Friday 10 July 2020 01:08 PM IST : By T Sarat Chandran

മൺതൂണുകളുടെ നാട് ധൻകർ

dhankar1

ഹിമാലയത്തിലെ സ്പിതി താഴ്‌വര പുറംലോകത്തിന് ഒട്ടേറെ കൗതുകങ്ങളും വിസ്മയങ്ങളും സമ്മാനിക്കുന്ന പ്രദേശമാണ്. സമുദ്രനിരപ്പിൽനിന്നു വളരെയധികം ഉയരത്തിൽ ഹിമാനികളിൽനിന്ന് ഒഴുകി എത്തുന്ന സ്പിതി നദിയും അതിന്റെ കൈവഴികളും ചേർന്ന് രൂപപ്പെടുത്തിയ ഈ നാട്ടിൽ ഉദ്ദേശം മുപ്പതിനായിരം ആളുകൾ മാത്രമാണ് സ്ഥിരവാസം. കുറച്ചു കൃഷിയും ഏതാനും കച്ചവടസ്ഥാപനങ്ങളും പരിമിതമായ ഗതാഗത സൗകര്യവുമുള്ള ഒരു നാട്. പുറംലോകവുമായി ഇവിടുത്തുകാർക്ക് നിരന്തര സമ്പർക്കം പുലർത്താൻ സാധിച്ചിട്ട് അധികകാലമായിട്ടില്ല.

ഏറെ ആഗ്രഹിച്ച ശേഷമാണ് സ്പിതിയിലേക്കുള്ള യാത്ര തരപ്പെട്ടത്. മുംബൈയിൽനിന്നു ഞങ്ങൾ 10 പേർ അംബാല കന്റോൺമെന്റ് സ്‌റ്റേഷനിൽ ഇറങ്ങി. ഹിമാചൽ ടൂറിസം വഴി ബുക്ക് ചെയ്തിരുന്ന ടെംപോ ട്രാവലർ ഞങ്ങളെ കാത്തു കിടപ്പുണ്ടായിരുന്നു. പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങളുടെ സാരഥിയും വഴികാട്ടിയുമൊക്കെ ഈ വാഹനത്തിന്റെ ഉടമസ്ഥൻ ഭൂഷൺ താക്കുർ ആയിരുന്നു.

കിന്നൗർ ജില്ലയിലെ കൽപയിൽനിന്നാണ് സ്പിതിയിലേക്ക് സഞ്ചരിച്ചത്. വർഷകാലത്തിനുശേഷം മലമടക്കുകൾ പച്ച പുതച്ച് നിൽക്കുന്നു. സത്‌ലജിന്റെ ഓരംചേർന്ന് യാത്ര ചെയ്ത് ഖാബ് എന്ന സ്ഥലത്തെത്തി, ഇവിടെവച്ച് സ്പിതി നദി സത്‌ലജിലേക്ക് ചേരുന്നു. തുടർന്നുള്ള യാത്ര സ്പിതിയുടെ തീരം ചേർന്നായി. മുൻപോട്ടുള്ള യാത്രയിൽ മുകളിലേക്ക് വളഞ്ഞ് വളഞ്ഞ് കയറവെ, നദിയെ അങ്ങ് താഴേ ഉപേക്ഷിച്ചു.

dhankar2

ചിതൽപ്പുറ്റുകൾക്കിടയിൽ വീടുകൾ

സ്പിതിയിൽനിന്ന് 30 കി മീ ദൂരെ, സമുദ്രനിരപ്പിൽനിന്ന് 12000 അടി ഉയരത്തിലാണ് ധൻകർ. ഉദ്ദേശം അൻപത് പേർ വസിക്കുന്ന ഏതാനും മൺവീടുകൾ മാത്രമുള്ള ഒരു കൊച്ചുഗ്രാമം. ചെറിയ വാഹനങ്ങൾക്കു കടന്നുപോകാവുന്ന രീതിയിലുള്ള പഹാഡി റോഡിലൂടെ കാഴ്ചകൾ ആസ്വദിച്ചുള്ള യാത്ര. തണുത്ത കാറ്റ് വണ്ടിക്കുള്ളിലേക്ക് കടന്നുകയറാൻ തിരക്കുകൂട്ടുന്നുണ്ട്.

നൂറ്റാണ്ടുകൾക്കു മുൻപ് നൊനോ രാജാക്കൻമാരുടെ കാലത്ത്, സ്പിതിയുടെ തലസ്ഥാനമായിരുന്നു ധൻകർ. മംഗോളിയൻ വംശജരുടെയും മറ്റും ആക്രമണത്തിൽ തകർന്ന സ്പിതി കോട്ടയുടെ അവശിഷ്ടങ്ങൾ ഇപ്പോഴും ഇവിടെ കാണാം. മറ്റൊരു ആകർഷണം ധൻകർ ഗോംപയാണ്.

dhankar3

ടാബോ–കാസ റൂട്ടിൽ വഴിതിരിഞ്ഞ് 8 കിലോമീറ്റർ സഞ്ചരിച്ചാൽ ധൻകർ ഗ്രാമത്തിലെത്താം. മലമുകളിൽ സ്ഥിതി ചെയ്യുന്ന ജനവാസകേന്ദ്രത്തിലേക്ക് കയറ്റം കയറുമ്പോൾത്തന്നെ ഒട്ടേറെ മൺതൂണുകൾ നമ്മുടെ ശ്രദ്ധ പിടിച്ചുപറ്റും. ചിതൽപ്പുറ്റുകൾ പോലെ തോന്നിപ്പിക്കുന്ന ഈ ഭീമാകാര രൂപങ്ങൾക്കിടയ്ക്ക് പറ്റിപ്പിടിച്ചിരിക്കുന്നതുപോലെയുള്ള വീടുകൾ കാഴ്ചക്കാരിൽ കൗതുകവും ഭീതിയും ജനിപ്പിക്കുന്നു.

dhankar4

തികച്ചും പൗരാണികമായൊരു ഗോംപയാണ് ധൻകറിലേത്. ആയിരം വർഷം പഴക്കമുണ്ടത്രേ. അതിനു സമീപത്തു തന്നെ ആധുനികരീതിയിലുള്ള ആശ്രമവും സഞ്ചാരികൾക്ക് താമസിക്കാൻ അതിഥിമന്ദിരവും അടുത്തകാലത്ത് നിർമിച്ചിട്ടുണ്ട്. പഴയ ഗോംപയിൽ സൗന്ദര്യം തുളുമ്പുന്ന ചില ദേവവിഗ്രഹങ്ങളും വർണമനോഹരമായ പെയിന്റിങ്ങുകളും ഉണ്ട്. ഗോംപയുടെ മുകളിൽ നിന്നാൽ ഹെലി ക്യാമറയിൽ പകർത്തിയ ചിത്രംപോലെ ധൻകർ ഗ്രാമത്തിന്റെ ഒരു സമഗ്ര കാഴ്ച കാണാം. ഗോംപെയുടെ പിൻവശത്ത് സ്പിതി നദിയും പിൻ നദിയും നിശ്ശബ്ദം പരസ്പരം കലരുന്നു.

dhankar5

ഗ്രാമത്തിൽനിന്ന് മൂന്നു കി മീ മുകളിലേക്ക് നടന്നു കയറണം 13000 അടി ഉയരത്തിലുള്ള ധൻകർ തടാകത്തിൽ എത്താൻ. കുത്തനെയുള്ള കയറ്റമെന്നു പറയാനാകില്ല, ഹിമാലയത്തിലെ ഉയർന്ന പ്രദേശവുമായി പൊരുത്തപ്പെട്ടു കഴിഞ്ഞതിനാൽ തീർത്തും അനായാസമായ നടപ്പായിരുന്നു അത്. മരുഭൂമിയിലെപ്പോലെ മുള്ളു നിറഞ്ഞ, നിലംപറ്റെ വളരുന്ന ചില സസ്യങ്ങൾ മാത്രമായിരുന്നു വഴിയിൽ ജീവനുള്ളവയായി കണ്ണിൽപെട്ടത്. മൊട്ടക്കുന്നുകളാൽ ചുറ്റപ്പെട്ട വിശാലമായ തടാകത്തിനരികെ ഏതാനും യാക്കുകൾ വിശ്രമിക്കുന്നതൊഴിച്ചാൽ മറ്റു ജീവജാലങ്ങളൊന്നും ഇല്ല. സ്ഫടികംപോലെ തെളിഞ്ഞവെള്ളം നിറഞ്ഞ തടാകത്തിന് ഇടയ്ക്ക് പച്ച നിറമായും ചിലപ്പോൾ നീലനിറമായും തോന്നി. നാട്ടുകാർ വിശുദ്ധമായി കണക്കാക്കുന്ന തടാകത്തിനെ ഒന്നു വലംവെച്ചു. കാറ്റിനൊപ്പമെത്തുന്ന തണുപ്പ് കനത്തു തുടങ്ങിയതോടെ ഇനി ഇവിടെ നിൽക്കുന്നതു സുരക്ഷിതമല്ല എന്ന തിരിച്ചറിവോടെ ഗോംപെയിലേക്കു മടങ്ങി.

Tags:
  • Manorama Traveller
  • Travel Destinations
  • Travel Stories
  • Travel India