Tuesday 14 January 2020 04:49 PM IST

സാധാരണക്കാരന്റെ സ്വന്തം വാഹനമായ ‘ഓട്ടർഷ’യിൽ ഹിമാലയം വരെ! ത്രസിപ്പിക്കുന്ന യാത്രാനുഭവം

Akhila Sreedhar

Sub Editor

_ONS9101

ഹിമാലയം കീഴടക്കണമെന്ന മോഹവുമായി സജിത്തും ശ്രീനാഥും ചെന്നുപെട്ടത് 30 തവണ ഹിമാലയം കയറി പരിചയസമ്പത്തുള്ള യോഗി പാർത്ഥസാരഥി നമ്പൂതിരിയ്ക്ക് മുന്നിൽ. ആവശ്യം ഉന്നയിച്ചപ്പോൾ യോഗി ഒറ്റകാര്യമേ ആവശ്യപ്പെട്ടുള്ളൂ, യാത്ര ഓട്ടോറിക്ഷയിലാക്കാമെങ്കിൽ സമ്മതം. സംശയത്തിന്റെ കണ്ണുകൾ സ്പ്രിങിൽ കൊരുത്തപോലെ പുറത്തേക്ക് ചാടിച്ച് സജിത്ത് ചോദിച്ചു, ഓട്ടോയിലോ? എവിടെ വരെ? ചെറിയപുഞ്ചിരിയോടെ പാർത്ഥസാരഥി നമ്പൂതിരി പറഞ്ഞു, ഹിമാലയം വരെ. വേണമെങ്കിൽ ഹിമാലയം ഓട്ടോയിൽ പോയി വരെ കീഴടക്കാം എന്ന് മറ്റുള്ളവർക്ക് പ്രചോദനമാകുന്ന ഒരു യാത്രാനുഭവത്തിന്റെ തുടക്കമായിരുന്നു ആ മറുപടി. അങ്ങനെ സാധാരണക്കാരന്റെ സ്വന്തം വാഹനമായ ‘ഓട്ടർഷ’യിൽ അങ്കമാലി സ്വദേശി യോഗി പാർത്ഥസാരഥി നമ്പൂതിരിയും സഹയാത്രികരായി സുഹൃത്തുക്കൾ സജിത്തും ശ്രീനാഥും ഹിമാലയത്തിലേക്ക് പുറപ്പെട്ടു. അമ്പലവും പൂജയുമായി നടക്കേണ്ട നമ്പൂതിരി എങ്ങനെ യാത്രകളെ ഇഷ്ടപ്പെട്ടുതുടങ്ങി, ആ കഥ പറയുകയാണ് യോഗി പാർത്ഥസാരഥി.

_ONS9183

എന്തിനാണ് യാത്രകൾ

‘നാട്ടിൽ തന്നെയുള്ള ഭദ്രകാളി മറ്റപ്പിള്ളി മന വക ക്ഷേത്രത്തിലെ പൂജാരിയാണ് ഞാൻ. കുട്ടിക്കാലം മുതലേ യാത്രകൾ ഇഷ്ടമായിരുന്നു. 2018 മെയ് മാസത്തിലാണ് ഓട്ടോറിക്ഷയെടുത്ത് ഹിമാലയത്തിലേക്ക് യാത്രപോകുന്നത്. അതെന്റെ 31 ാമത്തെ ഹിമാലയം യാത്രയായിരുന്നു. 25 തവണ ഹിമാലയത്തിലേക്ക് മാത്രമായി ബൈക്കിലും ബുള്ളറ്റിലും ഫോർ വീലറിലും ഒക്കെ യാത്ര പോയിട്ടുണ്ട്. ആറ് തവണ ജ്യോതിർലിംഗയാത്ര പോയി, അതിൽ ഹിമാലയവും ഉൾപ്പെടും. ബൈക്കിൽ ഹിമാലയം പോകാൻ പ്ലാൻ ചെയ്ത് നിൽക്കുന്ന സമയത്താണ് സജിത്തും ശ്രീനാഥും കൂടെ വരാനുള്ള ആഗ്രഹം പ്രകടിപ്പിക്കുന്നത്.

IMG-20190314-WA0038

സത്യത്തിൽ അപ്പോഴാണ് മൂന്നുപേര്‍ക്ക് പോകാൻ ഓട്ടോറിക്ഷ അല്ലെ നല്ലത് എന്ന ചിന്ത ഉണ്ടാകുന്നത്. ഇതിനുമുമ്പ് ഓട്ടോയിൽ ആരും ഹിമാലയം പോയതായി ഞാൻ കേട്ടിട്ടില്ല. യാത്ര അപ്പോൾ കൗതുകമുള്ളതും സാഹസികത നിറഞ്ഞതുമാകും. റിസ്ക്കെടുക്കാൻ തയ്യാറാണെന്ന് അവർ പറഞ്ഞപ്പോൾ ഞങ്ങളുെട യാത്ര യാഥാർത്ഥ്യമാവുകയായിരുന്നു. ആദ്യം നേരിടേണ്ടി വന്ന വെല്ലുവിളി അവർക്ക് രണ്ടുപേർക്കും ഓട്ടോ ഓടിക്കാൻ അറിയില്ലെന്നതാണ്. അതെനിക്ക് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാം എന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. എന്നാൽ ആദ്യമായി ഹിമാലയം പോകുന്ന ഒരാൾ തന്റെ ശരീരം കൊണ്ടും മനസ്സുകൊണ്ടും ആ യാത്രയ്ക്ക് തയ്യാറെടുക്കേണ്ടതായുണ്ട്. കൂടെ വരുന്നവരെ യാത്രയ്ക്ക് തയ്യാറെടുക്കാൻ പാകത്തിലാക്കിയില്ലെങ്കിൽ ആ യാത്ര വൻ നഷ്ടമായി പോകും. നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അത്.

IMG-20161031-WA0022

സാധാരണക്കാർ ചെറിയ ദൂരത്തേക്ക് ഓട്ടം വിളിക്കുന്ന വണ്ടിയാണ് ഓട്ടോ. മൈലേജിന്റെ കാര്യം പറയേണ്ടതില്ലല്ലോ. മുചക്രവണ്ടിയിൽ ഇത്രദൂരം താണ്ടാനാകുമോ എന്നതിനെ കുറിച്ചൊന്നും ആലോചിച്ച് തലപുകച്ചില്ല. എന്തായാലും തീരുമാനിച്ചു. അതിനുള്ള തയ്യാറെടുപ്പും നടത്തി. ഇനി എന്തുവന്നാലും പോകും അതായിരുന്നു മനസ്സിൽ. ഭാര്യ ഹൈമയും മക്കളും തന്ന പിന്തുണ യാത്രയ്ക്ക് ആക്കംകൂട്ടി. ഓട്ടോ യാത്രയിൽ കൂടെ വന്ന സജിത്തും ശ്രീനാഥും പ്രെവറ്റ് ജോലിക്കാരാണ്.

IMG-20190314-WA0035

ഓരോ യാത്രയ്ക്കും ചുരുങ്ങിയത് ഒരാൾക്ക് 60,000 രൂപ വരെ ചെലവ് വരും. ഏകദേശ കണക്കാണ്, യാത്രയുടെ സ്വഭാവമനുസരിച്ച് മാറ്റം വരാം. എന്റെ പലയാത്രകളും കടം മേടിച്ചും ലോൺ എടുത്തുമൊക്കെയാണ്. വർഷത്തിൽ രണ്ടോ മൂന്നോ യാത്ര നടത്താറുണ്ട്. യാത്ര കഴിഞ്ഞ് വന്നാൽ ജോലി ചെയ്ത് കടം വീട്ടും. ആത്മസമർപ്പണം അഥവാ ഈശ്വരനെ അന്വേഷിക്കലാണ് പൂജ. സത്യത്തിൽ അതുതന്നെയാണ് യാത്രകളും. യാത്ര ചെയ്യുമ്പോൾ നമ്മൾ നമ്മെ കൂടുതൽ മനസ്സിലാക്കിക്കൊണ്ടേയിരിക്കും. നമ്മുടെ അറിവൊന്നും അറിവല്ല എന്ന തിരിച്ചറിവ് അത് നേടിയെടുക്കണമെങ്കിൽ യാത്ര ചെയ്യണം.

IMG-20161019-WA0031

ഹിമാലയം, അത്രമേൽ പ്രിയപ്പെട്ട ഇടം

ലൈസൻസ് കിട്ടിയ ശേഷമുള്ള ആദ്യ ഹിമാലയൻ യാത്ര 1993ലായിരുന്നു. ഒരു തരത്തിലുള്ള ഒരുക്കങ്ങളും യാത്രയ്ക്ക് മുന്നോടിയായി നടത്താറില്ല. ഇന്നത്തെ പോലെ അന്ന് വഴിനീളെ എടിഎം മെഷീനൊന്നും ഇല്ലല്ലോ. ചെലവിനുള്ള കാശ് ചുരുട്ടി വണ്ടിയിലും ദേഹത്തുമായി പലയിടങ്ങളിൽ ഒളിപ്പിക്കും. കേട്ടറിവ് വച്ച് വഴിയിൽ കൊള്ളയടിക്കാൻ സാധ്യതയുണ്ട്. ടൂവീലറിലാണ് യാത്ര. ഈ യാത്രയിൽ നേപ്പാളിൽ പോകാൻ പറ്റി. അവിടെ നിന്ന് ലോക്കൽ ഒരാളുടെ സഹായത്തോടെ വണ്ടിയെടുത്ത് കൈലാസത്തിന്റെ ഏരിയയിലേക്ക് പോകാൻ കഴിഞ്ഞു. ഒറ്റയ്ക്ക് 18 തവണയെങ്കിലും ഹിമാലയൻ യാത്ര നടത്തിയിട്ടുണ്ട്.

IMG-20161031-WA0030

ഇന്നിപ്പോൾ, ബുള്ളറ്റെടുത്ത് ഒരുതവണ ഹിമാലയം യാത്ര നടത്തിവരുന്ന പുതുതലമുറ ഹിമാലയമാണ് ഒരു യാത്രികന് പരിധി നിശ്ചയിക്കുന്നത് എന്നരീതിയിൽ ഒരു തോന്നൽ പൊതുവെ ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എന്തുസാധനവും ആദ്യമായി കാണുമ്പോൾ അല്ലെങ്കിൽ കിട്ടുമ്പോൾ അതിയായ എക്സൈറ്റ്മെന്റ് തോന്നാറില്ലേ. അത്രയെ ഉള്ളൂ ഇതും.

കൂടിപ്പോയാൽ 200 കിലോമീറ്ററിൽ കൂടുതൽ ഞാൻ ഓട്ടോയിൽ പോയിട്ടില്ല. ഓട്ടോയിലുള്ള ഹിമാലയൻ യാത്രയെ പറ്റി സൂചിപ്പിച്ചപ്പോൾ സുഹൃത്തുക്കൾ ഉൾപ്പെടെ പലരും നിരുത്സാഹപ്പെടുത്തി. ടൂവീലർ അല്ലെങ്കിൽ ഫോർവീലർ ഓടിയെത്തുന്ന പോലെ ഒരിക്കലും ഓട്ടോറിക്ഷയ്ക്ക് ഓടിയെത്താൻ കഴിയില്ല എന്നതായിരുന്നു കാരണം. സംഗതി സത്യമാണ്. ഓട്ടോ യാത്രയ്ക്ക് വേണ്ടി എന്തൊക്കെ ഒരുക്കങ്ങൾ നടത്തേണം എന്നുവരെ അറിയില്ലായിരുന്നു. അതിനെ കുറിച്ച് കൂടുതൽ മനസ്സിലാക്കി. എഞ്ചിൻ , ഗിയർ ബോക്സ് ഉൾപ്പെടെ ഓട്ടോ പൂർണമായും റീസെറ്റ് ചെയ്തെടുത്തു. ഡീസൽ എഞ്ചിനാണ്. രണ്ട് െസ്റ്റപ്പിനി, അത്യാവശ്യം വേണ്ട സാധനങ്ങൾ സൂക്ഷിച്ച ബോക്സുകൾ എന്നിവ കരുതി. ജി.പി.എസ് സെറ്റ് ചെയ്തെടുത്തു.

IMG-20190314-WA0028

ഓട്ടോയിൽ ഓട്ടം തുടങ്ങുന്നു, ലക്ഷ്യം ഹിമാലയം

എറണാകുളത്ത് നിന്നായിരുന്നു യാത്രയുടെ ഫ്ലാഗ് ഓഫ്. ബെംഗളൂരു – ഹൈദരാബാദ് – നാഗ്പൂർ – ഝാൻസി – ആഗ്ര – ഡൽഹി – ഹരിദ്വാർ – ഋശികേശ് – രുദ്രപ്രയാഗ് – ഗൗരീകുണ്ഡ് – ബദരീനാഥ് എന്നിങ്ങനെയായിരുന്നു യാത്രയുടെ റൂട്ട്. ഭക്ഷണം, വെള്ളം, ഇന്ധനം, വസ്ത്രം തുടങ്ങി ആവശ്യത്തിനുള്ള സാധനങ്ങൾ മാത്രം കയ്യിൽ കരുതി. 17 ദിവസം കൊണ്ടാണ് ഓട്ടോയിൽ ഹിമാലയം പോയി തിരിച്ചുവരുന്നത്. ഇതിൽ മൂന്നുദിവസം വ്യക്തിപരമായ ആവശ്യത്തിനു വേണ്ടി ലക്നൗവിൽ താമസിച്ചു. യാതൊരു ബുദ്ധിമുട്ടും കൂടാതെ 93 മണിക്കൂർ കൊണ്ട് രുദ്രപ്രയാഗ് എത്താൻ പറ്റിയത് യാത്രയുടെ വലിയ വിജയമാണ്. പുറപ്പെട്ട സമയം മുതൽ ഓരോ മണിക്കൂറിലും അഞ്ച് മിനുട്ട് മാത്രം ഇടവേളയെടുക്കും. രാത്രിയിലും പരമാവധി വണ്ടി ഓടിക്കും. ഉറക്കം വിടാതെ പിന്തുടരുമ്പോൾ മാത്രം കുറച്ച് നേരം സുരക്ഷിതമെന്ന് തോന്നുന്നിടത്ത് വണ്ടി നിർത്തി ഉറങ്ങും. ഇങ്ങനെയായിരുന്നു യാത്ര.

IMG-20190314-WA0039

ഹിമാലയം യാത്രയ്ക്ക് എപ്പോഴും ഒരു ആത്മീയപരിവേഷമുണ്ട്. ഓരോ തവണയും വീണ്ടും ചെന്നുകാണാൻ വലിച്ചടുപ്പിക്കുന്നൊരു കാന്തികശക്തി. ഹിമാലയം യാത്രയിലൂടെ നേടിയെടുക്കുന്നത് എന്തും നമുക്കു ചെയ്യാൻ പറ്റും എന്ന ഒരു പൊസറ്റീവ് എനർജിയാണ്. കാശി അഥവാ വാരണാസിയായിരുന്നു ഞങ്ങളുടെ യാത്രയിലെ ആദ്യത്തെ പ്രധാന േസ്റ്റാപ്പ്. രണ്ടുദിവസം കാശിയിൽ ചെലവിട്ടശേഷം ഡൽഹിയിലേക്കും അവിടെ നിന്ന് ഹരിദ്വാർ, പിന്നെ ഋഷികേശ്. ‘ ഛോട്ടാ ചാർ ധാം’ യാത്രയുടെ ആരംഭം കുറിക്കുന്ന സുപ്രധാന കേന്ദ്രമാണ് ഋഷികേശ്. യമുനോത്രി, ഗംഗോത്രി,കേദാർനാഥ്, ബദരീനാഥ് പർവകേന്ദ്രങ്ങളെയാണ് ഛോട്ടാ ചാർധാം എന്നുവിളിക്കുന്നത്. ഋഷികേശ് മുതൽ രുദ്രപ്രയാഗ് വരെയുള്ള വഴി സാഹസികത നിറഞ്ഞതാണ്. ഓട്ടോ എന്നല്ല ഏതുവാഹനമായാലും മുന്നോട്ട് പോകാൻ നന്നായി ബുദ്ധിമുട്ടും. വലിയ മലകളും, എപ്പോൾ വേണമെങ്കിലും താഴെവീഴാവുന്ന തരത്തിലുള്ള പാറകളും ഇടുങ്ങിയ മഞ്ഞുറഞ്ഞ വഴികളുമായിരുന്നു മുന്നിൽ.

IMG-20190314-WA0024

രുദ്രപ്രയാഗിൽ ചെക്ക് പോസ്റ്റുണ്ട്. ഇവിടെയെത്തിയപ്പോഴാണ് അറിയുന്നത് ഓട്ടോയിൽ ഇനി മുന്നോട്ടുള്ള യാത്രയ്ക്ക് അനുമതി ലഭിക്കില്ല എന്ന കാര്യം. ഏതുസമയത്തും അപകടം പതിങ്ങിയിരിക്കുന്ന വഴിയാണ് ഇനി അങ്ങോട്ട്. സുരക്ഷാകാരണങ്ങളാൽ ഓട്ടോ കടത്തിവിടാൻ പറ്റില്ലെന്ന് പൊലീസുകാർ പറഞ്ഞു. കേരളത്തിൽ നിന്ന് വരികയാണെന്നും ലക്ഷ്യത്തിലെത്താൻ ഇനി അധികദൂരമില്ലല്ലോ, ശ്രദ്ധയോടെ പൊയ്ക്കൊള്ളാം എന്നൊക്കെ പലതും പറഞ്ഞ് അവരുടെ അനുമതി നേടിയെടുത്തു. ഹരിദ്വാർ മുതൽ അങ്ങോട്ട് പല തവണ ഓട്ടോ നിർത്തി നിർത്തി പോകേണ്ടി വന്നു. കാരണം, പലരും ഓട്ടോ കാണുമ്പോൾ അദ്ഭുതത്തോടെ വരും, പരിചയപ്പെടും, ഫോട്ടോ എടുക്കും. ജീവിതത്തിലെ വല്ലാത്തൊരു അനുഭവമായിരുന്നു അത്.

IMG-20180628-WA0067

രുദ്രപ്രയാഗിൽ നിന്ന് വഴി രണ്ടായി തിരിയുന്നു. ഒന്ന് കേദാർനാഥിലേക്കും മറ്റേത് ബദരീനാഥിലേക്കും. കേദാർനാഥായിരുന്നു ആദ്യം ഞങ്ങൾ തിരഞ്ഞെടുത്തത്. കേദാർനാഥ് നിന്നും ഗൗരീകുണ്ഡ് വരെ മാത്രമേ ഓട്ടോ പോകൂ. പിന്നെ 18 കിലോമീറ്ററോളം നടക്കണം. ഹിമാലയത്തിലെ ഗഡ്‌വാൾ പർവതനിരയിലാണ് കേദാർനാഥ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആദി ശങ്കരനാണ് ക്ഷേത്രം പണികഴിപ്പിച്ചതെന്നാണ് വിശ്വാസം. ശിവനാണ് പ്രതിഷ്ഠ. 12 ജ്യോതിർലിംഗങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട പ്രതിഷ്ഠ കേദാർനാഥിലേതാണ്. തിരിച്ച് രുദ്രപ്രയാഗിൽ എത്തിയ ശേഷമാണ് ബദരീനാഥ് യാത്ര. ഹിമാലയൻ കാലാവസ്ഥ പ്രവചനാതീതമാണ്. അതിനാൽ തന്നെ ഏപ്രിൽ മുതൽ നവംബർ ആദ്യം വരെ മാത്രമേ ക്ഷേത്രം തുറക്കുകയുള്ളൂ. മഹാവിഷ്ണുവാണ് ബദരീനാഥ് ക്ഷേത്രത്തിലെ പ്രതിഷ്ഠ.

autihbhbf

കണ്ടുതീരാത്ത ഹിമാലയം എന്ന അനുഭവം

എത്രതവണ ഹിമാലയം പോയി എന്ന എണ്ണത്തിലോ എങ്ങനെ പോയി എന്നതിലോ കാര്യമില്ല. ഓരോ തവണ പോകുമ്പോഴും കാഴ്ചകൾ, ഫ്രെയിമുകൾ വ്യത്യസ്തമാണ്. ഒരുതവണ പോയപ്പോൾ കണ്ട മലയിടുക്ക് അല്ലെങ്കിൽ വഴി ചിലപ്പോൾ അടുത്ത തവണ പോകുമ്പോൾ കാണില്ല. ചിലപ്പോൾ അങ്ങോട്ട് പോയി തിരിച്ച് വരുമ്പോൾ തന്നെ വഴി മാറിയിരിക്കും. അവിടുത്തെ പ്രകൃതിയെ കുറിച്ച് ഒരു വിവരണം ഉറപ്പിച്ച് പറയാൻ കഴിയില്ല എന്നതാണ് സത്യം. കാണുന്നതെല്ലാം ആസ്വദിക്കുക എന്ന് മാത്രം ഹിമാലയത്തെ കുറിച്ച് ഉറപ്പിച്ച് പറയാം.

ഹിമാലയൻ താഴ്‌വരകളുടെയും മഞ്ഞണിഞ്ഞ് നിൽക്കുന്ന മലനിരകളുടെയും ഭംഗി ഒരിക്കലും മറക്കാൻ ഒരു യാത്രക്കാരനും സാധിക്കില്ല. യാത്രയുെട തുടക്കത്തിൽ കുന്നിൻചെരിവുകളിലെല്ലാം ചെറുതെങ്കിലും മനോഹരമായ വീടുകൾ കാണാം. മലനിരകളും താഴ്‌വാരങ്ങളും വെള്ളച്ചാട്ടങ്ങളും മഞ്ഞും ഒരുമിച്ച് ചേർന്നൊരുക്കുന്ന മാസ്മരിക സൗന്ദര്യം ഹിമാലയത്തിനുണ്ടെങ്കിലും ഓരോ വഴികളിലും അപകടം പതിയിരിക്കുന്നുണ്ട്. മലയിടിച്ചിലാണ് ഇതിൽ പ്രധാനം. സുരക്ഷാ ഉദ്യോഗസ്ഥർ സഞ്ചാരികൾക്കായി നൽകുന്ന നിർദ്ദേശങ്ങൾ യാത്രയിലുടനീളം പാലിക്കാൻ ശ്രദ്ധിക്കുക.

IMG-20180628-WA0062

ഓട്ടോയിൽ യാത്ര പോയപ്പോൾ തോന്നിയൊരു ഗുണം എന്തെന്നാൽ ഇത്രകാലം പോയതിൽ നിന്നൊക്കെ വ്യത്യസ്തമായി കുറേകൂടി സുഖകരമായി ഹിമാലയത്തെ അനുഭവിക്കാൻ കഴിഞ്ഞു എന്നതാണ്. വളരെ പതിയെ മാത്രമല്ലെ ഓട്ടോ മുന്നോട്ട് പോകുന്നുള്ളൂ. ബുള്ളറ്റോ മറ്റ് ടൂവീലറോ ഫോർവീലറോ എടുത്ത് പോകുമ്പോൾ കൂടുതൽ ശ്രദ്ധ ഡ്രൈവിങ്ങിലായിരുന്നു. ഓട്ടോയിൽ ശ്രദ്ധ വേണ്ട എന്നല്ല ഉദ്ദേശിച്ചത്. ഓട്ടോ യാത്ര കുറേ കൂടി കാഴ്ചകൾ കാണാൻ സുഖപരമാണ് എന്നതാണ്.

അടുത്ത യാത്ര ഓട്ടോയിൽ ഭാരതപര്യടനമാണ്. എറണാകുളം നിന്ന് തുടങ്ങുന്ന യാത്ര കാസർകോട്– മംഗലാപുരം–ഉടുപ്പി– മൂകാംബിക– ഗോകർണം–ഗോവ– മഹാരാഷ്ട്ര– ഗുജറാത്ത്– രാജസ്ഥാൻ–മധ്യപ്രദേശ്–ഉത്തർപ്രദേശ്, കാശി– കേദാർനാഥ് വരെ. തിരിച്ച് തമിഴ്നാട്ടിൽ രാമേശ്വരം വന്ന് യാത്ര അവസാനിപ്പിക്കും. 10000 മുതൽ 12000 കിലോമീറ്ററാണ് പ്രതീക്ഷിക്കുന്ന ദൂരം. ഈ യാത്രയിൽ മൂന്നാമത്തെ മകള്‍ എട്ടുവയസ്സുകാരി ആര്യയും കൂടെ വരുന്നുണ്ട്.

യാത്ര പോകാൻ പണം എന്നതിലുപരി ആഗ്രഹമാണ് വേണ്ടത്. ആ ആഗ്രഹം നടത്തിെയടുക്കാൻ വാശിയോടെ മുന്നേറണം. യാത്ര എന്നല്ല ജീവിതത്തിന്റെ ഏതുഘട്ടത്തിലും പകർത്തിവയ്ക്കേണ്ട പാഠമാണ് അത്.

IMG-20161031-WA0027
Tags:
  • Manorama Traveller
  • Travel India
  • Travel Destinations