം. ഇതിനു സമീപമാണു നന്ദീക്ഷേത്രം സ്ഥിതിചെയ്യുന്നത്. കൂറ്റൻ നന്ദിയുടെ പ്രതിമ ഇവിടെ കാണാം. പാർവതീമന്ദിരവും സമീപം തന്നെ. നവവധൂവരന്മാർ ഫോട്ടോ ഷൂട്ടിനായി വിശ്വനാഥക്ഷേത്രത്തിൽ നിൽക്കുന്നതു കണ്ടു. എവിടെ ക്യാമറവച്ചാലും മനോഹരമായ ഫ്രെയിം മാത്രം ലഭിക്കുന്ന ഖജുരാഹോയിൽ വിവാഹഫോട്ടോ ഷൂട്ട് നടത്തുന്നവരോട് അൽപം അസൂയ തോന്നി.

കന്ദരീയ മഹാദേവക്ഷേത്രം

ഖജുരാഹോയിലെ ഏറ്റവും വലിയതും മഹത്തായതുമായ നിർമിതിയാണ് കന്ദരീയ മഹാദേവക്ഷേത്രം. ചന്ദേല രാജാക്കന്മാരുടെ ശിൽപകലയുടെ പൂർണത എന്നു കന്ദരീയ മഹാദേവക്ഷേത്രത്തെ വിശേഷിപ്പിക്കാം. നൂറടിയിലേറെ ഉയരമുള്ള ഈ ക്ഷേത്രം ഖജുരാഹോയിലെത്തുന്ന ഏതൊരു സഞ്ചാരിയുടെയും ശ്രദ്ധ പിടിച്ചുപറ്റും. വിദ്യാധരരാജാവാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഈ ക്ഷേത്രത്തിന്റെ അകത്തും പുറത്തുമായി എണ്ണൂറോളം ശിൽപങ്ങൾ കൊത്തിവച്ചിട്ടുണ്ട്. ഹിമാലയത്തെയും െെകലാസപർവതത്തെയും അനുകരിച്ചാണു കന്ദരീയ മഹാദേവക്ഷേത്രം നിർമിച്ചിട്ടുള്ളത്. ക്ഷേത്രത്തിന്റെ ശിഖരങ്ങൾ പ്രതിനിധാനം ചെയ്യുന്നത് ഹിമാലയത്തിലെ െെകലാസപർവതത്തെയാണ്. ശിൽപങ്ങളുടെ ധാരാളിത്തം കന്ദരീയ മഹാദേവക്ഷേത്രത്തിലും കാണാം. ശിവലിംഗമാണ് മുഖ്യപ്രതിഷ്ഠ. ദേവീദേവന്മാരും അപ്സരസ്സുകളും സുന്ദരിമാരും യോദ്ധാക്കളും കാമകേളികളിൽ ഏർപ്പെടുന്നവരുമെല്ലാം ശിൽപങ്ങളുടെ കൂട്ടത്തിലുണ്ട്. ക്ഷേത്രത്തിലേക്കു കയറുന്ന ഒാരോരുത്തരും വിസ്മയഭരിതരായിട്ടാണ് പുറത്തേക്കിറങ്ങുന്നത്. ഇതിനുമപ്പുറത്തേക്ക് മറ്റൊന്നുമില്ല എന്ന പ്രതീതിയാണ് ഒാേരാ സഞ്ചാരിയുടെ മുഖത്തും. ശിൽപങ്ങളുടെ കൂട്ടത്തില ഗംഗ, യമുനാദേവിമാരുടെ ശിൽപവും ക്ഷേത്രത്തിൽ കൊത്തിവച്ചിട്ടുണ്ട്. കൂടുതൽ നേരം നിന്നാൽ ശിലാസുന്ദരിമാരെ പ്രണയിച്ചുപോകുമോയെന്ന് വരെ ഞാൻ ഭയപ്പെട്ടു. അത്ര സൂക്ഷ്മമാണ് ഒാേരാ ശിൽപത്തിന്റെയും ഉടലളവുകളുടെ നിർമിതി. എഴുത്തെഴുതുന്ന കന്യകമാരും വിരഹിണികളായ സുന്ദരിമാരും രതിക്രീഡയിൽ വിവശരായവരുമെല്ലാം അക്കൂട്ടത്തിലുണ്ട്. എ.ഡി. 1025നും എ.ഡി. 1035നും ഇടയിലാണ് ഈ ക്ഷേത്രം പണികഴിക്കപ്പെട്ടത്. കന്ദരീയ മഹാദേവക്ഷേത്രത്തിനു സമീപമാണു ജഗസംബദേവീക്ഷേത്രവും ചിത്രഗുപ്തക്ഷേത്രവും നിലകൊള്ളുന്നത്.

പൂർവ, ദക്ഷിണ ക്ഷേത്രങ്ങൾ

kh4

പിന്നീടുള്ള ദിവസങ്ങൾ പൂർവദിക്കിലെയും ദക്ഷിണഭാഗത്തെയും ക്ഷേത്രങ്ങൾ സന്ദർശിക്കാനാണ് മാറ്റിവച്ചത്. പിറ്റേന്നു രാവിലെ നേരത്തേതന്നെ ഒാട്ടോറിക്ഷയിൽ പൂർവദിക്കിലെ ക്ഷേത്രങ്ങളിലേക്ക് ഞങ്ങൾ യാത്രതിരിച്ചു. പൂർവദിക്കിലെ ക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നതു ഖജുരാഹോ ഗ്രാമത്തിനു സമീപം തന്നെയാണ്. ഇതിൽ മൂന്നു ക്ഷേത്രങ്ങൾ െെജനക്ഷേത്രങ്ങളാണ്. അതിൽ ആദ്യം കാണാനാവുക ശാന്തിനാഥക്ഷേത്രമാണ്. ഒരു ആധുനിക െെജനക്ഷേത്രമാണ് ശാന്തിനാഥക്ഷേത്രം. സമീപത്തു തന്നെയാണ് പാർശ്വനാഥക്ഷേത്രവും ആദിനാഥക്ഷേത്രവും. പത്താം നൂറ്റാണ്ടിൽ പണികഴിപ്പിക്കപ്പെട്ട ഈ ക്ഷേത്രങ്ങളും ഖജുരാഹോയിലെ മറ്റു ക്ഷേത്രങ്ങളുടെ മാതൃകയിൽ തന്നെയാണു പടുത്തുയർത്തിയിട്ടുള്ളത്. വിശ്വനാഥക്ഷേത്രം പണികഴിപ്പിച്ച ധംഗരാജാവാണ് പാർശ്വനാഥക്ഷേത്രവും പണികഴിപ്പിച്ചത്. മറ്റു സുന്ദരമായ ശിൽപങ്ങളെപ്പോല രതിശിൽപങ്ങളും ഇവിടെ കാണാം. പശ്ചിമദിക്കിലെ ക്ഷേത്രങ്ങളിലെ സഞ്ചാരികളുടെ തിരക്ക് ഇവിടെ അനുഭവപ്പെട്ടില്ല. ശാന്തമായ അന്തീക്ഷം. എഴുതുന്ന സുന്ദരിയുടെയും കുട്ടിയെ എടുത്തു നില്ക്കുന്ന സുന്ദരിയുടെയുമെല്ലാം ശിൽപങ്ങൾ മനോഹരമാണ്. െെജനതീർഥങ്കരനായ പാർശ്വനാഥനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആദിനാഥക്ഷേത്രത്തിനു പാർശ്വനാഥക്ഷേത്രത്തെ അപേക്ഷിച്ചു വലുപ്പം കുറവാണ്. നിർമാണ െെശലിയിൽ പാർശ്വനാഥ ക്ഷേത്രത്തിനോടു സാമ്യമുണ്ട്. െെജനമതത്തിലെ ആദ്യ തീർഥങ്കരനായ ഋഷഭദേവൻ എന്ന പേരിലറിയപ്പെടുന്ന ആദിനാഥന്റെ പേരിലുള്ളതാണ് ഈ ക്ഷേത്രം. പതിനൊന്നാം നൂറ്റാണ്ടിൽ കീർത്തിവർമൻ പണികഴിപ്പിച്ചതാണ് ഈ ക്ഷേത്രം. പഴയ ആദിനാഥ പ്രതിമ നഷ്ടപ്പെട്ടതിനാൽ ആ സ്ഥാനത്ത് മറ്റൊരു ആദിനാഥപ്രതിമയാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. നർത്തകിമാരുടെയും ദർപ്പണം നോക്കുന്ന സുന്ദരിമാരുടെയുമെല്ലാം സുന്ദരശിൽപങ്ങൾ ഇവിടെ കാണാം. െെജനക്ഷേത്രത്തിൽ നിന്നും ഞങ്ങളിറങ്ങുമ്പോൾ സഞ്ചാരികളുടെ തിരക്ക് തുടങ്ങി.

പൂർവദിക്കിലെ െെജനക്ഷേത്രങ്ങളൊഴികെയുള്ളവ സ്ഥിതിചെയ്യുന്നതു ഖജുരാഹോ തടാകത്തിനു സമീപമാണ്. കിഴക്കുഭാഗത്തെ ഒരു പ്രധാന ക്ഷേത്രമായ വാമനക്ഷേത്രം പണികഴിപ്പിച്ചത് വിജയപാല രാജാവാണ്. വിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനന്റെ പ്രതിഷ്ഠയാണ് ഈ ക്ഷേത്രത്തിലുള്ളത്. വാമനക്ഷേത്രത്തിൽ നിന്ന് അധികം അകലെയല്ലാതെയാണ് ജാവരിക്ഷേത്രം സ്ഥിതിചെയ്യുന്നത്. ജാവരിക്ഷേത്രത്തിലെ വിഷ്ണുപ്രതിഷ്ഠയുടെ ശിരസ്സ് നഷ്ടമായിരിക്കുന്നു. ഒരുപക്ഷേ പിൽക്കാല ആക്രമണങ്ങളിലോ മറ്റോ ആയിരിക്കാം ഈ അംഗഭംഗം വന്നത്. ആദിനാഥക്ഷേത്രം പണികഴിപ്പിച്ച കീർത്തി വർമൻ തന്നെയാണു ജാവരി ക്ഷേത്രവും പണികഴിപ്പിച്ചത്. ഖജുരാഹോ തടാകത്തിനു സമീപം തന്നെയാണു ചെറിയതും പഴയതുമായ നിർമിതമായ ബ്രാഹ്മണക്ഷേത്രം സ്ഥിതിചെയ്യുന്നത്. എ.ഡി. 900–ത്തിനോടടുത്താണ് ഈ ക്ഷേത്രം നിർമിച്ചിരിക്കുന്നതെന്ന് കരുതുന്നു. ബ്രഹ്മക്ഷേത്രത്തിനടുത്തുതന്നെ തദ്ദേശീയരുടെ ഭവനങ്ങളും കാണാം.

വിശുദ്ധനായ നവവരൻ

ദുലാദേവ് ക്ഷേത്രം, ചതുർഭുജക്ഷേത്രം എന്നിവയാണു ദക്ഷിണഭാഗത്തെ പ്രധാന ക്ഷേത്രങ്ങൾ. ഖജുരാഹോ ഗ്രാമത്തിലൂടെയാണ് ദക്ഷിണഭാഗത്തെ ക്ഷേത്രങ്ങളിലേക്കുള്ള യാത്ര. ദുലാദേവ്ക്ഷേത്രം ചുറ്റും മതിൽകെട്ടി, ഒരു ഉദ്യാനമൊക്കെ സൃഷ്ടിച്ചു മനോഹരമാക്കിയിരിക്കുന്നു. ഖജുരാഹോയിൽ ഇതുവരെ കണ്ട ക്ഷേത്രങ്ങളിൽനിന്നു നിർമാണത്തിൽ അല്പം വ്യത്യസ്തത തോന്നി ദുലാദേവ്ക്ഷേത്രത്തിന്. ദുലാദേവ് എന്ന വാക്കിനർഥം ‘വിശുദ്ധനായ നവവരൻ’ എന്നാണ്. ശിവനാണ് ഈ ക്ഷേത്രം സമർപ്പിച്ചിരിക്കുന്നത്. വലിയ ഒരു ശിവലിംഗം ക്ഷേത്രത്തിനുള്ളിൽ പ്രതിഷ്ഠിച്ചിട്ടുണ്ട്. ഈ ശിവലിംഗത്തിനു ചുറ്റും 999 ചെറിയ ശിവലിംഗങ്ങൾ കൂടി കൊത്തിവച്ചിട്ടുണ്ട്. ഒരു തവണ ക്ഷേത്രം പ്രദക്ഷിണം ചെയ്താൽ ആയിരം തവണ ശിവലിംഗപ്രതിഷ്ഠയെ വലംവെച്ച ഫലം ലഭിക്കാനാണത്രെ ഇങ്ങനെ ചെയ്തിട്ടുള്ളത്. ക്ഷേത്രത്തിന്റെ പുറംചുവരുകളിൽ െെമഥുനശിൽപങ്ങളടക്കം ധാരാളം ശിൽപങ്ങൾ കാണാം. ഒാേരാ ശിൽപവും വ്യത്യസ്തമാണ്. എ.ഡി. 1100–1150നും ഇടയിലാണ് ഈ ക്ഷേത്രം നിർമിക്കപ്പെട്ടതെന്ന് കരുതുന്നു.

ദക്ഷിണഭാഗത്തെ മറ്റൊരു ക്ഷേത്രമാണ് ചതുർഭുജക്ഷേത്രം. ഖജുരാഹോയിൽ രതിശിൽപങ്ങളില്ലാത്ത ക്ഷേത്രമെന്ന പ്രത്യേകതയും ചതുർഭുജക്ഷേത്രത്തിനുണ്ട്. നാലു െെകകളുള്ള വലിയ വിഷ്ണുവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. 11–ാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണികഴിപ്പിക്കപ്പെട്ടത്. ചതുർഭുജക്ഷേത്രത്തിൽ നിന്നു കുറച്ചുമാറി തകർന്ന ഒരു ക്ഷേത്രത്തിന്റെ ഭാഗങ്ങളും സന്ദർശിക്കാനിടയായി.

പശ്ചിമദിക്കിലെ പ്രധാന ക്ഷേത്രങ്ങൾക്കു സമീപം തന്നെയാണ് ആർക്കിയോളജി വകുപ്പിന്റെ മ്യൂസിയം. പുതിയൊരു മ്യൂസിയവും അവിടെനിന്ന് അല്പം മാറി തുടങ്ങിയിട്ടുണ്ട്. പ്രധാന ക്ഷേത്രസമുച്ചയം കാണാൻ ആർക്കിയോളജി വകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിൽ നിന്നെടുത്ത 30 രൂപയുടെ ടിക്കറ്റ് മതി ഇവിടെയും പ്രവേശിക്കാൻ. ഖജുരാഹോയിൽ നിന്നു ഉദ്ഖനനത്തിലൂടെ പുറത്തെടുത്ത ശിൽപങ്ങളും ശിലാലിഖിതങ്ങളും മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ആർക്കിയോളജി വകുപ്പിന്റെ ഈ മ്യൂസിയങ്ങളും പശ്ചിമദിക്കിലെ പ്രധാന ക്ഷേത്രസമുച്ചയവും ഒരിക്കൽക്കൂടി സന്ദർശിച്ചാണു ഖജുരാഹോയിൽ നിന്നു ഞങ്ങൾ മടങ്ങിയത്.

രതിയിൽ നിന്ന് മോക്ഷത്തിലേക്ക്

ഈന്തപ്പനകൾക്കു ഹിന്ദിയിലുള്ള പേരാണ് ഖാജുർ. ഖാജുർ മരങ്ങൾ ധാരാളമായി നിന്നിരുന്ന സ്ഥലമായതുകൊണ്ടാണ് ഖജുരാഹോയ്ക്ക് ആ പേര് ലഭിച്ചതെന്നു കരുതുന്നു. ജീവിതത്തിന്റെ, ആസക്തികളുടെ, കാമനകളുടെ വലിയൊരു ചോദ്യമാണ് അത് നമ്മിലുയർത്തുന്നത്. ക്ഷേത്രങ്ങളിൽ െെമഥുനശിൽപങ്ങളും കാമകേളികളും പച്ചയായി ആവിഷ്കരിച്ച ഖജുരാഹോ ക്ഷേത്രങ്ങൾ എന്താണ് അർഥമാക്കുന്നത്? െെലംഗികതയെ പാപമായി കാണാത്ത, ജീവിതത്തിന്റെ ഒരു ഭാഗമായി കണ്ട ജനതയായിരുന്നു ചന്ദേലരാജവംശവും അക്കാലത്തെ ജനസമൂഹവുമെന്നു വ്യക്തം. രതിയിൽ നിന്നും മോക്ഷത്തിലേക്ക് എന്ന ദർശനമായിരുന്നുവോ ഖജുരാഹോ ക്ഷേത്രങ്ങളുടെ നിർമാണത്തിനു പിന്നിലുണ്ടായിരുന്നത്!

ഖജുരാഹോ ക്ഷേത്രങ്ങളിൽ നിന്നു മടങ്ങുമ്പോൾ ചന്ദേലരാജാക്കന്മാരെയും ക്ഷേത്രങ്ങളിലെ ജീവസ്സുറ്റ ശിൽപങ്ങൾ നിർമിച്ച ശില്പികളെയും ഉന്നതമായ ജീവിതവീക്ഷണം പുലർത്തിയിരുന്ന അക്കാലത്തെ ജനസമൂഹത്തെയും സ്മരിച്ചുപോയി. ഇത്ര സൂക്ഷ്മവും മനോഹരവും തീക്ഷ്ണവുമായ ശിൽപങ്ങൾ സൃഷ്ടിക്കാൻ യഥാർഥ കലാകാരനേ സാധിക്കൂ. എത്രയോ ശില്പികളുടെ, അവർക്ക് നേതൃത്വം കൊടുത്ത ചന്ദേലരാജവംശത്തിന്റെ ഒാർമകളുമായി ഖജുരാഹോയിൽ നിന്നു ഞങ്ങൾ മടങ്ങി. എല്ലാ ആസക്തികളും ശമിച്ചവരെപ്പോലെ!