Friday 03 April 2020 05:06 PM IST : By Nirmal Roy

വടക്കു കിഴക്കിന്റെ സൗന്ദര്യറാണി

sikkim1

പശ്ചിമബംഗാളിനെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ചിക്കൻ നെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്നു സിക്കിം. വടക്കുകിഴക്കിന്റെ സൗന്ദര്യറാണികളിലൊന്ന്. ഹിമാലയത്തിന്റെ മഞ്ഞിൻ കുളിരും നിർമലമായ പ്രകൃതിയുടെ മനോഹാരിതയും ബുദ്ധദർശനങ്ങളേകുന്ന ശാന്തിയും ആണ് ഇവിടേക്ക് സഞ്ചാരികളെ ആകർഷിക്കുന്നത്. ആളും ബഹളവും ഇല്ലാതെ സ്വച്ഛമായ അന്തരീക്ഷത്തിൽ വിശ്രമിക്കാനും മലമടക്കുകളുടെ സാഹസികതയിലേക്ക് അടിപതറാതെ നടന്നു കയറാനും മഞ്ഞുറഞ്ഞ തടാകങ്ങളിൽ അലസമലസം നടക്കാനും ആഗ്രഹിക്കുന്നവർ മടിച്ചു നിൽക്കേണ്ട. ഫോട്ടോഗ്രഫിയിൽ ആനന്ദവും ആവേശവും തേടുന്നവരുടെ സ്വപ്നലോകമാണ് ഈ സംസ്ഥാനം. സമുദ്രനിരപ്പിൽനിന്നും 300 മീ ഉയരത്തിലുള്ള സ്ഥലം മുതൽ 8556 മീ ഉയരമുള്ള, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ കൊടുമുടിയായ കാഞ്ചൻജംഗയുടെ ഹിമശിഖരം വരെ ഇവിടെ വിരുന്നൊരുക്കുന്നു.

sikkim2

ഗാംഗ്ടോക്ക്

അതിഭാവുകത്വങ്ങളില്ലാത്ത ഒരു നഗരമാണ് സിക്കിമിന്റെ തലസ്ഥാനമായ ഗാംഗ്ടോക്ക്. ടിബറ്റുമായി ഭൂമിശാസ്ത്രപരമായും സാമൂഹികമായുമുള്ള തുടർച്ചയെന്നോണം ബുദ്ധിസത്തിന്റെ വർണക്കാഴ്ചകളാണ് ഈ ചെറുനഗരത്തെ ദീപ്തമാക്കുന്നത്. കാഞ്ചൻജംഗയെ ഒരുനോക്ക് കാണാനും ഗാംഗ്ടോക്ക് അവസരമൊരുക്കുന്നുണ്ട്. കാഞ്ചൻ ജംഗയുടെ താഴ്‌വരകൾ ഹരിതാഭവും മനോഹരമായ ചെറുവെള്ളച്ചാട്ടങ്ങളണിഞ്ഞ് സുന്ദരിയായി കാണപ്പെട്ടു. നംഗ്യാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടിബറ്റോളജി പരമ്പരാഗത ടിബറ്റൻ ശൈലിയിലുള്ള കെട്ടിടത്തിലാണ് നംഗ്യാൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്. വജ്രയാനബുദ്ധിസത്തിന്റെ വലിയൊരു മ്യൂസിയംകൂടിയാണ് ഈ സ്ഥാപനം. കാലങ്ങളോളം പഴക്കംചെന്ന താളിയോല ഗ്രന്ഥങ്ങളും ടിബറ്റൻ ടാങ്കകളും ഒക്കെ കാണാൻ ഇവിടെ അവസരമുണ്ട്.

റുംടെക് മൊണാസ്ട്രി

ഗാംഗ്ടോക്കിനു സമീപം പച്ചപുതച്ചൊരു താഴ്‌വരയിലാണ് പൗരാണികമായ റുംടെക് മൊണാസ്ട്രി. കഗ്യുബുദ്ധിസത്തിന്റെ ഇന്നത്തെ ഏറ്റവും പ്രധാനസങ്കേതമാണ് ഇവിടം. ഓമനത്തമുള്ള മുഖത്തോടെയും കുട്ടിത്തത്തിന്റെ കുസൃതികളോടെയും വരവേറ്റ കുട്ടിലാമമാരെ മുതൽ മനുഷ്യന്റെ ജീവിതയാതനകളെ ദാർശനികതത്ത്വങ്ങളുടെ പ്രകാശത്തിൽ നോക്കിക്കാണുന്ന ബുദ്ധസന്ന്യാസിമാരെ വരെ ഇവിടെ കണ്ടുമുട്ടാനാകുന്നു. റുംടെക് മൊണാസ്ട്രിയിലേക്ക് പ്രവേശിക്കുമ്പോഴേ നമ്മുടെ ശ്രദ്ധയിൽപ്പെടുക താന്ത്രികബുദ്ധമതത്തിന്റെ ചായക്കൂട്ടിൽ വരച്ചിട്ടിരിക്കുന്ന ചുമർചിത്രങ്ങളാണ്. ടിബറ്റൻ താന്ത്രികബുദ്ധിസം വളരെ നിഗൂഢവും വിസ്മയപ്പെടുത്തുന്നതുമാണെന്നാണ് അതിനെക്കുറിച്ച് പഠിച്ചിട്ടുള്ളവർ അഭിപ്രായപ്പെട്ടിട്ടുള്ളത്. അതുപോലെതന്നെ വളരെ നിഗൂഢതകൾനിറഞ്ഞതാണ് ഇവിടുത്തെ ചുമർചിത്രങ്ങളിൽ കാണപ്പെടുന്ന രൂപങ്ങളും ചിഹ്നങ്ങളുമൊക്കെ. വാതിലുകളും കട്ടിളകളുമൊക്കെ അതിമനോഹരമായ പാറ്റേണുകളാൽ അലങ്കരിക്കപ്പെട്ടിട്ടുണ്ട്. ആചാരാനുഷ്ഠാനാങ്ങളുടെ ഭാഗമായി ബുദ്ധഭിക്ഷുക്കൾ സവിശേഷമായ കാഹളങ്ങളും മറ്റു വാദ്യഘോഷങ്ങളും മുഴക്കുന്നു. കണ്ണിനും കാതിനും കൗതുകം പകരുന്നു റുംടെക് മൊണാസ്ട്രി. സിക്കിമിന്റെ മനോഹാരിതയിൽ ഹിമാലയത്തിനും വിശേഷസ്ഥാനമുണ്ട്.

sikkim3

ഗുരുദോങ്മർ തടാകം

വടക്കൻ സിക്കിമിൽ സോപ്ത താഴ്‌വരയിൽനിന്നും 30 കി. മീ യാത്ര ചെയ്താൽ ഗുരുദോങ്മർ തടാകക്കരയിൽ എത്താം. ലോകത്തിലെ ഉയരംകൂടിയ സ്ഥലങ്ങളിലുള്ള തടാകങ്ങളിൽ ഒന്നാണ് സമുദ്രനിരപ്പിൽനിന്നും 5150 മീ ഉയരത്തിലുള്ള ഈ ജലാശയം. വർഷത്തിൽ ഏതാണ്ട് മുഴുവൻ സമയം മഞ്ഞുറഞ്ഞു കിടക്കുന്ന ഇവിടം ബുദ്ധമതക്കാരുടെ ഒരു തീർത്ഥാടനസ്ഥലം കൂടിയാണ്. മഞ്ഞണിഞ്ഞ കൊടുമുടികൾ ചുറ്റും കാണാം, അവയ്ക്ക് മാറ്റു കൂട്ടുവാനെന്ന പോലെ പലനിറങ്ങളിലുള്ള ബുദ്ധപതാകകളും. വടക്കൻ സിക്കിമിൽ ലാചങും യുംതാങ് താഴ്‌വരയും യാത്രികർക്ക് ഒഴിവാക്കാനാകില്ല.

sikkim4