Friday 22 November 2019 03:53 PM IST : By സ്വന്തം ലേഖകൻ

പോളാർ ട്രിപ്പ്, ഗീതു മോഹൻദാസിന്റെ സ്വപ്നയാത്ര; പോകാൻ നിങ്ങളുടെ സഹായം വേണം!

geethu--mohan

ഉത്തരധ്രുവത്തിൽ കാലു കുത്തുന്ന ആദ്യ മലയാളി വനിതയാകാനുള്ള ഒരുക്കത്തിലാണ് ആലുവ മുപ്പത്തടം സ്വദേശിനി ഗീതു മോഹൻ ദാസ്. സ്വീഡിഷ് കമ്പനിയായ ഫിയൽ റാവൻ എല്ലാ വർഷവും പോളാർ എക്സ്പഡീഷൻ നടത്താറുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുള്ളവരും ഇതിൽ പങ്കെടുക്കും. 20 പേരെയാണ് അന്തിമമായി തിരഞ്ഞെടുക്കുക. അതായത് ഒരു വർഷം 20 പേര്‍ക്ക് ആർട്ടിക്കിൽ കാലുകുത്താനുള്ള ഭാഗ്യം ലഭിക്കും. 

ഈ ഇരുപതിൽ പത്തുപേരെ തീരുമാനിക്കുന്നത് മത്സരാർഥികളുടെ പ്രൊഫൈൽ പരിശോധിക്കുന്ന നിർദിഷ്ട പാനലാണ്. ബാക്കി പത്തുപേരെ വോട്ടിങ്ങിലൂടെ തീരുമാനിക്കും. ലോക രാജ്യങ്ങളെ പത്തുസോണുകളായി തിരിച്ചാണ് ഓൺലൈൻ വോട്ടിങ്. ഇന്ത്യ ഉൾപ്പെടുന്നത് അതർസോൺ എന്ന കാറ്റഗറിയിലാണ്. ഈ കാറ്റഗറിയിൽ നിന്ന് ഒരാൾക്ക് മാത്രമേ പോളാർ യാത്രയ്ക്ക് അവസരം കിട്ടൂ. ഡിസംബർ പകുതി വരെയാണ് വോട്ട് ചെയ്യാനുള്ള അവസരം. ഏപ്രിലിൽ ആയിരിക്കും യാത്ര. അതിനു മുന്നോടിയായി ട്രെയിനിങ് ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർഥിയുടെ മുഴുവൻ ചെലവും കമ്പനിയാണ് വഹിക്കുന്നത്. നിലവിൽ അഞ്ചാമത്തെ സ്ഥാനത്താണ് ഗീതു. 

geethu89ikl

കഴിഞ്ഞ രണ്ടുവർഷമായി ഇന്ത്യയിൽ നിന്ന് വിജയിച്ച് ഈ യാത്രയ്ക്ക് പോയതും മലയാളികളാണ്. പുനലൂർ സ്വദേശി നിയോഗും കൊല്ലം സ്വദേശി ബാബു സാഗറുമായിരുന്നു ആ സഞ്ചാരികൾ. ബെംഗളൂരുവില്‍ ഹാർഡ്‌വെയർ എൻജിനീയറായി ജോലി ചെയ്യുകയാണ് ഗീതു മോഹൻദാസ്. പ്രകൃതി സംരക്ഷണം, പ്രകൃതി ചൂഷണം തടയുക, എന്നീ മൂല്യങ്ങളെ മുൻനിർത്തിയുള്ള ഉത്തരവാദിത്ത ടൂറിസക്കൂട്ടായ്മയായ ലെറ്റ്സ് ഗോ ഫോർ എ ക്യാംപിന്റെ അമരക്കാരിയാണ്. നിരവധി സാഹസിക യാത്രകളിൽ പങ്കെടുത്ത ഗീതുവിന്റെ സ്വപ്നയാത്രയാണ് പോളാർ ട്രിപ്പ്. 

സ്വീഡനിലെ അഡ്വഞ്ചർ ഗുഡ്സ് കമ്പനിയാണ് ഫിയാൽ രാവൻ. എല്ലാ വർഷവും ഈ കമ്പനി നേതൃത്വം കൊടുത്ത് നടത്തുന്ന യാത്രയാണ് ഫിയൽ രാവൻ പോളാർ. തണുത്തുറഞ്ഞ ചുറ്റും മഞ്ഞുമാത്രമുള്ള  ആർട്ടിക് സർക്കിളിൽ ആണ് മത്സരം നടക്കുന്നത്. സ്വീഡൻ, ഫിൻലൻഡ് എന്നീ രാജ്യങ്ങളിലൂടെ കടന്നു പോകുന്ന 300 കിലോമീറ്റർ ദൂരമാണ് യാത്രാപഥം.  തണുപ്പ് – 40 ഡിഗ്രി വരെയെത്താം. നടന്നും നായ്ക്കൾ വലിക്കുന്ന സ്ലെഡ്ജ്ജ് എന്ന വാഹനത്തിൽ കയറിയുമൊക്കെയാണ് അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന യാത്ര. 

ഒരു മിനിറ്റ് ഗീതുവിന് വോട്ട് ചെയ്യാൻ മാറ്റി വയ്ക്കൂ, മലയാളികൾക്ക് അഭിമാനിക്കാൻ ഈ പെൺകരുത്തിനെ നമുക്ക് സഹായിക്കാം. ഗീതുവിന് വോട്ട് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക.

എന്താണ് പോളാർ എക്സ്പെഡിഷൻ യാത്രയെന്ന് അറിയാൻ വിഡിയോ കാണൂ... 

Tags:
  • World Escapes
  • Manorama Traveller