Wednesday 22 May 2019 04:23 PM IST : By Easwaran Seeravally

പഴമയുടെ തണുപ്പും വെളിച്ചവും; ചരിത്രമാളിക, ഇന്നലെകളിലൂടെ ഒരു സഞ്ചാരം

malika Photo : Tibin Augustine

തിരുവിതാംകൂറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ഒരു അന്വേഷണത്തിനിടയ്ക്കാണ് ചരിത്രമാളികയെപ്പറ്റി കേട്ടത്. തിരുവിതാംകൂറിന്റെ ഭാഗമായി പഴയ കേരളത്തിന്റെ മാപ്പിൽ അടയാളപ്പെടുത്തിയിരുന്ന നാഞ്ചിനാടിന്റെ ചരിത്ര–സാംസ്കാരിക പൈതൃകത്തെ ആവാഹിക്കുന്ന ഒട്ടേറെ വസ്തുക്കൾ സമാഹരിച്ച്, അവയുടെ തനിമയോടെ സംരക്ഷിക്കുന്ന അഭിലാഷ് എന്ന ചെറുപ്പക്കാരന്റെ വേറിട്ടൊരു സംരംഭമാണ് ഈ മാളിക. ഇവയിൽ തൽപരരായവർക്കും കുട്ടികൾക്കും അതിന്റെ പ്രാധാന്യം വിശദമാക്കിക്കൊണ്ടുതന്നെ ഇവ കാട്ടിക്കൊടുക്കണമെന്ന കാര്യത്തിൽ ഈ യുവാവ് ബദ്ധശ്രദ്ധനാണ്. ചരിത്രമാളികയെ സാമ്പ്രദായിക മ്യൂസിയങ്ങളിൽ നിന്ന് വേറിട്ടു നിർത്തുന്നതും ഇതുതന്നെ. 4800പുരാവസ്തുക്കളും 32 പ്രധാനപ്പെട്ട ഭാഗങ്ങളും ഇവിടെയുണ്ട്. ഇതു മുഴുവൻ കണ്ടിറങ്ങുമ്പോൾ ഇന്നലെകളിലൂടെ ദീർഘമായ ഒരു യാത്ര നടത്തിയ അനുഭവമാണ് നമുക്ക് ലഭിക്കുക.

m2

മുഴക്കോൽ ചാലഞ്ച്

ചരിത്രമാളികയുടെ വിശേഷങ്ങൾ കണ്ട് കലപില ശബ്ദമുണ്ടാക്കുന്ന ഒരു കൂട്ടംകൊച്ചുകുട്ടികൾക്കിടയിലൂടെയാണ് അഭിലാഷ് ഞങ്ങളെ ആദ്യത്തെ മാളികയുടെ പൂമുഖത്തേക്കു നയിച്ചത്. ആത്മമുഖം എന്നാണ് ഈ പൂമുഖത്തിനു പേര്.

ഈരേഴ് പതിനാലു ലോകങ്ങളുടെ പ്രതീകമായി 14 ചിറ്റുകഴുക്കോലുകളിലാണ് ഈ പൂമുഖത്തിന്റെ കൂട്ടു കയറ്റിയിരിക്കുന്നത്. ഇവിടെ കഴുക്കോൽ വളയങ്ങൾക്കിടയിലൂടെ ഈ കെട്ടിടത്തിന്റെ കണക്കിന് അടിസ്ഥാനമാക്കിയ മുഴക്കോൽ കടത്തി വച്ചിരിക്കുന്നതു കാണാം. അതൊരു ‘ചാലഞ്ചാ’ണത്രേ, ഇനി ഈ കണക്കിൽ ഒരു കെട്ടിടം നിർമിക്കണമെങ്കിൽ അഥവാ ഈ കെട്ടിടത്തിൽ എന്തെങ്കിലും പണിയണമെങ്കിൽ ഉത്തരത്തിന്റെ വളയങ്ങളൊന്നും പൊട്ടിക്കാതെ മുഴക്കോൽ ഊരി എടുക്കുന്ന ഒരു ആശാരിക്കേ അതിനു യോഗ്യതയുള്ളത്രേ.

താളിയോലകളുടെയും എഴുത്താണികളുടെയും വൈവിധ്യമാണ് അടുത്തത്. നീളമുള്ള താളിയോലകളും നീളം കുറഞ്ഞ് ഉള്ളംകയ്യിലൊതുങ്ങി നിൽക്കുന്ന ചുരുണളും ഇവിടെ കാണാം. ഏറ്റവും മുകള‌ിലും താഴെയും തടികൊണ്ടുള്ള ഓലകളിട്ട് കെട്ടി തുകലിലോ പട്ടിലോ പൊതിഞ്ഞു വയ്ക്കുന്നവയാണ് ഗ്രന്ഥങ്ങൾ. എഴുത്താണികൾക്കും വൈവിധ്യമുണ്ട്, വെറും ഇരുമ്പ് കൂർപ്പിച്ചെടുത്ത നാരായവും ഓടിൽ ശിൽപഭംഗിയോടെ വാർത്തെടുത്ത എഴുത്താണിയും കാണാൻ സാധിച്ചു.

malika

തൂൺ ബാങ്ക്

പടിമേട എന്ന അടുത്ത കെട്ടിടത്തിന്റെ പടവിനോടു ചേർന്നു തന്നെ ഒരു ചെറിയ ‘റൗണ്ട് ടേബിളിൽ’ ഒരു കുട്ടിയാനയെ കാണാം. ഈ ദാരുശിൽപം വീടിന്റെ സ്ഥിതി സൂചിപ്പിക്കുന്നു. ആന പുറത്തേക്കു നോക്കി നിന്നാൽ ഇവിടെ പത്തായത്തിൽ നെല്ല് ഉണ്ട്. മറിച്ചാണ് അവസ്ഥയെങ്കിൽ തിരിക്കാവുന്ന ഈ ശിൽപം അകത്തേക്കു തിരിച്ചു വയ്ക്കുകയാണ് പതിവത്രേ.

ആനയുടെ തൊട്ടടുത്തുള്ള മറ്റൊരു വിസ്മയമാണ് തൂൺ ബാങ്ക്. ഈ തൂണ് പണ്ടുകാലത്ത് കരുതൽ ധനം സൂക്ഷിക്കാനായി ഉപയോഗിച്ചതാണ്. തൂണിന്റെ മുകൾഭാഗത്തുള്ള ഒരു മരച്ചാവി ഊരി എടുത്ത്, അതിന്റെ മുകളിൽ നാണയം വച്ച് തിരികെ അടയ്ക്കുന്നു. ചാവി തട്ടി മുറുക്കുമ്പോൾ ആ നാണയം തൂണിന്റെ പൊള്ളയായ അകവശത്തേക്കു വീഴും. ഇനി തൂ‍ൺ നാണയം കൊണ്ട് നിറഞ്ഞുകഴിഞ്ഞാൽ പിന്നീട് ഒരോ നാണയം നിക്ഷേപിക്കുമ്പോഴും അത് തൂണുമായി ബന്ധിപ്പിച്ചിരിക്കുന്ന ഉത്തരത്തിൽക്കൂടി നീങ്ങിമാറിക്കൊണ്ടിരിക്കും. അവസാനം അത് തിണ്ണയുടെ ഒരറ്റത്തുള്ള പത്തായത്തിൽ വന്നുവീഴും. ഈ ഉത്തരത്തെ പാട്ടുത്തരം എന്നാണ് വിളിക്കുന്നത്. തൂൺബാങ്ക് നിറയുന്നതിനു മുൻപ് ആ പണം എടുക്കേണ്ട സാഹചര്യമുണ്ടായാൽ കെട്ടിടം പണിത മൂത്താശാരിക്കു മാത്രമേ സഹായിക്കാനാകൂ.

m7.

മുറ്റത്തോട്ടിറങ്ങുന്ന പടവുകളിലൊരു ഭാഗത്ത് മുകളിൽ പിടിയൊക്കെയുള്ള, തടിയുടെ ഒരു അടപ്പു കാണാം. തൂൺ കണ്ട ഓർമയ്ക്ക് ഇതു വല്ല നിധിയുമാണെന്നു വിചാരിച്ചാൽ തെറ്റി, അതിനു താഴെ ഒരു കുഞ്ഞിക്കിണറാണ്, നാഴിക്കിണർ. കൈമുക്കി എടുക്കാവുന്ന വിധം വെള്ളമുള്ള ഈ കിണറ്റിൽനിന്നാണ് ഇപ്പോഴും വേനൽക്കാലങ്ങളിൽ ജലം എടുക്കാറുളളത്. പടിമേടയുടെ തിണ്ണയിൽനിന്നു നാഗത്താഴിട്ടു പൂട്ടുന്ന മുറിയുടെ കട്ടളയ്ക്കു മുകളിലായി പഞ്ചലോഹക്കൂട്ടിലുള്ള ഗൗളികളെയും സൂര്യചന്ദ്രൻമാരെയും സ്ഥാപിച്ചിരിക്കുന്നു.

നടുമുറ്റവും കളരിയും

പടിമേടയിൽനിന്ന് അകത്തേക്ക്, നടുമുറ്റമുള്ള ഒരു തളത്തിലേക്കാണ് കടക്കുന്നത്. സാധാരണ നാലുകെട്ടുകളിലേതു പോലെയുള്ള ഒരു നടുമുറ്റമല്ല ഇത്. ഈ നടുമുറ്റത്ത്, മാളികയുടെ അടിയിലായി സജ്ജീകരിച്ചിരിക്കുന്ന കളരിയാണ്. 41 കോൽ ചുറ്റളവുള്ള മണ്ഡലക്കളരിയാണിത്. 27 ശിഷ്യൻമാർക്ക് ഒരേസമയം നിന്ന് അഭ്യസിക്കാനുള്ള സൗകര്യമുണ്ട് ഇവിടെ. ഭൂമിക്കടിയിലാണെങ്കിലും നടുമുറ്റത്തിന്റെ തുറവിയിലൂടെ ഇവിടേക്ക് സദാ പ്രകാശം കടന്നെത്തുന്നു. മഴപെയ്താൽ വെള്ളം കളരിയിലേക്കു വീഴാതെ പുറത്തേക്കു കളയാൻ പാത്തിയും ഓവും ഉണ്ട്. തളത്തിന്റെ ഓരംപറ്റി കളരിയിലേക്ക് ഇറങ്ങാം.

കളരിയുടെ കിഴക്കേ അറ്റത്ത് പലകകൾകൊണ്ട് അഴിയിട്ട ജാലകം കാണാം. ഇവിടെനിന്നു നോക്കുമ്പോൾ അതിനപ്പുറം ഇരുട്ടുമാത്രം. എന്നാൽ പുറംതിണ്ണയിൽനിന്നും ഒരു മുറിയിലൂടെ താഴേക്ക് ഇറങ്ങിയാൽ ഒരാൾക്ക് കഷ്ടിനിൽക്കാൻ ഉയരവും കിടക്കാൻ നീളവും വീതിയുമുള്ള ഒരു രഹസ്യ അറയിലേക്കെത്താം. കണ്ണറജാലകം എന്നു വിളിക്കുന്ന ഇവിടെ നിന്നാൽ ഈ അഴികളിലൂെട കളരിയുടെ ഉള്ളിൽ നടക്കുന്നത് രഹസ്യമായി വീക്ഷിക്കാം. പണ്ടു കാലത്ത് ഗുരുക്കന്മാർ ശിഷ്യൻമാരുടെ കഴിവുകളും പെരുമാറ്റങ്ങളും അവരറിയാതെ മറഞ്ഞിരുന്ന് നിരീക്ഷിച്ചിരുന്നത് ഇതിൽക്കൂടിയാണ്. കളരിയിൽ ഗുരുസാന്നിധ്യം ഇല്ലാത്തപ്പോഴും ‘യൂ ആർ അണ്ടർ സർവൈലൻസ്’ എന്ന ഭയം ശിഷ്യൻമാരിൽ നിൽക്കുകയും ചെയ്യും. ഇന്നും അഭ്യാസപരിശീലനത്തിലൂടെ സജീവമാണ് ഈ കളരി. കളരിയുടെ കോണിൽ ഒരു അറയിൽ കാലങ്ങളായി എരിയുന്ന കെടാവിളക്കും നൂറ്റാണ്ടുകൾക്കുമുൻപ് ജീവിച്ച് മരിച്ച ഒരു ഗുരുനാഥന്റെ യോഗദണ്ഡ്, മെതിയടി, മഴു, ആയുധങ്ങൾ തുടങ്ങിയവയും കളരിയുടെ ജാതകവും സൂക്ഷിച്ചിരിക്കുന്നു.

m7.

ഭൂമിക്കടിയിലൂടെ തായ് മാളികയിലേക്ക്

ഭൂമിക്കടിയിലൂടെ വിവിധ കെട്ടുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന രീതി പഴയകാല നിർമാണങ്ങളുടെ മറ്റൊരു വിസ്മയമായിരുന്നു . ഇവിടെ കെടാവിളക്കിരിക്കുന്ന അറയിൽനിന്ന് ഒരു തുരങ്കം ആരംഭിക്കുന്നുണ്ട്. കഷ്ടിച്ച് മൂന്നടി ഉയരമുള്ള ഇരുട്ടു നിറഞ്ഞ തുരങ്കം ചെന്നു കയറുന്നത് സൂതികാഗൃഹത്തിലാണ്. സ്ത്രീകളുടെ പ്രസവം വീടുകളിൽത്തന്നെ നടന്നിരുന്ന അക്കാലത്ത് പ്രസവശേഷമുള്ള സുഖചികിത്സകൾ നടത്തിയിരുന്നത് ഇവിടെയാണ്. അതിനായി ഉപയോഗിച്ചിരുന്ന വലിയ എണ്ണത്തോണി, അമ്മത്തോണി രക്തചന്ദനത്തിൽ പണിത കട്ടിൽ ഇവയൊക്കെ കാണാം.

സൂതികാശാലയിൽനിന്നു മുകളിലേക്കു കയറുന്നത് തൊട്ടടുത്ത തായ്മാളികയുടെമുറിയിലേക്കാണ്. പൂർണമായും വരിക്കപ്ലാവിൽ

പണിതതാണ് ഈ മാളിക. പൂമുഖത്തുനിന്ന് അകത്തേക്കുള്ള പ്രധാന വാതിൽ നാദകവാടം – ഇതു തുറക്കുമ്പോഴും അടയ്ക്കു

m6

മ്പോഴും ആന ചിന്നം വിളിക്കുന്നതുപോലുള്ള ശബ്ദം ഉണ്ടാകും. തായ്മാളികയുടെ പിൻവശത്ത് വലിയ അടുപ്പുകൾ കൂട്ടി അതിൽ വാർപ്പും ഉരുളികളും വച്ചിരിക്കുന്നു. ഇതാണ് അടിച്ചൂട്ടു പെര. സദ്യയും മറ്റും തയാറാക്കേണ്ടി വരുമ്പോഴാണ് ഇവിടെ പാചകം. ഔഷധനിർമാണവും ഇവിടെത്തന്നെ. നീരാവിസ്നാനത്തിനുള്ള ഔഷധത്തോണി സൂക്ഷിച്ചിരിക്കുന്നതും ഈ മുറിയിലാണ്.

ഉരൽക്കളവും വാസാന്ത്യമാളികയും

അടിച്ചൂട്ടുപെരയുടെ അടുത്ത് നീറ്റുമരുന്നു സൂക്ഷിക്കാനുള്ള അറയും തുടർന്ന് ഒരു തുരങ്കത്തിലൂടെ പോയാൽ മരുന്നുകൾ‍ വാറ്റിഎടുക്കുന്നതിനുള്ള സംവിധാനവും കാണാം. പടുകൂറ്റൻ ഉരലും അമ്മിക്കല്ലും കുഴവിയും ഇരിക്കുന്ന ഉരൽക്കളത്തിൽനിന്ന് താഴേ ക്ക് ഇറങ്ങിയാൽ കായകൽപചികിത്സ നടത്തുന്ന അറയിലേക്കെത്താം. ഒരു മനുഷ്യന്റെ യൗവനം എന്നെന്നേക്കുമായി നിലനിർത്താനുള്ള ചികിത്സയാണ് കായകൽപ ചികിത്സ. തൈലാധിവാസം, ധാര, നസ്യം അതിനൊക്കെയുള്ള സംവിധാനങ്ങൾ, എണ്ണത്തോണിയടക്കം, ഇതിനുള്ളിൽ ഒരുക്കിയിരിക്കുന്നു. ഈ മുറിയിൽനിന്നു മുകളിലേക്കു കയറിയാൽ ആത്മമുഖമുള്ള ആദ്യത്തെ കെട്ടിനുള്ളിൽ എത്തിച്ചേരും.

പുറത്തെ മുറ്റത്ത് കോട്ടവാതിൽ കണക്കുള്ള വാതിലിനു മുകളിൽ ഒരു മുറിയും രണ്ടായി പകുത്ത, വിശാലമായ ഇളംതിണ്ണകളുള്ള വരാന്തയോടും കൂടിയ ഒരു മാളിക കാണാം. വാസാന്ത്യമാളിക എന്നറിയപ്പെടുന്ന ഇവിടെയാണ് ചതുരംഗം, ഏടാകൂടം തുടങ്ങിയ ബുദ്ധിപരമായ വിനോദങ്ങളിൽ ഏർപ്പെട്ട് ആളുകൾ സായാഹ്നങ്ങള്‍ ചെലവിട്ടിരുന്നത്.

ചരിത്രമാളികയുടെ കൗതുകക്കാഴ്ചകൾ പറഞ്ഞാൽ തീരില്ല. അത് കാവിളക്ക്, മയിൽവിളക്ക്, ശാസ്താവിളക്ക് തുടങ്ങിയ വിളക്കുകൾ, കരിങ്കല്ലിലും ഓടിലും ചെമ്പിലുമുള്ള വീട്ടുപകരണങ്ങളുടെ പ്രദർശനമായ ശിലായുഗം, ലോഹയുഗം എന്നിവയിലൂടെയും അളവുതൂക്ക ഉപകരണങ്ങളിലൂടെയും ഒക്കെ തുടരുന്നു. മഹാത്മാ ഗാന്ധി കന്യാകുമാരിയിൽ വന്നപ്പോൾ സഞ്ചരിച്ച കാളവണ്ടി, തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജാനകി രാമചന്ദ്രൻ സഞ്ചരിച്ച കാളവണ്ടി, മുറ്റത്തുള്ള ചക്ക്, ചുമടുതാങ്ങി, ബൽജിയം നിർമിതമായ ആമമണി... എല്ലാം ആശ്ചര്യ കാഴ്ചകളാണ്.

m4

വരും തലമുറയ്ക്ക് വേണ്ടി

m1

36 സെന്റിൽ 22,200 ചതുരശ്ര അടി വിസ്തീർണത്തിലാണ് മാളിക പണിതിരിക്കുന്നത്. ഭൂമിക്കു മുകളിലുള്ളതുപോലെ ഏതാണ്ടത്രതന്നെ വിസ്തീർണം താഴെയുമുണ്ട്. 400 വർ‌ഷം മുൻപ് പണിത മാളിക അഭിലാഷിന്റെ അപ്പൂപ്പന്റെ കാലത്ത് ഇവിടെ കൊണ്ടുവന്ന് പുനഃസൃഷ്ടിക്കാൻ തുടങ്ങിയതാണ്, 1960 കളിൽ. പിന്നീട് നിന്നുപോയ ആ പ്രക്രിയ 1990 കളിൽ പുനരാരംഭിച്ച് ഇന്നത്തെ രീതിയിലേക്ക് എത്തിച്ചത് അഭിലാഷിന്റെ പരിശ്രമഫലമാണ്. തിരിച്ചന്തൂരിലുള്ള കൊട്ടാരം പണിക്കാരെ ഉപയോഗിച്ചാണ് പുനർജനി കണക്കിലുള്ള മാളിക പണിയിപ്പിച്ചത്. ഒപ്പം നാഞ്ചിനാട്ടിന്റെ പല ഭാഗങ്ങളിൽനിന്നും ചരിത്ര–സാംസ്കാരിക പ്രാധാന്യങ്ങളുള്ള വസ്തുക്കൾ സമ്പാദിച്ച് സംരക്ഷിച്ചു തുടങ്ങി. സാമ്പത്തികലാഭത്തിനല്ല ഇങ്ങനെയൊരു സംരംഭത്തിന് ഇറങ്ങി തിരിച്ചത്. ഇവയെ കേവലം പ്രദർശനവസ്തുവായിട്ടല്ല അഭിലാഷ് കാണുന്നത്, തലമുറകളിലേക്കു പകരേണ്ട പൈതൃകനിധികളായിട്ടാണ്. അതുകൊണ്ടു തന്നെ ഇവിടെ വിദ്യാർഥികൾക്കു മുൻഗണന കിട്ടുന്നു.

വാസാന്ത്യമാളികയുടെ മുകളിൽ നിൽക്കുമ്പോൾ ചരിത്രമാളികയുടെ ഏരിയൽ വ്യൂ കാ ണാം. തനി കേരളീയമായ ശൈലിയിൽ ഓടുമേഞ്ഞ മൂന്നു കെട്ടിടങ്ങൾ, ഇവയ്ക്കിടയിൽ പങ്കിട്ടെടുക്കുന്ന കൊച്ചു മുറ്റം, ഓരോ മാളികയുടെയും പൂമുഖത്ത് പുരാവസ്തുക്കൾ. ഇവയുടെ സമ്പാദനത്തിന്റെയും സംരക്ഷണത്തിന്റെയും പിന്നിൽ വലിയ പ്രയത്നമുണ്ട്. അതിനൊരു പ്രതിഫലമായി ഇനിയെങ്കിലും ബാക്കിയുള്ള ചരിത്രശേഷിപ്പുകളെ, സാംസ്കാരിക മൂല്യങ്ങളെ നാം സംരക്ഷിക്കണം. തൊടിയിലേക്കു വലിച്ചെറിഞ്ഞവയിൽ വീണ്ടെടുക്കാവുന്നവ വീണ്ടെടുക്കണം. സന്ദർശകർക്ക് അഭിലാഷ് പകർന്നു നൽകാൻ ശ്രമിക്കുന്ന മൂല്യവും അതുതന്നെ.

How to reach :

m5

തിരുവനന്തപുരം–കന്യാകുമാരി ദേശീയപാതയിൽ നെയ്യാറ്റിൻകര കഴിഞ്ഞ് അമരവിളയ്ക്കടുത്താണ് ചരിത്രമാളിക. സ്കൂൾ, കോളജ് വിദ്യാർഥികൾക്കും ചരിത്ര ഗവേഷണവും പഠനവുമായി ബന്ധപ്പെട്ടവർക്കുമാണ് ഇതു കാണാൻ സൗകര്യമൊരുക്കുന്നത്. 25 പേരെങ്കിലുമുള്ള ഗ്രൂപ്പുകളായേ പ്രവേശനമുള്ളൂ. യു പി ക്ലാസ് വരെയുള്ള കുട്ടികൾക്ക് 25 രൂപയും ഹൈസ്കൂൾ വിദ്യാർഥികൾക്ക് 40 ഉം കോളജ് വിദ്യാർഥികൾക്ക് 100 രൂപയുമാണ് പ്രവേശന ഫീസ്. ഫോണിൽ മുൻകൂട്ടി സംസാരിച്ച ശേഷം ചെല്ലുക. ഫോൺ: 9349838961, 9495939797