Tuesday 04 August 2020 04:30 PM IST : By Text, Photos: Geego V Thomas

ജനത കർഫ്യുവിന്റെ തലേ ദിവസം മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള രക്ഷപെടൽ... ജീവന്റെ വിലയുള്ള യാത്ര!

asccaiii

കൊറോണ കേരളത്തിൽ പിടിമുറുക്കി തുടങ്ങിയപ്പോൾ ഞാൻ യാത്രയുടെ ഭാഗമായി മുംബൈയിൽ ആയിരുന്നു... അവിടെ നിന്നും ജനത കർഫ്യുവിന്റെ തലേ ദിവസം കേരളത്തിലേക്കുള്ള രക്ഷപെടല്‍ മറക്കാൻ പറ്റാത്ത യാത്രയാണ്.

മുംബൈ നഗരം ഒരുപരിധി വരെ അടഞ്ഞുകിടക്കുന്നു. അന്ധേരിയും ജൂഹുവും ഒക്കെ കടകൾ ഒട്ടുമിക്കതും അടഞ്ഞു കിടക്കുന്നു. CSTയിലും പുറമെ കടകൾ ഒന്നുമില്ല. ജീവിതത്തിൽ ആദ്യമായി മുംബൈ ലോക്കൽ ട്രെയിനുകൾ ആളില്ലാതെ ഓടുന്നു... മുംബൈ മുംബൈ അല്ലാതെ ആയപോലെ.. എന്തായാലും കേരളത്തിലേക്ക് തിരികെ വരാൻ തീരുമാനിച്ചു.. ഏതാണ് അടുത്ത ട്രെയിൻ എന്ന് നോക്കിയപ്പോൾ കൊച്ചുവേളി SF ഉണ്ടെന്ന് കണ്ടു... ടികെറ്റ് റിസേർവ് ചെയ്യാൻ നോക്കിയപ്പോൾ ആ വണ്ടി ക്യാൻസൽ... പിന്നെ നേത്രവതി.. എന്തായാലും സീറ്റ് കൺഫേം ആയി...അന്ധേരി നിന്നും ലോക്കൽ ട്രെയിനിൽ കണക്ട് ചെയ്തും ഓട്ടോ വിളിച്ചും ഒക്കെ മുംബൈ LTT സ്റ്റേഷനിൽ എത്തി..

ആശുപത്രി ഫീൽ കോച്ചിനുള്ളിൽ

സ്റ്റേഷന്റെ ഉള്ളിലെ തിരക്ക് കണ്ട് കിളി പോയി... നോർത്ത് ഈസ്റ്റ്‌, സൗത്ത് ഇന്ത്യ യാത്രക്കാർ ടികെറ്റ് ബുക്ക് ചെയ്തവരും ചെയ്യാത്തവരും ഒക്കെ ആയി സ്റ്റേഷൻ നിറഞ്ഞിരിക്കുന്നു... പൊലീസ് നന്നായി കഷ്ടപ്പെടുന്നുണ്ട് നിയന്ത്രിക്കാൻ... ടിക്കറ്റ് റിസേർവ് ചെയ്തതുകൊണ്ട് നേരെ സീറ്റു കണ്ടുപിടിച്ചു ഇരുന്നു... സീറ്റൊക്കെ സെറ്റ് ആക്കി പുറത്തിറങ്ങി പിറ്റേ ദിവസം കഴിക്കാൻ ബണ്ണും ജാമും വാങ്ങി... ട്രെയിൻ പതിയെ നീങ്ങി. പനവേൽ ആയപ്പോഴേയ്ക്കും ബോഗി നിറയെ ആളായി. എല്ലാവരുടെയും കയ്യിൽ വലിയ സാനിറ്റയിസർ കുപ്പികളും മാസ്കുകളും. മൊത്തത്തിൽ ഒരു ആശുപത്രി ഫീൽ കോച്ചിനുള്ളിൽ..

ട്രെയിൻ ഖേടും ചിപ്ലൂനും പാസ് ചെയ്ത് ഏകദേശം 2 മണിക്കൂർ ലേറ്റ് ആയി രത്‌നഗിരി എത്തി.. നാളെ എറണാകുളം എത്തുമ്പോൾ എന്താവും എന്ന ടെൻഷനായിരുന്നു മനസ്സ് നിറയെ. ട്രെയിൻ യാത്രയിലൂടെ കോവിഡ് ബാധിതനാകുമോ, ഹോം കൊറന്റീനിൽ പോകണോ, ജനത കർഫ്യുവിനു ഫൂഡ് കിട്ടുമോ എന്നൊക്കെയുള്ള ടെൻഷൻ മനസിനെ അലട്ടി... ഇടക്കുള്ള സ്റ്റേഷനുകളിൽ ഒന്നും ട്രെയിനിൽ കയറി സ്നാക്സ് വിൽക്കുന്നവരെ പോലും കാണാനില്ല... രന്ത്നഗിരി നിന്നും ഫ്രൂട്സ് വാങ്ങി സ്റ്റോക്ക് ചെയ്യാമെന്ന പ്ലാൻ പൊളിഞ്ഞു... അവിടെ ഒട്ടുമിക്ക ഫ്രൂട് സ്റ്റാളുകളും അടച്ചിരിക്കുന്നു. നേരെ പാൻട്രിയിൽ പോയി ഊണ് ഓർഡർ ചെയ്തു... 9 മണി ആവുമ്പോൾ ഫൂഡ് സീറ്റിൽ എത്തിക്കാമെന്ന് ഉറപ്പും കിട്ടി.

ecsaafgg778

ആദ്യം കണ്ട രോഗ റിപ്പോർട്ടിങ്

ട്രെയിൻ നീങ്ങി തുടങ്ങി. പാൻട്രിയിൽ ഓർഡർ ചെയ്ത ഭക്ഷണം വന്നു... ചോറും തൈരും സാമ്പാറും അച്ചാറും കഴിച്ചു.. അപ്പോഴേയ്ക്കും തിവിം ആയി. ഗോവ എത്തിയല്ലോ, ലക്ഷ്യ സ്ഥാനത്തേക്കുള്ള ദൂരം കുറയുന്നല്ലോ എന്നൊക്കെ സന്തോഷത്തിൽ ഇരിക്കുമ്പോളാണ് പൊടുന്നനെ ആ ന്യൂസ് അറിയുന്നത്. തൊട്ടടുത്ത കോച്ചിലെ ഒരാൾക്ക് പനിയും അസ്വസ്ഥതയും... അയാൾ ഗൾഫിൽ നിന്നും മുംബൈ വന്ന് അവിടെ നിന്നും കേരളത്തിലേക്ക് യാത്ര ചെയ്തതാണ്... ഭീതിയുടെ നിമിഷങ്ങൾ. അയാളെ പുറത്തിറക്കി ബെഞ്ചിൽ ഇരുത്തിയിരിക്കുകയാണ്. ആകെ ഒറ്റപെട്ട പോലെയാണ് ആളിരിക്കുന്നത്. എല്ലാവരും അയാളെ തുറിച്ചു നോക്കുന്നു. അടുത്ത് പോയി സംസാരിക്കണം എന്ന് തോന്നിയെങ്കിലും ഭയം അനുവദിച്ചില്ല. അങ്ങനെ കുറെ നേരം തിവിമിൽ.

കുറെ കഴിഞ്ഞപ്പോൾ 2 ആരോഗ്യപ്രവർത്തകർ എത്തി അദ്ദേഹത്തെ കൂട്ടികൊണ്ട് പോയി. ശേഷം ആ കോച്ചിലെ മുഴുവൻ യാത്രക്കാരെയും വേറെ കോച്ചിലേക്ക് മാറ്റി, അത് ലോക്ക് ചെയ്ത ശേഷം ട്രെയിൻ യാത്ര തുടർന്നു. അതോടെ മാസ്ക് ധരിക്കാത്തവർ മാസ്ക് ധരിക്കാനും കൈ ഇടക്കിടെ കഴുകാനും തുടങ്ങി. പേടി കൂടി വരുന്നു. അങ്ങനെ വണ്ടി മടഗോൺ എത്തി. ആ ബോഗി സാനിറ്റയ്സ്‌ ചെതു. അതിനുശേഷം കോച്ച് വീണ്ടും തുറന്നു. എന്നാൽ ആളുകൾ ആരും സീറ്റിൽ നിന്നും അനങ്ങുന്നില്ല. എല്ലാവരും അപേടിയിൽ തന്നെയാണ്. ആ സൈഡിലെ വാഷ് റൂം പോലും ഉപയോഗിക്കാൻ ആരും തയാറാവുന്നില്ല. ഞാൻ മാസ്ക് ഒന്നുകൂടെ മുറുക്കിയിട്ട് പുറത്തേക്ക് ഇറങ്ങി സാനിറ്റയിസ് ചെയ്യുന്നത് കണ്ടു നിന്നു. വീണ്ടും യാത്ര തുടർന്നു. 3 മണിക്കൂറിൽ അധികം ലേറ്റ് ആണ്. സൈഡ് അപ്പറിൽ കയറി ഉറങ്ങാൻ തീരുമാനിച്ചു. ബർത്തിലെക്ക് കയറി കിടന്നു. കാർവാർ എത്തി.. കർണാടക ആയി എന്ന സന്തോഷത്തിൽ ഉറങ്ങി !!

പ്രഭാതം കേരളത്തിൽ

രാവിലെ എണീറ്റപ്പോൾ കണ്ണൂർ കഴിഞ്ഞു. പല്ല് തേപ്പും ചായ കുടിയും കഴിഞ്ഞ് തലേ ദിവസം സ്റ്റോക് ചെയ്ത ബണ്ണും ജാമും കഴിച്ചു. ആളുകൾ നന്നേ കുറവ്. ഒരു ഹർത്താൽ മൂഡ് പ്രതീക്ഷിച്ച ഞാൻ ജനത കർഫ്യു കണ്ട് കണ്ണുതള്ളി. ആരും റോഡിൽ ഇല്ല. സ്റ്റേഷൻ എല്ലാം കാലി. കയറാൻ ആരുമില്ല. എങ്ങും തികഞ്ഞ നിശബ്ദത. വണ്ടി ഷൊർണൂരും തൃശ്ശൂരും കഴിഞ്ഞപ്പോൾ കോച്ചിൽ ഞാനൊറ്റക്കായി. എറണാകുളം അടുക്കുമ്പോഴേയ്ക്കും മറ്റൊരു ഭയം കൊറന്റിനിൻ പോകേണ്ടി വരുമോ എന്ന്. എന്തായാലും വണ്ടി എറണാകുളം എത്തി. ഇറങ്ങുന്ന ആളുകൾ വരി വരി ആയി അകലം പാലിച്ചു നിൽക്കണം. ഒരു മാഡം പെരും അഡ്രസ്സും കുറിച്ചെടുത്തു. മറ്റൊരു മാഡം ടെമ്പറേച്ചർ ചെക് ചെയ്തു. എന്നിട്ട് പൊക്കോളാൻ പറഞ്ഞു. പനിയോ ലക്ഷണങ്ങളോ ഉണ്ടെങ്കിൽ ആരോഗ്യപ്രവർത്തകരെ ഫോണിൽ കോൺടാക്ട് ചെയ്യാനും പറഞ്ഞു.

അങ്ങനെ പുറത്തേക്ക് ഇറങ്ങി. സാധാരണ ഗതിയിൽ ശബ്ദമുഖരിതമായ എറണാകുളം Jn. സ്റ്റേഷൻ കാലിയായി കിടക്കുന്നു. ആളും അനക്കവും ഇല്ല. സുഹൃത്ത് കാറുമായി വന്നു. നേരെ വീട്ടിലെക്ക്... വീട്ടിൽ എത്തിയപ്പോൾ ആണ് ഇന്ത്യൻ റയിൽവേ ഇനിയങ്ങോട്ട് സർവീസ് നിർത്തിയതും രാജ്യമെമ്പാടും ലോക് ഡൗൺ ആവാൻ പോകുന്നതും അറിയുന്നത്. ഒരിക്കലും മറക്കാത്ത ഒരു മുംബൈ– എറണാകുളം യാത്ര. ഈ യാത്ര മുടങ്ങിയിരുന്നെങ്കിൽ ഒരുപക്ഷേ മുംബൈയിൽ മാസങ്ങളോളം കുടുങ്ങി കിടന്നേനെ. ഒരു നടുക്കം തണുപ്പായി അരിച്ചു കയറി. അതുകൊണ്ട് ഈ യാത്രയും ഇതിലെ ഓരോ മുഖങ്ങളും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ് !!

escapek4
Tags:
  • Travel Stories
  • Manorama Traveller