Wednesday 04 December 2019 03:42 PM IST : By ഈശ്വരൻ ശീരവള്ളി

ചുറ്റമ്പലത്തിന്റെ ഒരു വാതിലിലൂടെ പോയാൽ കാശിയിലെത്തുമെന്ന് വിശ്വാസം; ചരിത്രമുറങ്ങുന്ന കലിംഗപട്ടണത്തിലെ ക്ഷേത്രങ്ങളെക്കുറിച്ച്!

_O6A9228 Photo: Nirmal Roy

കലിംഗരാജ്യത്തിന്റെ പ്രശസ്തി അശോക ചക്രവർത്തിയുടെ മനംമാറ്റത്തിന് ഇടയാക്കിയ യുദ്ധത്തിന്റെ പേരിലാണ്. അത് ഇന്നത്തെ ഒഡിഷ സംസ്ഥാനമാണെന്നും പ്രശസ്തമാണ്. എന്നാൽ കലിംഗരാജ്യത്തിന്റെ ചരിത്രം അവിടെനിന്ന് വളരെക്കാലം പിന്നോട്ടും മുന്നോട്ടും പോകുന്നുണ്ട്. മഹാഭാരതത്തിൽ കലിംഗപരാമർശമുണ്ടത്രേ. 

അശോകന്റെ മൗര്യസാമ്രാജ്യത്തിന്റെയും കലിംഗാധിപതി ഖാരവേലന്റെയും ഗുപ്തസാമ്രാജ്യത്തിന്റെയും ഭരണത്തിലായിരുന്നുവെന്നും ചരിത്രരേഖകളുണ്ട്. പിൽക്കാലത്ത് പൂർവഗംഗ സാമ്രാജ്യത്തിന്റെ ഭാഗമായാണ് കലിംഗം അതിന്റെ ഉന്നതിയിൽ എത്തിയത്. കൊണാർക് സൂര്യക്ഷേത്രം പണിതത് ഈ സാമ്രാജ്യത്തിന്റെ കാലത്താണത്രേ. ഇന്നത്തെ പശ്ചിമബംഗാളിന്റെ ചില ഭാഗങ്ങളും ഒറീസയും ആന്ധ്രാപ്രദേശിന്റെ വടക്കുകിഴക്കൻ ഭാഗങ്ങളും ഈ രാജ്യത്തിന്റെ ഭാഗമായിരുന്നു. 

kalinga001

ആന്ധ്രയിലെ ശ്രീകാകുളത്തിന് അടുത്ത് ശ്രീമുഖം എന്ന ഗ്രാമം ആയിരുന്നു പൂർവഗംഗ സാമ്രാജ്യത്തിന്റെ ആദ്യകാലത്ത് കലിംഗരാജ്യത്തിന്റെ തലസ്ഥാനം, കലിംഗനഗരം എന്നായിരുന്നു പേര്. വംശധാര നദിയുടെ തീരത്തുള്ള ഈ ഗ്രാമത്തിൽ ഇപ്പോൾ പഴയകാല തലസ്ഥാനത്തിന്റെ പ്രൗഢിയൊന്നും ശേഷിക്കുന്നില്ല. ആകെയുള്ള അവശേഷിപ്പ് മൂന്നു ക്ഷേത്രങ്ങൾ മാത്രമാണ്.

ശ്രീമുഖലിംഗം, സോമേശ്വരം, ഭീമേശ്വരം എന്നീ മൂന്നു ക്ഷേത്രങ്ങളാണ് കലിംഗക്ഷേത്രങ്ങൾ. ക്ഷേത്രം എന്നു വിശേഷിപ്പിക്കുന്നതിനെക്കാൾ ചേരുന്നത് സംരക്ഷിത ചരിത്രസ്മാരകങ്ങൾ എന്നു പറയുന്നതാകും. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഇവ ചാലൂക്യശിൽപവിദ്യയുടെ മികച്ച മാതൃകകള്‍ കൂടിയാണ്. ശ്രീകാകുളം നഗരത്തിൽനിന്ന് 50 കി മീ അകലെ ജലുമുരു മണ്ഡലിലാണ് ഒരു ഗ്രാമത്തിൽതന്നെയുള്ള ഈ മൂന്നു ക്ഷേത്രങ്ങളും.  ഒരു മണിക്കൂറിലധികമുള്ള യാത്ര നരസണ്ണപേട്ട, തിലരു തുടങ്ങിയ ചെറിയ നഗരങ്ങളിലൂടെയും ഉൾനാടൻ കാർഷികഗ്രാമങ്ങളിലൂടെയും കടന്നുപോകുന്നു.  

_O6A9307

ശ്രീമുഖത്തെ മധുകേശ്വരൻ

കോടി എണ്ണം തികയുന്നതിന് ഒരെണ്ണത്തിന്റെ കുറവെയുള്ളു ശ്രീമുഖം ഗ്രാമത്തിലെ ആകെ ശിവലിംഗങ്ങളുടെ എണ്ണത്തിന് എന്നൊരു കേൾവിയുണ്ട്. എണ്ണം എത്രയായാലും ഒട്ടേറെ ശിവലിംഗങ്ങൾ നമുക്കവിടെ കാണാനാകും. മൂന്നുക്ഷേത്രങ്ങളിൽവച്ച് ഏറ്റവും പഴക്കം ചെന്നതും പ്രാധാന്യമുള്ളതും വലുതും ശ്രീമുഖം മധുകേശ്വര ക്ഷേത്രമാണ്. ഇവിടെ പരമേശ്വരൻ മധുകവൃക്ഷത്തിൽ (ഇലിപ്പ) പ്രത്യക്ഷപ്പെട്ടതിനാലാണ് മധുകേശ്വരൻ എന്നറിയപ്പെടുന്നു.

ഗംഭീരമായ കൊത്തുപണികളുള്ള ഒരു കരിങ്കൽ ഗോപുരത്തിലൂടെയാണ് ക്ഷേത്രമുറ്റത്തേക്ക് കയറുന്നത്. ഇന്ത്യൻ ക്ഷേത്രശിൽപകലയിലെ നാഗരികശൈലി എന്നു വിളിക്കുന്നതിന്റെ ചാലൂക്യവകഭേദത്തിലാണ് നിർമാണം. ഗർഭഗൃഹത്തിന്റെ മുകൾഭാഗം സ്തൂപികാ രൂപത്തിൽ മുകളിലേക്ക് ഉയർന്നശേഷം ഒരു പരന്ന താമരമൊട്ടുപോലെ വൃത്താകൃതിയിലുള്ള കലശത്തോടെ അവസാനിക്കുന്നു. 

_O6A9240

ക്ഷേത്രത്തിനു കരിങ്കല്ലു കൊണ്ടുള്ള ചുറ്റുമതിലും വശങ്ങളിൽ കൽഗോപുരങ്ങളുമുണ്ട്. കരിങ്കൽ പാകിയ തറയിൽ ചുമന്ന കല്ലിൽ പണിതതാണ് ശ്രീമുഖലിംഗം ക്ഷേത്രം. ക്ഷേത്രമുറ്റത്തിന്റെ നാലു മൂലയിലും ശിൽപഭംഗിയാർന്ന ഉപദേവക്ഷേത്രങ്ങൾ. ഭിത്തികളിൽ ഒരിഞ്ചുപോലും വിടാതെ അലങ്കാരങ്ങളും രൂപങ്ങളും കൊത്തിയിട്ടുണ്ട്.  മണ്ഡപത്തിന്റെ മേൽക്കൂരയിൽനിന്നും മഴവെള്ളവും അതുപോലെ ശ്രീകോവിലിൽനിന്നും തീർത്ഥജലവും ഒഴുകാനുള്ള നാളികളുടെ രൂപംപോലും ഏറ്റവും സർഗാത്മകമായി രൂപപ്പെടുത്തിയിരിക്കുന്നതു കാണാം. മണ്ഡപത്തിന്റെ പുറംഭിത്തിയിലെ ദശാവതാരങ്ങൾ, ഗണപതി, ശിവപാർവതിമാരുടെ വിവാഹഘോഷയാത്ര, സൂര്യനും അരുണനും തുടങ്ങി പല കൊത്തുപണികളും കാണാം. ഒപ്പം ചില സ്ത്രീപുരുഷ രൂപങ്ങളുമുണ്ട്. 

ഭീമേശ്വരവും സോമേശ്വരവും കണ്ട് മടക്കം

ഗ്രാമത്തിന്റെ തുടക്കത്തിലാണ് സോമേശ്വരം ക്ഷേത്രം. മധുകേശ്വരനോളം തന്നെ പഴക്കമുണ്ടെന്നു പറയപ്പെടുന്ന ഈ ക്ഷേത്രത്തിൽ ഇപ്പോൾ ഒരു ശ്രീകോവിൽ മാത്രമേ അവശേഷിക്കുന്നുള്ളു. അതിന് സംരക്ഷണപ്രവർത്തനങ്ങൾ നടക്കുകയായിരുന്നു ഞങ്ങൾ ചെല്ലുമ്പോൾ. പിൽക്കാല ക്ഷേത്രമായ ഭീമേശ്വരത്തും കാര്യമായ ശിൽപവിദ്യയുടെ ശേഷിപ്പുകളില്ല. എന്നാൽ ശ്രീകോവിലിനു മുൻപിൽ രണ്ട് നന്ദിവിഗ്രഹങ്ങൾ ഉണ്ട്. സോമേശ്വരവും ഭീമേശ്വരവും ഇപ്പോൾ കേന്ദ്രപുരാവസ്തുവകുപ്പിന്റെ സംരക്ഷിതസ്ഥാനങ്ങളാണ്. 

_O6A9299

ശ്രീകൂർമം

ശ്രീകാകുളത്തുനിന്ന് ശ്രീമുഖം പോകും വഴിക്കാണ് മഹാവിഷ്ണുവിനെ കൂർമാവതാരരൂപത്തിൽ ആരാധിക്കുന്ന  പുരാതനമായ കൂർമനാഥസ്വാമി ക്ഷേത്രം.  ചുറ്റമ്പലത്തിനുള്ളിൽ 108 ഒറ്റക്കൽ തൂണുകൾ. ഓരോ തൂണും ശിൽപവേലകളിൽ ഒന്നിനൊന്ന് വ്യത്യസ്തം. ചിലതിൽ പൗരാണിക ലിഖിതങ്ങളും കാണാം. എഡി രണ്ടാം നൂറ്റാണ്ടിൽ സ്ഥാപിതമായ കൂർമനാഥ ക്ഷേത്രത്തെ പതിനൊന്നാം നൂറ്റാണ്ടിൽ രാമാനുജാചാര്യർ വൈഷ്ണവസമ്പ്രദായത്തിന്റെ ഒരു കേന്ദ്രമാക്കിമാറ്റി എന്നു കരുതുന്നു. 

ക്ഷേത്രത്തിന്റെ ദർശനം കിഴക്കോട്ടാണ്. എന്നാൽ കിഴക്കും പടിഞ്ഞാറും ഓരോ കൊടിമരം ഉണ്ട്. ചുറ്റമ്പലത്തിന്റെ വടക്കുകിഴക്ക് ഭാഗത്തുള്ള ഒരു വാതിലിലൂടെ പോയാൽ കാശിയിൽ ചെല്ലുമെന്നു വിശ്വസിക്കുന്നു. ഏതായാലും ഇപ്പോൾ ഈ വാതിൽ അടച്ചു പൂട്ടിയിട്ടിരിക്കുകയാണ്. 

_O6A9246
Tags:
  • Manorama Traveller
  • Travel India