Thursday 17 October 2019 03:48 PM IST : By Text : Anish Monachan.

സ്വർഗ്ഗം താണിറങ്ങി വന്നതോ? സ്വപ്നങ്ങളിൽ പോലും കാണാൻ സാധിക്കാത്ത മായക്കാഴ്ചകളുമായി ഐസ്‌ലൻഡ്!

P7310502 Photo : Anish Monachan.

ഐസ്‌ലൻഡ് (Iceland), ആർട്ടിക് പ്രദേശത്തുള്ള ഒരു നോർഡിക് ദ്വീപ് രാഷ്ട്രം. അഗ്നിപർവതങ്ങൾ, ഒഴുകി നടക്കുന്ന മഞ്ഞുമലകൾ (ഗ്ലേഷർ), ചൂട് നീരുറവകൾ, ലാവ വയലുകൾ എന്നിവയടങ്ങിയ അതിശയകരമായ പ്രകൃതിദൃശ്യങ്ങളാണ് ഐസ്‌ലൻഡിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്. പ്രകൃതി എത്ര വൈവിധ്യം നിറഞ്ഞതാണെന്ന് തിരിച്ചറിയാൻ ഐസ്‌ലൻഡിൽ വരണം. ഐസ്‌ലൻഡിനെ 2008 ലെ സാമ്പത്തിക മാന്ദ്യം തകിടം മറിച്ചതാണ്. എന്നാൽ, പ്രകൃതി എന്ന സമ്പത്തിനെ ഒട്ടും നോവിക്കാതെ, ടൂറിസം കൊണ്ട് ഈ രാജ്യം സാമ്പത്തിക മാന്ദ്യത്തെ മറികടന്നു.

shutterstock_347346212

വെറും 335000 ജനങ്ങളുടെ അധ്വാനമാണ് ഐസ്‌ലൻഡിനെ വികസിത രാജ്യമാക്കിയത്. ഐസ്‌ലൻഡുകാർ അവരുടെ രാജ്യത്തെയും പ്രകൃതിയെയും ഒരുപാട് സ്നേഹിക്കുന്നു. ഒരു രാജ്യം എത്രമാത്രം വൃത്തിയാക്കി സൂക്ഷിക്കാം എന്നത് നേരിട്ട് മനസിലാക്കാൻ ഇവിടെ വന്നാൽ മതി. ഐസ്‌ലൻഡിലെ 21 ദിവസത്തെ യാത്രക്കിടയിൽ ഒരു കഷ്ണം പേപ്പർ പോലും വഴിയോരത്തു കണ്ടില്ല. തലസ്ഥാന നഗരമായ റെയിക്ജവിക് സ്ഥിതി ചെയ്യുന്നത് രാജ്യത്തിന്റെ തെക്കു ഭാഗത്താണ്. റെയിക്ജവിക് സിറ്റി പണിതുയർത്തിയിരിക്കുന്നത് ലാവാ ഫീൽഡിലാണ്.

coffe-time-near-ringroad

മനോഹരം ഈ ഭൂപ്രകൃതി

സന്ദർശകരെ ആകർഷിക്കുന്നത് ഐസ്‌ലൻഡിന്റെ ഭൂപ്രകൃതിയാണ്. മനോഹരമായ വെള്ളച്ചാട്ടങ്ങളും അഗ്നിപർവതങ്ങളും ലാവാ ഫീൽഡും ടെക്ടോണിക് പ്ലേറ്റ്സ് സെപ്പറേഷനും ഹോട് സ്പ്രിങ്‌സും ഗെയിസിറും ബ്ലാക്ക് സാൻഡ് ബീച്ചുകളും ഐസ്‌ബർഗുകളും ബ്ലൂ ലഗൂൺ എന്ന ജിയോ തെർമൽ പൂളും സീൽ വാച്ചിങ്ങും വേറെ ഗ്രഹങ്ങളെ അനുസ്മരിപ്പിക്കുന്ന ഭൂപ്രകൃതിയുള്ള ഹൈലാൻഡ് റീജിയനും ബേർഡ് വാച്ചിങ്ങും അതിൽ പ്രധാനപ്പെട്ടതാണ്.

fountain-in-new-york

ഐസ്‌ലൻഡ് എന്ന ദ്വീപ രാജ്യത്തിലെ പ്രധാനപ്പെട്ട ഹൈവേ ആണ് റിങ് റോഡ്. ഐ സ്‌ലൻഡിനെ ചുറ്റി വരുന്നത് കൊണ്ടാണ് ഇതിനെ റിങ് റോഡ് എന്ന് വിളിക്കുന്നത്. ഇവിടത്തെ പ്രകൃതി വിസ്മയങ്ങളിൽ ഭൂരിഭാഗവും റിങ് റോഡിലൂടെയുള്ള യാത്രക്കിടയിൽ കാണാൻ സാധിക്കും.

നൂറ്റി മുപ്പതോളം അഗ്നി പർവതങ്ങളുണ്ട് ഈ രാജ്യത്ത്. യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ഗ്ലേഷർ (glacier) ആയ വട്നയോകുൽ സ്ഥിതി ചെയുന്നത് ഐസ്‌ലൻഡിലാണ്. പല അഗ്നിപർവതങ്ങളും ഈ മഞ്ഞുപാളികൾക്കടിയിൽ ആണെന്നത് കൗതകകരമായ വസ്തുതയാണ്. അഗ്നിപർവതങ്ങളും, അവയിൽനിന്നു പൊട്ടിയൊലിച്ച ലാവയും ചേർന്നുണ്ടാക്കിയ ലാവ ഫീൽഡ്‌സും ഗ്ലേഷറുകളും ഐസ്‌ലൻഡിനു നൽകിയ വിശേഷണമാണ് ‘‘ലാൻഡ് ഓഫ് ഐസ് ആൻഡ് ഫയർ.’’

alice-in-wonderland-statue-in-central-park

റിങ് റോഡിനരികിലൂടെയുള്ള യാത്രക്കിടയിൽ ചെറുകുന്നോളം വലുപ്പമുള്ള ഒരുപാട് നിർജീവ അഗ്നിപർവതങ്ങൾ കാണാൻ സാധിക്കും. അതിനു മുകളിൽ വലിഞ്ഞു കയറി, അഗ്നിപർവതത്തിനുള്ളിലേക്കു നോക്കി. അവിടം എന്നോ പൊട്ടി തെറിച്ച ലാവ കഷ്ണങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. റിങ് റോഡിലൂടെ യാത്ര തുടർന്നു. അഗ്നിപർവതങ്ങളിൽ നിന്ന് ഒഴുകിയിറങ്ങിയ ലാവ കടലിലേക്കു പോയ വഴികൾ കാഴ്ചകളായി. ഐസ്‌ലൻഡിൽ നാലു വർഷങ്ങളിൽ ഒരിക്കലെന്ന കണക്കിൽ അഗ്നിപർവത സ്ഫോടനം നടക്കാറുണ്ട്.

Hraunfossar-waterfalls-most-beautiful-in-ICeland-(10)

ചെലവേറിയ ജീവിതം

ഐസ്‌ലൻഡുകാരുടെ ജീവിതം രസകരമാണ്. നവംബർ മുതലുള്ള അതിശൈത്യകാലം അവരൊരു പണിയും ചെയ്യാതെ വീടിനുള്ളിൽ തന്നെ ചെലവഴിക്കും. അതിശക്തമായ മഞ്ഞു വീഴ്ചയാണ് ഈ കാലയളവിൽ. വീടിനു പുറത്തിറങ്ങുക അപകടമാണ്. മാസങ്ങളോളമുള്ള ഹിമനിദ്ര കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ എല്ലാരും അൽപം തടിമാടന്മാരായിരിക്കും.

Highland-area_6

യാത്ര ചെയ്യാൻ വളരെ ചെലവ് കൂടിയ രാജ്യമാണ് ഐസ്‌ലൻഡ്. അവരുടെ കാലാവസ്ഥ ഒരു കൃഷിക്കും അനുയോജ്യമല്ല. അതുകൊണ്ട് കൃഷി മുഴുവൻ ഗ്രീൻ ഹൗസ് ടെക്നോളജി ഉപേയാഗിച്ചാണ്. ഐസ്‌ലൻഡിൽ കാർ വാടകയ്ക്ക് എടുത്ത് സെൽഫ് ഡ്രൈവ് ചെയ്തു യാത്ര ചെയ്യുന്നതാണ് അഭികാമ്യം. മിക്ക ടൂറിസ്റ്റുകളും തിരഞ്ഞെടുക്കുന്നത് ഈ മാർഗമാണ്. ഹോട്ടൽ മുറികൾ വളരെ ചെലവ് കൂടിയതാണ്, പ്രത്യേകിച്ചു വേനലിൽ. അതുകൊണ്ട് ക്യാംപിങ്ങാണ് പോക്കറ്റിനനുയോജ്യമായ താമസമാർഗം. കിടക്കാൻ സൗകര്യമുള്ള മോട്ടോർ ഹോം വാഹനങ്ങൾ വാടകക്ക് ലഭിക്കും. ഐസ്‌ലൻഡ് എന്ന രാജ്യം ഒരിക്കലും ബജറ്റ് ട്രാവലേഴ്സിനു അനുയോജ്യമല്ല. എനിക്ക് ഒരു ലീറ്റർ വെള്ളം ഏകദേശം 500 രൂപ കൊടുത്തു വാങ്ങേണ്ടി വന്നു. ഇതിനു ശേഷം കയ്യിൽ കരുതിയ വാട്ടർ ഫിൽറ്റർ ഉപയോഗിച്ച് നീരുറവകളിൽ നിന്നുള്ള വെള്ളം ശേഖരിച്ചു ഉപേയാഗിച്ചാണ് പിന്നീടങ്ങോട്ട് യാത്ര ചെയ്തത്.

icelanfrdvbuhuh

റസ്റ്ററന്റുകളും ചെലവേറിയതാണ്. സൂപ്പർമാർക്കറ്റിൽ നിന്നും വാങ്ങിയ സാധങ്ങൾ കാറിൽ സ്റ്റോക്ക് ചെയ്ത് വഴിയരികിൽ ഭക്ഷണം പാകം ചെയ്തു കഴിച്ചാണ് യാത്ര. എങ്കിലും ഐസ്‌ലൻഡിലെ ഏറ്റവും പ്രശസ്തമായ ഫിഷ് ആൻഡ് ചിപ്സ് പല തവണ റസ്റ്ററന്റുകളിൽ നിന്ന് കഴിച്ചു. താമസം ടെന്റിലായതിനാൽ കുളിയൊക്കെ വഴിയരികിലെ ചെറിയ അരുവികളിൽ നിന്നായിരുന്നു. തണുത്തുറഞ്ഞ കുളി, പല ദിവസം കൂടുമ്പോൾ മാത്രം.

basecamp-to-iceland-glacier-expedition-with-special-4x4-truck-(2)

നേച്ചർ വണ്ടർ

ഭൂമിശാസ്ത്രപരമായി ഒരുപാട് പ്രധാന്യം അർഹിക്കുന്ന രാജ്യമാണ് ഐസ്‌ലൻഡ്. ഭൗമോപരിതലത്തിൽ രണ്ട് ടെക്ടോണിക് പ്ലേറ്റുകൾ(ഭൗമഫലകങ്ങൾ) കണ്ടുമുട്ടുന്ന ലോകത്തിലെ രണ്ട് സ്ഥലങ്ങളിൽ ഒന്നാണ് ഐസ്‌ലൻഡിലെ പിങ്‌വെല്ലിർ(pingvellir). മറ്റൊന്ന് ആഫ്രിക്കയാണ്. ഈ ടെക്ടോണിക് പ്ലേറ്റുകൾ എല്ലാ വർഷവും രണ്ട് സെന്റിമീറ്റർ പരസ്പരം അകലുന്നു.  ഈ വസ്തുതകൾ കണക്കിലെടുത്തു പിങ്‌വെല്ലിറിനെ യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തി.

P8061529

പരസ്പരം അകലുന്ന ഈ രണ്ടു ഭൗമഫലകങ്ങളെ ബന്ധിപ്പിച്ചു ഒരു പാലം പണിതിട്ടുണ്ട്. ഇതുവരെ പതിനഞ്ചോളം രാജ്യങ്ങൾ സന്ദർശിച്ചു. ഐസ്‌ലൻഡിലെ പോലെ ഗംഭീരമായ ജലാശയങ്ങളോ, വെള്ളച്ചാട്ടങ്ങളോ മറ്റൊരിടത്തും കണ്ടിട്ടില്ല. മികച്ച വർണങ്ങൾ ആണ് ഈ ജലാശയങ്ങൾക്ക്‌. അതിൽ ഏറ്റവും മനോഹരം ഹ്റുന്ഫോസ്സർ(Hraunfossar) ആയിരുന്നു. ലാവാ ഫീൽഡുകളുടെ അടിത്തട്ടിൽ നിന്നും ഒഴുക്കി കുതിച്ചു ചാടുന്ന നീല കലർന്ന ഒട്ടേറെ വെള്ളച്ചാട്ടങ്ങളുടെ ഒരു അതിമനോഹരമായ ദൃശ്യം.

നോഹ, സ്റ്റാർ വാർസ്, ഇന്റെർസ്റ്റെല്ലർ പോലുള്ള സിനിമകൾ പ്രേക്ഷകർ സ്വീകരിക്കാൻ കാരണം അതിലെ ദൃശ്യഭംഗി കൂടിയാണ്. ഇവയുടെ വിജയങ്ങളുടെ അഭിനന്ദങ്ങൾ ഐസ്‌ലൻഡിനും അർഹതപ്പെട്ടതാണ്.

iceee6545

ഗുൽഫോസ് എന്ന അതിമനോഹാരമായ, മഴവില്ലുകൾ കൊണ്ട് വേലി തീർത്ത ഗുൽഫോസ് വെള്ളച്ചാട്ടത്തിനരികിൽ നിൽക്കുമ്പോഴാണ് അതിരപ്പിള്ളിയെ ഒാർമിപ്പിച്ച ഈ കഥ കേട്ടത്. ഗുൽഫോസ് വെള്ളച്ചാട്ടത്തിൽ വൈദ്യുതിക്കായി പവർ പ്ലാന്റ് സ്ഥാപിക്കാൻ തീരുമാനമെടുത്തു. അതിമനോഹരമായ ഈ വെള്ളച്ചാട്ടത്തെ നശിപ്പിക്കാൻ അനുവദിക്കില്ല എന്ന് പറഞ്ഞു വെള്ളച്ചാട്ടത്തിനു മുകളിൽ നിന്ന് ആത്‍മഹത്യ ഭീഷണി മുഴക്കി ഐസ്‌ലാൻഡ്കാരെ മുഴുവൻ ഞെട്ടിച്ച Sigriður Tómasdóttir എന്ന സ്ത്രീ, ഐസ്‌ലൻഡ് ചരിത്രത്തിലെ ആദ്യത്തെ എൻവിറോണ്മെന്റലിസ്റ്റ് എന്നറിയപ്പെടുന്നു. ഇത് നമ്മുടെ നാട്ടിലോ മറ്റോ ആണെങ്കിലോ?

P7300313

കണ്ടു തീരാത്ത കാഴ്ചകൾ

ഐസ്‌ലൻഡിലെ വട്നജോകുൽ ഗ്ലേഷർ (Vatnajökull Glacier) ആണ് മറ്റൊരു അദ്ഭുതം. ഗ്ലേഷർ എന്നാൽ കാലാകാലങ്ങൾ തണുത്തുറഞ്ഞു നിൽക്കുന്ന വലിയ മഞ്ഞുപാളികൾ എന്നർഥം. അതിന്റെ അരികിലെത്തി, മഞ്ഞുകട്ടകൾ ഉരുകിയൊലിച്ചുണ്ടായ നദിയിലൂടെ ഒഴുകി നടക്കുന്ന ഐസ്‌ബർഗുകൾ. അതിസാഹസികത ഇഷ്ടമാണെങ്കിൽ, പടുകൂറ്റൻ മഞ്ഞുപാളികളിലൂടെ യാത്ര ചെയ്യാൻ സാധിക്കും. മഞ്ഞുപാളികളിൽ കൂടിയുള്ള യാത്രയ്ക്കായി,

camping-opposite-to-Snaefel-mountain-peak_largest-mountain-peak-in-ICeland2

പ്രത്യേകം മോഡിഫൈ ചെയ്ത ആർമി മിസൈൽ ക്യാരിയർ ട്രെക്കാണ് ഉപയോഗിക്കുന്നത്. അത്തരം യാത്രയ്ക്കായി അംഗീകൃതരായ ടൂറിസ്റ്റ് ഓപ്പറേറ്റർമാരുണ്ട്. അമേരിക്കൻ ആർമിയുടെ തകർന്നു വീണ വിമാനം കാണുക എന്നതായിരുന്നു അടുത്ത ലക്ഷ്യം. മെയിൻ റോഡിൽനിന്ന് നാലു കിലോമീറ്റർ ഉള്ളിലേക്ക്, ബീച്ചിലേക്ക് നടക്കണം അതിന്. 1973 ൽ തകർന്നു വീണ വിമാനം പിന്നീട് അമേരിക്ക ഉപേക്ഷിച്ചു പോവുകയായിരുന്നു. അതിപ്പോൾ ഒരു പ്രധാനപ്പെട്ട കാഴ്ച വസ്തുവായി.

iceland-village

റിങ്‌റോഡിൽ നിന്ന് രണ്ടു മണിക്കൂർ യാത്ര ചെയ്താൽ ഗയ്സിറുകൾ(Geysir) കാണാം. ഭൂമിയുടെ അടിത്തട്ടിൽ തിളച്ചു പൊങ്ങി 10 മീറ്റർ ഭൗമ ഉയരത്തിൽ വരെ എത്തുന്ന ഒരു ജിയോതെർമൽ പ്രതിഭാസമാണ് ഗയ്സിർ. ഉദ്ദേശം 1000 വർഷമായി എല്ലാ 10 മിനിറ്റിലും ഇത് സംഭവിക്കുന്നു.

ഐസ്‌ലൻഡിന്റെ ഹൈലാൻഡ്‌സ് മികച്ച 4x4 വാഹങ്ങൾ കൊണ്ട് മാത്രം സഞ്ചരിക്കാൻ സാധിക്കുന്ന മേഖലകളാണ്. Kerlingarfjöll, snæfellsjökull പോലെയുള്ള സ്ഥലങ്ങൾ എത്തിച്ചേരാൻ റിവർ ക്രോസിങ് അടക്കം പല സാഹസിക കടമ്പകളും കടക്കേണ്ടി വരും. അതൊക്കെ കടന്നു ചെന്നപ്പോൾ, ഈ ഭൂമിയിൽ ജനിച്ചതാണ് വലിയ ഭാഗ്യം എന്ന് തോന്നും. സ്വപ്നങ്ങളിൽ പോലും കാണാൻ സാധിക്കാത്ത വിധം ഉപരിതലത്തിൽ തിളങ്ങുന്ന പച്ച പായലുകള്‍, അതിനെ തലോടി ഒഴുക്കുന്ന കുഞ്ഞരുവികള്‍, അകലെ വിദൂരതയിൽ തല ഉയർത്തി നിക്കുന്ന മനോഹരമായ പർവതങ്ങള്‍, ആ പർവതങ്ങളെ പുതപ്പിച്ചിരിക്കുന്ന മഞ്ഞുപുതപ്പുകള്‍... യാത്ര നൽകിയ പുതിയ അനുഭവങ്ങൾ.

formation-of-geysir-bubble

അതിശയങ്ങളുടെ ഐസ്‍‌ലൻഡ്

അതിശയങ്ങളുടെ നാടാണ് ഐസ്‌ലൻഡ്. ചിലപ്പോൾ യാത്രികരെ ആർട്ടിക് കാലാവസ്ഥ കൊണ്ട് ബുദ്ധിമുട്ടിക്കും. ഒരു ദിവസം എല്ലാ സീസണൽ കാലാവസ്ഥയും അനുഭവപ്പെടാം. നോർത്തേൺ റീജിയനിൽ വേനലിൽ 24 മണിക്കൂർ സൂര്യപ്രകാശം ഉണ്ടാകാറുണ്ട്. പകലുകൾ ഇല്ലാത്ത ശൈത്യകാലവും. ശൈത്യത്തിൽ ആകാശത്തിൽ മിന്നിത്തിളങ്ങുന്ന നോർത്തേൺ ലൈറ്റിസ് എന്ന പ്രതിഭാസം മനോഹരമാണ്.

highland-(7)

സാനേഫെൽസ് ഐസ്‌ലൻഡിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. അങ്ങോട്ടുള്ള വഴിയിൽ ഒരു കുന്നിനു മുകളിൽ ചെറിയ ആൾകൂട്ടം കണ്ട് ആ കുന്നു കയറി. കുന്നിനുള്ളിൽ, അതിനെ കുത്തി മുറിച്ച് ഒരു വലിയ തടാകം. പച്ചയും നീലയും കലർന്ന നിറം. പണ്ടെങ്ങോ ആകാശത്തു നിന്ന് ഉൽക്ക പതിച്ച് രൂപപ്പെട്ടതാണ് ഈ തടാകം!

അതിസാഹസികമായ ഹൈലാൻഡ് യാത്രയിൽ കെർലിംഗർഫ്ജോളിൽ (Kerlingarfjöll) എത്തി. ഭൂമി ഇവിടെ വെന്തുരുകുകയാണ്‌. അങ്ങിങ്ങായി തിളച്ചു പൊങ്ങുന്ന മല നിരകൾ. അതിനടയിലൂടെ ചുട്ടു പൊള്ളുന്ന കുഞ്ഞരുവികൾ ഒഴുകുന്നു. ഹോട് സ്പ്രിങ് മൂലമാണ് ഈ അരുവികളിലെ ജലത്തിന് ചൂടനുഭവപ്പെടുന്നത്. ഹോട് സ്പ്രിങ് അരുവികളിലെ ജലത്തിൽ സൾഫൈഡ് അംശം അടങ്ങിയിരിക്കുന്നു. സൾഫൈഡ് ഗന്ധം അവിടെ മുഴുവൻ അനുഭവപ്പെടുന്നുണ്ട്. ഇപ്പോൾ വേനൽകാലമാണ്, ഇവിടെ മഞ്ഞുപാളികൾ ഏതാണ്ട് ഉരുകിത്തീർന്നിട്ടുണ്ട്. ശൈത്യകാലത്തും ഈ അരുവികളിലൂടെ ഒഴുകുന്ന വെള്ളത്തിന് ചൂടാണ്. ഐസ്‌ലൻഡിലെഹോട് വാട്ടർ നദികളിൽ കുളിക്കുന്നത് ഒരനുഭവം തന്നെയാണ്.

iceee65457

ഈ മലകളിറങ്ങുമ്പോൾ, അതിശക്തമായ കാറ്റിനെതിരെ സൈക്കിളിൽ മലകയറുകയാണ് ഓസ്ട്രിയക്കാരായ ദമ്പതികൾ. അതിശക്തമായ കാറ്റിലും തണുപ്പിലും അവരാകെ അവശരാണ്. ഞാൻ അവർക്ക് ഇത്തിരി ഭക്ഷണം നൽകി, സംസാരത്തിനിടയിൽ അവർ പറഞ്ഞു, ‘‘ഈ സൈക്കിളും ചവിട്ടി ഈ ഹൈലാൻഡ് റോഡ് മുഴുവൻ ഒരു മാസമായി കറങ്ങുകയാണ്’’. ഹൈലാൻഡ് റോഡുകളിലൂടെയുള്ള ഡ്രൈവിങ് അതി സാഹസമാണ്. അതുപോലെ തന്നെ ത്രില്ലിങ്ങും. സാഹസികത ഇഷ്ടപ്പെടുന്നവർ ആണ് ഈ റോഡുകൾ തിരഞ്ഞെടുക്കുക. മാറിമറിയുന്ന ഭൂപ്രകൃതി. പലപ്പോഴായി കാണപ്പെട്ട വലിയ ലാവ ഫീൽഡുകളും മാഗ്മ ഫീൽഡും എല്ലാം ഞാൻ മറ്റേതോ ഗ്രഹത്തിൽ ആണെന്ന തോന്നലുണ്ടാക്കി.

P8112266

ഇന്റെർസ്റ്റെല്ലർ പോലുള്ള ബഹിരാകാശ ചിത്രങ്ങളുടെ പല സാഹസിക ബഹിരാകാശ രംഗങ്ങളും ഇവിടെ ചിത്രീകരിച്ചതാണ്. അത് മാത്രമല്ല NASA അപ്പോളോ ബഹിരാകാശ യാത്രികർക്ക് ചാന്ദ്ര ഉപരിതലവുമായി പൊരുത്തപ്പെടാനുള്ള പരിശീലനം നൽകിയത് ഐസ്‌ലൻഡ് ഹൈലാൻഡുകളിൽ ആണെന്നുള്ള വാർത്തയും എനിക്ക് കൗതുകമായി. അത് സത്യമാണ്, പലപ്പോഴായി ഞാൻ ചന്ദ്രനിലോ ചൊവ്വയിലോ ആണോ എന്ന് ആലോചിച്ചു നിൽക്കാറുണ്ടായിരുന്നു. അതി ശക്തമായ കാറ്റുമൂലം പല രാത്രികളിലും റ്റെന്റ് ഉറപ്പിക്കാൻ നന്നേ പാടുപെട്ടു. ചിലസമയങ്ങളിൽ മഞ്ഞുപാളികളിൽ നിന്നുമുള്ള തണുപ്പും കൊണ്ടാണ് കാറ്റെത്തുന്നത്. അതികഠിനമായ തണുപ്പിനെ തൊട്ടറിഞ്ഞുള്ള ക്യാംപിങ്... രാത്രികൾ കടന്നു പോയതറിഞ്ഞില്ല.

shutterstock_527458129

പ്രകൃതിസ്നേഹികൾ കണേണ്ട രാജ്യം

പ്രകൃതി എന്ന ആശയത്തിൽ ലോകത്തു കണ്ടിരിക്കേണ്ട രാജ്യങ്ങളിൽ ഒന്നാണ് ഐസ്‌ലൻഡ്. ഹൈലാൻഡ് റോഡുകൾ ശൈത്യകാലത്ത് അതിശക്തമായ മഞ്ഞു വീഴ്ച മൂലം അടച്ചിട്ടിരിക്കും. ഐസ്‌ലൻഡിൽ എവിടെയും പ്രത്യേകിച്ചു ഹൈലാൻഡുകളിൽ, നിർദിഷ്ട റോഡിൽ നിന്നു മാറി വാഹനം ഓടിക്കുന്നത് അനുവദിച്ചിട്ടില്ല. ചക്രങ്ങളുടെ പാടുകൾ കൊണ്ടു പോലും പ്രകൃതിയെ നോവിക്കാൻ അവർ അനുവദിക്കില്ല. ഇവിടെയെത്തുന്ന സഞ്ചാരികൾ അത് മാനിക്കാറുണ്ട്. ഈ പ്രകൃതി സൗന്ദര്യത്തെ നോവിക്കാൻ ആർക്കും തോന്നാറില്ല.

abandoned-us-plane-1973

പക്ഷിനീരിക്ഷകരുടെ ഹോട്ട് ഡെസ്റ്റിനേഷനാണ് ഐസ്‌ലൻഡ്. പുഫ് പക്ഷികൾ വേനൽ കാലത്ത് ആർട്ടിക് പ്രദേശങ്ങളിൽ നിന്നു ചേക്കേറുന്ന രാജ്യമാണ് ഇത്. പുഫിന് മാത്രമല്ല, ആർട്ടിക് ടേൺ അടക്കം പല പല പക്ഷികളും വേനൽക്കാലത്ത് ഐസ്‌ലൻഡിലേക്കു ചേക്കേറുന്നു. ഇവയെ കണ്ടു വരുന്ന മേഖലകളിൽ ഡ്രോൺ ഉപയോഗിച്ചുള്ള ദൃശ്യ ചിത്രീകരണം വിലക്കിയിട്ടുണ്ട്. പക്ഷികളുടെ സ്വൈര്യവിഹാരത്തെ പോലും മാനിക്കുന്നു ഐസ്‌ലൻഡുകാർ.

abandaned-cars-(1)

ഐസ്‌ലൻഡ് യാത്രയിൽ ക്യാമറയ്ക്ക് വിശ്രമമുണ്ടായിരുന്നില്ല. ഉദ്ദേശം 6000 ചിത്രങ്ങൾ ക്യാമറയിൽ മാത്രം പകർത്തി. മൊബൈൽ ഫോട്ടോ, വിഡിയോ ദൃശ്യങ്ങൾ വേറെ. ഒരു വിസ്മയമാണ് ഐസ്‌ലൻഡ്. ഭൂമിയെയും ഭൂമിയിലെ വിവിധ പ്രതിഭാസങ്ങളെയും അടുത്തറിയാൻ സാധിക്കുന്ന, അതിമനോഹരമായ രാജ്യം. .

Tags:
  • World Escapes
  • Manorama Traveller