Tuesday 11 May 2021 04:29 PM IST : By സ്വന്തം ലേഖകൻ

മഞ്ഞിന്റെ കുളിരണിഞ്ഞ് ഭൂമിയുടെ തലപ്പത്ത്: ഓഫ് റോഡിങ്ങിന്റെ അവസാന വാക്കായി കാലിഫോര്‍ണിയയിലെ മാമത്ത് ലേക്‌സ്

mammoth-c

ഓഫ് റോഡിങ്ങെന്നാല്‍ സഞ്ചാരികള്‍ക്ക് ഹരമാണ്. മുള്‍പ്പടര്‍പ്പുകളിലൂടെ കാടിന്റെ തണുപ്പറിഞ്ഞ്, മഞ്ഞിന്റെ കുളിരേറ്റ, നദിയുടെ കളാകളാരവം കേട്ട് യാത്ര പോകാന്‍ ആഗ്രഹിക്കുന്നവരാണ് സഞ്ചാരികളിലേറെയും. തിരക്കുകളുടെ ലോകത്തിന് അവധി നല്‍കി ശാന്തവും സുന്ദരവുമായ ലോകത്തേക്ക് മനസിനെ പായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇതാ ഒരു സ്വര്‍ഗഭൂമി. കാലിഫോര്‍ണിയയിലെ മാമത്ത് ലേക്ക് ആണ് ചിപ്പിക്കുള്ളിലെ മുത്തുപോലെ കാഴ്ചയുടെ വിസ്മയമൊളിപ്പിച്ച് സഞ്ചാരികളെ കാത്തിരിക്കുന്നത്. 

mammoth-1

ഔട്ട് ഡോര്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷന്റെ അവസാന വാക്കാണ് ഈ സ്വര്‍ഗഭൂമി. മാമത്ത് നദിയുടെ തീരത്ത് അംബരം തൊട്ടു നില്‍ക്കുന്ന പാറക്കെട്ടുകളില്‍ റോക്ക് ക്ലൈബിംഗ് ചെയ്തു ഈ സ്വര്‍ഗ ഭൂമിയെ മനസിലേക്ക് ആവാഹിക്കാം. ഗ്രൂപ്പുകളായും അല്ലാതെയും റോക്ക് ക്ലൈംബിങ്ങിന് അവസരമുണ്ട്.ഗിരിഖിഖരങ്ങളെ പുണര്‍ന്ന് ഉയരം തൊടുമ്പോള്‍ ഒന്നുമനസിലാകും ഭൂമിയിലെ സ്വര്‍ഗത്തിലാണ് തങ്ങളെന്ന്.

mammoth-3

മഞ്ഞുപുതച്ചു കിടക്കുന്ന ഭൂമിയിലെ ഹൈക്കിങ്ങ് അവസരമാണ് അടുത്തത്. മക് ലിയോഡ് നദിയും ക്രിസ്റ്റല്‍ നദിയും പശ്ചാത്തലമൊരുക്കുന്ന ഭൂമിയില്‍ ആയിരത്തോളം അടി ഉയരെ കയറി നിന്ന് കാഴ്ചയുടെ മധു നുകരാം, ആസ്വദിക്കാം. പച്ചപുതച്ച വഴിത്താരകള്‍ക്കിടയിലൂടെയുള്ള സൈക്ലിംഗും സഞ്ചാരികളെ നിങ്ങള്‍ ഒരിക്കലും മറക്കില്ല. മാമത്ത് നദിയുടെ തീരത്തൂടിയുള്ള കുതിര സവാരിക്കുമുണ്ട് രാജകീയ പ്രൗഢി. നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന ഏറ്റവും വലിയ സര്‍പ്രൈസും അതായിരിക്കും. കാഴ്ചയുടെ വിരുന്നൊരുക്കുന്ന സ്വര്‍ഗഭൂമി നിങ്ങളെ കാത്തിരിക്കുന്നു... മുമ്പെങ്ങും കണ്ടിട്ടില്ലാത്ത അനിര്‍വചനീയ അനുഭവങ്ങളുമായി.

mammoth-2