Saturday 21 December 2019 11:04 AM IST : By സ്വന്തം ലേഖകൻ

സഞ്ചാരികൾക്ക് ഇടുക്കി അണക്കെട്ട് ചുറ്റിക്കാണാം; അപൂർവാവസരം ഒരുക്കി കെഎസ്ഇബി!

Print Photo: Tijo

സഞ്ചാരികൾക്ക് ഇടുക്കി ഡാം ചുറ്റിനടന്ന് കാണാനുള്ള അപൂർവാവസരം ഒരുക്കിയിരിക്കുന്നു കെഎസ്ഇബി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് ഡിസംബർ 15 മുതലാണ് ഡാമിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. ജനുവരി 15 വരെ ഒരു മാസത്തേക്കാണ് എല്ലാ ദിവസവും പ്രവേശനമുള്ളത്. വനംവകുപ്പിന്റെ സഹകരണത്തോടെയുള്ള ബോട്ട് സവാരി, ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ കാണാൻ ബാറ്ററി കാറിലുള്ള സഞ്ചാരം എന്നിവയാണ് പ്രത്യേക ആകർഷണങ്ങൾ. 

കുറവൻ–കുറത്തി മലകളെ ബന്ധിപ്പിക്കുന്ന ആർച്ച ഡാം കണ്ട് ആസ്വദിക്കുന്നതോടൊപ്പം ചെറുതോണി, കുളമാവ് ഡാമുകളും വൈശാലി ഗുഹയും നാടുകാണി പവലിയനും കണ്ടറിയാനുള്ള അവസരവും ലഭിക്കുന്നു. വനംവകുപ്പ് ഒരുക്കിയിരിക്കുന്ന ബോട്ട് സവാരിയും ആസ്വദിക്കാവുന്നതാണ്. ഇടുക്കി ഡാമിലെ മുഴുവൻ സ്ഥലങ്ങളും കാണാനും ഇടുക്കി–ചെറുതോണി ഡാമുകൾക്കിടയിലുള്ള രണ്ട് കിലോ മീറ്റർ ദൂരം സഞ്ചരിക്കാനും ബാറ്ററി കാറുകളുടെ സേവനം പ്രയോജനപ്പെടുത്താം. 

ചെറുതോണിയിലുള്ള കെഎസ്ഇബി ഹൈഡൽ ടൂറിസത്തിന്റെ ഓഫിസിൽനിന്ന് പ്രവേശന ടിക്കറ്റുകൾ ലഭിക്കും. ഇടുക്കി ‍ഡാമിലേക്ക് സാധാരണ ശനി, ഞായർ ദിവസങ്ങളിലും പൊതു അവധി ദിനങ്ങളിലും മാത്രമാണ് പ്രവേശനമുള്ളത്. ക്രിസ്മസ്–പുതുവത്സര കാലത്ത് മാത്രമാണ് എല്ലാ ദിവസവും പ്രവേശനം അനുവദിച്ചിട്ടുള്ളത്. 

Print
Tags:
  • Manorama Traveller
  • Kerala Travel