Thursday 05 December 2019 05:19 PM IST : By ഈശ്വരൻ ശീരവള്ളി

കേരളത്തിലെ ‘മോസ്റ്റ് ഹോണ്ടഡ് പ്ലെയ്സ്’; ബോണക്കാടുള്ള പ്രേതബംഗ്ലാവിൽ നിങ്ങളെ കാത്തിരിക്കുന്നത്

bonakkad-cover Photo; Josewin Paulson

മോസ്‌റ്റ് ഹോണ്ടഡ് പ്ലെയ്സ് ഇൻ കേരള എന്ന് ഗൂഗിളിൽ പരതി നോക്കിയാൽ കിട്ടുന്ന ഉത്തരം ബോണക്കാട് ബംഗ്ലാവ് എന്നാണ്. പലരും ഇങ്ങോട്ട് സഞ്ചരിച്ചതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും കാണാം. പ്രേതമുണ്ടെന്നോ ഇല്ലെന്നോ ആരും തീർത്തു പറയുന്നില്ല. എന്നാൽ യാത്രകൾ ഇഷ്ടപ്പെടുന്നവർക്ക് ഒരു പേടിയുമില്ലാതെ ഇറങ്ങി തിരിക്കാം, കാട്ടിലൂടെയും ഗ്രാമീണ വഴികളിലൂടെയും നല്ലൊരു യാത്ര തരമാകും. മടങ്ങുങ്ങുമ്പോൾ വഴി അൽപം മാറി സ‍ഞ്ചരിച്ചാൽ വാഴ്‌വാന്തോൾ വെള്ളച്ചാട്ടത്തിലേക്ക് ട്രെക്കിങ്ങും നടത്താം. യാത്രയ്ക്ക് കെഎസ്ആർടിസിയെ ആശ്രയിച്ചാൽ കാര്യമായ ചെലവും ഉണ്ടാകില്ല.

തമ്പാനൂരു നിന്ന് ബസിൽ പോകാം

തമ്പാനൂർ സ്‌റ്റാന്റിൽനിന്ന് ബോണക്കാട് ടോപിനു പോകുന്ന ബസ് കൃത്യം 5 മണിക്ക് തന്നെ സ്‌റ്റാന്റ് വിടും. പേരൂർക്കട, കരകുളം വഴി നെടുമങ്ങാട് കഴിഞ്ഞതോടെ പ്രകൃതിക്കും കാഴ്ചകൾക്കുമൊക്കെ പ്രകടമായ വ്യത്യാസം അറിയാം. സഹ്യപർവതനിരയുടെ രൂപരേഖകൾ ചക്രവാളത്തിൽ തെളിയും. അന്തരീക്ഷത്തിൽ പുലർകാല മഞ്ഞിന്റെ തണുപ്പ് പടരും. ഒന്നേകാൽ മണിക്കൂർകൊണ്ട് ബസ് വിതുരയിലെത്തും.

b8

യാത്ര തുടരുമ്പോൾ ഉന്നതവിദ്യാഭ്യാസത്തിനും ഗവേഷണത്തിനുമൊക്കെയുള്ള സ്ഥാപനം ഐസർ, വിതുര ജഴ്സി ഫാം എന്നിവ വഴിയോരക്കാഴ്ചകളാകും. (സ്വന്തം വാഹനത്തിലാണ് വരുന്നതെങ്കിൽ പ്രഭാതഭക്ഷണം കഴിക്കാനുള്ള അവസാന അവസരമാണ് ജഴ്സി ഫാം കാന്റിൻ. പിന്നെ അങ്ങോട്ട് കാര്യമായിട്ടൊന്നും കിട്ടില്ല!)

കുറച്ചു ദൂരം കൂടി മുന്നോട്ട് സഞ്ചരിക്കുമ്പോൾ കാണിത്തടം എത്തും. ഇവിടെ വനംവകുപ്പിന്റെ ഒരു ചെക്ക്പോസ്റ്റ് ഉണ്ട്. ഇവിടെ വച്ച് ബോണക്കാട് ഭാഗത്തേക്കും വാഴ്‌വാന്തോൾ വെള്ളച്ചാട്ടത്തിലേക്കും വഴി പിരിയുന്നു. ഇടതുവശത്തേക്ക് വളവ് തിരിഞ്ഞ് കയറുന്നതാണ് ബോണക്കാട് വഴി. വലത്തേക്ക് സഞ്ചരിച്ചാൽ കാട്ടിനുള്ളിലൂടെ വെള്ളച്ചാട്ടത്തിലെത്തിച്ചേരും. വാഴ്‌വാന്തോൾ വെള്ളച്ചാട്ടത്തിലേക്ക് രാവിലെ 9 മണിക്കു ശേഷമെ പ്രവേശനമുള്ളു. സ്വന്തം വാഹനത്തിലാണ് പോകുന്നതെങ്കിൽ യാത്രക്കാരുടെ പേരുവിവരങ്ങളും യാത്രയുടെ ലക്ഷ്യവും വണ്ടി നമ്പരും മറ്റും ചെക്ക് പോസ്റ്റിൽ നൽകണം.

b7

വനയാത്ര

ഇനിയുള്ള യാത്ര പേപ്പാറ വന്യജീവി സംരക്ഷണത്തിന്റെ ഭാഗമായ വനത്തിലൂടെയാണ്. നല്ല ഉയരത്തിൽ വളർന്നു നിൽക്കുന്ന വൃക്ഷങ്ങളും പടർന്നു കയറിയ വള്ളികളും. പ്രഭാതത്തിന്റെ ഉൻമേഷത്തിൽ വ്യത്യസ്ത ശബ്ദങ്ങളുണ്ടാക്കുന്ന പലവിധം പക്ഷികൾ. വളഞ്ഞു പുളഞ്ഞു മുകളിലേക്കു കയറുന്ന വഴിയിൽ കാതു തുളയ്ക്കും വിധം ചീവിടുകളുടെ സംഘഗാനം ഇടതടവില്ലാതെ കേൾക്കാം. കേരളത്തിന്റെയും തമിഴ്നാടിന്റെയും അതിർത്തിക്ക് സമീപമാണ് ബോണക്കാട് മല. പേപ്പാറ ഡാമും കഴിഞ്ഞ് അഗസ്ത്യാർ‍ കൂടത്തിലേക്ക് വളർന്നു കയറുന്നു ഈ വനം. ആന, കാട്ടുപോത്ത് തുടങ്ങിയ വന്യമൃഗങ്ങൾ വഴിയിൽ ഇറങ്ങാറുണ്ട്, അതുകൊണ്ടാണ് വനംവകുപ്പ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

കാടിനു നടുവിലൂടെയുള്ള ആ യാത്ര ഒരനുഭവമാണ്. മുകളിലോട്ട് തല ഉയർത്തി നോക്കിയാൽ കാണാനാകാത്ത തരത്തിൽ വളർന്നു നിൽക്കുന്ന മരങ്ങൾ. കൊടിയ വേനലിലും ഇവിടത്തെ പച്ചപ്പിൽ നമ്മുടെ കണ്ണു തിളങ്ങും. തട്ടുതട്ടായി വളഞ്ഞു പുളഞ്ഞു കയറുന്ന വഴിയുടെ ഒരു സൈഡിൽ തൊട്ടു താഴത്തെ തട്ടിലെ തുഞ്ചം കാണാത്ത മരങ്ങളുടെ തലപ്പുകൾ വന്നെത്തി നോക്കുന്നു. വഴിയിലുടനീളം കാടിന്റെ ഓരം പറ്റി ഈറക്കൂട്ടങ്ങൾ വളരുന്നതു കാണാം. ഇര വിഴുങ്ങിക്കിടക്കുന്ന പെരുമ്പാമ്പുകളെപ്പോലെ പ്രായം ചെന്ന് ഉണങ്ങിയ തടിയൻ കാട്ടുപുല്ലാഞ്ഞി വള്ളികൾ മരങ്ങളെ ചുറ്റിപ്പിണഞ്ഞു കിടക്കുന്നു.

b5

കാട് കണ്ടും അതിന്റെ വിശേഷങ്ങളറിഞ്ഞും യാത്ര തുടരവേ അങ്ങു ദൂരെ പേപ്പാറ ഡാമിന്റെ ജലാശയം കാണാം. പെട്ടന്ന് എവിടെയോ വച്ച് ഒരു വശത്തെ മരങ്ങൾ അപ്രത്യക്ഷമായി. മൂത്തു മുരടിച്ച തേയിലച്ചെടികളുടെ കുറ്റികളായി ആ വശത്ത്. ഇവിടെ ബോണക്കാട് എസ്‌റ്റേറ്റ് തുടങ്ങുകയാണ്. മറുവശത്ത് ആഗസ്ത്യമലയുടെ കൊടുമുടികൾ നല്ല വ്യക്തമായി കാണാനായി.

ബോണക്കാട് ‘സിറ്റി’

ബ്രിട്ടീഷുകാരാണ് ഇവിടെ തേയിലത്തോട്ടം തുടങ്ങിയത്. പിൽക്കാലത്ത് സ്വകാര്യ പ്ലാന്റേഷൻ കമ്പനിയുടെ കൈവശമെത്തി. അവരുട സാമ്പത്തികബാധ്യതകളെ തുടർന്ന് തേയില ഫാക്ടറി അടച്ചതോടെ എസ്‌റ്റേറ്റിന്റെ പ്രവർത്തനത്തിനും താളം തെറ്റി. നൂറുകണക്കിനു തൊഴിലാളി കുടുംബങ്ങൾ ഇന്നും ആ പഴയ നല്ല കാലം തിരികെ വരുമെന്ന് കരുതി ജീവിക്കുന്നു. വഴിയിൽ പല ഇടത്തും കന്നുകാലികൾ കൂട്ടമായി താഴേക്ക് വരുന്നതു കാണാം. ഇതാണ് പഴയ തോട്ടം തൊഴിലാളികളുടെ ഇന്നത്തെ ഉപജീവനമാർഗങ്ങളിലൊന്ന്!

ബസ് ഇതിനിടെ ബോണക്കാട് പോസ്‌റ്റ് ഓഫിസ് എന്ന ബോർഡ് തൂക്കിയ കെട്ടിടത്തിനു മുന്നിലെത്തി. അവിടെ വച്ചുതന്നെ മുൻപിലുള്ള ബോണക്കാട് എസ്‌റ്റേറ്റ് വക തേയില ഫാക്ടറിയുടെ കെട്ടിടം കാണാം. അതിനടുത്തു തന്നെ ഇപ്പോൾ ഹോമിയോ ഡിസ്പൻസറിയായി മാറിയ പഴയ എസ്‌റ്റേറ്റ് സ്‍റ്റാഫ് ക്ലബ്, അടുത്തു തന്നെ ഏതാനം തൊഴിലാളി വീടുകൾ, സ്കൂളിലേക്കും മറ്റും കയറിപോകുന്ന വഴി... ഇതാണ് ബോണക്കാട് ‘സിറ്റി’. കെഎസ്ആർടിസിയുടെ ബോണക്കാട് സർവീസും ഇവിടെ വരെത്തന്നെ. ബോണക്കാട് ടോപ് കുറച്ചുകൂടി മുകളിലേക്ക് സഞ്ചരിക്കും.

bonacad

പൂട്ടി കിടക്കുന്ന ഫാക്ടറിയുടെ സമീപത്തുകൂടി വഴി കൂറച്ചുകൂടി മുന്നോട്ട് പോകുന്നുണ്ട്. പ്രതാപകാലത്ത് ദിവസവും നൂറുകണക്കിന് പെട്ടി തേയില കയറ്റി വിട്ടിരുന്ന ഫാക്ടറിയുടെ തകർന്ന ജനാലകളിലൂടെ അകത്ത് തുരുമ്പെടുക്കുന്ന യന്ത്രസാമഗ്രികൾ കാണാം. ഫാക്ടറിയെ ചുറ്റി പോകുന്ന പാത തൊട്ടപ്പുറത്ത് വെച്ച് ഒരു തോടിനു കുറുകെ കടക്കുന്നു. പാറക്കെട്ടുകളിലൂടെ ഒഴുകിഎത്തുന്ന അരുവി പാലത്തിനടിയിൽ ഒരു വെള്ളക്കെട്ടു സൃഷ്ടിച്ചശേഷം താഴേക്ക് ഒഴുക്കു തുടരുന്നു. മഴക്കാലത്ത് ഇവിടെയൊരു വെള്ളച്ചാട്ടം തന്നെ രൂപപ്പെടുമത്രേ. പാലം കേറി ഇറങ്ങി മുന്നോട്ടുപോകുന്നത് അഗസ്ത്യാർകൂടത്തിലേക്കുള്ള വഴിയാണ്. അങ്ങോട്ടേക്ക് മകരവിളക്കിനും ശിവരാത്രിക്കും ഇടയ്ക്കുള്ള സമയത്തു മാത്രമേ പ്രവേശനമുള്ളു. പാലത്തിനു സമീപത്തുകൂടി മുകളില്‍ എസ്‌റ്റേറ്റിന്റെ ലായങ്ങളിലേക്കുള്ള ചവിട്ടുപടികൾ...

മോസ്‌റ്റ് ഹോണ്ടഡ് പ്ലെയ്സ്

ബോണക്കാട് പോസ്‌റ്റ് ഓഫിസിന് മുന്നിലൂടെ മുകളിലേക്കു കിടക്കുന്ന വഴിയിലൂടെ 100 മീ സഞ്ചരിക്കുമ്പോൾ എൽ പി സ്കൂളും പള്ളിയും കാണാം. തുടർന്ന് റേഷൻ കട, അമ്പലം. ബോണക്കാട് ടോപ് ബസ് ഇവിടം വരെ സഞ്ചരിക്കും. ഇനി മുന്നോട്ട് പോകണമെങ്കിൽ നടക്കുകയേ വഴിയുള്ളു.

b2

വളഞ്ഞു പുളഞ്ഞു മുകളിലേക്കു കയറുന്തോറും അതിമനോഹരമായ ദൃശ്യങ്ങളാണ് താഴെ കാണാൻ കിട്ടുക. ഒരു വശത്ത് കാഴ്ചകൾക്ക് അതിരിട്ടു നിൽക്കുന്ന അഗസ്ത്യമല. മറുവശത്ത് കണ്ണെത്താദൂരത്തോളം പച്ചമരത്തലപ്പുകൾ കുടപോലെ ചൂടി നിൽക്കുന്ന കാട്. പകുതിയിലധികം ദൂരം വഴി ടാർ ചെയ്തിട്ടുണ്ട്. രണ്ട്–രണ്ടര കി മീ കയറിയാൽ ബോണക്കാട്ടെ ഏറ്റവും ഉയർന്ന സ്ഥലത്തെത്തും. ഇവിടെയാണ് കേരളത്തിലെ മോസ്‌റ്റ് ഹോണ്ടഡ് പ്ലെയ്സ് എന്ന കുപ്രസിദ്ധി നേടിയ 25 ജി ബി ബംഗ്ലാവ്.

തുരുമ്പു പിടിച്ച ഇരുമ്പ് ഗേറ്റ് തള്ളി മാറ്റി അകത്തേക്കു കടക്കാം. എസ്‌റ്റേറ്റ് മാനേജരെപ്പോലെ ഉയർന്ന ഉദ്യോഗസ്ഥരുടെ താമസത്തിനായി പണി കഴിപ്പിച്ച ബംഗ്ലാവിന്റെ ഇന്നത്തെ അവസ്ഥ അതിശോചനീയമാണ്. കരിങ്കല്ലിട്ട് ഇംഗ്ലീഷ് ശൈലിയിൽ പണിത കെട്ടിടത്തിന്റെ മേൽക്കുരയൊക്കെ തകർന്നിരിക്കുന്നു. ബാത് ടബ്ബുള്ള ബാത്റൂം, നെരിപ്പോടുള്ള രണ്ടു മുറികൾ തുടങ്ങിയവയൊക്കെയാണ് അകത്തെ കാഴ്ചകൾ. എന്നാൽ രണ്ടു മുറികളുടെ ജനാലയ്ക്കരുകിൽ നിന്നാൽ കിട്ടുന്ന പേപ്പാറ ഡാമിന്റെ ദൃശ്യം മാത്രം മതി എത്ര മനോഹരമായ സ്ഥാനമാണ് ഈ ബംഗ്ലാവിന്റേത് എന്നു മനസ്സിലാക്കാൻ.

b9

വാഴ്‌വാന്തോൾ കണ്ടു മടങ്ങാം

ബോണക്കാട് എത്തി തിരിച്ചു പോകുന്നതിന് കൃത്യമായ ധാരണ വേണം. കെഎസ്ആർടിസി ബസിലാണ് യാത്രയെങ്കിൽ ഇങ്ങോട്ടു വന്ന ബസ് മടങ്ങുമ്പോൾ അതിൽത്തന്നെ പോകുകയോ അല്ലങ്കിൽ അടുത്ത ബസ് വരുമ്പോൾ അതിൽ കയറുകയോ ചെയ്യാം. സമയം അന്വേഷിച്ച് ഉറപ്പാക്കിയ ശേഷമേ ബോണക്കാട് സിറ്റിയിൽനിന്ന് അകലേക്ക് പോകാവൂ. ഇവിടെ താമസിക്കുന്നതിനോ ഭക്ഷണത്തിനോ സൗകര്യം ഇല്ല. പ്ലാസ്റ്റിക്കും മറ്റു മാലിന്യങ്ങളും ഉപേക്ഷിക്കാതിരിക്കൻ സ‍ഞ്ചാരികൾ ശ്രദ്ധിക്കണം.

തിരിച്ചു വരുമ്പോൾ കാണിത്തടം ചെക്ക് പോസ്റ്റിൽ ഇറങ്ങി വാഴ്‌വാന്തോൾ വെള്ളച്ചാട്ടത്തിലേക്ക് പോകാം. ചെക്ക്പോസ്‌റ്റിൽനിന്ന് 6 കി മീ വനത്തിലൂടെ നടന്നു പോകണം വെള്ളച്ചാട്ടത്തിൽ എത്താൻ. വനംവന്യജിവി വകുപ്പും ചാത്തൻകോട് ഇക്കോ ഡവലപ്മെന്റ് കമ്മിറ്റിയും ഒത്തു ചേർന്ന് വാഴ്‌വാന്തോൾ വെള്ളച്ചാട്ടത്തിലേക്ക് ഒരു പാക്കേജ് ഒരുക്കിയിട്ടുണ്ട്. പത്തുപേർവരെ അടങ്ങുന്ന ഒരു ഗ്രൂപ്പിന് 1000 രൂപ പ്രവേശന ഫീസ്, ഒരു ഗൈഡിന്റെ സേവനവും ഈ ഗ്രൂപ്പിന് കിട്ടും. ഈ പാക്കേജിലൂടെ മാത്രമെ വെള്ളച്ചാട്ടത്തിലേക്ക് പോകാൻ സാധിക്കൂ. ഉദ്ദേശം രണ്ടര–മൂന്നു മണിക്കൂർ സമയം എടുക്കും ട്രെക്കിങ്ങിന്. ഇവിടെയും മടക്കയാത്രയ്ക്ക് ബോണക്കാട് ബസ് മാത്രമെ പൊതുഗതാഗതമാർഗം ഉള്ളു. വിതുരയിൽനിന്ന് കാണിത്തടം ചെക്ക് പോസ്റ്റിലേക്ക് 10 കി മീ.

b1