Monday 24 February 2020 03:44 PM IST

കണ്മുന്നിൽ വെട്ടിച്ചിറ സൈമണും ഡാഡി ഗിരിജയും ജോൺ ഹോനായിയും വരെ; മനസ്സും വയറും ‘കൂൾ’ ആക്കാൻ അധോലോകം!

Akhila Sreedhar

Sub Editor

Photo: Tibin Augustine

‘ഈ അധോലോകം അധോലോകം എന്ന് കേട്ടിട്ടുണ്ടോ? യെസ് െഎ മീൻ ‘അണ്ടർ വേൾഡ്’. ദാവൂദ് ഇബ്രാഹിം ചാലക്കുടി വഴി വെറുതെ ഇങ്ങനെ പോയപ്പോൾ കെട്ടിപ്പൊക്കിയ അധോലോകമല്ല. ഞാനും അപ്പനും അപ്പന്റെ പെങ്ങൾ സുഭദ്രയും അടക്കിവാഴുന്ന അധോലോകം. വെട്ടിച്ചിറ സൈമണും ഡാഡി ഗിരിജയും ജോൺ ഹോനായിയും ഡേവിഡ് നൈനാനും കീരിക്കാടൻ ജോസും ഒരു വിളിയ്ക്കായി കാത്തുനിൽക്കുന്ന അധോലോകം. രുചിയുള്ള വല്ലതും കഴിക്കാൻ കിട്ടുമോ എന്ന് അന്വേഷിച്ചിറങ്ങുന്നവരെയും ചൂട് സഹിക്കാൻ വയ്യാതെ ദാഹിച്ച് വലഞ്ഞിരിക്കുന്നവരെയും റാവുത്തർക്ക് മുന്നിലോ ആനക്കാട്ടിൽ ഈപ്പച്ചനു മുന്നിലോ എത്തിക്കാം. വഴക്കിട്ട് കരയുന്ന കുട്ടികൾക്ക് മുന്നിൽ മായാവിയെയും കുട്ടൂസനെയും ലുട്ടാപ്പിയെയും വരെ വിളിച്ചുവരുത്താം’. പറഞ്ഞുവരുന്നത് അധോലോകം അഥവാ ഒരു കട്ടലോക്കൽ െഎസ്ക്രീം കടയുടെ തണുത്തുറഞ്ഞ മധുരം നിറച്ച അൽപ്പം ‘സീരിയസ്’ വിശേഷങ്ങളാണ്.

പരസ്യമായ അധോലോകത്തെ രഹസ്യങ്ങൾ

അധോലോകത്തിന്റെ കവാടം കടന്നതും ആദ്യത്തെ മേശയിൽ മീശമാധവനും കൃഷ്ണവിലാസം ഭഗീരഥൻപിള്ളയും പഴയ കുടുംബയുദ്ധം പിന്നേം തുടങ്ങിയിരിക്കുന്നു. പിള്ള ബട്ടർസ്കോച്ച് ഷേക്കിനു മുകളിൽ ഭംഗിയായി വച്ച വാനില െഎസ്ക്രീമിന്റെ രൂപത്തിലാണ്. മീശമാധവനിപ്പോൾ പഴയ മീശയൊന്നുമില്ല. ഈപ്പൻ പാപ്പച്ചി പറഞ്ഞതനുസരിച്ച് മാധവൻ മീശ വടിച്ച് ബ്ലൂബെറി െഎസ്ക്രീം സ്കൂപ്പിന്റെ രൂപത്തിൽ സുന്ദരനായിട്ടുണ്ട്. സൗത്ത് ചാലക്കുടിയിൽ പ്രെവറ്റ് ബസ് സ്റ്റാൻഡിന് എതിർഭാഗത്തായാണ് സുഹൃത്തുക്കളായ ജിസ്മോനും സുമോജും കെട്ടിപ്പൊക്കിയ അധോലോകം എന്ന െഎസ്ക്രീം കട. കടയുെട പേരിലെ കൗതുകം ഇവിടെ മെനു കാർഡിലും പ്രകടമാണ്.

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട സിനിമാ കഥാപാത്രങ്ങളുടെ പേരിലാണ് െഎസ്ക്രീമും ഷേക്കും ജ്യൂസുമെല്ലാം അറിയപ്പെടുന്നത്. വില്ലന്മാരുടെ പേരുകൾക്കാണ് മുൻതൂക്കം. ബിഗ്സ്ക്രീനിൽ നമ്മെ പേടിപ്പിച്ച് നിർത്തിയ വില്ലന്മാർ െഎസ്ക്രീമിന്റെ രൂപത്തിൽ അലിഞ്ഞില്ലാതാകുന്നു. വില്ലന്മാർ മാത്രമല്ല സാഗർ ഏലിയാസ് ജാക്കി, കോട്ടയം കുഞ്ഞച്ചൻ, വാളയാർ പരമശിവം, ഷാജി പാപ്പൻ തുടങ്ങിയ നായകന്മാർക്കും കൃഷ്ണവിലാസം ഭഗീരഥൻപിള്ള, ഡ്യൂഡ് അഥവാ ദാമോദരൻ ഉണ്ണി മകൻ ദിൽമൻ ഇടക്കൊച്ചി, അറയ്ക്കൽ അബു തുടങ്ങിയ പൊട്ടിച്ചിരിയുടെ രാജാക്കന്മാർക്കും അധോലോകത്ത് പ്രത്യേകസ്ഥാനമുണ്ട്. െഎസ്ക്രീം സ്കൂപ്പ്, ഫ്രൈഡ് െഎസ്ക്രീം, ഐസ്ക്രീം റോൾസ്, ഫലൂദ, ഷേക്ക് വിത്ത് ഐസ്ക്രീം, ഐസ് ഫ്ലേക്ക്സ്, ചിൽഡ്രൻ സ്പെഷൽ, സ്മൂത്തി എന്നിങ്ങനെ വിവിധ രീതിയിൽ തരംതിരിച്ചാണ് ഐസ്ക്രീമിന്റെ മധുരം അധോലോകത്തെ തീൻമേശയിലെത്തുന്നത്.

അധോലോകം സ്പെഷൽസ്

മറ്റെങ്ങും കിട്ടാത്ത ചില െഎസ്ക്രീം െഎറ്റംസ് അധോലോകത്തുണ്ട്. അവരാണ് ഇവിടെ രുചിയിലെ കേമന്മാർ. അതിലാദ്യത്തേത് ആലിബാബയും 41 കള്ളന്മാരും. ഓർഡർ ചെയ്തതും മുന്നിൽ കൊണ്ടുവന്നത് കളർഫുള്‍ ഡ്രൈഫ്രൂട്ട് സലാഡ്. വാനില, ചോക്ലേറ്റ്, പിസ്ത, സ്ട്രോബെറി തുടങ്ങിയ ഫ്ലേവറുകളിലെ െഎസ്ക്രീമുകളും ഡ്രൈഫ്രൂട്ട്സ് മിക്സുമാണ് ആലിബാബയും 41 കള്ളന്മാരും. അധോലോകത്തെ രുചിയുടെ രഹസ്യം ജിസ്മോനും സുമോജും വെളിപ്പെടുത്തുന്നു, ‘അമൂൽ , മെരിബോയ് തുടങ്ങിയ കമ്പനികളുടെ െഎസ് ക്രീം മാത്രമേ ഡിഷുകളുണ്ടാക്കാൻ ഉപയോഗിക്കാറുള്ളൂ. സഹകരണസംഘങ്ങളിൽ നിന്നും ശേഖരിക്കുന്ന പാൽ തണുപ്പിച്ചാണ് ജ്യൂസ്, ഷേക്ക് തുടങ്ങിയവ ഉണ്ടാക്കുന്നത്. സീസണലായി കിട്ടുന്ന പഴങ്ങളാണ് കൂടുതലും ഉപയോഗിക്കുന്നത്. കൃത്രിമമായ പഴച്ചാറുകളുടെ ഉപയോഗം കുറവാണ്. അതുകൊണ്ടുതന്നെ ചില െഎറ്റംസ് എല്ലാസീസണിലും കിട്ടില്ല’.

ഞാനും അപ്പനും അപ്പന്റെ പെങ്ങൾ സുഭദ്രയും ഏറെ ഡിമാന്റുള്ള വിഭവമാണ്. പേരിലെ കൗതുകം ഡിഷിലും പ്രകടമാണ്. നമ്മുടെ സാധാരണ ഫ്രൂട്ട് സലാഡ് ആണ് ഈ െഎറ്റം. മറ്റൊന്ന് ഹിറ്റ്ലർ മാധവനും പെങ്ങമാരും. െഎസ് ക്രീമിനൊപ്പം ഡ്രൈ ഫ്രൂട്ട്സിന്റെയും ഫ്രെഷ് ഫ്രൂട്ട്സിന്റെയും മിക്സാണ് ഹിറ്റ്ലർ മാധവനും പെങ്ങമാരും എന്ന മിക്സഡ് സലാഡ്.

മടക്കിയെടുക്കുന്ന െഎസ്ക്രീം മാജിക്ക്

െഎസ്ക്രീം റോൾ ചെയ്തെടുക്കുന്ന പരിപാടി അധോലോകത്തെ മറ്റൊരു സ്പെഷൽ ആണ്. 17 വ്യത്യസ്ത രുചിയിൽ ഈ റോൾ ലഭ്യമാണ്. റാംജി റാവ് എന്നത് ഡാർക്ക് ഫാന്റസി വച്ച് ചെയ്തെടുക്കുന്ന റോൾ ആണ്. ആനക്കാട്ടിൽ ചാക്കോച്ചി (കിറ്റ്കാറ്റ്), ആട് തോമ (സ്നിക്കേഴ്സ്), കോട്ടയം കുഞ്ഞച്ചൻ (ഡയറിമിൽക്ക്), വാളയാർ പരമശിവം (ഓറിയോ ബിസ്ക്കറ്റ്), ബിലാൽ ജോൺ കുരിശിങ്കൽ (കിവി), ഡ്യൂഡ് (മാമ്പഴം), സാഗർ ഏലിയാസ് ജാക്കി (ഡേറ്റ്സ്), അറയ്ക്കൽ അബു (ചെറിപ്പഴം), ഗർവാസീസ് ആശാൻ (ചോക്ലേറ്റ് കേക്ക്), പോൾബാർബർ (ഗുലാബ് ജാമുൻ), ഇന്ദുചൂഢനും പവിത്രനും (ബനാന& കാരമൽ), നകുലനും ഗംഗയും (ബ്രൗണി & ചോക്ചിപ്സ്), കണ്ണപ്പൻ മുതലാളിയും ദാസപ്പൻ മുതലാളിയും (ന്യൂട്ടെല്ല& ഓറിയോ), തൊമ്മനും മക്കളും (റെഡ്് വൽവറ്റ് കാരമൽ), മുണ്ടയ്ക്കൽ ശേഖരൻ (ജെംസ്, ന്യൂട്ടെല്ല, സ്നിക്കേഴ്സ്), പാണ്ടി ദുരൈ (മിക്സഡ് ഫ്രൂട്ട്സ്) ഇങ്ങനെ പോകുന്നു ലിസ്റ്റ്. വാളയാർ പരമശിവം ഒന്നു രുചിച്ച് നോക്കാം.

പറയേണ്ട താമസം മൈനസ് 22 ഡിഗ്രി തണുത്തിരിക്കുന്ന റോളിങ് മെഷീനിലേക്ക് പാൽ, ഓറിയോ, അധോലോകം സ്പെഷൽ െഎസ്ക്രീം മിക്സ് എന്നിവ ഒഴിച്ചു. ഒരേതാളത്തിൽ കുത്തി കുത്തി മിക്സ് ചെയ്തെടുത്തു. ഈ മിക്സ് നീട്ടി പരത്തി ചുരുട്ടിയെടുക്കുന്നതാണ് അടുത്ത ഘട്ടം. ചുരുട്ടിയെടുത്ത െഎസ്ക്രീം റോളിനു മുകളിൽ ചോക്ലേറ്റ് സിറപ്പും ഓറിയോ ബിസ്ക്കറ്റും വച്ച് അലങ്കരിച്ചെടുത്തു. ഒരു സ്പൂണിൽ മുറിച്ചെടുത്ത് വായിലേക്ക് വച്ചതും വാളയാർ പരമശിവം അലിഞ്ഞഞ്ഞലിഞ്ഞ് ‘വാളയാർ’ കടന്നു. കുട്ടികൾക്ക് വേണ്ടി മായാവി, കുട്ടൂസൻ, ലുട്ടാപ്പി,ഡാകിനി എന്നീ പേരുകളിൽ യഥാക്രമം ജെംസ്, കിറ്റ്കാറ്റ്, മഞ്ച്, ഫൈവ് സ്റ്റാർ ഫ്ലേവറുകളിലും ഐസ് ക്രീം റോൾസ് ലഭ്യമാണ്.

എവിടെ അവൻ, ആ വെട്ടിച്ചിറ സൈമൺ

ഉഷ്ണം സഹിക്കവയ്യാതെ അധോലോകത്തിന്റെ പടി കടന്നുവരുന്നവർക്ക് അവനെ വിളിക്കാം, ആ വെട്ടിച്ചിറ സൈമണെ. സ്ട്രോബെറി ഫ്ലേവറിലുള്ള മൊഹിറ്റോ(mojito) ആണ് ഈ പറഞ്ഞ കക്ഷി. ജ്യൂസ് ഇനം എന്ന് വിളിക്കാൻ പറ്റില്ല. മൊഹിറ്റോ യഥാർഥത്തിൽ ഒരു കോക്ടെയ്ൽ ആണ്. നാരങ്ങ, പുതിയിന, സ്പ്രൈറ്റ്, സോഡ, സ്ട്രോബറി ക്രഷ്, കസ്കസ് എന്നിവ െഎസ്ക്യൂബ്സ് ആയി മിക്സ് ചെയ്തെടുത്താണ് സ്ട്രോബറി മൊഹിറ്റോ തയ്യാറാക്കുന്നത്. ഏഴ് ഫ്ലേവറിലുള്ള മൊഹിറ്റോ അധോലോകത്ത് ലഭ്യമാണ്.

െഎസ് മിഠായി അല്ലെങ്കിൽ െഎസ് ഉരതിയാണ് മറ്റൊരു ഐറ്റം. ഗ്രീൻ ആപ്പിൾ, കിവി, ഓറഞ്ച്, സ്ട്രോബെറി,മുന്തിരി, പൈനാപ്പിൾ എന്നീ ഫ്ലേവറിലാണ് െഎസ് ഉരതി ലഭിക്കുന്നത്.

ഫലൂദകളിൽ കേമൻ റോയൽ ഫലൂദ അഥവാ പട്ടണത്തിൽ സുന്ദരനാണ്. ഏഴ് തട്ടുകളിലായി വ്യത്യസ്ത ഫ്ലേവറിലുള്ള െഎസ്ക്രീമിനൊപ്പം ഫ്രൂട്ട്സ്, ഡ്രൈഫ്രൂട്ട്സ് എന്നിവ ചേലോടെ ചേർത്തെടുത്താണ് ഫലൂദകളിലെ രാജാവ് റോയൽ ഫലൂദ. ഇനി ഇതൊന്നും പോരാത്തവർക്കും വേറിട്ടൊരു വിഭവമുണ്ട്. ഉരുക്ക് സതീശൻ എന്ന പൊരിച്ച െഎസ്ക്രീം. വാനില െഎസ്ക്രീമാണ് പൊരിച്ചെടുക്കുന്നത്. ചെറിയ ചൂടിൽ തണുത്തലിയുന്ന െഎസ്ക്രീം ഉരുക്കുസതീശനായി രൂപമെടുക്കുന്നത് കാണേണ്ട കാഴ്ച തന്നെ.

ചേരാവുന്ന രണ്ടുപേരൊന്നിച്ച് ചേർന്ന് രുചിയുടെ ലോകം കൈക്കലാക്കിയ കഥയാണ് ഷേക്കിനോടു കൂട്ടുകൂടിയ െഎസ്ക്രീമിന് പറയാനുള്ളത്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ വിഭവമാണ് മുരുക്കുംകുന്നത്ത് അഹമ്മദ് ഹാജി എന്ന റെഡ് വൽവറ്റ് ഷേക്ക്. റെഡ് വൽവറ്റ് കേക്കും പാലും പഞ്ചസാരയും ഒന്നുചേർന്ന രുചിമേളം.

മിസ്റ്റർ പെരേര (കാരറ്റ്& ആപ്പിൾ) , മോഹൻ തോമസ് (മാംഗോ & ഓറഞ്ച്), നിക്കോളാസ് (ചിക്കു&ബനാന), ഗ്യാങ് ലീഡർ (പേരയ്ക്ക& തണ്ണിമത്തൻ), ബാലുഭായ് (സ്പൈസി പ്ലം) എന്നിവയാണ് അധോലോകം സ്പെഷൽ സ്മൂത്തീ.

ചൂടിൽ നിന്നും രക്ഷ തേടി അധോലോകത്തിന്റെ കവാടം കടന്നുവരുന്ന ആരും നിരാശരായി മടങ്ങിയിട്ടില്ല. ചാലക്കുടിയിലെ അധോലോകത്തെ വില്ലന്മാരെ വെല്ലുന്ന രുചികളുമായി അങ്കമാലിയിൽ പുതിയ അധോലോകം തുറന്നിരിക്കുകയാണ്.

മനസ്സും വയറും ‘കൂൾ’ ആക്കി അധോലോകത്തിൽ നിന്ന് ഇറങ്ങുമ്പോൾ ജോസ്മോന്റെ കമന്റ്, ഞങ്ങൾ അധോലോകക്കാർ ചിരിക്കാറില്ല. ചിരിപ്പിക്കാറെയുള്ളൂ.

Tags:
  • Food and Travel
  • Manorama Traveller