Saturday 31 October 2020 04:39 PM IST : By സ്വന്തം ലേഖകൻ

ഹോൺബിൽ ഫെസ്റ്റിവൽ 2020 ൽ പങ്കെടുക്കാം, വിർച്വലായി

hornbill fest1

വടക്കുകിഴക്കൻ ഇന്ത്യയുടെ ഏറ്റവും വലിയ ആഘോഷമായ നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവൽ ഇത്തവണ വിർച്വലായി നടത്തും. കോവിഡ് രോഗവ്യാപനത്തെ തുടർന്നാണ് ഉത്സവം വിർച്വലായി നടത്താൻ തീരുമാനിക്കുന്നത്. എല്ലാ വർഷവും ഡിസംബർ ഒന്നു മുതൽ പത്തു വരെയാണ് ഹോൺബിൽ ഫെസ്റ്റിവൽ നടത്തുന്നത്.

hornbill fest4

നാഗാലാൻഡിലെ നാഗന്മാരുടെ ആഘോഷമാണ് ഹോൺബിൽ ഫെസ്റ്റിവൽ. ഇവിടുത്തെ 16 ഗോത്രങ്ങളെയും അവരുടെ സംസ്കാരത്തെയും ആചാരങ്ങളെയും ഒരുമിച്ച് ചേർത്ത് ഉത്സവങ്ങളുടെ ഉത്സവമായാണ് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്നത്. 2000 ത്തിലാണ് ഹോൺബിൽ ഫെസ്റ്റിവൽ ആരംഭിക്കുന്നത്. നാഗന്മാർക്ക് സമൃദ്ധിയുടെ, ഐശ്വര്യത്തിന്റെ ചിഹ്നമാണ് വേഴാമ്പൽ.

hornbill fest3

രാവും പകലും നീണ്ടുനിൽക്കുന്ന പത്തുദിവസത്തെ ഉത്സവം കാണാൻ ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്നും വിദേശത്തു നിന്നും സഞ്ചാരികളെത്താറുണ്ട്. നാഗാലാൻഡിലെ കൊഹിമയിൽ കിസാമാ ഗ്രാമത്തിലുള്ള നാഗാ ഹെറിറ്റേജ് വില്ലേജിൽ വച്ചാണ് ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്നത്. സന്ദർശകരെ വിസ്മയിപ്പിക്കുന്ന കാഴ്ചകളാണ് ഓരോ ഹോൺബിൽ ഫെസ്റ്റിവലിന്റെയും പ്രത്യേകത.

hornbill fest2

16 ഗോത്രങ്ങളെ പ്രതിനിധീകരിച്ച് ഹെറിറ്റേജ് വില്ലേജിൽ അത്രതന്നെ കുടിലുകളൊരുക്കിയിരിക്കും. മുളയുല്പന്നങ്ങൾ, തനത് രുചികൾ, പരമ്പരാഗത നൃത്തവും സംഗീതവും,നാടൻ കളികൾ, വാസ്തുവിദ്യകൾ, റോക്ക് ഫെസ്റ്റ്, മ്യൂസിയങ്ങൾ തുടങ്ങി പത്തുദിവസവും കണ്ടുതീരാത്ത കാഴ്ചകളാണ് സഞ്ചാരികൾക്കായി ഒരുങ്ങുന്നത്. ആദ്യത്തെ മൂന്ന് ദിനങ്ങളിലും അവസാനത്തെ മൂന്ന് ദിനങ്ങളിലുമായാണ് പ്രധാന ആഘോഷം നടക്കുന്നത്.

hornbill fest5

കോവിഡ് വ്യാപനത്തിനിടയിൽ ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിക്കുവാനുള്ള സംസ്ഥാന സർക്കാറിന്റെ തീരുമാനത്തെ പ്രതിപക്ഷ പാർട്ടിയായ നാഗാ പീപ്പിൾസ് ഫ്രണ്ട് രൂക്ഷമായി വിമശിച്ചിരുന്നു. പൊതുജന പങ്കാളിത്തമില്ലാതെ വിർച്വലായി നടത്തുന്ന ഉത്സവം ആഘോഷമായി കണക്കാക്കാനാകില്ലെന്നും അത് നടത്തേണ്ട ആവശ്യമില്ലെന്നും എൻ പി എഫ് പറയുന്നു. എന്നിരുന്നാലും ഡിസംബർ ഒന്ന് മുതൽ പത്ത് വരെ ഹോൺബിൽ ഫെസ്റ്റിവൽ വിർച്വലായി നടത്താനാണ് നിലവിൽ നാഗാലാൻഡ് സംസ്ഥാന സർക്കാർ തീരുമാനം.

Tags:
  • Manorama Traveller
  • Travel Destinations
  • Food and Travel
  • Travel India