Tuesday 31 December 2019 12:57 PM IST : By സ്വന്തം ലേഖകൻ

150 മില്യൺ വർഷം പഴക്കമുള്ള, ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ഗുഹ, ‘ബോറാ ഗുഹാലു’; വേറിട്ട യാത്രാനുഭവം!

shutterstock_535077913

കടലും പർവതങ്ങളും തണുപ്പും ട്രെക്കിങ്ങും റൈഡും ഒക്കെയായി പലരീതിയിൽ യാത്രകൾ വേറിട്ടിരിക്കുന്നു. ഗുഹകളിലൂടെയുള്ള സാഹസിക യാത്ര ഇഷ്ടപ്പെടുന്നവർ തീർച്ചയായും ഒരിക്കലെങ്കിലും പോകേണ്ട ഇടമാണ് ബോറാ ഗുഹകൾ. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഗുഹകളിലൊന്ന്. ആന്ധ്രാപ്രദേശിൽ വിശാഖപട്ടണത്ത് അരാക വാലിക്ക് സമീപത്താണ് ബോറാ ഗുഹകൾ സ്ഥിതി ചെയ്യുന്നത്. 

ഇന്ത്യയിലെ ഏറ്റവും ആഴമേറിയ ഗുഹ എന്ന വിശേഷണവും ബോറാ ഗുഹകൾക്കാണ്. ‘ബോറാ ഗുഹാലു’ എന്നാണ് ഈ ഗുഹ അറിയപ്പെടുന്നത്. ഉദ്ദേശം രണ്ട് കിലോമീറ്റർ നീളമുണ്ട് ഈ ഗുഹയ്ക്ക്.അതിൽ 0.35 കിലോമീറ്റർ ദൂരം വരെയേ സഞ്ചാരികൾക്ക് സന്ദർശനാനുമതി ഉള്ളൂ. ഗുഹാമുഖത്തിന് മാത്രം 100 മീറ്റർ വിസ്തൃതിയുണ്ട്. 

പ്രകൃതിയൊരുക്കിയ ശിൽപ ചാരുത

ചുണ്ണാമ്പുകല്ലുകളാൽ പ്രകൃതിയൊരുക്കിയ ശിൽപ ഭംഗിയാണ് ഗുഹയ്ക്കുൾ വശം. ഹൈന്ദവ വിശ്വാസങ്ങളോടും ആചാരങ്ങളോടും ചേർത്ത് കൂട്ടിവായിക്കുന്ന രീതിയിൽ നിരവധി സ്റ്റോൺ ഫോർമേഷനുകൾ ഗുഹയ്ക്കുള്ളിലുണ്ട്. പല വലിപ്പത്തിലുള്ള ശിവലിംഗങ്ങൾ, നാഗം, ഐരാവതം, അരയന്നം.. തുടങ്ങിയവ ഉദാഹരണം. ദൈവങ്ങളുടെ വാസസ്ഥലം എന്നൊരു ഖ്യാതിയും ബോറാ ഗുഹയ്ക്കുണ്ട്. 

shutterstock_1570861021

മനുഷ്യന്റെ തലച്ചോറ്, അമ്മയുടെയും കുഞ്ഞിന്റെയും രൂപം തുടങ്ങിയ വേറെയും ശിൽപങ്ങൾ ഗുഹയ്ക്കകത്തുണ്ട്, ഹൈന്ദവ വിശ്വാസങ്ങളായി ബന്ധപ്പെട്ടിരിക്കുന്നത് കാരണം ഗുഹയ്ക്കുള്ളിലും പുറത്തുമായി ധാരാളം സന്യാസിമാരെ കാണാം. ഗുഹയ്ക്കുള്ളിലൊരു ചെറിയ ഗുഹയുണ്ട്. അവിടെ ക്ഷേത്രസമാനമായ ശിവലിംഗവും പ്രാർഥനാ പീഥവും കാണാം. ഇതിനു പിന്നിലൊരു ഐതിഹ്യമുണ്ട്. 

‘ഒരിക്കൽ ഗുഹയ്ക്ക് മുകൾഭാഗത്ത് മേഞ്ഞുകൊണ്ടിരുന്ന പശു കാലുതെറ്റി 200 അടി താഴ്ചയിലേക്ക് പതിച്ചു. പശുവിനെ അന്വേഷിച്ചെത്തിയവർ അവിടെ ഒരു ശിവലിംഗം കണ്ടു. അതോടെ തങ്ങളുടെ പശുവിനെ രക്ഷിച്ചത് പരമശിവനാണെന്ന വിശ്വാസത്താൽ അവിടെ ആരാധന തുടങ്ങിയെന്നുമാണ്  ഐതിഹ്യം.  

പഴക്കം 150 മില്യൺ വർഷം

കഥകൾ വിട്ട് കാര്യത്തിലേക്ക് വന്നാൽ ബോറാ ഗുഹകൾക്ക് ഉദ്ദേശം 150 മില്യണിലധികം വർഷത്തെ പഴക്കമുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. ജിയോഗ്രഫിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ഉണ്ടായിരുന്ന വില്യം കിങ് ജോർജാണ് 1807 ൽ ബോറ ഗുഹകൾ കണ്ടെത്തുന്നത്. നവംബർ, ഡിസംബർ മാസമാണ് ഗുഹ സന്ദർശിക്കാൻ അനുയോജ്യം. സമുദ്ര നിരപ്പിൽ നിന്ന് 2313 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഏതു കാലാവസ്ഥയിലും ബോറാ ഗുഹയ്ക്കുള്ളിൽ തണുപ്പ് അനുഭവപ്പെടും.

shutterstock_406330897
Tags:
  • Manorama Traveller
  • Travel India