Friday 08 May 2020 03:33 PM IST : By സ്വന്തം ലേഖകൻ

ഹിമാചലിൽ മണി മുഴങ്ങുമ്പോൾ ,ചാർധാം യാത്രയിലെ ക്ഷേത്ര സങ്കേതങ്ങൾ തുറന്ന് ആരാധന തുടങ്ങി

Untitled-4

ഹിമാലയത്തിലെ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടന പാതകളിൽ ഒന്നായ ചാർധാം യാത്രയിലെ ക്ഷേത്ര സങ്കേതങ്ങൾ ശീതകാലത്തിനു ശേഷം തുറന്ന് ആരാധന തുടങ്ങി.. എന്നാൽ മുൻവർഷങ്ങളിൽ നിന്നു വ്യത്യസ്തമായി ആളും ആരവവുമില്ലാതെ കൊവിഡ് 19 ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പാലിച്ചാണ് ക്ഷേത്രം തുറക്കുന്ന ചടങ്ങുകൾ നടന്നത്. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ ക്ഷേത്രങ്ങളിൽ ബദരീനാഥ് ഒഴികെയുള്ളവ തുറന്നു. ബദരീനാഥ് മെയ് 15 നാണ് തുറക്കുക. മുൻവർഷങ്ങളിൽ അക്ഷയതൃതീയയോടെ മുഹുർത്തം നോക്കി ക്ഷേത്രങ്ങൾ തുറന്നാൽ ദീപാവലി വരെയാണ് തീർഥാടന കാലം. രാജ്യത്ത് കോവിഡ് രോഗവ്യാപനം തടയുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതു വരെ ഈ ക്ഷേത്ര സങ്കേതങ്ങളിലേക്ക് തീർഥാടകർക്കോ സഞ്ചാരികൾക്കോ പ്രവേശനമുണ്ടാകില്ല.

Untitled-3

കൊറോണ കാലത്തും ആചാരങ്ങൾ വിടാതെ

Untitled-1

ഗഡ്‌വാൾ ഹിമാലയത്തിലെ ഉത്തരകാശി ജില്ലയിലുള്ള യമുനോത്രി യമുനാ നദിയുടെ പ്രഭവസ്ഥാനമാണ്. ബന്ദർ പുഞ്ച് മലനിരകളിൽ സമുദ്ര നിരപ്പിൽ നിന്ന് 10797 അടി ഉയരത്തിലുളള ക്ഷേത്ര സങ്കേതത്തിലേക്ക് എത്താൻ 7 കി.മീ. കാൽനടയായി സഞ്ചരിക്കണം. ഈ വർഷം അക്ഷയ തൃതീയ ദിനമായ ഏപ്രിൽ 26 നു തന്നെ ഇവിടെ നട തുറന്നു. ഖർസാലി ഗ്രാമത്തിലെ ഖുഷിമഠിൽ നിന്നും ദേവിവിഗ്രഹങ്ങൾ പല്ലക്കിൽ എഴുന്നെള്ളിച്ചുകൊണ്ടുവന്ന ശേഷമാണ് ക്ഷേത്ര നട തുറന്നത്. നിയന്ത്രണങ്ങൾ പാലിക്കാനായി ഘോഷയാത്രയിലും ക്ഷേത്രo തുറക്കുന്ന ചടങ്ങിലും പങ്കെടുക്കാൻ 21 പുരോഹിതർക്കു മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളു.

ഗംഗാ നദിയുടെ ഉദ്ഭവസ്ഥാനത്തിനു സമീപമുള്ള ഗംഗാദേവിയുടെ ക്ഷേത്രമാണ് ഗംഗോത്രി ധാമം. മഞ്ഞുകാലത്ത് ഗംഗയെ പൂജിക്കുന്ന ഹർസാലിലെ മുഖ്‌വ ഗ്രാമത്തിൽ നിന്നും വിഗ്രഹങ്ങൾ എഴുന്നെള്ളിച്ച് എത്തിയതോടെയാണ് ഏപ്രിൽ 26 ന് ഗംഗോത്രിയിൽ ക്ഷേത്രം തുറന്നത്. ഉത്തരകാശി ജില്ലയിൽ ഉൾപ്പെടുന്ന ഈ ക്ഷേത്ര സങ്കേതം സമുദ്രനിരപ്പിൽ നിന്ന് 10,200 അടി ഉയരത്തിലാണ്. ഗംഗോത്രിയിൽ നിന്ന് 18 കി.മീ. അകലെ ഗോമുഖ് ഗ്ലേഷിയർ ആണ് ഗംഗാ നദിയുടെ പ്രഭവസ്ഥാനം.

Untitled-2

രാജ്യം കൊറോണ മഹാമാരിയുടെ ഭീതിയിൽ നിൽക്കെ ചാർധാം ക്ഷേത്രങ്ങളിലെ നടതുറക്കുന്നത് മാറ്റിവയ്ക്കുന്നതിനെപ്പറ്റി ചർച്ച ചെയ്തെങ്കിലും യമുനോത്രി, ഗംഗാത്രി ക്ഷേത്രങ്ങൾ ആചാരങ്ങൾ പാലിക്കാനായി ഗവൺമെന്റ് നിർദേശങ്ങൾ പാലിച്ച് നട തുറക്കുകയായിരുന്നു.

ബദരീനാഥ് മെയ് 15 ന്

രുദ്രപ്രയാഗ് ജില്ലയിലെ കേദാർനാഥ് ആണ് ചാർധാം ക്ഷേത്രങ്ങളിൽ ഏറ്റവും ഉയരത്തിലുള്ളത്. (11755 അടി ) 2019 ഒക്ടോബർ അവസാനം തീർഥാടന കാലം പൂർത്തിയാക്കി അടച്ച ക്ഷേത്രം ഏപ്രിൽ 29 ന് പുലർച്ചെയാണ് തുറന്നത്. ഗുപ്തകാശിക്കു സമീപം ഉഖീമഠിലെ ശൈത്യകാല ക്ഷേത്രത്തിൽ നിന്നാണ് ആരാധനാവിഗ്രഹങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചത്. ഏപ്രിൽ 26 നാണ് വിഗ്രഹങ്ങൾ ഉഖീമഠിൽ നിന്നു പുറപ്പെട്ടത്.

Untitled-5

ചാർധാം യാത്രയിലെ നാലാമത്തെ സങ്കേതമായ ബദരീനാഥിൽ മെയ് 15നു മാത്രമേ ക്ഷേത്രം തുറക്കുകയുള്ളു. ഇന്ത്യ-ടിബറ്റ് അതിർത്തിക്കു സമീപം ചൗഖംബ പർവതങ്ങളുടെ താഴ്‌വരയിലുള്ള ബദരി സമുദ്രനിരപ്പിൽ നിന്ന് 10279 അടി ഉയരത്തിലാണ്. മഞ്ഞുകാലത്ത് ഈ ക്ഷേത്ര സങ്കേതത്തിൽ നിന്ന് 64 കി.മീ. അകലെ ജോഷിമഠിൽ ആണ് ബദരീനാഥന്റെ പൂജകൾ നടത്തുന്നത്. നാലു ധാമങ്ങൾ തുറന്നാലും കൊറോണ മഹാമാരിയുടെ നിയന്ത്രണങ്ങൾ നീക്കിയ ശേഷം മാത്രമേ തീർഥാടകർക്കു ദർശനം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കു. അതുവരെ ക്ഷേത്ര ചടങ്ങുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്ന് ഉത്തരാഖണ്ഡ് ഗവൺമെന്റും ക്ഷേത്ര അധികാരികളും അറിയിച്ചിട്ടുണ്ട്.

ചാർധാം യാത്ര

ഹരിദ്വാറിൽ നിന്നോ ഋഷികേശിൽ നിന്നോ ആരംഭിച്ച് ഡറാഡൂൺ, ബർക്കോട്ട് വഴി യമുനോത്രി, അവിടെ നിന്ന് ഉത്തരകാശി വഴി ഗംഗോത്രി, തുടർന്ന് തെഹ്‌രി, രുദ്രപ്രയാഗ്, ഗുപ്തകാശിയിലൂടെ കേദാർനാഥ്, പിന്നീട് ചമോളി, ജോഷി മഠ് വഴി ബദരിനാഥ് എന്നതാണ് റൂട്ട്. ബദരിയിൽ നിന്ന് തിരിച്ച് ചമോളി, നന്ദപ്രയാഗ, കർണപ്രയാഗ, ശ്രീനഗർ, രുദ്രപ്രയാഗ, ദേവപ്രയാഗ വഴി ഋഷികേശിലും, ഹരിദ്വാറിലും എത്താം. 10 മുതൽ 12 ദിവസം വരെ നീളുന്നതാണ് സമ്പൂർണ യാത്ര. ഇതിഹാസ – പൂരാണ പ്രസിദ്ധങ്ങളായ സ്ഥലങ്ങളിലൂടെയുള്ള തീർഥയാത്ര പോലെ തന്നെ ലോവർ ഹിമാലയത്തിന്റെ പ്രകൃതി മനോഹാരിത ആസ്വദിക്കാനുള്ള ഒരു പാത കൂടിയാണ് ഇത്. പതിനായിരത്തിലധികം വിദേശികൾ ഉൾപ്പടെ ലക്ഷക്കണക്കിന് സഞ്ചാരികൾ മുൻ വർഷങ്ങളിൽ സഞ്ചരിച്ച ഈ പാത ഇനി സജീവമാകണമെങ്കിൽ കോവിഡ് 19ന്റെ ഭീതിയകന്ന് രാജ്യം നിയന്ത്രണങ്ങളിൽ നിന്ന് മോചിതമാകണം.