Saturday 01 December 2018 03:30 PM IST : By K.J Siju

ധനുഷ്കോടി ഇനി പഴയ ധനുഷ്കോടിയല്ല, അരിച്ചൽ മുനൈയും; മധുര സ്മരണയുടെ ഗൃഹാതുരത്വം പേറിയൊരു യാത്ര!

dan

യാത്രകൾ ഇഷ്ടപ്പെടുന്നവരോട് ധനുഷ്കോടിയെപ്പറ്റി വിവരിക്കേണ്ടതില്ല. നൂറുക്കണക്കിന് വിവരണങ്ങളിലൂടെ ഇനിയും പോകാത്തവർക്കും അത് കാണാപ്പാഠമായിക്കഴിഞ്ഞിരിക്കും. 20 കൊല്ലം മുമ്പാണ് ആദ്യമായി ധനുഷ്കോടിയിൽ പോയത്. മിനി ബസിന്റെ മുകളിൽ കയറിയിരുന്നും ഫോർവീൽ ജീപ്പിന്റെ പിന്നിൽ തൂങ്ങിയും മണലിലും വെള്ളത്തിലുമൊക്കെയായി ഒരു ധനുഷ്കോടി യാത്ര. അവിടെ നിന്ന് രണ്ട് കടലുകൾ സംഗമിക്കുന്ന അരിച്ചൽ മുനൈ എന്ന മുനമ്പിലേക്കും. സന്ദർശകർ എന്ന് പറയാവുന്നത് വിരലിൽ എണ്ണാവുന്നവർ മാത്രം. പോയേ തീരു എന്ന നിർബന്ധബുദ്ധിയാൽ മാത്രം എത്തുന്നവർ. ബാക്കിയൊക്കെ ത ദ്ദേശ വാസികൾ. മീൻ മണക്കുന്ന കുട്ടകൾ. പരിസ്ഥിതിനാശം വരാത്ത കടലോരം. ഇക്കാലമത്രയും അതങ്ങനെ തന്നെയായിരുന്നു. ഇക്കഴിഞ്ഞ ജൂലൈ അവസാന വാരം വരെ.

da1

പുതിയ മുഖം

ധനുഷ്കോടിയും അരിച്ചൽ മുനൈയും ഇപ്പോ ൾ ദേശീയപാതയുടെ ഭാഗമാണ്. ചെന്നൈ ഐഐടിയുടെ സാങ്കേതിക സഹായത്തോടെ മൂന്നു വർഷത്തെ ശ്രമത്തിനു ശേഷം ദേശീയ പാത അതോറിറ്റി അവിടൊരു റോഡ് പണിതു. മുകുന്ദരായർചത്രം മുതൽ ധനുഷ്കോടി വഴി അരിച്ചൽ മുനൈ മുനമ്പ് വരെ 9.5 കിലോമീറ്റർ ദൂരത്തിൽ കണ്ടാൽ കൊതിക്കും പോലൊരു റോഡ്. വേണ്ടി വന്നാൽ വിമാനത്തിന്റെ റൺവേ പോലെ ഉപയോഗിക്കാവുന്ന വളവുകളില്ലാത്ത ഈ പാത 2017 ജൂലൈ 27 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമർപ്പിച്ചത്. മിനിബസ്, ജീപ്പ് ഉടമകൾ ഒഴികെയുള്ള തദ്ദേശ വാസികൾ തികച്ചും സന്തോഷത്തിലാണ്. 1964 ഡിസംബർ 22 രാത്രിയിൽ കടലെടുത്തു കൊണ്ടുപോയ ധനുഷ്കോടിയുടെ പ്രതാപം അരനൂറ്റാണ്ടുകാലത്തെ പ്രേതകാലത്തിനു ശേഷം തിരികെയെത്താൻ പോവുകയാണ്. ശ്രീലങ്കയിലേക്കുള്ള കടലെടുത്തു പോയ തീവണ്ടിപ്പാതയുടെ സ്ഥാനത്ത് അവർക്ക് പുതിയ ദേശീയപാത 87 സ്വന്തമാവുകയാണ്. ജീവിതം മാറിമറിയും. വികസനം വരും. അടിസ്ഥാന സൗകര്യങ്ങൾ വരും. ടൂറിസ്റ്റുക ൾ വരും. വരുമാനം വരും.

da3

പോപ്പുലർ ടൂറിസം സ്പോട്ട്

ധനുഷ്കോടി ഇനി പഴയ ധനുഷ്കോടിയല്ല. അരിച്ചൽ മുനൈയും. ബസും കാറും ഓട്ടോയും ബൈക്കുമൊക്കെ ഓടിയെത്തുന്ന പുതിയ ധനുഷ് കോടി, ഗോസ്റ്റ് ടൗൺ എന്നുള്ള വിളിപ്പേരു പോലും ഉടനെ നഷ്ടപ്പെടുന്ന രീതിയിൽ വികസിക്കുകയാണ്. കടകളും കച്ചവടവും ആബാലവൃദ്ധം സന്ദർശകരുമായി. പാതയോരങ്ങൾ കച്ചവടക്കാർ കയ്യടക്കിക്കഴിഞ്ഞു. ഇരുസമുദ്ര സംഗ മം ജനസാഗര സംഗമമാവുകയുമാണ്. നല്ല കാര്യം. രാമേശ്വര തീർഥാടകർ മുഴുവൻ ഇവിടെ ഇനി ഒഴുകി അല്ല ഓടിയെത്തും. കുറച്ച് പേർ മാത്രം പോകാറുണ്ടായിരുന്ന ഇവിടം എല്ലാവർക്കും പ്രാപ്യമാവുകയാണ്.

കന്യാകുമാരിയൊക്കെപ്പോലെ ടൂറിസ്റ്റ് മാപ്പിലെ ഒരു ജനപ്രിയ അടയാളം ആവുകയാണ് ധനുഷ്കോടി. അമ്പതു കൊല്ലം കൊണ്ട് വന്ന മൊത്തം ടൂറിസ്റ്റുകളേക്കാൾ കൂടുതൽ പേർ റോഡ് തുറന്ന് മൂന്നു മാസം കൊണ്ട് ഇവിടെ വന്നിട്ടുണ്ടാവുമെന്ന് പഴയ ജീപ്പ് ഡ്രൈവർ പറഞ്ഞത് അതിശയോക്തിയാവണമെന്നില്ല.

da4

കാത്തുസൂക്ഷിക്കണം ആ പഴയ മുഖം

അന്ന്, 53 വർഷം മുമ്പ് ഇതുപോലൊരു ഡിസംബറിലാണ് രാക്ഷസത്തിരമാലകൾ ധനുഷ്കോടിയെ വിഴുങ്ങിയത്. ഒാർമകൾക്കായി ബാക്കിവച്ച തകർന്ന പള്ളിയും സ്കൂളും സർക്കാർ ഒാഫീസ് കെട്ടിടങ്ങളും കടൽത്തീരത്തെ ശുദ്ധജലമുള്ള കിണറുമെല്ലാമായിരുന്നു ധനുഷ്കോടി തേടിപ്പോയവരുടെ കൗതുകക്കാഴ്ചകളിൽ നിറഞ്ഞത്. അതുകണ്ട് ചിലർ ജീവിതത്തിന്റെ നിസ്സാരതയെയും നൈമിഷികതയെയും കുറിച്ച് ഒാർത്ത് തത്വചിന്തകരായി. കടൽവഴിയുള്ള ജീപ്പ്, ടെംപോ സഞ്ചാരം യാത്രികരുടെ മനസ്സിലെ സാഹസികതയ്ക്ക് സംതൃപ്തി നൽകി.

തദ്ദേശിയർ പ്രേതഭൂമി കാണാൻ വരുന്നവർക്ക് കാഴ്ചവസ്തുക്കളും ലഘുഭക്ഷണവുമൊരുക്കിയ ഒാല ഷെഡുകളിൽ ജീവിതത്തെ കരുപ്പിടിപ്പിച്ചു. അവരിൽ കുട്ടികളടക്കം ധനുഷ്കോടിയുടെ കഥകൾ തൊങ്ങലുകൾ ചേർത്ത് മുനമ്പ് കാണാൻ വരുന്നവർക്ക് മുമ്പിൽ അവതരിപ്പിച്ച് സ്വയം ‘ടൂറിസ്റ്റ് ഗൈഡുകളായി’ വരുമാനം കണ്ടെത്തി. ഇത്തരം കാഴ്ചകളെല്ലാം ഇനി എത്രകാലം? ഇന്നലെകളിലെ ഈ കാഴ്ചകളിലേക്കുള്ള വികസനത്തിന്റെ കറുത്ത പരവതാനി ആകരുത് ഈ റോഡ്. കാത്തുസൂക്ഷിക്കണം ധനുഷ്കോടിയുടെ ഇന്നലെകൾ.

da2

രാമേശ്വരം ക്ഷേത്രപരിസരത്തു നിന്നു മൂന്ന്, ഏഴ് നമ്പർ ബസുകൾ മുനമ്പിലേക്കുള്ളതാണ്. അര മണിക്കൂർ ഇടവിട്ട് അവ ട്രിപ്പുകൾ നടത്തുന്നുണ്ട്. 22 രൂപയാണ് ടിക്കറ്റ് നിരക്ക്. വാഹനങ്ങളുടെ ആധിക്യവും അവയുണ്ടാക്കുന്ന ആഘാതവും കുറയ്ക്കുന്നതിനായി പുതിയ റോഡിൽ സന്ദർശക വാഹനങ്ങൾ നിരോധിക്കാൻ നീക്കമുണ്ട്. മുകുന്ദരായർ ചത്രത്തിലെ പുതിയ പാർക്കിങ് സ്ഥലം പൂർത്തിയാവുന്നതോടെ വാഹനങ്ങളെ അവിടം വരെ മാത്രം അനുവദിക്കുകയും തുടർന്ന് പത്തു രൂപാ നിരക്കിൽ അങ്ങോട്ടുമിങ്ങോട്ടും ഓരോ ഷട്ടിൽ സർവീസുകൾ തുടങ്ങാനും ഒപ്പം നഗരത്തിൽ നിന്നും തദ്ദേശ വാസികൾക്കായി നാല് ബസുകൾ മാത്രം അനുവദിക്കാനുമാണ് പദ്ധതി.

എങ്കിലും യാത്രികരിൽ എന്നും മധുര സ്മരണയുടെ ഗൃഹാതുരത്വം ബാക്കി വച്ചിരുന്ന ആ പഴയ ധനുഷ്കോടി ഇനിയുണ്ടാവണം... എന്നാൽ, ജീപ്പുകൾ കുന്നുകയറിത്തുടങ്ങിയപ്പോൾ കുടജാദ്രിക്ക് വന്ന മാറ്റം പോലെ ഇവിടവും മാറുകയാണ്. ഈ ധനുഷ്കോടി പുതിയതാണ്. സൂക്ഷിച്ചില്ലേൽ, ഒരുപക്ഷേ അപകടകരമാംവിധം പുതിയത്; പ്രകൃതിക്കും മനുഷ്യനും. എങ്കിലും യാത്രകൾ നടക്കട്ടെ. അതിനു പകരം വയ്ക്കാൻ മറ്റെന്തുണ്ട്...

da5