Thursday 14 January 2021 04:46 PM IST : By നവമി ഷാജഹാൻ

‘ആ കുന്നുകളിൽ എവിടെയോ സാന്ത ഒളിച്ചിരിക്കുന്നു’: ഉത്തരധ്രുവ ദീപ്‌തി മിന്നിമറയുന്ന സാന്താ ഗ്രാമത്തിന്റെ കഥ

finland

ആർട്ടിക് സർക്കിൾ ഫിൻലൻഡിലെ സാന്താ ഗ്രാമത്തിന്റെ കഥ

ഫിൻലൻഡ്‌ എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ ഓടിയെത്തുന്നത് ‘സാന്ത ക്ലോസിന്റെ നാട്’ എന്ന വിശേഷണമാണ് . ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ നിന്നും വിനോദ സഞ്ചാരികൾ എത്തുന്ന ഫിൻലൻഡിലെ ആർട്ടിക് സർക്കിളിനോട് ചേർന്ന് കിടക്കുന്ന ലാപ് ലാൻഡിലെ റൊവാനിയമിയിലെ സാന്താ ഗ്രാമത്തിന്റെ വിശേഷങ്ങളിലേക്ക്...

ക്രിസ്തുമസ് അപ്പൂപ്പൻ എന്ന കുട്ടികളുടെ കൂട്ടുകാരൻ

കുട്ടിക്കാലം മുതലേ ക്രിസ്തുമസ് അപ്പൂപ്പനെ കുറിച്ചുള്ള കഥകൾ കേൾക്കാത്തവരായി ആരുമില്ലായിരിക്കും. ചുവന്ന കുപ്പായമൊക്കെ ഇട്ടു റെയിൻഡിയർ വാഹനത്തിൽ വരുന്ന സാന്താ ക്ലോസ്, കുട്ടികളുടെ ഇഷ്ട താരമാണ് എല്ലായ്‌പ്പോഴും! ക്രിസ്തുമസ് ദിനങ്ങളിൽ കുട്ടികൾ ഏറ്റവും ഇഷ്ടപ്പെടുന്ന കഥാപാത്രവും സാന്ത തന്നെ. വിശുദ്ധനായ സെയിന്റ് നിക്കൊളാസ് ആണ് പിന്നീട് സാന്താ ക്ലോസായി മാറിയതെന്നാണ് വിശ്വാസം. ഫിന്നിഷ് ഭവനങ്ങളിൽ കുട്ടികൾ ഉറങ്ങുമ്പോൾ സാന്ത കൊണ്ടുവന്നു വയ്ക്കുന്നു എന്നു സങ്കല്പമുള്ള ‘സർപ്രൈസ്’ സമ്മാനങ്ങൾ കിട്ടുവാൻ കുട്ടികൾ ആകാംക്ഷയോടെ ക്രിസ്തുമസ് കാലത്തു കാത്തിരിക്കാറുണ്ട്. വികൃതി കാട്ടുന്ന കുട്ടികൾക്ക് അവരുടെ ആഗ്രഹം അനുസരിച്ചുള്ള സമ്മാനം കിട്ടുകയില്ലെന്നാണ് പഴമൊഴി. കുട്ടികൾ സാന്തയ്ക്ക് കത്ത് എഴുതി തങ്ങളുടെ ഇഷ്ടസമ്മാനങ്ങൾ നേരത്തെ അറിയിക്കുന്ന പതിവുമുണ്ട്.

സഞ്ചാരികളുടെ പറുദീസയായ റൊവാനിയമിയിലെ സാന്താ ഗ്രാമം

ഉത്തരധ്രുവത്തിനടുത്തു ആർട്ടിക് സിർക്കിളിനോട് ചേർന്നു കിടക്കുന്ന ഫിൻലണ്ടിലെ ലാപ് ലാൻഡിലാണ് സാന്ത ക്ലോസിന്റെ നാട് എന്ന വിശേഷണം കൈ വരിച്ചിരിക്കുന്ന ഈ സ്‌ഥലം. ആർട്ടിക് കുന്നുകളിൽ എവിടെയോ സാന്ത ഒളിച്ചിരിക്കുന്നു എന്നാണ് സങ്കൽപം. 1985 ലാണ് സാന്തായുടെ സന്ദർശകർക്കായി സാന്താ ഗ്രാമം റൊവാനിയമിയിൽ സ്ഥാപിച്ചത്.2010 ൽ റൊവാനിയമിക്കു സാന്താ ക്ലോസിന്റെ ഔദ്യോഗിക വസതിയെന്ന പദവി ലഭിച്ചു. വിനോദ സഞ്ചാരികളെ ആകർഷിക്കുവാനായി റെയിൻഡിയർ സഫാരി, ഹസ്കി റൈഡ്, സ്നോ മൊബൈൽ ,ഇഗ്‌ലൂ ഹോട്ടൽ എന്നിവയുണ്ടിവിടെ. വർഷം മുഴുവനും തുറന്നു പ്രവർത്തിക്കുന്ന ഇവിടെ പ്രതിവർഷം അഞ്ചു ലക്ഷത്തോളം വിനോദ സഞ്ചാരികളാണ് എത്തുന്നത്. എന്നിരുന്നാലും മഞ്ഞു മൂടിയ സാന്ത വില്ലേജ് സഞ്ചാരികൾക്കു ഒരിക്കലും മറക്കാനാവാത്ത വിസ്മയകാഴ്ചകൾ സമ്മാനിക്കുമെന്നതിൽ സംശയമില്ല. കോവിഡ് മൂലം ഇത്തവണ ഫിന്നിഷ് സ്വീഡിഷ് സഞ്ചാരികളാണ് കൂടുതലായി എത്തിയതെന്ന് സാന്താ ഓഫീസിൽ നിന്നും പറയുകയുണ്ടായി. തലസ്ഥാന നഗരമായ ഹെൽസിങ്കിയിൽ നിന്നും 800 കിലോമീറ്റർ വടക്കാണ് റൊവാനിയമി. ലാപ് ലാൻഡിലെ റൊവാനിയമി എയർപോർട്ടിൽ നിന്നും മൂന്നു കിലോമീറ്റർ മാത്രം യാത്ര ചെയ്താൽ സാന്തയുടെ അരികെയെത്താം.

ആർട്ടിക് സർക്കിളിലെ സാന്ത സ്പെഷ്യൽ പോസ്റ്റ് ഓഫീസ്

ഇവിടുത്തെ പോസ്റ്റ് ഓഫീസാണ് മറ്റൊരു ആകർഷണം . ഇതുവരെ 199 രാജ്യങ്ങളിൽ നിന്നും 18 മില്യൺ കത്തുകളാണ് സാന്തയെ തേടി എത്തിയത് . ഇവിടുത്തെ സാന്തയുടെ പോസ്റ്റ് ഓഫീസിൽ നിന്നും ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള സൂഹൃത്തുക്കൾക്കു സ്നേഹ സന്ദേശങ്ങൾ അയക്കാവുന്നതാണ്. ഇവിടെ നിന്നും അയക്കുന്ന കത്തുകൾക്ക് ലഭിക്കുന്ന ‘ആർട്ടിക് സർക്കിൾ പോസ്റ്റ്മാർക്ക്’ ഇവിടുത്തെ മാത്രം സവിശേഷതയാണ്. എല്ലാ വർഷവും ക്രിസ്തുമസിന് മുന്നോടിയായി, കലമാൻ വഹിക്കുന്ന ഹിമവാഹനത്തിൽ സമ്മാനങ്ങളുമായി പോകുന്ന സാന്തയുടെ ഈ പുറപ്പാട്‌ പ്രസിദ്ധമാണ്. ഫിന്നിഷ് ചാനലുകളിൽ തത്സമയം സംപ്രേക്ഷണം ചെയ്യാറുമുണ്ടിത്.

ഇവിടുത്തെ മറ്റൊരു സവിശേഷതയാണ് റെയിൻഡിയർ പാർക്ക്. ക്രിസ്തുമസ് കാർഡുകളിൽ മാത്രമാണ് നാം കൂടുതലായി സാന്തയുടെ റെയിൻഡിയറുകളെ കണ്ടിട്ടുള്ളത്. സാന്തയുടെ പ്രിയപ്പെട്ട റെയിൻഡിയറുകളെ മനം കവരുവോളം ഈ പാർക്കിൽ കാണാം. സാന്താ ഭവനത്തിൽ സാന്തായുമൊത്തുള്ള കുടുംബ ചിത്രവുമെടുക്കാം. അതുപോലെ ഇവിടെ അടയാളപ്പെടുത്തിയിരിക്കുന്ന ആർട്ടിക് സർക്കിൾ പാത മുറിച്ചു കടക്കുന്ന ചിത്രങ്ങളും എടുക്കുവാൻ ഉൽസുകരാണ് സഞ്ചാരികൾ. കൂടാതെ ആർട്ടിക് സർക്കിളിൽ എത്തിയ സർട്ടിഫിക്കറ്റും സ്വന്തമാക്കാം.

fin-3

‘അറോറ ബൊറേലിയസ്’ അഥവാ ഉത്തരധ്രുവ ദീപ്‌തി എന്ന മായിക വെളിച്ചം

സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്ന മറ്റൊരു പ്രതിഭാസമാണ് അറോറ ബൊറേലിയസ് എന്ന നോർത്തേൺ ലൈറ്റ് അഥവാ ഉത്തരധ്രുവ ദീപ്‌തി. സെപ്തംബർ-നവംബർ മാസങ്ങളിലാണ് സാധാരണയായി ഈ മാസ്മരിക വെളിച്ചം കൂടുതലായി കണ്ടുവരുന്നത് . നിങ്ങൾ ഭാഗ്യവാനായ സഞ്ചാരി ആണെങ്കിൽ ഈ അദ്ഭുത പ്രതിഭാസം മാനത്തു വിരിയുന്ന വിസ്മയിപ്പിക്കുന്ന കാഴ്ചയും നുകരുവാൻ സാധിച്ചേക്കാം. ധ്രുവ പ്രദേശങ്ങളിൽ പല വർണങ്ങളിൽ ആകാശത്തു വിരിയുന്ന ഈ പ്രഭാപടലം ഒരു സഞ്ചാരിക്കു എന്നും ഹൃദയത്തിൽ ചേർത്തുവയ്ക്കുവാനുള്ള അമൂല്യമായ സമ്മാനമാകും.

ലോകസമാധാനത്തിലേക്കു പ്രത്യാശയോടെ ഉറ്റുനോക്കുന്ന, ഹിമപ്പുതപ്പിനാൽ വശ്യ മനോഹരിയായി നിൽക്കുന്ന ഫിൻലൻഡിലെ ഈ സാന്ത ഗ്രാമവും ഇവിടുത്തെ തുഷാര ബിന്ദുക്കളും, ആരെയും പ്രലോഭിപ്പിക്കുന്ന ശുഭ്രവര്‍ണ്ണവും മനുഷ്യമനസ്സുകളിലും ശാന്തിയുടെയും സമാധാനത്തിന്റെയും സ്നിഗ്ദ്ധമായ കുളിരേകിട്ടട്ടെ! ഒരു വലിയ വിപത്തിനു മുൻപിൽ ലോകം സ്‌തംഭിച്ചു നിൽക്കുമ്പോഴും ഈ സാന്ത ഗ്രാമവും, സമാധാനത്തിന്റെ ദൂതനായ പ്രിയപ്പെട്ട സാന്തയും മഹാമാരികളില്ലാത്ത ഒരു പുതിയ ലോകത്തിലേക്ക് സ്വപ്നം കാണുവാൻ നമ്മെ മോഹിപ്പിക്കുന്നു !

ഫിൻലൻഡിൽ നിന്ന് നവമി ഷാജഹാൻ

fin-1

ചിത്രങ്ങൾ : ഷംനാദ്