Tuesday 23 March 2021 01:11 PM IST : By Arun Gopi

തുണിക്കഷണത്തിൽ കൂട്ടിക്കെട്ടിയ ഉന്തുവണ്ടി; യാത്രക്കാർ 4 പേർ: വലിയ അപകടം ഒഴിവായി

mt s1

കോട്ടയം നഗരം. ഇന്നു രാവിലെ 9.00. മലയാള മനോരമ ഓഫിസിനു സമീപം ബസേലിയസ് കോളജിനു മുന്നിലെ ട്രാഫിക് സിഗ്‌നൽ. വാഹനങ്ങൾ പച്ച വെളിച്ചത്തിനു കാത്തു നിൽക്കുന്നു. കാറുകളുടെ നിരയിലേക്ക് ഇടവഴിയിൽ നിന്ന് ഒരു ബൈക്ക് ‘നുഴഞ്ഞു’ കയറി. തിടുക്കത്തിൽ പാഞ്ഞു വന്ന വാഹനങ്ങൾ പൊടുന്നനെ ബ്രേക്കിട്ടു. അവരുടെ ജാഗ്രതയിൽ വലിയ അപകടം തലനാരിഴയ്ക്ക് ഒഴിവായി.

mt s2

ബൈക്കിനു പിന്നിൽ ഒരു ഉന്തുവണ്ടി കൂട്ടിക്കെട്ടിയിരുന്നു. മുൻപിൽ കടന്നു പോയ ബസ്സിനൊപ്പം ബൈക്ക് ബ്രേക്ക് ചവിട്ടിയപ്പോൾ ഉന്തുവണ്ടി ഇരുവശത്തേയ്ക്കും ആടിയുലഞ്ഞു. കഷ്ടിച്ചാണ് ഉന്തുവണ്ടി അപകടത്തിൽ നിന്നു രക്ഷപെട്ടത്. ഉന്തുവണ്ടിയിലിരുന്നു കളിക്കുന്ന കുട്ടിയിലായിരുന്നു വഴിയോരത്തു നിന്നവരുടെ ശ്രദ്ധ. വാഹനങ്ങൾ ഒരുമിച്ചു ബ്രേക്ക് ചെയ്ത സമയത്ത് അവർ നെഞ്ചത്തു കൈവച്ചു. ഉന്തുവണ്ടി കൂട്ടിക്കെട്ടിയ ബൈക്ക് ഓടിച്ചത് ഒരു യുവാവ്. അയാളുടെ പിന്നിൽ ഒരു സ്ത്രീ. വസ്ത്രങ്ങൾ കുത്തിനിറച്ച ഉന്തുവണ്ടിയിൽ മറ്റൊരു യുവാവും ആൺകുട്ടിയും.

mt s3

ബസ് മുന്നോട്ടു നീങ്ങിയപ്പോഴാണ് ഉന്തുവണ്ടിയെ ബൈക്കുമായി കൂട്ടിക്കെട്ടിയ കയർ ശ്രദ്ധയിൽപെട്ടത്. ഒരു തുണിക്കഷണം രണ്ടായി മടക്കി ബൈക്കിന്റെ സീറ്റ് ഗാർഡിൽ നിന്നു ഉന്തു വണ്ടിയുടെ ഗ്രില്ലിലേക്കു വലിച്ചു കെട്ടിയിരിക്കുന്നു. വലതുവശത്തു കൂടി കടന്നു വന്ന കാർ പൊടുന്നനെ വേഗം കുറച്ചതിനാലാണ് ഉന്തുവണ്ടി അപകടത്തിൽ നിന്നു രക്ഷപെട്ടത്. ഉന്തുവണ്ടിയിലേക്കു ചുരുങ്ങിയ അവരുടെ ജീവിതം കണ്ണു നനയ്ക്കുന്ന ചിത്രമാണ്. എന്നാൽ, അപകടം ക്ഷണിച്ചു വരുത്തുന്ന യാത്രകൾക്ക് സാഹചര്യങ്ങളെ മാത്രം ന്യായീകരിച്ചാൽ മതിയോ?

Tags:
  • Manorama Traveller
  • Kerala Travel