Wednesday 17 March 2021 05:21 PM IST : By സ്വന്തം ലേഖകൻ

ഇന്ത്യ കാണാൻ, രുചിപ്പെരുമകൾ ആസ്വദിക്കാൻ മൃണാൾ ദാസിന്റെ ഓൾ ഇന്ത്യ ട്രിപ് ആരംഭിച്ചു

mrinal1

പ്രശസ്ത സഞ്ചാരിയും വ്ലോഗറുമായ മൃണാൾ ദാസിന്റെ ഓൾ ഇന്ത്യ ട്രിപ്പിന് ഇന്ന് സേലം യുബിഎം ഹോട്ടലിന്റെ പരിസരത്തു നിന്നു തുടക്കമായി. ഇന്ത്യയിലെ പ്രധാനപ്പെട്ട കാഴ്ചകൾ കണ്ട് വിവിധ പ്രദേശങ്ങളിലെ ഗ്രാമ, നഗര ജീവിതങ്ങൾ അറിഞ്ഞ് ഭക്ഷണപ്പെരുമകളും രുചിയിടങ്ങളും ആസ്വദിച്ച് ഒരു യാത്ര എന്നാണ് തന്റെ ഓൾ ഇന്ത്യ സോളോ ട്രിപ്പിനെ മൃണാൾ വിശേഷിപ്പിക്കുന്നത്.

ഇന്ത്യയിലെമ്പാടുമായി സഞ്ചാര പ്രിയർ കാണാൻ ആഗ്രഹിക്കുന്ന പ്രധാന സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുക എന്ന ലക്ഷ്യത്തിൽ ആരംഭിച്ച യാത്ര കൃത്യമായി നിർവചിച്ചിട്ടുള്ള റൂട്ടോ യാത്രാ പ്ലാനോ പിന്തുടരാൻ ഉദ്ദേശിക്കുന്നില്ല. എങ്കിലും രണ്ടു ദിവസം കൊണ്ട് തമിഴ്നാടു വഴി ആന്ധ്രയിലെ തിരുപ്പതിയിൽ എത്തുക. തുടർന്ന് ഹൈദരാബാദ് വഴി തെലങ്കാന കടന്ന് ഒഡിഷയിലൂടെ ഛത്തിസ്ഗഡ്. അവിടെനിന്ന് മധ്യഭാരതത്തിലേക്ക് എന്നതാണ് ഇപ്പോൾ വരച്ചിട്ടിരിക്കുന്ന ഏകദേശ യാത്രാ വഴി. ഉത്തരേന്ത്യയിലെ ചൂടുകാലം അതിന്റെ അതിന്റെ മൂർധന്യത്തിലെത്തും മുൻപ് ഹിമാലയൻ സംസ്ഥാനങ്ങളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളും പൂർത്തിയാക്കി മഴക്കാലത്തിനു മുൻപ് ദക്ഷിണേന്ത്യയിലേക്ക് എത്താം എന്നു പ്രതീക്ഷിക്കുന്നു. യാത്രാപ്രേമികളും യാത്രികരുമായ ഒന്നര ലക്ഷത്തിലധികം ആളുകളെ ഉൾപ്പെടുത്തി നടത്തിയ ഒരു സർവേയിലൂടെയാണ് ഡെസ്‌റ്റിനേഷനുകളുടെ പട്ടിക തയാറാക്കിയത്. ഒപ്പം അവയിൽ ഉൾപ്പെടാത്ത വ്യക്തിപരമായി ഇഷ്ടമുള്ള പല സ്ഥലങ്ങളും ചേർക്കുകയും ചെയ്തിട്ടുണ്ട്.

സേലത്തിനും ഈറോഡിനും ഇടയ്ക്ക് പെരുന്തുറൈ യുബിഎം ഹോട്ടലിൽനിന്ന് ഊണുകഴിച്ചാണ് മൃണാൾ ദാസ് യാത്രയ്ക്കു തുടക്കമിട്ടത്. ഏറെ ജനപ്രിയമായ മൃണാൾസ് വ്ലോഗിലെ ആദ്യ ഹിറ്റ് വ്ലോഗ് യുബിഎം നമ്മ സാപ്പാടിനെപ്പറ്റി ആയിരുന്നു. അതാണ് അവിടെനിന്നു യാത്ര ആരംഭിക്കാൻ കാരണം.

എംജി ഹെക്ടർ ആണ് ഈ യാത്രയിൽ ഉപയോഗിക്കുന്ന വാഹനം. മാനുവൽ രീതിയിൽ ഡ്രൈവ് ചെയ്യുന്ന വണ്ടിതന്നെ ഉപയോഗിച്ചു വേണം ഈ ദീർഘയാത്ര എന്ന ആഗ്രഹത്താലാണ് ഈ വണ്ടി തന്നെ യാത്രയ്ക്കു സ്വീകരിച്ചത്. യാത്രയുടെ രസകരമായ അനുഭവങ്ങളും വിശേഷങ്ങളും മൃണാൾസ് വ്ലോഗിലൂടെയും മനോരമ ട്രാവലറിന്റെ ഓൺലൈൻ പേജിലൂടെയും യഥാസമയം പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്.

Tags:
  • Food and Travel
  • Manorama Traveller