Wednesday 11 December 2019 03:33 PM IST : By Gautham Rajan

ഇത് മലരിക്കലിലെ ആമ്പൽ വസന്തമല്ല; ‘ഐ’ സിനിമയിൽ വിക്രമും എമിയും പാടി നടന്ന പ്രണയതീരം!

shutterstock_382149025 Photo: Gautham Rajan

ഏതോ ഒരു കടലോരത്ത് അറ്റം കാണാതെ പരന്നു കിടക്കുന്ന ചുവപ്പു പാടം. അതിനു നടുവിലെ മരപ്പാലത്തിലൂടെ പ്രണയിച്ചു നടക്കുന്ന നായകനും നായികയും – ‘ഐ’ എന്ന തമിഴ് സിനിമ കണ്ട് തീയറ്ററിൽ നിന്നിറങ്ങുമ്പോൾ മനസ്സിൽ കയറിക്കൂടിയത് ഈ കാഴ്ചയായിരുന്നു. വിക്രമിന്റെയും എമി ജാക്ക്സണിന്റെയും പ്രണയം മനോഹരം. പക്ഷേ, ആ ചുവന്ന തീരം, അതാണ് ഹൈലൈറ്റ്. നീലാകാശത്തിനു ചുവട്ടിലെ ചുവന്ന ഭൂമി.

‘‘അതൊക്കെ ക്യാമറാ ട്രിക്കായിരിക്കും. അല്ലെങ്കിൽ കമ്പ്യൂട്ടർ ഗ്രാഫിക്സ്’’ – നല്ലപാതിയുടെ കമന്റ്. എങ്കിലും, വെറുതേയൊന്ന് ഗൂഗിളിൽ പരതി. സലിം കുമാർ പറഞ്ഞതു പോലെ, ‘‘ഇനിയഥവാ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ?’’

അന്വേഷണം വെറുതെയായില്ല; സംഗതി ശരിക്കുള്ളതാണ്. ചൈനയിലാണ് ‘പാൻജിൻ ഡെൽറ്റ’ എന്നറിയപ്പെടുന്ന ചുവന്ന തീരം. ലിയാവോനിങ്ങ് പ്രവിശ്യയിലൂടെ (Liaoning province) ഒഴുകുന്ന ലിയാവോ നദി ബോഹായ് കടലിൽ ചേരുന്നിടത്തെ ചതുപ്പ് തീരങ്ങളിലാണ് പ്രകൃതി ‘ചുവന്ന തീര’മെന്ന ദൃശ്യവിസ്മയം ഒരുക്കിയിരിക്കുന്നത്. കടലിനോട് ചേർന്ന ചതുപ്പുനിലത്തിൽ രക്തവർണത്തിൽ ഇടതൂർന്ന് വിരിഞ്ഞു നിൽക്കുന്ന കുറ്റിച്ചെടികളാണ് തീരത്തിനു ചുവപ്പ് പകരുന്നത്. കുറച്ചു കാലമായി  മനസ്സിൽ കൊണ്ട് നടക്കുന്ന മോഹമായിരുന്നു ചൈനയിലേക്കൊരു യാത്ര. കമ്മ്യൂണിസ്റ്റ് ചുവപ്പിന്റെ കഥകളുറങ്ങുന്ന മണ്ണിൽ നിന്ന് ചുവപ്പു തീരത്തിന്റെ വിളി കൂടിയായപ്പോൾ പിന്നെ അധികമാലോചിക്കാനില്ലായിരുന്നു. യാത്രയ്ക്കുള്ള തയാറെടുപ്പുകൾ ആരംഭിച്ചു.

അധികം സഞ്ചാരികൾ ചെന്നെത്താത്ത നാടാണ് ലിയാവോനിങ്ങ്. വിശദവിവരങ്ങളോ അവിടെയെത്തിച്ചേരുവാൻ സഹായിക്കുന്ന ആധികാരികമായ വിവരണങ്ങളോ ലഭ്യമല്ല. ഉള്ളതൊക്കെയാവട്ടെ മനസ്സിലാകാത്ത ഭാഷയിലും! ഭാഗ്യത്തിന് ഇന്റർനെറ്റിലെ ട്രാവൽ ഫോറത്തിലൂടെ പരിചയപ്പെട്ട ഒരു ചൈനീസ് സുഹൃത്ത്‌ സഹായത്തിനെത്തി. പോവേണ്ട വഴികളെക്കുറിച്ച് അയാൾ പറഞ്ഞു തന്നു. കൂടെ ഒരു മുന്നറിയിപ്പും – ‘‘ അത്ര പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമല്ല ഈ ചുവന്ന പാടം. അതുകൊണ്ടു തന്നെ ഇംഗ്ലിഷ് സംസാരിക്കുന്നവർ ഉണ്ടായെന്നു വരില്ല. സൗകര്യങ്ങളും പരിമിതമായിരിക്കും’’

hikkn

ജാവോചുവനിലേക്കുള്ള ബസ്

ഒളിമ്പിക്സ് കാഴ്ചകളിലൂടെ ലോകത്തിന്റെ മനം കവർന്ന ബീജിങ്ങിലാണ് ചെന്നിറങ്ങിയത്. ഷോപ്പിങ്ങിന്റെയും വേറിട്ട രുചികളുടെയും ആരവമുയരുന്ന തെരുവുകള്‍, േസ്റ്റഡിയങ്ങൾ, നഗരക്കാഴ്ചകൾ...മനോഹരമാണ് കാഴ്ചകൾ. ടിയാൻമെൻ ചത്വരത്തിന്റെയും വന്മതിലിന്റെയും പ്രലോഭനങ്ങൾക്ക് കീഴടങ്ങാതെ ചുവന്ന തീരത്തേക്കു പുറപ്പെട്ടു.

ബീജിങ്ങ് നഗരത്തിൽ നിന്ന് 600 കിലോമീറ്റർ ദൂരെയാണ് ചുവന്ന തീരം. പാൻജിനാണ് (Panjin) ഏറ്റവുമടുത്തുള്ള റെയിൽവേ േസ്റ്റഷൻ. നേരിട്ടുള്ള ട്രെയിനിൽ നഗരക്കാഴ്ചകളാസ്വദിച്ച് യാത്രയാരംഭിച്ചു. നല്ല വൃത്തിയുള്ള തീവണ്ടി.  പാട്ടു കേട്ട് പാഞ്ഞുപോകുന്ന പുതുകാഴ്ചകളിൽ കണ്ണെറിഞ്ഞിരിക്കുമ്പോൾ നേരം പോകുന്നതറിയുന്നതേയില്ല. പാൻജിനിലിറങ്ങി ചുവന്ന തീരത്തിനടുത്തെ ജാവോചുവൻ ഗ്രാമത്തിലേക്കുള്ള ബസ്സന്വേഷിച്ചു. നമ്മുടെ നാവിൽ ഈ നാട്ടിലെ പേരുകളൊന്നും കൊള്ളില്ലെന്ന് നേരത്തേ മനസ്സിലാക്കിയ ചൈനീസ് സുഹൃത്ത് എല്ലാം കുറിച്ചു തന്നിരുന്നു. ഒരു കിലോമീറ്ററോളം നടന്നു ബസ് േസ്റ്റഷനിലെത്തി.

ജാവോചുവൻ ഗ്രാമത്തിലേക്ക് അധികം ബസ്സുകളൊന്നുമില്ല. കുറേ നേരം കാത്തുനിൽക്കേണ്ടി വന്നു. ചുറ്റുമുള്ളെതെല്ലാം പുതിയ കാഴ്ചകളായതുകൊണ്ട് ബോറടിച്ചില്ല. ഒടുക്കം, കാത്തിരിപ്പിനു വിരാമമിട്ട് ഒരു പഴഞ്ചൻ മിനി ബസ് എത്തി. കണ്ടക്ടറും ഡ്രൈവറും സ്ത്രീകളാണ്. ഉള്ളിൽ അങ്ങിങ്ങായി ചുവപ്പു തീരത്തിന്റെ ചിത്രങ്ങളും ടൂറിസം വകുപ്പിന്റെ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്. എല്ലാം ചൈനീസ് ഭാഷയിലാണ്. യാത്രക്കാരായി നാട്ടുകാർ മാത്രം. വിദേശസഞ്ചാരികളെ അധികം കണ്ടിട്ടില്ലാത്തതു കൊണ്ടാണെന്നു തോന്നുന്നു; ചിലരെല്ലാം കൗതുകത്തോടെ  നോക്കി ചിരി‍ച്ചു.  

റോഡിന് ഇരുവശവും നിരനിരയായി ഒരേ രൂപത്തിലും നിറത്തിലുമുള്ള കെട്ടിടങ്ങളാണ്. താമസിക്കാൻ പാകത്തിൽ നിർമിച്ചതാണെങ്കിലും പുറത്തുനിന്ന് നോക്കുമ്പോൾ ഒന്നിലും ആൾതാമസമില്ലാത്തതു പോലെ. പൂപ്പൽ കയറി, പാളികൾ അടർന്നു വീണ്... ഒറ്റനോട്ടത്തിൽ പ്രേതഭവനങ്ങളെ ഓർമിപ്പിക്കുന്ന കുറേ കെട്ടിടങ്ങൾ. നിരത്തുകളിൽ വാഹനങ്ങളും കുറവാണ്. ആകെപ്പാടെ ഒരു ശ്മശാനമൂകത മൂടിനിൽക്കുന്നുണ്ട് പാൻജിൻ നഗരത്തിൽ. എന്താണ് കാര്യമെന്ന് ചോദിച്ചറിയണമെന്നുണ്ടായിരുന്നു; പക്ഷേ മിണ്ടണമെങ്കിൽ ഭാഷയറിയണമല്ലോ.

നഗരം വിട്ടു ഗ്രാമപാതകളിലേക്കു ബസ് പ്രവേശിച്ചതോടെ കാഴ്ചകൾക്ക് ജീവൻ വച്ചു തുടങ്ങി. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന നെൽപ്പാടങ്ങളും ഇളം കാറ്റും തെളിഞ്ഞ ആകാശവും ചൈനീസ് ഗ്രാമങ്ങളുടെ ഛായാചിത്രം തീർത്തു.

shutterstock_489436759

തീരം ചുവപ്പിക്കുന്ന ചെടി

ജാവോചുവൻ ഗ്രാമത്തിൽ ബസിറങ്ങിയപ്പോൾ തന്നെ ടാക്സിക്കാർ വട്ടമിട്ടു. ഇവിടെ നിന്നും കടൽത്തീരത്തേക്കു ബസുകളില്ല; ടാക്സിയാണ് ആശ്രയം. ഭാഗ്യത്തിന് അൽപം ഇംഗ്ലീഷ് സംസാരിക്കുന്ന ഒരു ഡ്രൈവറെ കൂട്ടിനു കിട്ടി.

ലിയാവോ നദി കടലിൽ ചേരുന്ന അഴിമുഖത്താണ് ചുവന്ന തീരം. 30 കിലോമീറ്ററോളം ദൂരം ചതുപ്പ് നിലമാണ്‌. അവിടെ ചതുപ്പിനെ മൂടി വളരുന്ന സ്വേഡ സൽസ (Suaeda salsa) എന്ന് പേരുള്ള ഒരു അപൂർവയിനം പുൽച്ചെടിയാണ് തീരത്തെ ചുവപ്പണിയിക്കുന്നത്.

‘‘ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലാണ് ഇവിടെ ‘ചുവന്ന വസന്ത’മെത്തുക. ഓഗസ്റ്റിൽ ചുവന്നു തുടങ്ങുന്ന ചെടികൾ മാസാവസാനത്തോടെ പൂർണമായും ചുവപ്പ് നിറമാവും. ഏറ്റവും കൂടുതൽ സഞ്ചാരികളെത്താറുള്ളതും ഈ സമയത്താണ്. സെപ്റ്റംബർ പകുതിയോടെ നിറം മങ്ങി ഒടുക്കം ചതുപ്പിന്റെ നിറമാവും’’ – ഡ്രൈവർ ചുവന്ന തീരത്തിന്റെ സീസൺ വിവരിച്ചു.

ഏറെ ജൈവപ്രധാന്യമുള്ള മേഖലയാണ് ചുവപ്പുതീരം. അതുകൊണ്ടു തന്നെ സർക്കാരിന്റെ സംരക്ഷണത്തിലാണ് തീരക്കാഴ്ചകൾ. പാസെടുത്താലേ പ്രവേശിക്കാനൊക്കൂ. ഒരു പാസിനു 85 യുവാൻ ആണ് ഫീസ്‌. മനസ്സിലെ വിനിമയ നിരക്കിലിട്ടു നാട്ടിലെ കണക്ക് നോക്കി – ഏതാണ്ട് 900 രൂപ! തീരം മുഴുവൻ നടന്നു കാണുകയെന്നത് നടപ്പുള്ള കാര്യമല്ല. ടാക്സിയിൽ തന്നെ അകത്തേക്ക് പ്രവേശിച്ചു. പ്രധാനകവാടം കടന്ന് ഇത്തിരി ദൂരം ചെന്നപ്പോഴേക്കും കടൽക്കാഴ്ച തുടങ്ങി. തീരത്ത് മണലിനു പകരം തവിട്ടു നിറമുള്ള ചതുപ്പ്. മുന്നോട്ട് പോകുന്നതിനനുസരിച്ച് ചതുപ്പിൽ ചുവപ്പ് പടർന്നു. കടലിനു സമാന്തരമായി നീണ്ടു പോവുന്ന റോഡിനും നീലക്കടലിനും നടുവിലായി അറ്റം കാണാത്ത ചുവന്ന തീരം തെളിഞ്ഞു. സൂക്ഷിച്ചു നോക്കുമ്പോഴേ അതു ചെടികളാണെന്ന് തിരിച്ചറിയൂ. നദിയുടെ ചെറിയ കൈവഴികൾ ഒഴുകി വന്നു കടലിൽ ചേരുന്നത് കാണാം. നദിയും അതിന്റെ കൈവഴികളും ഒഴുകി വരുന്ന വഴിയിൽ നിന്നെല്ലാം കൂടെ കൊണ്ടു വരുന്ന പലതരത്തിലുള്ള മണ്ണും മണലുമെല്ലാം അടിഞ്ഞു ചേർന്നാവണം ഈ തീരം പതിയെ പതിയെ ഒരു ചതുപ്പുനിലമായി മാറിയത്.

E

പ്രണയപ്പാലങ്ങൾ

സഞ്ചാരികള്‍ക്ക് ചുവന്ന തീരത്തിന്റെ വേറിട്ട ഭാവങ്ങൾ ആസ്വദിക്കാനായി പാലങ്ങളുണ്ട്. റോഡിൽ നിന്നും ആരംഭിക്കുന്ന തടിയിൽ തീർത്ത ഈ ചെറുപാലങ്ങളിലൂടെ നടന്നാൽ കടലിനടുത്തു വരെയെത്താം. ഇടയ്ക്കിടെ കാഴ്ചകൾ ആസ്വദിക്കാനായി  പ്ലാറ്റ്ഫോമുകളുമുണ്ട്. ചതുപ്പിൽ തൂണുകളുറപ്പിച്ചാണ് ഇവയുടെ നിർമിതി.

മരപ്പാലങ്ങൾക്കിടയിലെ പ്ലാറ്റ്ഫോമുകളിൽ ചുവന്ന തീരത്തിന്റെ പശ്‍ചാത്തലത്തിൽ സഞ്ചാരികൾ ഫോട്ടോയെടുക്കുന്നതു കണ്ടപ്പോൾ കാർ ബ്രേക്കിട്ടു. അടുത്തു കണ്ട ചെറുകവാടത്തിലൂടെ പാലത്തിലേക്ക് പ്രവേശിച്ചു. ‘ലവേഴ്സ് ഐലൻഡ്’, ‘ലവ് ഗ്യാലറി’, ‘ലെജന്റ്സ് ഓഫ് ദി ഫാൾ’...എന്നിങ്ങനെ ഓരോ മരപ്പാലത്തിനും രസകരമായ പേരുകളാണ്. പ്രണയികളുടെ വഴിയിലൂടെ കടൽത്തീരത്തേക്കു നടന്നു. കടലിന്റെ സ്നേഹം പങ്കുവയ്ക്കുന്ന കാറ്റുമേറ്റ്, പ്രണയച്ചുവപ്പിന്റെ പശ്ചാത്തലത്തിൽ, പ്രിയപ്പെട്ടവളുടെ കൈ ചേർത്തുപിടിച്ച് നടക്കുമ്പോഴുണ്ടാവുന്ന മനസ്സിലെ കുളിരുണ്ടല്ലോ, അത് അനുഭവിച്ചു തന്നെയറിയണം. നീണ്ട വഴികളിൽ വിശ്രമിക്കാനായി ബെഞ്ചുകളുമുണ്ട്. സഞ്ചാരികൾ അവിടെയിരുന്ന് പുസ്തകം വായിക്കുന്നു.

shutterstock_452285593

പാലത്തിൽ നിന്ന് ചുവന്ന തീരത്തിന്റെ കാഴ്ചകൾ ആസ്വദിക്കുമ്പോഴാണ് റോഡിന് മറുവശത്തായി ജെസീബിയുടെ യന്ത്രക്കൈകൾ പോലെ ഒരു കാഴ്ച കണ്ടത്. ‘‘ഓയിൽ ഡ്രില്ലിങ് റിഗ്ഗുകളാണ്. ലിയാവോ നദീമുഖത്തെ ചതുപ്പുനിലങ്ങൾക്കടിയിൽ എണ്ണപ്പാടങ്ങളാണ്. അതുകൊണ്ടു തന്നെ ചൈനയുടെ വ്യാവസായിക ഭൂപടത്തിൽ ലിയാവോനിങ്ങ് പ്രവിശ്യയ്ക്കൊരു പ്രധാന സ്ഥാനമുണ്ട്.’’ – ഡ്രൈവർ പറഞ്ഞു.

വെയിലിന് ശക്തി കൂടി. ട്രെയിനും ബസ്സും കാറും മാറിമാറിക്കയറിയ ക്ഷീണത്തിൽ ശരീരവും വാടി. ചുവന്ന തീരത്തിന്റെ കാഴ്ചകളിലൂടെ ക്യാമറയും മനസ്സും ഒന്നുകൂടെ പായിച്ചു തിരികെ നടന്നു. ന്യൂഡിൽസിന്റെയും ഓംലറ്റിന്റെയും ‘ചൈന മോഡൽ’ രുചിച്ച് മടങ്ങുന്നതിനിടെ വീണ്ടും മറുപാതിയുടെ കമന്റ് – ‘‘അപ്പോ സിനിമയിലുള്ളതെല്ലാം ക്യാമറാ ട്രിക്കല്ല. അല്ലേ?’’

suaeda-salsa

General Information

ബീജിങ്ങ് നഗരത്തിൽ നിന്ന് 600 കിലോമീറ്റർ ദൂരെയാണ് ചുവന്ന തീരം. പാൻജിനാണ് (Panjin) ഏറ്റവുമടുത്തുള്ള റെയിൽവേ േസ്റ്റഷൻ. പരിമിതമാണ്.  ബീജിങ്ങിൽ താമസിച്ച് ചുവന്ന തീരത്തേക്കു സന്ദർശനം നടത്തുകയാവും ഉചിതം.  ചുവന്ന തീരം സന്ദർശിക്കാനുള്ള ടിക്കറ്റ് നിരക്ക് 85 യുവാനാണ് (ഏകദേശം 900 ഇന്ത്യൻ രൂപ)

പോകുന്നതിനു മുൻപേ അത്യാവശ്യം വേണ്ട ചൈനീസ് വാക്കുകൾ മനസ്സിലാക്കിവയ്ക്കുന്നത് സഹായകരമാവും.  ഗൂഗിള്‍ സഹായത്തോടെ സ്ഥലനാമങ്ങളുടെ കൃത്യം ഉച്ചാരണം കുറിച്ചെടുക്കാവുന്നതാണ്.

ഒാഗസ്റ്റ് – സെപ്റ്റംബർ മാസങ്ങളാണ് ചുവന്ന തീരം സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ചെടികൾ പൂർണമായും ചുവപ്പണിയുന്ന ഈ കാലത്ത് തീരത്തിന്റെ സൗന്ദര്യം ഇരട്ടിക്കുന്നു.

shutterstock_489436753

ഇന്ത്യയിലെ പ്രധാന വിമാനത്താവളങ്ങളിൽ നിന്നെല്ലാം  ബീജിങ്ങ് ക്യാപിറ്റൽ രാജ്യാന്തര വിമാനത്താവളത്തിലേക്ക് സർവീസുണ്ട്. അവിടെ നിന്ന് ട്രെയിൻ മാർഗം പാൻജിനിലെത്താം. സ്റ്റേഷനിൽ നിന്ന് ചുവന്ന തീരത്തേക്ക് നേരിട്ട് ടാക്സി സർവീസുണ്ട്. 300 യുവാനാണ് ചാർജ് (3500 രൂപ).  ചുവന്ന തീരത്തിനടുത്തുള്ള ജാവോചുവൻ ഗ്രാമം വരെ ബസ് സർവീസുമുണ്ട്. ജാവോചുവനിൽ നിന്ന് കുറഞ്ഞ നിരക്കിൽ ടാക്സി ലഭിക്കും.

ചുവന്ന തീരം തന്നെയാണ് പാൻജിനിലെ പ്രധാന ആകർഷണം. തീരത്തോടു ചേർന്നുള്ള ഭക്ഷണശാലകളും സന്ദർശിക്കാവുന്നതാണ്. തനതു ചൈനീസ് സംസ്കാരം അടുത്തറിയാവുന്ന ഗ്രാമങ്ങളും സമീപത്തുണ്ട്. ബീജിങ്ങ് നഗരത്തിലെ കാഴ്ചകൾക്കു കൂടി സമയം കണ്ടെത്തുന്നത് നന്നാവും. നാഷനൽ സ്റ്റേഡിയം, ടിയാൻമെൻ ചത്വരം, വന്മതിൽ തുടങ്ങിയ പ്രശസ്ത കാഴ്ചകള്‍ കാത്തിരിപ്പുണ്ട്.

shutterstock_303205250
Tags:
  • World Escapes
  • Manorama Traveller