Wednesday 21 April 2021 02:58 PM IST : By Mitra Satheesh

ചെറിയാൽ മുഖംമൂടിയുടേയും കൊണ്ടപ്പള്ളി പാവയുടേയും യഥാർഥ വില എത്ര?

cheriyal1

തെലങ്കാനയിലെ വാറങ്കൽ ജില്ലയിലാണ് ചെറിയാൽ ഗ്രാമം. ഹൈദരാബാദിൽ നിന്ന് 100 കിലോമീറ്റർ അകലെ. കരവിരുതിന്റെ ഗ്രാമം ഞങ്ങളുടെ ഒരു ദേശി ഡ്രൈവ് യാത്രയിലെ മൈൽസ്‌റ്റോൺആണ്. ചെറിയാൽ ഗ്രാമത്തെ കുറിച്ചറിയാൻ ഹൈദരാബാദിലെ സുഹൃത്തുക്കളെ പലരെയും വിളിച്ചന്വേഷിച്ചു. ആർക്കും അറിയില്ല. സ്ക്രോൾ പെയിന്റിങ്ങും മുഖംമൂടി നിർമാണവുമാണ് ചെറിയാൽ ഗ്രാമത്തിന്റെ മുഖമുദ്ര. 400 വർഷത്തിലധികം പാരമ്പര്യമുള്ള കലാരൂപമാണ് ചെറിയാൽ പെയിന്റിങ്. നമ്മുടെ മ്യൂറൽ പെയിന്റിങ് പോലെ. എന്നാൽ അതിൽ നിന്ന് തീർത്തും വ്യത്യസ്തമായ കാഴ്ചാനുഭവം. മൂന്നോ നാലോ കുടുംബങ്ങളേ ഈ ഗ്രാമത്തിൽ ഇപ്പോൾ സ്ക്രോൾ പെയിന്റിങ് പ്രഫഷനായി ചെയ്യുന്നുള്ളൂ.

cheriyal2

പണ്ട് , 400 വർഷം മുൻപ് ചെറിയാൽ ഗ്രാമത്തിലെ ആളുകളുടെ ഉപജീവനമാർഗം കൂടിയായിരുന്നു സ്ക്രോൾ പെയിന്റിങ്. പുരാണ കഥകളെ ചിത്രങ്ങളാക്കി, വീടുതോറും കയറിയിറങ്ങി ആ ദൃശ്യങ്ങളെ മുൻനിർത്തി കഥ പറയലായിരുന്നു രീതി. കാലം മാറിയപ്പോൾ സ്ക്രോൾ പെയിന്റിങ് ആയി തന്നെ നിലനിന്നു. പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ചാണ് ചിത്രം വരയ്ക്കുന്നത്. മഞ്ഞ, നീല, പിങ്ക് നിറങ്ങളാണ് കൂടുതലും. വരച്ച കാൻവാസ് പൈപ്പ് പോലെ ചുരുട്ടി അഥവാ സ്ക്രോൾ ചെയ്ത് വയ്ക്കുന്ന രീതിയാണുള്ളത്.

‘മരിച്ചുകൊണ്ടിരിക്കുന്ന കലാരൂപ’ ങ്ങളുടെ നിരയിൽ ആദ്യസ്ഥാനത്താണ് ചെറിയാൽ സ്ക്രോൾ പെയിന്റിങ് എന്നതാണ് വിഷമകരം. 500 രൂപയാണ് ചെറിയൊരു കാൻവാസിന്റെ വില.

cheriyal4

ഈ ഗ്രാമത്തിലെ കരവിരുതിന്റെ മറ്റൊരു രൂപമാണ് ചെറിയാൽ മാസ്ക്. പുളിങ്കുരുവിന്റെ പൊടിയും തടിയുടെ പൊടിയും എടുത്ത് വെള്ളം ചേർത്ത് ചൂടാക്കി കുഴമ്പുപരിവത്തിലൊരു മിശ്രിതം തയ്യാറാക്കുന്നു. ഈ മിശ്രിതം ഉപയോഗിച്ചാണ് മാസ്ക്കിന്റെ നിർമാണം. പ്രകൃതിദത്തമായ നിറങ്ങൾ ഉപയോഗിച്ച് മാസ്ക്ക് ഭംഗിയാക്കിയെടുക്കുന്നു. 650 രൂപയാണ് വില.

കൊണ്ടപ്പള്ളി ആട്ടുബൊമ്മൈ

വിജയവാഡയിൽ നിന്ന് നാലു കിലോമീറ്റർ മാറിയാണ് കൊണ്ടപ്പള്ളി ഗ്രാമം. 400 വർഷത്തിലധികം പാരമ്പര്യമുള്ള ആട്ടുബൊമ്മൈ നിർമാണമാണ് ഇവിടുത്തെ പ്രത്യേകത. നൃത്തം ചെയ്യുന്ന ഒരു സ്ത്രീയുടെ രൂപമാണ് ഈ ആട്ടുബൊമ്മൈ. തൊട്ടാൽ അതിങ്ങനെ ഇളകിയാടും നൃത്തം ചെയ്യുന്ന പോലെ. പേപ്പർ പൾപ്പും തടിപ്പൊടിയും ചേർത്ത് ചപ്പാത്തി പോലെ പരത്തിയെടുത്താണ് പാവയുടെ നിർമാണം. മുൻപൊക്കെ വീടുകളിലായിരുന്നു ഇവ നിർമിച്ചിരുന്നത്. എന്നാലിപ്പോൾ സഹകരണ സംഘങ്ങൾ പോലെ കൂട്ടം ചേർന്നാണ് നിർമാണം. നിരവധി ഘട്ടങ്ങളുണ്ട് ഈ പാവ നിർമാണത്തിന്. 380രൂപയാണ് ആട്ടുബൊമ്മൈയുടെ വില.

cheriyal3

ബുള്ളക് ആർട്

കൊണ്ടപ്പള്ളിയുടെ മുഖമുദ്രയായി അറിയപ്പെടുന്ന മറ്റൊരു കരകൗശല രൂപമാണ് ബുള്ളക് ആർട്.ആട്ടുബൊമ്മൈ പോലെ കാളവണ്ടിയും അതിലിരിക്കുന്ന വണ്ടിക്കാരനും വണ്ടിയിലെ ചാക്കുകെട്ടുകളും ഉണ്ടാക്കിയെടുക്കുന്നു.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India