Wednesday 02 December 2020 03:34 PM IST : By സ്വന്തം ലേഖകൻ

സൗദി അറേബ്യയുടെ ആദ്യ യുനെസ്കോ പൈതൃക കേന്ദ്രം ഇനി സഞ്ചാരികൾക്കു കാണാം

hegra1 Sammy Six - Madain Saleh, CC BY 2.0, https://commons.wikimedia.org/w/index.php?curid=32186146

സൗദി അറേബ്യയുടെ ആദ്യ യുനെസ്കോ പൈതൃക കേന്ദ്രമായ അൽ–ഹിജ്ർ ആർക്കിയോളജിക്കൽ സൈറ്റ് സഞ്ചാരികൾക്കായി തുറന്നു കൊടുത്തു. ലോക വിനോദസഞ്ചാര ഭൂപടത്തിൽ പ്രധാനപ്പെട്ട ഇടം നേടി എടുക്കുവാനുള്ള വിഷൻ2030 പദ്ധതിയുടെ ഭാഗമായാണ് 2000 വർഷത്തിലേറെ പഴക്കമുള്ള ഇവിടേക്ക് സഞ്ചാരികൾക്കു പ്രവേശനം അനുവദിക്കുന്നത്. നൂറ്റാണ്ടുകളായി മനുഷ്യസ്പർശമേൽക്കാത്ത, അമൂല്യമായ പുരാവസ്തുക്കളായിട്ടാണ് ഇവിടുത്തെ ശേഷിപ്പുകളെ ചരിത്രകാരൻമാർ കണക്കാക്കുന്നത്. മദീന പ്രദേശത്തെ അൽഉലക്കു വടക്കാണ് അൽ മെയ്ദീൻ എന്നും ഹെഗ്ര എന്നും അറിയപ്പെടുന്ന ഈ പൗരാണിക നഗരാവശിഷ്ടം.

അറേബ്യ, ജോർദാൻ വഴി മെഡിറ്റേറേനിയൻ, ഈജിപ്ഷ്യൻ പ്രദേശങ്ങളിലേക്കുള്ള പൗരാണിക വാണിജ്യത്തെ നിയന്ത്രിച്ചിരുന്ന നെബേഷ്യൻ സമൂഹത്തിന്റെ രണ്ടാമത്തെ പ്രധാന നഗരമായിട്ടാണ് ഹെഗ്രയെ ചരിത്രകാരൻമാർ കണക്കാക്കുന്നത്. ജോർദാനിലെ യുനെസ്കോ പൈതൃകകേന്ദ്രമായ പെട്രയാണ് നെബേഷ്യരുടെ ഏറ്റവും വലിയ നഗരമായി ഇതുവരെയുള്ള കണ്ടെത്തലുകൾ വച്ച് കണക്കാക്കുന്നത്. അവിടുത്തെ നിർമിതികളോട് അദ്ഭുതാവഹമായ സാമ്യം ഹെഗ്രയിലെ അവശേഷിപ്പുകളിൽ കാണാൻ സാധിക്കും. പെട്രയുടെ സഹോദര നഗരമായി ഹെഗ്രയെ കരുതുന്നു. പെട്രയ്ക്ക് തെക്കോട്ട് നബേഷ്യനുകളുടേതായി കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ആവാസകേന്ദ്രവും ഇതു തന്നെ. ഡമാസ്കസിൽ നിന്നു മെക്കയിലേക്കുള്ള പൗരാണിക തീർഥാടന പാതയിൽ വരുന്ന ഈ സങ്കേതം പിൽക്കാലത്ത് വിസ്മൃതിയിൽ ആണ്ടുപോവുകയായിരുന്നു. അതിനാൽ തന്നെ നൂറ്റാണ്ടുകളായി ഇവിടുത്തെ പുരാവസ്തുക്കൾ കാര്യമായ മനുഷ്യസ്പർശമൊന്നും ഏൽക്കാത്ത പുരാവസ്തു നിധികളായിട്ടാണ് ചരിത്രകാരൻമാർ കണക്കാക്കുന്നത്.

hegra3 UNESCO© Royal Commission for AlUla

ബിസി ഒന്നാം നൂറ്റാണ്ടു മുതൽ എഡി 1ാം നൂറ്റാണ്ടു വരെ പഴക്കമുള്ള അലങ്കാരപ്പണികളോടു കൂടി കല്ലിൽ കൊത്തിയെടുത്ത മുഖപ്പുകളും ശവകുടീരങ്ങളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 111 ശവകുടീരങ്ങൾ ഉള്ളതിൽ 94 ഉം കൊത്തുപണികളോടു കൂടിയവയാണ്. ഉണങ്ങി വരണ്ട മരുഭൂമിയിൽ മണ്ണിനടിയിലേക്ക് ഏറെ ആഴത്തിൽ ചെല്ലുന്ന ഒട്ടേറെ കിണറുകൾ ഇവിടുത്തെ സവിശേഷതയാണ്.

ഹെഗ്രയിലെ പുരാവസ്തുക്കളിൽ ഏറെ വേറിട്ടു നിൽക്കുന്ന ഒന്നാണ് ലോൺലി കാസിൽ എന്നു വിളിക്കുന്ന ഖസർ അൽ–ഫരീദ് എന്ന ശവകുടീരം. എഡി ഒന്നാം നൂറ്റാണ്ടാണ് ഇതിന്റെ നിർമാണകാലം എന്നു കരുതുന്നു. ഒറ്റക്കല്ലിൽ കൊത്തി എടുത്തിട്ടുള്ള ഇതിന്റെ മുഖപ്പ് ഇപ്പോഴും അപൂർണമാണെന്നാണ് കരുതുന്നത്.

hegra2 UNESCO© Royal Commission for AlUla

വാണിജ്യപാതകളുടെയും സംസ്കാരങ്ങളുടെയും സംഗമം നടന്ന പ്രധാനപ്പെട്ടൊരു സ്ഥാനമാണ് ഹെഗ്രയുടേത്. നബേഷ്യരെ കീഴടക്കിയ റോമക്കാരുടെ കൂടാതെ ഈജിപ്ഷ്യൻ, അസീറിയൻ, ഫിനിഷ്യൻ ശൈലികളിലുള്ള അടയാളങ്ങളും രൂപങ്ങളും ഇവിടുത്തെ കൊത്തുപണികളിൽ കാണാം. 2008 ൽ ആണ് അൽ–ഹിജ്ർ ആർക്കിയോളജിക്കൽ സൈറ്റിനെ യുനെസ്കോ ലോകപൈതൃക സ്ഥാനമായി പ്രഖ്യാപിച്ചത്. ഹെഗ്രയിലെ പുരാവസ്തുക്കളുടെ രൂപങ്ങളോടു ചേർന്നു നിൽക്കുംവിധം ഒരു ആഡംബര റിസോർട്ടും അൽഉല മരുഭൂമിയിലെ ഷരാൻ നാച്ചുറൽ റിസർവിൽ പണി പൂർത്തിയായി വരുന്നു. ഫ്രഞ്ച് ആർക്കിടെക്റ്റ് ജീൻ നൂവലിന്റെ നേതൃത്വത്തിൽ രൂപകൽപന ചെയ്ത് റിസോർട് ലോകോത്തര നിലവാരത്തിലുള്ളതും പൗരാണികത സൃഷ്ടിക്കുന്നതിനായി കല്ലിൽ പണിതെടുക്കുന്നതുമാണ്. 2023ൽ ഇതു പ്രവർത്തന സജ്ജമാകുമെന്നാണ് കണക്കാക്കുന്നത്.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations