Monday 01 March 2021 12:58 PM IST : By സ്വന്തം ലേഖകൻ

ഇന്ത്യ മുഴുവൻ ചുറ്റിക്കാണണം, എസ്തർ അനിലിന്റെ ഡ്രീം ട്രാവൽ

esther a1

ഇന്ത്യ മുഴുവൻ ചുറ്റിക്കാണുക എന്നതാണ് തന്റെ ഏറ്റവും വലിയ യാത്രാ സ്വപ്നമെന്ന് ചലച്ചിത്ര താരം എസ്തർ അനിൽ. കുട്ടിക്കാലത്തു നടത്തിയ പുള്ളിക്കാനം യാത്ര മുതൽ ഹിമാലയ താഴ്‌വരയിലെ ഡൽഹൗസി വരെ പല സ്ഥലങ്ങളിലും സഞ്ചരിച്ചിട്ടുള്ള എസ്തറിന്റെ ജീവിതത്തിലെ മറക്കാനാവാത്ത ചില ഓർമകൾ യാത്രകളുമായി ബന്ധപ്പെട്ടു കിടക്കുന്നതാണ്.

എസ്തർ അനിൽ യാത്രകളോടുള്ള ഇഷ്ടവും തന്റെ യാത്രാനുഭവവും മനോരമ ട്രാവലറിനോടു പങ്കുവയ്ക്കുന്നു.

അത് ജീവിതത്തിലെ ഏറ്റവും ഓർമിക്കുന്ന യാത്ര

യാത്ര ഒരുപാട് ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. കുടുംബത്തോടൊപ്പമാണ് എന്റെ യാത്രകളെല്ലാം. ഇടുക്കിയിലെ പുള്ളിക്കാനം എന്ന സ്ഥലത്തേക്ക് രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ നടത്തിയ യാത്രയാണ് എന്റെ ഓർമയിലെ ആദ്യത്തെ യാത്ര. അന്നെടുത്ത ചിത്രങ്ങൾ ഒട്ടിച്ചുവച്ചൊരു ആൽബം ഇടയ്ക്കിടെ അച്ഛന്‍ ഞങ്ങളെ കാണിക്കും. അതുകണ്ട് കണ്ടാവണം അന്നത്തെ ആ പുള്ളിക്കാനം യാത്ര ഒരിക്കൽ കൂടി ആവർത്തിക്കാൻ തോന്നി. ഈ അടുത്ത് കുടുംബത്തോടൊപ്പം അവിടെ വീണ്ടും പോയി. ജീവിതത്തിലെ ഏറ്റവും മെമ്മറബിൾ ആയിട്ടുള്ള രണ്ടു ദിനങ്ങളായിരുന്നു അത്.

കേരളത്തിലെ പ്രിയപ്പെട്ട ടൂറിസം കേന്ദ്രം വയനാട് ആണ്. എന്റെ നാടാണ്. അമ്മയുടെ വീട് കണ്ണൂർ ജില്ലയിലെ കൊട്ടിയൂരാണ്. പുഴയും കാടും മലകളും വെള്ളച്ചാട്ടവുമൊക്കെയായി ഈ രണ്ടിടങ്ങളും പ്രകൃതി കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്. എവിടെയൊക്കെ പോയി എന്തൊക്കെ കണ്ടാലും എന്റെ ഈ നാടിന്റെ ഭംഗിയെ വെല്ലുന്നില്ല എന്നാണ് ഞാൻ കരുതുന്നത്.

esther a2

പഠനം, സിനിമാഷൂട്ടിങ് തുടങ്ങിയവയിൽ നിന്നു കിട്ടുന്ന ഒഴിവ് സമയമാണ് യാത്രകൾക്കായി മാറ്റി വയ്ക്കുന്നത്. രണ്ട് സഹോദരന്മാരുണ്ട്. ഇവാൻ, എറിക്. ഞങ്ങളെല്ലാവരും വീട്ടിൽ ഒരുമിക്കുന്ന ദിവസം പെട്ടെന്ന് പ്ലാൻ ചെയ്ത് നടത്തുന്ന ഒന്നോ രണ്ടോ ദിവസം മാത്രം ദൈർഘ്യമുള്ള യാത്രകളാണ് കൂടുതലും. മൂന്നാർ, വാൽപാറ, മലക്കപ്പാറ...പോലുള്ളവ. പിന്നെ ഒരു തവണ നോർത്തിന്ത്യൻ ട്രിപ്പ് നടത്തി.

മഞ്ഞിൽ പൊതിഞ്ഞ ഡൽഹൗസി

2018 ഏപ്രിലിൽ ആയിരുന്നു നോർത്തിന്ത്യ കാണാനുള്ള യാത്ര. ഡൽഹി, ധർമശാല, ഡൽഹൗസി തുടങ്ങി ചുറ്റിയടിച്ച് 15 ദിവസത്തെ ട്രിപ്പ്. വീട്ടിൽ അല്ലാതെ ഞങ്ങളെല്ലാവരും ഒരുമിച്ച് ഇത്രദിവസം കൂടുന്നത് ആ യാത്രയിലാണ്. നേരത്തെ ബുക്ക് ചെയ്ത മുറികളിലായിരുന്നില്ല താമസം. മിലിട്ടറി കൺടോൻമെന്റിലായിരുന്നു. അവിടെയുള്ള മിലിട്ടറി കുടുംബങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ചായിരുന്നു യാത്രയുടെ പ്ലാൻ. ഒരുപാട് ആളും ബഹളവുമുള്ള സ്ഥലങ്ങൾ ഞാനും കുടുംബവും ഒട്ടും ഇഷ്ടപ്പെടുന്നില്ല. അതുകൊണ്ടു തന്നെ ശാന്തസുന്ദരമായ ഡെസ്റ്റിനേഷനുകളിലൂടെയായിരുന്നു യാത്ര.

ഡൽഹൗസിയിൽ പോയപ്പോഴാണ് ആദ്യമായി മഞ്ഞ് കാണുന്നത്. ഒരു ഭാഗം മുഴുവൻ മഞ്ഞ് പൊതിഞ്ഞ് നിൽക്കുന്നത് കണ്ടപ്പോൾ സന്തോഷം അടക്കാൻ കഴിഞ്ഞില്ല. കുറേ നേരം മഞ്ഞിൽ കളിച്ചു. അമ്മയും അന്നാദ്യമായാണ് മഞ്ഞ് കാണുന്നത്. ഒരു ഫോട്ടോ എടുക്കാനുള്ള വ്യഗ്രതയിൽ മഞ്ഞിലൂടെ അമ്മ ഊർന്ന് വീണു. മറക്കാനാവാത്ത അനുഭവമായിരുന്നു അതൊക്കെ.

esther a3

നോർത്ത് ഇന്ത്യയിലെ കുറച്ച് സ്ഥലങ്ങളേ കണ്ടിട്ടുള്ളൂ. ഇന്ത്യ മുഴുവൻ ചുറ്റിക്കാണണം. പ്രത്യേകിച്ച് നോർത്ത് ഈസ്റ്റ്. കണ്ടതിനേക്കാൾ മനോഹരമാണ് കാണാത്തത്. പുറം രാജ്യങ്ങളിലെ ചിത്രങ്ങൾ കാണുമ്പോൾ‌ നാം കരുതും അതാണ് ഏറ്റവും സുന്ദരം എന്ന്. പക്ഷേ, അതിലും സുന്ദരമായ എത്രയെത്ര സ്ഥലങ്ങളാണ് നമ്മുടെ രാജ്യത്ത് തന്നെയുള്ളത്. ഇന്ത്യ പൂർണമായി കാണുക എന്നത് എന്നെങ്കിലും യാഥാർഥ്യമാകും എന്നുറപ്പുള്ള ഒരു സ്വപ്നമാണ്.

Tags:
  • Travel Stories
  • Manorama Traveller