Tuesday 31 March 2020 03:00 PM IST : By സ്വന്തം ലേഖകൻ

മാനും ആനയുമെല്ലാം റോഡിൽ, മനുഷ്യന്‍ പിടിച്ചടക്കിയത് ലോക്ഡൗണില്‍ പ്രകൃതി വീണ്ടെടുക്കുന്നു; ഇക്കോളജിക്കല്‍ റീസെറ്റ് സംഭവിച്ചതായി ഗവേഷകര്‍!

corona-ele11 ഫോട്ടോ: പ്രസാദ് അമ്പാട്ട്

മനുഷ്യൻ വീട്ടിൽ ഇരുന്നതോടെ പ്രകൃതി പുനർജനിക്കുകയാണോ? ലോകമെങ്ങും അതിന്റെ സൂചനകൾ നൽകുന്നു എന്ന് ഗവേഷകർ. റോഡിൽ മാനും ആനയും മറ്റും നടക്കുന്ന ചിത്രങ്ങൾ സാമൂഹമാധ്യമങ്ങളിൽ വ്യാപകമാണ്. കൊവിഡ് 19 ഭീതിയില്‍ മനുഷ്യര്‍ വീടുകളില്‍ ഒതുങ്ങിയപ്പോള്‍ പ്രകൃതി തനിമയിലേക്ക് മടങ്ങുന്നതായി യൂറോപ്യന്‍ ഗവേഷകര്‍. ലോക്ഡൗണ്‍ രണ്ടാം ആഴ്ചയിലേക്ക് പ്രവേശിക്കുമ്പോള്‍ ആകാശവും ജലവും കാറ്റും ശുദ്ധീകരിക്കപ്പെടുമെന്നാണ് കേംബ്രിജിലെ ഒരു സംഘം ഗവേഷകരുടെ പ്രതീക്ഷ. മനുഷ്യരും വാഹനങ്ങളും ചിതറിയോടിയിരുന്ന റോഡുകളിലും വ്യവസായ മേഖലകളിലും ഇപ്പോള്‍ പക്ഷികളും മൃഗങ്ങളും ചെറു ജീവികളും സൈ്വരവിഹാരം നടത്തുന്നു. ഇത്തരം വിഡിയോകള്‍ ലോകമാകെ വൈറലായി.

ബോട്ടുകള്‍ പുറം തള്ളുന്ന എണ്ണ ഇല്ലാതായപ്പോള്‍ വെനീസിലെ കനാലുകളിലെ വെള്ളം തെളിഞ്ഞു. ജനം തിങ്ങി നിറയാറുള്ള ഇറ്റലിയിലെ കാഗ്ലിയാരി തുറമുഖത്തേക്ക് ഡോൾഫിനുള്‍ നീന്തിയെത്തി. യൂറോപ്പിന്റെ അന്തരീക്ഷത്തില്‍ ഇന്ധനപ്പുക നാലിലൊന്നായി. വായു ശുദ്ധീകരിക്കപ്പെട്ടു. ഇക്കോളജിക്കല്‍ റീസെറ്റ് എന്നാണ് കേംബ്രിജ് സര്‍വകലാശാല ഗവേഷകര്‍ ഈ മാറ്റത്തെ വിശേഷിപ്പിച്ചത്. മനുഷ്യര്‍ കയ്യേറിയതെല്ലാം പ്രകൃതി തിരിച്ചു പിടിച്ചപ്പോഴുണ്ടായ റീഫ്രഷ്‌മെന്റാണത്രെ ഇത്.

കടലില്‍ ഖനനം നടത്തി ഇന്ധനം സംസ്‌കരിക്കുന്ന രാഷ്ട്രങ്ങളിലും പ്രകൃതി പുതുമയണിഞ്ഞു. പത്തു മില്യന്‍ ബാരല്‍ ഇന്ധനം ഉല്‍പാദിപ്പിച്ചിരുന്ന റിഗ്ഗുകള്‍ അടഞ്ഞു കിടക്കുന്നതു കാരണം കടലിന്റെ അടിത്തട്ട് മാലിന്യ മുക്തമായി. സമുദ്രാന്തര്‍ ഭാഗത്തെ ജീവജാലങ്ങള്‍ക്ക് കടലിന്റെ അടിത്തട്ട് തിരികെ ലഭിച്ചു. കടല്‍, തുറന്ന ആകാശം, വായു, കായല്‍ തുടങ്ങി പ്രകൃതിയുടെ ഒട്ടുമിക്ക ഭാഗവും മനുഷ്യ നിര്‍മിത മാലിന്യങ്ങളില്‍ നിന്നു മുക്തമായി.

IMG-20200325-WA0089

കൊറോണ ബാധയില്‍ ലോക് ഡൗണ്‍ നടപ്പാക്കിയ നാലു മാസത്തിനുള്ളില്‍ ചൈനയില്‍ അന്തരീക്ഷ മലിനീകരണം പകുതിയായി കുറഞ്ഞു. അഞ്ചു വയസ്സില്‍ താഴെയുള്ള നാലായിരം കുഞ്ഞുങ്ങളുടെയും അറുപതു കഴിഞ്ഞ എഴുപത്തിമൂവായിരം ചൈനക്കാരുടെയും ദീര്‍ഘായുസ്സിന് ഇതു സഹായകമാകുമെന്ന് സ്റ്റാന്‍ഫോര്‍ഡ് എര്‍ത്ത് സിസ്റ്റം സയന്‍സ് ഡിപ്പാര്‍ട്‌മെന്റ് പ്രഫസര്‍ മാര്‍ഷല്‍ ബ്രൂക് വിശദീകരിക്കുന്നു. മനുഷ്യരാശിക്കുണ്ടായിട്ടുള്ള നാശത്തിന് ഇതു ന്യായീകരണം അല്ലെങ്കിലും സ്വയം മനുഷ്യര്‍ പാലിക്കേണ്ട മര്യാദകളുടെ അതിരു ലംഘിച്ചപ്പോള്‍ പ്രകൃതിക്കുണ്ടായ മാറ്റം തിരിച്ചറിയാന്‍ ഈ മാറ്റം സഹായകരമെന്നു മാര്‍ഷല്‍ ബ്രൂക് ചൂണ്ടിക്കാട്ടുന്നു. കൊറോണ സമൂഹ വ്യാപനത്തില്‍ എത്തിയപ്പോള്‍ ചൈനയിലെ വുഹാന്‍ നഗരം പൂര്‍ണമായും ജനങ്ങളെ ഒഴിവാക്കിയിരുന്നു. ചൈനയിലെ 337 നഗരങ്ങള്‍ പൂര്‍ണമായും വിജനമായതിന്റെ ഫലമായി ആകെ അന്തരീക്ഷ മലിനീകരണം 11 ശതമാനമായി കുറഞ്ഞു - ചൈനീസ് ഇക്കോളജി മിനിസ്ട്രി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇറ്റലിയിലെ ഒട്ടുമിക്ക നഗരങ്ങളും വിജനമായി. ലണ്ടന്‍ നഗരത്തിലെ പ്രശസ്തമായ ബാര്‍, പബ്ബ്, ഷോപ്പിങ് മാളുകള്‍ തുടങ്ങിയവ അടച്ചിട്ടു. നൈട്രജന്‍ ഡയോക്‌സൈഡ് വാതകം പുറം തള്ളല്‍ തൊണ്ണൂറു ശതമാനമായി കുറഞ്ഞതിന്റെ ചിത്രങ്ങള്‍ യൂറോപ്പിലെ ബഹിരാകാശ ഗവേഷണ കേന്ദ്രം ഫോട്ടോ സഹിതം റിപ്പോര്‍ട്ട് ചെയ്തു. റോഡ് ഗതാഗതം കുറഞ്ഞപ്പോള്‍ പുറം തള്ളപ്പെടുന്ന കാര്‍ബണ്‍ അന്‍പതു ശതമാനം കുറഞ്ഞതായി ന്യൂയോര്‍ക്കിലെ ഗവേഷകര്‍ കണ്ടെത്തി. ലോകം മുഴുവന്‍ ആകാശപാതയില്‍ വിമാനങ്ങളുടെ ശബ്ദം നിലച്ചു. വാഹനങ്ങളും വിമാനങ്ങളും 72 ശതമാനം, ചരക്കു ഗതാഗതം 11 ശതമാനം എന്നീ നിരക്കിലാണ് ഹരിതഗ്രഹവാതകം പുറം തള്ളുന്നത് - സ്വീഡന്‍ ലാവുന്‍ഡ് യൂനിവേഴ്‌സിറ്റി പഠനം നടത്തി. ആഗോളതാപനം കുറയ്ക്കുന്നതിന് ഇപ്പോഴത്തെ സാഹചര്യം സഹായമാകുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ആദ്യം കൊറോണ, പിന്നീട് കൊവിഡ് 19 എന്നീ പേരുകളില്‍ മനുഷ്യരാശിക്കു മേല്‍ മഹാമാരിയായി നാശം വിതയ്ക്കുന്ന വൈറസ് പിന്‍വാങ്ങുമ്പോഴേക്കും പ്രകൃതി സന്തുലിതാവസ്ഥ കൈവരിക്കുമെന്നാണ് ഇതേക്കുറിച്ചു പഠനം നടത്തിയ ഗവേഷകര്‍ കണക്കു കൂട്ടുന്നത്.

Tags:
  • Manorama Traveller