Wednesday 03 June 2020 04:20 PM IST : By സ്വന്തം ലേഖകൻ

ലോക് ഡൗൺ കാലത്ത് വിരുന്നു വന്ന കുടുംബം

bulbul1

കേരളത്തിലെ പക്ഷിക്കാഴ്ചകളിൽ ഒട്ടും അപൂർവമല്ലാത്ത ഇനമാണ് റെഡ് വിസ്കേർഡ് ബുൾ ബുൾ അഥവാ ഇരട്ടത്തലച്ചി. എന്നാൽ ഇവ കൂടുകൂട്ടുന്നതോ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതോ കാണുന്നത് അത്ര എളുപ്പമല്ല. കൂടിനു സമീപം മനുഷ്യന്റെ പെരുമാറ്റം ഒട്ടും ആഗ്രഹിക്കാത്ത കൂട്ടരാണ് ഇവ.

കേരളത്തിൽ കാണപ്പെടുന്ന മൂന്നിനം ബുൾബുൾ പക്ഷികളിലൊന്നാണ് ഇരട്ടത്തലച്ചി. അക്കൂട്ടത്തിൽ ഏറ്റവും സുന്ദരിയും... തലയിൽ മനോഹരമായ തൂവൽ കൊണ്ടുള്ള കൊമ്പും കണ്ണിനു സമീപം ചുവന്ന പൊട്ടും ഉള്ള ഒരു പരിഷ്കാരി. സാധാരണഗതിയിൽ പതിനൊന്നു വർഷം ആയുസ്സ് ഉള്ള തെക്കേ ഇന്ത്യയിലെ ഇരട്ടത്തലച്ചി ഡിസംബർ മുതൽ മെയ് വരെയുള്ള കാലത്താണ് മുട്ടയിടാറ്. രണ്ടോ മൂന്നോ മുട്ടകളേ ഒരുതവണ കാണൂ. പഴങ്ങളും ചെറു ജീവികളുമാണ് ഇവയുടെ പ്രധാന ആഹാരം.

മുറ്റത്തെ നാരകത്തിൽ ഒരു പക്ഷിക്കൂട്...

തികച്ചും യാദൃച്ഛികമായിട്ടാണ് വീട്ടു മുറ്റത്തെ നാരകക്കൊമ്പിൽ കൂടു വയ്ക്കുന്ന ഇരട്ടത്തലച്ചി പാലാ സ്വദേശി ബിജു സി. നായരുടെ ശ്രദ്ധയിൽ വരുന്നത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളുടെ ഭാഗമായി ലോക് ഡൗൺ പ്രഖ്യാപിച്ച കാലമായതിനാൽ പക്ഷിനിരീക്ഷണത്തിനു സമയവും ഇഷ്ടംപോലെ...

ചാതുരിയോടെ മെനഞ്ഞെടുത്ത വീട്, പുള്ളികളുള്ള മുട്ട, വിരിഞ്ഞിറങ്ങിയ പൊടിക്കുഞ്ഞുങ്ങൾ, അകക്കണ്ണിന്റെ വെളിച്ചത്തിൽ അമ്മച്ചിറകിന്റെ താളം തിരിച്ചറിഞ്ഞ് ബഹളം വയ്ക്കുന്ന കുഞ്ഞിക്കിളികൾ... ക്രമേണ അമ്മത്തണലിൽ പറക്കാൻ പഠിച്ച് അകാശത്തേക്ക്... അങ്ങനെ ഒരു ജീവിതഘട്ടം കൺമുന്നിൽ വിരിഞ്ഞിറങ്ങി.

bulbul2

വീടിനോടു ചേർന്നു നിൽക്കുന്ന മരമായതിനാൽ മുറിയിൽ നിന്നുതന്നെ പക്ഷികുടുംബത്തെ നിരീക്ഷിക്കാം. തുടർന്നുള്ള രണ്ടാഴ്ചയിലധികം കാലം ഇരട്ടത്തലച്ചിയുടെ ജീവിതം നോക്കി കാണുകയായിരുന്നു. ജോലികളെല്ലാം മാറ്റി വയ്ക്കേണ്ടി വന്ന ഒരു കാലത്ത് ആഹ്ലാദദായകമായൊരു ജോലി... ചിത്രങ്ങളും വിഡിയോകളുമായി അവയെ പകർത്തിവച്ചു. ഏതു കെട്ടകാലത്തിന്റെയും ബാക്കിയാവുന്ന ചില നല്ല ഓർമകൾക്കായി...

Tags:
  • Wild Destination