Wednesday 02 September 2020 04:13 PM IST : By സ്വന്തം ലേഖകൻ

ഇതാണ് ലോകത്തിലെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപ്

jr1

നീലാകാശത്തിന് താഴെ വെള്ളത്താൽ ചുറ്റപ്പെട്ട ഒരു തുരുത്ത്. അവിടെ ഒരൊറ്റ വീടും കുഞ്ഞുമരവും മാത്രം. പത്തടി നടന്നാൽ കടലിൽ...! ലോകത്തിലെ ഏറ്റവും ചെറിയ ദ്വീപിന്റെ പ്രത്യേകതകൾ തുടങ്ങുന്നത് ഇങ്ങനെയാണ്. ജസ്റ്റ് റൂം ഇനഫ് എന്ന കുഞ്ഞൻ ദ്വീപ് അമേരിക്കയിലെ ന്യൂയോർക്കിൽ അലക്സാൻഡ്രിയ ബേയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. ഉദ്ദേശം ടെന്നീസ് കോർട്ടിന്റെ വലുപ്പമേ ദ്വീപിനുള്ളൂ.

jr2

ഒറ്റമുറിയുള്ള ഒരു വീടും അതിനോടു ചേർന്നുള്ള മരവുമാണ് ജസ്റ്റ് റൂം ഇനഫിലെ പ്രധാന കാഴ്ച. സെന്റ് ലോറൻസ് നദിയിലെ ആയിരത്തിലധികം വരുന്ന ദ്വീപ് സമൂഹത്തിന്റെ ഭാഗമാണ് ജസ്റ്റ് റൂം ഇനഫ്. ഈ നദി ന്യൂയോർക്കിനെ ഒന്റാറിയോയിൽ നിന്ന് വിഭജിക്കുന്നു. 1950 കളിൽ ഒരു അവധിക്കാല വസതിയായി സൈസ് ലാൻഡ് കുടുംബമാണ് ഈ കുഞ്ഞൻ ദ്വീപിനെ ആദ്യം സ്വന്തമാക്കുന്നത്.

jr3

3,300 ചതുരശ്ര അടി അഥവാ ഒരേക്കറിന്റെ പതിമൂന്നിലൊന്ന് വലുപ്പമാണ് ദ്വീപിന് കണക്കാക്കിയിട്ടുള്ളത്. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ തുടങ്ങിയതോടെ ജസ്റ്റ് റൂം ഇനഫ് ലോക ശ്രദ്ധ നേടി. ഗിന്നസ് വേൾഡ് റെക്കോർഡ് അവകാശപ്പെടുന്ന ബിഷപ്പ് റോക്കിന്റെ പകുതിയോളമേ ജസ്റ്റ് റൂം ഇനഫ് ഉള്ളൂ. ഹബ് ഐലൻഡ് എന്നായിരുന്നു ആദ്യകാലത്ത് ഈ ദ്വീപ് അറിയപ്പെട്ടിരുന്നത്. സൈസ് ലാൻഡ്സ് കുടുംബം ദ്വീപ് വാങ്ങിയതോടെ ദ്വീപിന് സൈസ് ലാൻഡ് എന്ന പേരു വന്നു. പിന്നീട് ഈ കുടുംബത്തിലെ ഒരംഗം ദ്വീപിൽ ഒറ്റമുറി വീട് നിർമിക്കുകയും അതിനോടു ചേർന്ന് ഒരു മരം നടുകയും ചെയ്തു. അതോടെയാണ് ദ്വീപിന്റെ പേര് ജസ്റ്റ് റൂം ഇനഫ് എന്നാകുന്നത്. ലോകത്തെ ജനവാസമുള്ള ഏറ്റവും ചെറിയ ദ്വീപ് എന്ന ഗിന്നസ് റെക്കോർഡ് കൂടിയുണ്ട് ഈ ഇത്തിരിക്കുഞ്ഞൻ ദ്വീപിന്.

Tags:
  • World Escapes
  • Manorama Traveller
  • Travel Destinations